Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

80% നിർമാണസാമഗ്രികളും പ്രകൃതിദത്തം; അതാണ് യാഹ്‌വി

yahvi-front-view സ്ഥലപരിമിതിയുളള പ്ലോട്ടിൽ എങ്ങനെ മികച്ച ഡിസൈൻ സൃഷ്ടിക്കാമെന്നും ഈ വീട് കാട്ടിത്തരുന്നു. മൂന്നര സെന്റാണ് പ്ലോട്ടിന്റെ വിസ്തീർണം.

ആർക്കിടെക്ട് ബിജു ബാലന്റെ സ്വന്തം വീടായ ‘ചമൻ’ പ്രകൃതിയും മനുഷ്യനുമെല്ലാം ഒന്നാകുന്നൊരു പരീക്ഷണമായിരുന്നു. ചുറ്റുപാടുകളും വീടും ഇടകലർന്നൊരു ഡിസൈൻ. നിരവധി അംഗീകാരങ്ങൾ തേടിയെത്തിയ ആ വീടിനെ പലരും പിന്നീട് മാതൃകയാക്കുകയുണ്ടായി. കോഴിക്കോട് സ്വദേശിയും സോഫ്റ്റ്‍വെയർ എൻജിനീയറുമായ സജി വീട് നിർമിക്കാൻ സ്ഥലം വാങ്ങിയത് ബിജുവിന്റെ അയൽപക്കത്തായിരുന്നു. ചമൻ കണ്ടതോടെ സജി മറ്റൊരു ആർക്കിടെക്ടിനെ തേടിയില്ല. അങ്ങനെ ചമന്റെ ആശയങ്ങൾ ഉൾക്കൊണ്ട ‘യാഹ്‍വി’ക്ക് തുടക്കമായി.

chaman-veedu-784x410 ചമൻ

അഞ്ചുമാസങ്ങൾക്ക് മുമ്പ് പൂർത്തിയായ വീട്ടിലെ നിർമാണസാമഗ്രികളിൽ ഭൂരിഭാഗവും പ്രകൃതിദത്തമാണ്. സ്ഥലപരിമിതിയുളള പ്ലോട്ടിൽ എങ്ങനെ മികച്ച ഡിസൈൻ സൃഷ്ടിക്കാമെന്നും ഈ വീട് കാട്ടിത്തരുന്നു. മൂന്നര സെന്റാണ് പ്ലോട്ടിന്റെ വിസ്തീർണം. നിയമപ്രകാരം വശങ്ങളിൽ നിന്നുളള സ്ഥലം വിട്ടാൽ വീടുപണി ദുഷ്ക്കരമാകും. അയൽക്കാരുടെ അനുവാദത്തോടെ ഒരു വശത്തെ അതിര് വീടിനോട് ചേർത്തെടുത്തു. അങ്ങനെ പിൻവശത്തെ ഭിത്തി ചുറ്റുമതിലിന്റെ ഭാഗമായി. 

എക്സ്റ്റീരിയറിന് ഭാവങ്ങൾ പലതാണ്. പോർച്ചിന്റെ ഒരു ഭാഗത്ത് സ്റ്റീൽ കമ്പികൾ തിരശ്ചീനമായി നല്‍കി. അതില്‍ ചെടികള്‍ തൂക്കി കിടിലനൊരു വെർട്ടിക്കൽ ഗാർഡൻ ചെയ്തിട്ടുണ്ട്. പോർച്ചിൽ നിന്ന് അടുക്കളയിലേക്ക് കയറാന്‍ മറ്റൊരു വാതിലും നൽകി.

ചെങ്കല്ല് എക്സപോസ് ചെയ്ത ഭാഗമാണ് എക്സ്റ്റീരിയറിന്റെ പ്രധാന ഹൈലൈറ്റ്. മണ്ണും പശയും ചേർന്ന മിശ്രിതമാണ് കല്ലുകൾക്കിടയിലെ ജോയിന്റിൽ നൽകിയത്. മെറ്റൽ ചിപ്സ് പാകിയ മുറ്റത്ത് ചെറിയൊരു ആമ്പൽക്കുളവും ഒരുക്കി. സിറ്റഔട്ടിലേക്കുളള പടികള്‍ക്ക് കടപ്പ സ്റ്റോൺ നൽകിയപ്പോൾ സിറ്റ്ഔട്ടിൽ വിരിച്ചത് കോട്ടാസ്റ്റോൺ. ഇവിടുത്തെ ഭിത്തിയിൽ കോണ്‍ക്രീറ്റിന്റെ പരുക്കൻ ടെക്സ്ചർ കൊടുത്തതും വ്യത്യസ്തമായ കാഴ്ചയാണ്.

ഇന്റീരിയറിലെ വിരുന്ന്

yahvi-living

രണ്ടടി താഴ്ത്തി ചെയ്ത ലിവിങ്സ്പേസാണ് ഉള്ളിലേക്ക് നമ്മെ വരവേൽക്കുന്നത്. ഇവിടെ കോൺക്രീറ്റ് കൊണ്ടൊരു ബിൽറ്റ് ഇൻ സോഫ ഉണ്ടാക്കിയിട്ടുണ്ട്. ഇരിപ്പിടത്തിന് കോട്ടാസ്റ്റോണും നല്കി. പഴയൊരു ബോട്ടിന്റെ പലകകൾ പുനരുപയോഗിച്ചതാണ് ടീപോയ് ആയി മാറിയത്. ഇത് മാത്രമല്ല, ഇവിടത്തെ എല്ലാ തടി ഫർണിച്ചറും റീസൈക്കിൾ ചെയ്തെടുത്തതാണ്. 

yahvi-inside

ലിവിങ്, ഡൈനിങ് സ്പേസിന് ചുറ്റുമുളള ഭാഗങ്ങളിലും ചെങ്കല്ല് പുറമേക്ക് കാണുന്ന രീതിയിലാണ് ഭിത്തി ഡിസൈൻ ചെയ്തിരിക്കുന്നത്. ലിവിങ്ങിന്റെ സീലിങ്ങിൽ ഒരിഞ്ച് കനമുളള സിമന്റ് ബോര്‍ഡ് കൊടുത്തിരിക്കുന്നു

yahvi-kitchen

ഡൈനിങ് സ്പേസിന് നേരെ എതിർവശത്തുളള വാഷ് ഏരിയയാണ് ഇന്റീരിയറിന്റെ ബ്യൂട്ടി സ്പോട്ട്. ഒരു കോർട്‍യാർട് പോലെ ഒരിക്കിയിരിക്കുന്ന വാഷ് ഏരിയയിൽ പെബിൾസ് വിരിച്ച് ഭംഗിയാക്കിയിട്ടുണ്ട്. കരിങ്കല്ലിൽ കടഞ്ഞെ‍ടുത്ത ബേസിൻ ഇറക്കുമതി ചെയ്തത് ബാലിയിൽ നിന്ന്. വാഷ് ഏരിയ മാത്രമല്ല, ബാൽക്കണിയും അടിപൊളിയൊരു കോർട്‍യാർ‍ഡ് തന്നെ. ഇവിടേക്കെത്തുമ്പോൾ വീടിന്റെ കഥ പിന്നെയും മാറുകയാണ്.

yahvi-bed

മാസ്റ്റർ ബെഡ്റൂമിന്റെ ഒരു ഭിത്തിയിൽ പാനലിങ് ചെയ്തിരിക്കുന്നത് കവുങ്ങിൻ തടി കൊണ്ട്! ഇതിന്റെ താഴ്ഭാഗത്ത് പെബിൾസ് വിരിച്ച് ചെടികളും നട്ടുപിടിപ്പിച്ചു. ക്രോസ് വെന്റിലേഷന് വേണ്ടി ജനാലയും നൽകിയിട്ടുണ്ട്. മുകളിലെ ബെഡ്റൂമിന്റെ ഹെഡ്ബോർഡ് ചെയ്തത് ‘ബോട്ട്തടി’ കൊണ്ട്. ബങ്ക്ബെഡും സ്റ്റഡ് ഏരിയയുമായി കുട്ടികളുടെ മുറിയും സജീവമാണ്. 

yahvi-bedroom

ബാത്റൂമുകളിലെ ഡ്രൈ ഏരിയകളിൽ സാധാരണ ഗ്രാനൈറ്റ് വിരിച്ചപ്പോൾ ഗ്രിപ്പ് കിട്ടാന്‍ വെറ്റ് ഏരിയയിൽ ഫ്ലെയിംഡ് ഗ്രാനൈറ്റാണ് നൽകിയത്. ഭിത്തികളിൽ സ്ലേറ്റ് സ്റ്റോണിന്റെ ക്ലാഡിങ് കൊടുത്തു. സീലിങ് ഫാനുകൾ ആരോഗ്യത്തിന് ഗുണകരമല്ലെന്ന ആർക്കിടെക്ടിന്റെ അഭിപ്രായത്തെ മാനിച്ചതിനാൽ വീട്ടിൽ പെഡസ്റ്റല്‍ ഫാനുകൾക്കേ സ്ഥാനം കിട്ടിയുളളൂ. മുമ്പുണ്ടായിരുന്ന ശ്വാസസംബന്ധമായ ചില അസുഖങ്ങൾ പുതിയ വീട്ടിലെത്തിയപ്പോൾ മാറിയെന്ന് ഉടമസ്ഥന്‍ സജിയും അനുഭവസാക്ഷ്യം പറയുന്നു.

Idea

സിമന്റിന്റെ ഉപയോഗം കഴിവതും കുറച്ചതിനാൽ വലിയൊരു തുക ലാഭിക്കാനായി. ചെങ്കല്ലിന്റെ തനതു ഭംഗി എടുത്തുകാട്ടാനായി എന്നതാണ് മറ്റൊരു മേന്മ.

yahvi-interior

േമൽക്കൂര വാർക്കാതെ ജിഐ റൂഫിങ് ഷീറ്റ് കൊടുത്തു. പിന്നിലേക്ക് ചരിവുളള രീതിയിൽ നൽകിയതിനാൽ സന്ദർശകരുടെ കണ്ണിൽപെടില്ല. ഉളളിൽ ജിപ്സം ബോർഡ് നൽകി ഫോൾസ് സീലിങ് ചെയ്തിട്ടുണ്ട്. 

പോർച്ചില്‍ നിന്ന് നേരെ അടുക്കളയിലേക്ക് കയറാന്‍ വാതിൽ കൊടുത്തിട്ടുണ്ട്. ഗ്യാസ്കുറ്റിയും അരിച്ചാക്കും പോലുളള ഭാരമേറിയ വസ്തുക്കൾ ലിവിങ്റൂം വഴി കൊണ്ടുപോകുന്നതിന്റെ ബദ്ധപ്പാട് ഒഴിവാക്കാം.

Idea

കോൺക്രീറ്റ് ചെയ്ത് കടപ്പ സ്റ്റോൺ പാകിയ ലിവിങ്ങിലെ ഇൻബിൽറ്റ് സോഫയാണ് മറ്റൊരു ചെലവുചുരുക്കൽ പരീക്ഷണം. ഇതേ വലുപ്പത്തിലൊരു ഫാബ്രിക് സോഫ വാങ്ങണമെങ്കിൽ 50,000 രൂപയെങ്കിലും ചെലവാകും. പുനരുപയോഗിച്ചെടുത്ത തടികൊണ്ട് നിർമിച്ച മറ്റ് ഫർണിച്ചറും ലാഭത്തിന്റെ കണക്കില്‍പ്പെടും.

ഇരൂൾത്തടി കൊണ്ട് നിർമിച്ച ഭാരം കുറഞ്ഞ കോണിപ്പടിയും ഇന്റീരിയറിനോട് ഇണങ്ങി നിൽക്കുന്നു. കൈവരികൾക്ക് ഗ്ലാസ് നൽകിയെന്നതും ശ്രദ്ധേയം.

yahvi-stair

കോണിപ്പടിയുടെ ഒരു ഭാഗത്ത് ഭിത്തി ഒഴിവാക്കി. പകരം അവിടെ സ്റ്റീല്‍ ബാറുകളും ടഫൻഡ് ഗ്ലാസും നൽകി. സ്വാഭാവിക വെളിച്ചത്തിന് വഴിയൊരുക്കാനുളള ഈ ഐഡിയ നൂറ് ശതമാനം ഫലപ്രദമാണ്.

Idea 

മാസ്റ്റർ ബെഡ്റൂമിന്റെ ഒരു വശത്തെ ഭിത്തിയുടെ മുകൾഭാഗത്ത് ഗ്ലാസ് കൊടുത്തതിനാല്‍ വെളിച്ചത്തിന് മുട്ടില്ല. അത്രയും ഭാഗത്തെ ചെങ്കല്ലും ലാഭമായി.

ഒരു മുറിയിൽ പോലും സീലിങ് ഫാൻ നൽകിയിട്ടില്ല. ആയതിനാൽ ചെലവാകേണ്ടുന്ന വയറിങ് ഉപകരണങ്ങളുടെ തുക ലാഭിച്ചെടുക്കാൻ സാധിച്ചു.

ബാത്റൂമിലെ വാതിലുകൾക്ക് ഫ്രോസ്റ്റഡ് ഗ്ലാസ് നൽകിയതിനാൽ ഈർപ്പം അധികനേരം തങ്ങി നില്‍ക്കില്ല.

Idea 

yahvi-backside

വീടിന്റെ പിൻവശത്തെ ഭിത്തിയുടെ തുടർച്ചയായാണ് കോംപൗണ്ട് വോൾ നിർമിച്ചത്. ഇതിന്റെ മുകൾഭാഗം ഗ്രില്ലിട്ട് വീടിനോട് ബന്ധിപ്പിച്ച് സുരക്ഷ വർധിപ്പിച്ചു.

കോണിപ്പടിക്ക് സമീപമുളള ഭിത്തിയുടെ മുകൾഭാഗത്ത് കാറ്റാടിക്കഴകൾ ലൈറ്റപ്പ് ചെയ്ത് അലങ്കരിച്ചിരിക്കുന്നു. തൊട്ടുചേർന്നുളള ഭിത്തിയിൽ നീഷ് സ്പേസ് നിർമിച്ച് കളർബോട്ടിലുകൾ വച്ചിട്ടുണ്ട്.

ഗെസ്റ്റ് ബെഡ്റൂമിന്റെ ഒരു ഭിത്തി നിർമിച്ചത് ഗ്ലാസ് ബ്രിക്കുകൾ കൊണ്ടാണ്. ഭംഗിക്കു പുറമെ ബാത്റൂം പെട്ടെന്ന് ഉണങ്ങിക്കിട്ടും. നല്ലപോലെ വെളിച്ചവും ലഭിക്കും.

കിഡ്സ്റൂമിനോട് ചേർന്നുളള ബാൽക്കണി ഗ്രില്‍ ഇട്ട് സുരക്ഷിതമാക്കിയിട്ടുണ്ട്. തുണികൾ ഇസ്തിരിയിടാനും അയ കെട്ടാനും ഇവിടെ സൗകര്യമുണ്ട്. 

yahvi-kids

മാസ്റ്റർ ബെഡ്റൂമിലെ ഒരു ഭിത്തിയുടെ മുകൾഭാഗത്ത് ഗ്ലാസ് നൽകിയതിനാൽ സ്വാഭാവിക വെളിച്ചം ഇഷ്ടംപോലെ. വായുസഞ്ചാരത്തിന് ചെറിയൊരു ജനാലയും കൊടുത്തു. 

Idea

നിർമാണ സാമഗ്രികളുടെ തനത് ടെക്സ്ചർ നിലനിർത്തിയതിനാല്‍ പെയിന്റിന്റെ ഉപയോഗം വളരെ കുറച്ച് മാത്രം. വെള്ള നിറത്തിൽ കാണുന്ന ഭിത്തികൾ ജിപ്സം പ്ലാസ്റ്ററിങ് ചെയ്ത് ചുണ്ണാമ്പ് തേച്ചതാണ്. 

ജനാലകൾ ഫുൾഹൈറ്റിൽ നൽകിയതിനാൽ ലിന്റൽ വാർത്തിട്ടില്ല. മൊത്തം 200 ചതുരശ്രയടിയിൽ താഴെയുളള സ്ഥലത്തേ സിമന്റ് ഉപയോഗിച്ചിട്ടുളളൂ.

yahvi-patio

ലിവിങ് ഏരിയയുടെ മുകൾഭാഗം വാർത്തിട്ടുണ്ട്. ഇതേ ഭാഗത്തിന്റെ തുടർച്ചയാണ് ബാൽക്കണിയും. മെറ്റൽഫ്രെയിമിൽ ഒരിഞ്ച് കനമുളള ബൈസൻ പാനൽ പിടിപ്പിച്ചാണ് താഴെ മറ്റ് മുറികൾക്ക് മേൽക്കൂര ഒരുക്കിയത്. 

ടെറസ്സിലെ ജിഐ ഷീറ്റിൽ വീഴുന്ന വെള്ളം പൈപ്പ് വഴി പ്ലോട്ടിൽ തന്നെ താഴ്ത്താനുളള സംവിധാനമുണ്ട്.

വാഡ്രോബ്, ഡ്രസ്സിങ് ഏരിയകളിലെല്ലാം പ്ലൈവുഡ് ഉപയോഗിച്ചു. ബാത്റൂമിലെ വാതിലുകൾക്കും, വർക് ഏരിയയിലെ ഷെൽഫുകൾക്കും അലുമിനിയം പൗഡർ കോട്ടിങ് നൽകിയിട്ടുണ്ട്.