എവിടിരുന്നാലും നല്ല പ്രസരിപ്പ് തോന്നണം. മനസ്സിൽ സന്തോഷം നിറയണം. അതാണ് പോസിറ്റീവ് ഇന്റീരിയറിന്റെ മുഖലക്ഷണം. ഉപയോഗിക്കുന്ന നിറങ്ങൾ, ആകൃതി, ടെക്സ്ചർ എല്ലാം പ്രസാദാത്മകം ആയിരിക്കുമ്പോഴേ ഇത് സാധ്യമാകൂ. സൂക്ഷ്‌മമായ തിരഞ്ഞെടുപ്പാണ് ഇതിനാവശ്യം.
കേരളത്തിൽ മോഡേൺ തരംഗം വീശിത്തുടങ്ങിയ എൺപതുകളുടെ തുടക്കത്തിൽ നിർമിച്ച ഇരുനില വീടായിരുന്നു ഇത്. 5000 ചതുരശ്രയടിയിൽ ഇഷ്ടംപോലെ സ്ഥലമുണ്ടായിരുന്നെങ്കിലും കാലക്രമേണ ഒന്നിനും കൊള്ളാത്ത നെഗറ്റീവ് എനർജി നിറഞ്ഞ ഇടങ്ങൾ കണ്ടമാനം കൂടിയതാണ് പുതുക്കിപ്പണിയലിലേക്ക് കൊണ്ടെത്തിച്ചത്.
നഷ്ടപ്പെട്ട പോസിറ്റീവ് ഔട്ട്ലുക്ക് വീണ്ടെടുക്കുക എന്നതായിരുന്നു പുതുക്കിപ്പണിയലിൽ ഒന്നാമത്തെ ലക്ഷ്യവും. ഡൈനിങ് സ്‌പേസ് ഉൾപ്പെടെ എല്ലാ മുറികളിലും പ്രസന്നമായ നിറങ്ങൾ നൽകുകയും അതിനു പകിട്ടേകുന്ന വിധത്തിൽ ഫർണിച്ചർ, ലൈറ്റ് ഫിറ്റിങ്സ്, മറ്റ് അലങ്കാരവസ്തുക്കൾ എന്നിവയെല്ലാം ഉൾപ്പെടുത്തുകയുമാണ് ഇന്റീരിയറിൽ ചെയ്ത കാതലായ മാറ്റം.
ലൈറ്റിങ്, ക്യൂരിയോസ് എന്നിവയുടെ റോൾ ആയിരുന്നു ഏറ്റവും നിർണായകം. ലിവിങ്ങിലുള്ള ചൂരൽ കൊണ്ടുള്ള ഹാങിങ്ങ് ലൈറ്റും ചുവരിലെ മെറ്റൽ ലീഫ് ഡിസൈനും തന്നെ ഇതിന് ഉദാഹരണം. മുറിക്ക് പൊതുവായ ഒരു വ്യക്തിത്വം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി ഇവയെല്ലാം പ്രത്യേകം രൂപകൽപന ചെയ്ത് നിർമിക്കുകയായിരുന്നു.
ചുവരിൽ തൂക്കിയിരിക്കുന്ന ഡിസൈനർ സെറാമിക് പ്ലേറ്റുകൾ ഡൈനിങ് സ്‌പേസിന് നൽകുന്ന ഭംഗി ഒന്നുവേറെത്തന്നെ. വേറെ വേറെ നിറങ്ങളും ഡിസൈനുമാണ് ഓരോന്നിനും. എന്നാൽ ഇവയ്‌ക്കെല്ലാമൊരു പൊരുത്തവുമുണ്ട്. തടികൊണ്ടുള്ള ഊണുമേശയുടെ ആകൃതി, അതിനു മുകളിലുള്ള ടേബിൾ മാറ്റ് ഡിസൈൻ എന്നിവയും സസൂക്ഷ്മം രൂപപ്പെടുത്തിയതാണ്.
വാഴനാരുകൊണ്ടുള്ള ഡിസൈനർ ലൈറ്റുകളാണ് കിടപ്പുമുറിയുടെയും മുഖ്യ ആകർഷണം. ചുവരിന്റെയും ഫർണിച്ചറിന്റെയും ഫ്ലോറിന്റെയും നിറക്കൂട്ടും പോസിറ്റീവ് എനർജി പ്രതിഫലിപ്പിക്കുന്നു.
Design
എം നിഷാൻ, പി വി വിവേക്
ദ് എർത്ത്, കോഴിക്കോട്
support@deearth.com