ഭംഗിയേറിയ വീടുകളുടെ രഹസ്യം...

പലതരം കട്ടകൾ, തേപ്പ്, പെയിന്റിങ്, ചുവരലങ്കാരങ്ങൾ... ഭിത്തി പണിയുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.

വീടിനെ വീടാക്കി മാറ്റുന്നതും ഭംഗിയേകുന്നതും ചുവരുകളാണല്ലോ. അടിത്തറ കഴിഞ്ഞാൽ ഭിത്തി നിർമിക്കാം. ചുവരുകളുടെ നിർമാണം മുതൽ പെയിന്റിങ് വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

തേപ്പിൽ ശ്രദ്ധിക്കാം

ഭിത്തി കെട്ടിക്കഴിഞ്ഞാൽ അടുത്തപടി തേപ്പാണ്. തേക്കേണ്ട ഭിത്തി നിരപ്പല്ലെങ്കിൽ (15 മില്ലിമീറ്ററിൽ കൂടുതൽ മുഴപ്പ് കാണുന്നുണ്ടെങ്കിൽ) ഭിത്തി നിരപ്പാക്കണം. വലിയ പോടുകൾ ഉണ്ടെങ്കിൽ അവ ആദ്യം അടച്ചു നിരപ്പാക്കിയ ശേഷം തേക്കുന്നതിന് നാല് – അഞ്ച് മണിക്കൂർ മുമ്പ് ഭിത്തിയും മോർട്ടാർ ജോയിന്റ്സും നന്നായി നനച്ചിരിക്കണം. പഴയ ഭിത്തി വീണ്ടും തേക്കുകയാണെങ്കിൽ ആദ്യം മോർട്ടാർ ജോയിന്റ്സ് നന്നായി (10എംഎം വരെ) കുഴിച്ചു വൃത്തിയാക്കണം.

സാധാരണ ഇഷ്ടികഭിത്തി തേക്കുമ്പോൾ രണ്ട് കോട്ട് ആണ് ചെയ്യുന്നത്. സിമന്റും മണലും 1:3 തൊട്ട് 1:6 എന്ന അനുപാതത്തില്‍ വേണം ബേസ് കോട്ട് ഉണ്ടാക്കാൻ. ഫിനിഷിങ് കോട്ട് (രണ്ട് തൊട്ട് മൂന്ന് എംഎം വരെ) സിമന്റും മണലും 1:4 തൊട്ട് 1:6 എന്ന അനുപാതത്തിൽ ഉണ്ടാക്കാം. 12 എംഎം കനത്തിൽ കൂടുതൽ വരുന്ന സാധാരണ പ്ലാസ്റ്റർ രണ്ട് കോട്ടിലാണ് ചെയ്യുന്നത്. സാധാരണ കട്ട കൊണ്ടുള്ള ഭിത്തിയാണെങ്കിൽ ആദ്യ പ്ലാസ്റ്റർ കോട്ടിന്റെ കനം 12 മില്ലിമീറ്ററും കോൺക്രീറ്റ് കട്ട ആണെങ്കിൽ 10 മില്ലിമീറ്ററും കണ്ടുവരാറുണ്ട്. ഫിനിഷിങ് കോട്ട് അടിക്കുന്നതിനു മുമ്പ് ബേസ് കോട്ട് ചെയ്ത ഭിത്തി നന്നായി നനച്ചിരിക്കണം.

പുഴമണലിനു പകരം മാനുഫാക്ചേർഡ് സാൻഡ് ചേർത്താൽ വെള്ളം അൽപം കൂടുതൽ ചേർക്കണം. അല്ലെങ്കിൽ പാറപ്പൊടി വെള്ളം വലിച്ചെടുക്കുന്നതിനാൽ തേക്കാൻ പ്രയാസമാണ്. റെഡിമിക്സ് പ്ലാസ്റ്ററും വിപണിയിൽ ലഭ്യമാണ്. വാട്ടർപ്രൂഫിങ് ഉള്ള ഇവയിൽ മണൽ പ്രത്യേകം ചേർക്കേണ്ട.

പെയിന്റ് അടിക്കുമ്പോൾ

ഇളംനിറങ്ങളോടുള്ള പ്രിയം അവസാനിച്ചിട്ടില്ല. വീടിനകത്തും പുറത്തും ചില ഭാഗങ്ങളിലോ ചില ചുവരുകളിലോ മാത്രം കടുംനിറം നൽകി ഹൈലൈറ്റ് ചെയ്യുന്ന പതിവിനും മാറ്റമില്ല. ഭിത്തി നിർമാണം പൂർണമായാൽ വൈറ്റ് സിമന്റ് അല്ലെങ്കിൽ സിമന്റ് പ്രൈമർ അടിച്ച് സിമന്റിന്റെ അമ്ലത്വം കുറയ്ക്കണം. ഇങ്ങനെ മൂന്നോ നാലോ മാസം കിടന്ന് ഭിത്തിയിലെ ഈർപ്പം വലിയണം. അതിനുശേഷം പുട്ടിയിട്ട് ഭിത്തി നിരപ്പാക്കണം. നല്ലതുപോലെ തേച്ച ഭിത്തിയാണെങ്കിൽ പുട്ടി നിർബന്ധമില്ല. പൊടി പുട്ടി, ദ്രാവകാവസ്ഥയിലുള്ള പുട്ടി എന്നിങ്ങനെ രണ്ട് തരം പുട്ടികൾ ലഭ്യമാണ്.

പുട്ടിയിട്ട് ഉരച്ച് നിരപ്പാക്കിയാണ് പെയിന്റ് അടിക്കുന്നത്. ഭിത്തിയിലെ ഈർപ്പം ഉണങ്ങുന്നതിനു മുൻപ് പെയിന്റ് അടിച്ചാൽ ചുവരിൽ പാടുകൾ വീഴുകയോ പെയിന്റ് പൊളിഞ്ഞിളകുകയോ ചെയ്യാൻ സാധ്യതയുണ്ട്. ചെറിയ രീതിയിൽ സോപ്പോ ഷാംപുവോ ഇട്ട വെള്ളത്തിൽ മുക്കി തുടച്ചാൽ അഴുക്ക് കളയാൻ സാധിക്കുന്ന പെയിന്റുകളാണ് ഇപ്പോൾ വിപണിയില്‍ ഇറങ്ങുന്നവയിൽ മിക്കവയും. മാറ്റ് ഫിനിഷ് ആണ് ജനപ്രിയം. പുറംഭിത്തികൾക്കു വേണ്ടി വെയിലും മഴയും അടിച്ചാൽ പ്രശ്നമില്ലാത്ത എക്സ്റ്റീരിയർ പെയിന്റുകൾ ലഭ്യമാണ്.

ഇഷ്ടഡിസൈനുകൾ നൽകാവുന്ന സ്റ്റെൻസില്‍ പെയിന്റിങ്, പ്രതലത്തിനു പ്രത്യേക ഫിനിഷ് നൽകുന്ന ടെക്സ്ചർ പെയിന്റിങ് എന്നിവയൊക്കെ പെയിന്റിങ്ങിന്റെ അഴകു വർധിപ്പിക്കുന്നു.

ചുവരിലെ അലങ്കാരങ്ങൾ

ഭിത്തിയുടെ മനോഹാരിത കൂട്ടാൻ നിറങ്ങളല്ലാതെ മറ്റു പല മാർഗങ്ങളുമുണ്ട്. വോൾപേപ്പർ, വോൾ സ്റ്റിക്കർ, വുഡൻ പാനലിങ്, ടെറാക്കോട്ട, സിമന്റ് മ്യൂറലുകൾ, പ്ലൈ ബോർഡും വെനീറും കൊണ്ടുള്ള ക്ലാഡിങ് എന്നിവയെല്ലാം അവയിൽ ചിലതാണ്.

ചുവരു പണിയാൻ പലതരം കട്ടകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

ലൈറ്റ് വെയ്റ്റ് ക്ലേ ബ്രിക്: സാധാരണ ടെറാക്കോട്ട ഹോളോബ്ലോക്കിനേക്കാൾ ഭാരം കുറവാണ്. ശബ്ദം, ചൂട് എന്നിവയെ പ്രതിരോധിക്കും. തേച്ചില്ലെങ്കിലും കുഴപ്പമില്ല. വില: 50 രൂപ മുതൽ

സോളിഡ് കോൺക്രീറ്റ് കട്ട: സിമന്റ് കട്ട എന്ന പേരിൽ അറിയപ്പെടുന്ന ഇവയാണ് ഇപ്പോൾ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത്. താഴെ വീണാലും പൊട്ടില്ല, നല്ല ബലവും ഉറപ്പും, മികച്ച ഭാരവാഹകശേഷി. വില: 19 രൂപ മുതൽ.

ഇന്റർലോക്ക് കോൺക്രീറ്റ് ബ്രിക്: വളരെ വേഗം കട്ട കെട്ടാം, കട്ടകൾക്കിടയിൽ പരുക്കൻ തേക്കേണ്ട. വില: 34 രൂപ മുതൽ

കരിങ്കൽ കട്ട: ക്വാറിയിൽ നിന്ന് നേരിട്ട് മുറിച്ചെടുക്കുന്ന കട്ടകൾ ലഭ്യമാണ്. വില: 125 രൂപ മുതൽ.

വെട്ടുകല്ല്: പ്രകൃതിദത്തം, ചെലവു കുറവ്, ചൂടു കുറയ്ക്കും. വില: 20 രൂപ മുതൽ

ഇഷ്ടിക: മികച്ച ഭാരവാഹകശേഷി, ചൂടു കുറയ്ക്കും എന്നിവയാണ് മെച്ചം. മണ്ണിന്റെ ലഭ്യതക്കുറവ് ഇഷ്ടികയുടെ ഉൽപാദനവും ഉപയോഗവും കുറച്ചു. വില: അഞ്ച് രൂപ മുതൽ

വയർകട്ട് ഇഷ്ടിക: യന്ത്രനിർമിതമായ ഇത്തരം കട്ടകൾക്ക് എല്ലാത്തിനും വളവും ചരിവുമില്ലാതെ ഒരേ വലുപ്പമായിരിക്കും. അതിനാൽ എളുപ്പം ഭിത്തി കെട്ടാം. വില: ആറ് രൂപ മുതൽ

ലൈറ്റ് വെയ്റ്റ് കോൺക്രീറ്റ് ബ്രിക്: സെല്ലുലാർ ലൈറ്റ് വെയ്റ്റ് കോൺക്രീറ്റ് കട്ട അഥവാ സിഎൽസി ബ്ലോക്കിന് ഭാരം കുറവായതിനാൽ അടിത്തറയും അതനുസരിച്ച് നിർമിച്ചാൽ മതി. തേപ്പിന് സിമന്റും മണലും കുറച്ചുമതി, വേണമെങ്കിൽ തേക്കാതെ പുട്ടിയിട്ട് പെയിന്റ് ചെയ്യാം. വില 55 രൂപ മുതൽ.

പ്ലെയിൻ ഫ്ലൈ ആഷ് ബ്രിക്: സാധാരണ ഇഷ്ടികയുടെ വലുപ്പം മുതൽ അതിന്റെ മൂന്നിരട്ടി വലുപ്പത്തിൽ വരെ ലഭിക്കും. ഭാരം, ചൂട്, തേപ്പിന്റെ ചെലവ് എന്നിവ കുറയ്ക്കാനാകും. കട്ടകൾ തമ്മിൽ കൂട്ടിയോജിപ്പിക്കാൻ സിമന്റ് ചാന്തിനു പകരം റെഡിമെയ്ഡ് ഗ്രൗട്ട് മതിയാകും. വില: എട്ട് രൂപ മുതൽ

ഫ്ലൈ ആഷ് ഇന്റർലോക്ക് ബ്രിക്ക്: വളരെ വേഗം ഭിത്തി കെട്ടാം. തേക്കണമെന്ന് നിര്‍ബന്ധമില്ല. പുനരുപയോഗിക്കാം. വില: 25 രൂപ മുതൽ.

ടെറാക്കോട്ട ഹോളോ ബ്ലോക്: ഉള്ള് പൊള്ളയായ ഇവയ്ക്ക് ഭാരക്കുറവ്, ചൂടിനെ പ്രതിരോധിക്കും, തേക്കേണ്ട എന്നീ ഗുണങ്ങളുണ്ട്. വില: 30 രൂപ മുതൽ.

ഇന്റർലോക്ക് മൺകട്ട: തേക്കേണ്ടേ, ചെലവു കുറവ്, പണി എളുപ്പം പൂർത്തിയാക്കാം. വില: 26 രൂപ മുതൽ

സ്പെഷൽ കോൺക്രീറ്റ് ബ്രിക്: ഭാരക്കുറവ്, പുട്ടിയിടാതെ പെയിന്റ് ചെയ്യാം. വില: 10 രൂപ മുതൽ

സ്റ്റെബിലൈസ്ഡ് മഡ് ബ്ലോക്: സൈറ്റിൽ വച്ചു തന്നെ നിർമിക്കാവുന്ന പ്രബലിത മൺകട്ടയ്ക്ക് ചെലവു കുറവാണ്. മണ്ണിന്റെ ലഭ്യതയനുസരിച്ച് ചെലവിൽ വ്യത്യാസം വരാം. ചെലവ്: ഏകദേശം 10 രൂപ

ഇവ മാത്രമല്ല, ഫെറോസിമന്റ്, ജിഎഫ്ആർജി പാനൽ, ഫൈബർ സിമന്റ് ബോർഡ് എന്നിവയും ഭിത്തികെട്ടാൻ ഉപയോഗിക്കാം. വേഗത്തിൽ ഭിത്തി നിർമാണം പൂർത്തിയാക്കാം എന്നതാണ് മേന്മ.