മുംബൈയിൽനിന്ന് 108 കിമീ അകലെയുളള പാൽഗറിലേക്കുളള കാർ യാത്രയിൽ ചുറ്റും പച്ചപ്പ് മാത്രം. തിരക്കുപിടിച്ച മുംബൈക്കടുത്ത് ശാന്തസുന്ദരവും പ്രകൃതിരമണീയവുമായ ഇങ്ങനെയൊരിടമുണ്ടെന്നതുതന്നെ അദ്ഭുതപ്പെടുത്തി.
പരിഷ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഗ്രാമവഴികള്‍ ചെന്നവസാനിച്ചത് പാൽഗറിലെ ഹമ്രാപൂരിലുളള ഗോവർധൻ ഇക്കോവില്ലേജിലാണ്. ഇസ്കോണ്‍ (ISKCON) പ്രസ്ഥാനത്തിന്റെ ഈ സംരംഭത്തിന് ഇക്കോഫ്രണ്ട്‍ലി ഫാം കമ്യൂണിറ്റി, സ്പിരിച്വൽ റിട്രീറ്റ് സെന്റർ, വേദിക് എജ്യുക്കേഷണൽ സെന്റർ എന്നിങ്ങനെ പല വിശേഷണങ്ങള്‍ നൽകാമെങ്കിലും അതിനുമപ്പുറം പലതുമാണ് ഇവിടം. ലോകത്തിനുതന്നെ മാതൃകയാക്കാവുന്ന പരിസ്ഥിതി സൗഹൃദ ജീവിതശൈലിയുടെ ആസ്ഥാനം. കാർബൺ ഫൂട്പ്രിന്റ് പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് ഇവിടത്തെ ഒാരോ പ്രവർത്തനങ്ങളും.
90 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഇക്കോവില്ലേജിൽ ജൈവവൈവിധ്യവും മണ്ണിന്റെ ഘടനയുമൊക്കെ പഠനവിധേയമാക്കിയതിനുശേഷമാണ് ഒാരോയിടത്തും എന്തൊക്കെ പ്രവർത്തനങ്ങൾ നടത്തണം എന്നു തീരുമാനിച്ചതു തന്നെ.
ബെംഗളുരുവിലെ ആർക്കിടെക്ട് ചിത്ര വിശ്വനാഥിന്റെ നേതൃത്വത്തിലുളള ബയോം എൻവയോൺമെന്റല്‍ സൊലൂഷൻസ് ടീം ആണ് കെട്ടിടനിർമാണവും ഹൈഡ്രോ–ജിയോളജിക്കൽ പ്രക്രിയ വഴി സോയിൽ ബയോടെക്നോളജി, ജലസംരക്ഷണം എന്നിവയും നടത്തിയത്.
മണ്ണറിഞ്ഞ് കൃഷി
ഇവിടെ ജൈവ കൃഷിരീതിയിൽ പ്രോത്സാഹിപ്പിക്കുക മാത്രമല്ല തൊട്ടടുത്ത ഗ്രാമങ്ങളിലെ കർഷകരെ അവ പഠിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ അവർ കൃഷി ചെയ്യുന്ന ഉൽപന്നങ്ങൾ ഇവിടേക്ക് വാങ്ങുകയും ചെയ്യുന്നു.
കാര്‍ഷിക രംഗത്തെ വിദഗ്ധരുടെ നിർദേശങ്ങളും സ്വാനുഭവങ്ങളിൽനിന്ന് ആർജിച്ചെടുത്ത മാർഗങ്ങളുമൊക്കെയാണ് കൃഷിക്കാധാരം. മൂന്നുവർഷം കൂടുമ്പോൾ മണ്ണിനെ പരിപോഷിപ്പിക്കാൻ വിളകൾ മാറ്റി നടുന്നു. കരിമ്പ് കൃഷി ചെയ്ത ഇടങ്ങളില്‍ ഇപ്പോൾ വാഴക്കൃഷി നടത്തുകയാണ്. ‘‘വാഴ മണ്ണിനെ പരിപോഷിപ്പിക്കാൻ വളരെ നല്ലതാണ്. മണ്ണ് നമുക്ക് ഇങ്ങോട്ട് പലതും തരുമ്പോൾ പകരം അങ്ങോട്ടും തിരിച്ചും നൽകേണ്ടതുണ്ട്’’ കാര്യങ്ങൾ വിശദീകരിക്കാനായി ഒപ്പം വന്ന ബ്രഹ്മചാരി ഹേമരൂപ ചൈതന്യദാസ് ഒാർമിപ്പിക്കുന്നു.
ചെടികളിലെ ഫംഗസ് ബാധയ്ക്ക് മോര് നല്ലതാണെന്നും ഇവർ പരീക്ഷിച്ചു വിജയിച്ച തന്ത്രമാണ്. ജീവാമൃതമാണ് പ്രധാന വളം. പോളിഹൗസ്, ഹൈഡ്രോപോണിക്സ് എന്നീ കൃഷിമാർഗങ്ങളും അവലംബിച്ചിട്ടുണ്ട്. അപൂർവ നെല്ലിനങ്ങൾ ഇവിടെ കൃഷിചെയ്യുന്നുണ്ട്.
പുനരുപയോഗിക്കാം, മലിനജലം
മലിനജലം പുനരുപയോഗിക്കുന്നതു കാണേണ്ട കാഴ്ച തന്നെയാണ്. സോയിൽ ബയോടെക്നോളജി പ്ലാന്റിന്റെ ചുവരുകളിലുൾപ്പെടെ ചെടികൾ വച്ചു പിടിപ്പിച്ചിരിക്കുന്നതിനാൽ ഒറ്റനോട്ടത്തിൽ ഇതൊരു പൂന്തട്ടമെന്നേ തോന്നൂ; മലിനജലം റീസൈക്കിൾ ചെയ്യുന്ന ഇടമാണെന്നു തോന്നില്ല. ദുർഗന്ധം പോലുമില്ല. കൈകഴുകാനും ഫ്ലഷ് ചെയ്യാനുമൊക്കെ ഉപയോഗിക്കുന്ന വെളളമാണ് റീസൈക്കിൾ ചെയ്യുന്നത്. സോപ്പിന്റെ അംശമുളള വെള്ളം പുനരുപയോഗിക്കുന്നില്ല. റീസൈക്കിൾ ചെയ്ത വെള്ളം കൃഷിയാവശ്യങ്ങള്‍ക്കാണുപയോഗിക്കുന്നത്. വീടുകളിലും ഇതു ചെയ്യാവുന്നതേയുളളൂ. മലിനജലം ഭൂമിയിൽ താഴ്ന്ന് ഭൂഗർഭജലം ചീത്തയാകാനുളള സാധ്യതയും ഇതോടെ ഇല്ലാതാക്കുന്നു.
ഹൈഡ്രോ–ജിയോളജിക്കൽ സർവേ നടത്തി ജലത്തിന്റെ റീചാർജ്, ഡിസ്ചാർജ് ഇടങ്ങൾ മനസ്സിലാക്കി അവിടെയാണ് റീചാർജിനുളള ജലാശയങ്ങളും മഴവെള്ള സംഭരണികളും നൽകിയിട്ടുളളത്. റീചാര്‍ജ് കിണറുകൾ നൽകിയിടത്തെ വാട്ടർ ടേബിൾ മനസ്സിലാക്കി അത്രയും താഴ്ചയിൽ കുഴിച്ചിരിക്കുകയാണ്. അപ്പോഴേ വെള്ളം കിനിഞ്ഞിറങ്ങി മണ്ണിനെ വീണ്ടും നിറയ്ക്കൂ.
സഹ്യാദ്രിയോടു ചേർന്നു സ്ഥിതി ചെയ്യുന്ന ഗോവർധൻ ഇക്കോവില്ലേജിൽ പെയ്യുന്ന ഒരു തുളളിമഴപോലും പാഴായിപോകുന്നില്ല. ഒരു കോടി ലീറ്റർ വെള്ളം ശേഖരിക്കാവുന്ന തടാകമാണ് മഴവെള്ള സംഭരണി. ഇവിടത്തെ മുഴുവൻ ആവശ്യങ്ങൾക്കും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്.
പാഴാക്കുന്നില്ല; ഒന്നും
മാലിന്യനിർമാർജനവും വളരെ കാര്യക്ഷമമാണ്. പച്ചക്കറിയുടെ അവശിഷ്ടങ്ങൾ ഗ്രൈൻഡറിൽ അരച്ച് ചെടികൾക്ക് വളമായി ഉപയോഗിക്കുന്നു. ബയോഗ്യാസ് നിർമിക്കാനും ഭക്ഷണാവശിഷ്ടം, ചാണകം, ഗോമൂത്രം എന്നിവ പ്രയോജനപ്പെടുത്തുന്നു. 30 ക്യൂബിക് മീറ്റർ ബയോഗ്യാസ് ആണ് ഉത്പാദിപ്പിക്കുന്നത്. എൽപിജി ഉപയോഗവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു മാസം 56,400 രൂപയാണ് ഇതുവഴി ലാഭം. സ്ലറി വളമായും ഉപയോഗിക്കുന്നു.
ഇഷ്ടിക പോലെയുളള കെട്ടിടനിർമാണ അവശിഷ്ടങ്ങൾ കൃഷിക്കു വേണ്ടി ഉയർന്ന തടസ്സങ്ങളൊരുക്കാനും കാര്‍ഡ്ബോർഡ്, തുണി തുടങ്ങിയവ പുതയിടാനും ഉപയോഗിക്കുന്നു.
മണ്ണ്, കംപോസ്റ്റ്, ഭക്ഷണാവശിഷ്ടം എന്നിവ സൂക്ഷിക്കാനും ചെടികള്‍ നടാനുമാണ് സിമന്റ് ബാഗുകൾ ഉപയോഗിക്കുന്നത്. ചന്ദനത്തിരികളും രാസപദാർത്ഥങ്ങള്‍ അടങ്ങാത്ത കൊതുകുതിരികളും ഉണ്ടാക്കുന്നതിന് ചാരം പ്രയോജനപ്പെടുത്തുന്നു.
പ്ലാസ്റ്റിക്കിൽ നിന്ന് എണ്ണ
മറ്റൊരു പ്രധാന മാതൃക എന്നത് പ്ലാസ്റ്റിക് പുനരുപയോഗമാണ്. പ്ലാസ്റ്റിക്കിൽ നിന്ന് എണ്ണ ഉത്പാദിപ്പിക്കുകയാണിവിടെ. ഈ എണ്ണ, യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്നു. ചില ഗ്രേഡിലുളള പ്ലാസ്റ്റിക് മാത്രമേ ഇത്തരത്തില്‍ പുനരുപയോഗിക്കാൻ സാധിക്കൂ.
30 കിലോവാട്ട് സൗരോർജം ഉത്പാദിപ്പിക്കുന്നുണ്ട്. ഗോമൂത്രത്തിൽ നിന്നും ചാണകത്തിൽനിന്നും സോപ്പ്, ഷാംപു, മരുന്നുകൾ തുടങ്ങി പല ഉത്പന്നങ്ങളും നിർമിക്കുന്നുണ്ട്. അതിനാൽ തന്നെ വിശാലമായ തൊഴുത്തിൽ നിറയെ പശുക്കളെ കാണാം. പശുക്കൾ മാത്രമല്ല, ഉപേക്ഷിക്കപ്പെട്ട കുതിരകള്‍, നായ്ക്കൾ തുടങ്ങിയ മൃഗങ്ങളേയും സംരക്ഷിക്കുന്നുണ്ട്.
കെട്ടിടങ്ങൾ കുത്തി നിറച്ചിരിക്കുകയല്ല. പകരം പച്ചപ്പിനു നടുവിൽ ചിതറിക്കിടക്കുകയാണ്. ഊർജഉപയോഗവും സാമഗ്രികളുടെ നഷ്ടവും പരമാവധി കുറയ്ക്കുന്ന രീതിയിലാണ് കെട്ടിട നിർമാണം. സിഎസ്ഇബി കട്ടകൾ കൊണ്ടാണ് ചുവരുകൾ. ഇടയിൽ വായു സഞ്ചാരത്തിന് സൗകര്യമുളള രണ്ടു നിര മാംഗ്ലൂർ ടൈൽ കൊണ്ടുളള ചരിഞ്ഞ മേൽക്കൂര കെട്ടിടത്തിനുളളിൽ തണുപ്പ് നിറയ്ക്കുന്നു. അതിഥികൾക്കു താമസിക്കാന്‍ 25 കോട്ടേജുകളുണ്ട്.
യുഎന്നിന്റെ സസ്റ്റെയിനബിൾ ടൂറിസത്തിലെ നൂതനമായ പ്രവർത്തനങ്ങൾക്കുളള അവാർഡ് തേടിയെത്തിയ ഇക്കോവില്ലേജ് കണ്ടപ്പോള്‍ ‘വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും’ എന്ന പഴഞ്ചൊല്ലാണ് ഒാർമ വന്നത്. മാലിന്യനിർമാർജനം കീറാമുട്ടിയായ നമ്മുടെ നാട്ടിലെ അധികാരികളുടെ കണ്ണ് തുറക്കട്ടെയെന്ന് പ്രത്യാശിക്കാം.