സൗരോർജപാടത്തിനു പിന്നാലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ പച്ചക്കറി കൃഷിയും വൻവിജയം. 40 ടൺ പച്ചക്കറിയാണ് ഈ സീസണിൽ വിളവെടുത്തത്. അതും വിഷമിടാതെ വിളയിച്ചെടുത്ത നല്ല ഒന്നാംതരം ജൈവ പച്ചക്കറി.
കൃഷി, സോളർ പാനലിനു താഴെ
സോളർ പാനലുകൾക്കു താഴെയാണ് പച്ചക്കറി കൃഷി. സൗരോർജവും പച്ചക്കറിയും ഒരുമിച്ചു വിളയുന്ന സ്ഥലം ലോകത്ത് ഇതു മാത്രമായിരിക്കും ! വിമാനത്താവളത്തിന് ചുറ്റുമുള്ള അൻപത് ഏക്കറിലാണ് സോളർ പാനലുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ എട്ട് ഏക്കറിലാണ് ഇപ്പോൾ പച്ചക്കറി കൃഷി. ഇത് കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സിയാൽ അധികൃതർ. അടുത്ത സീസണിൽ 60 ടൺ പച്ചക്കറി ഉൽപാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.
അധികം ഉയർന്നു വളരാത്ത ഇനം പച്ചക്കറികളായ മത്തൻ, കുമ്പളം, വെള്ളരി, പയർ, പാവൽ, വെണ്ട, പടവലം, പച്ചമുളക്, കാബേജ് തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. മഞ്ഞൾ, ഇഞ്ചി, മുരിങ്ങ എന്നിവയുടെ കൃഷിയും പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയിട്ടുണ്ട്.
ചെലവ് ചുരുക്കാൻ പുതുവഴി
പ്രതിവർഷം 24 ലക്ഷത്തോളം രൂപയാണ് വിമാനത്താവള പരിസരത്തെ കള പറിക്കാൻ ചെലവ് വരുന്നത്. സോളർ പാനൽ സ്ഥാപിച്ചതോടെ കളപറിക്കൽ കൂടുതൽ കാര്യക്ഷമമാക്കേണ്ടി വന്നു. കള പറിക്കുന്നതിനു പകരം കള വളരാതെ സൂക്ഷിക്കുകയല്ലേ ചെലവ് നിയന്ത്രിക്കാൻ നല്ലത് എന്ന ചിന്തയാണ് പാനലുകൾക്കിടയിലെ സ്ഥലത്ത് പച്ചക്കറി കൃഷി എന്ന ആശയത്തിലേക്കെത്തിച്ചത്.
പ്രകാശം ആഗിരണം ചെയ്യുന്നത് കാര്യക്ഷമമാക്കാൻ സോളർ പാനലുകള്‍ രണ്ടാഴ്ചയിലൊരിക്കൽ കഴുകണം. അല്ലെങ്കിൽ പൊടിയടിഞ്ഞ് ഉൽപാദനക്ഷമത കുറയും. അൻപതിനായിരത്തോളം സോളർ പാനലുകളാണ് ഇവിടെ ഉള്ളത്. ഇവ കഴുകാനുപയോഗിക്കുന്ന വെള്ളം ജലസേചനത്തിന് പ്രയോജനപ്പെടുത്താമെന്നതും പച്ചക്കറി കൃഷിക്ക് പച്ചക്കൊടിയായി.
അടിയിൽ പച്ചക്കറി നട്ടുപിടിപ്പിച്ചതോടെ രൂപപ്പെട്ട ‘ഗ്രീൻ ടർഫ്’ സോളർ പാനലുകൾക്കിടയിലെ ചൂട് കുറയ്ക്കാനും സഹായിച്ചു. ഇതും പാനലുകളുടെ കാര്യക്ഷമത കൂട്ടി. പലരും കരുതുംപോലെ ഉയർന്ന ചൂടല്ല സൗരോർജ പാനലിന് വേണ്ടത്. നല്ല വെളിച്ചമുള്ളപ്പോഴാണ് ഊർജ ഉൽപാദനം കൂടുതലായി നടക്കുക.
എല്ലാ ദിവസവും വിപണനം
വിമാനത്താവളത്തില്‍ തുറന്നിരിക്കുന്ന കൗണ്ടർ വഴിയാണ് പച്ചക്കറികളുടെ വിപണനം. അതാത് ദിവസം ശേഖരിക്കുന്ന പച്ചക്കറികൾ ഉച്ചയോടെ കൗണ്ടറിലെത്തും. ജീവനക്കാർക്ക് ഇവിടെനിന്ന് വാങ്ങാം. പൊതുവിപണിയിൽ ലഭിക്കുന്നതിലും കുറഞ്ഞ വിലയ്ക്കാണ് പച്ചക്കറികൾ വിൽക്കുന്നത്. വിമാനത്താവള കാന്റീനിലേക്കും പച്ചക്കറി നൽകുന്നുണ്ട്.
കൂടുതൽ വിളവ് ലഭിക്കുന്ന ദിവസങ്ങളിൽ സ്വകാര്യ ഏജൻസികൾക്ക് പച്ചക്കറി നൽകും. പൊതുജനങ്ങൾക്ക് നേരിട്ട് പച്ചക്കറി വാങ്ങാനുള്ള സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് സിയാൽ അധികൃതർ.
ലക്ഷ്യം ഹരിത വിമാനത്താവളം
രാജ്യത്തെ ആദ്യ ഹരിത വിമാനത്താവളം യാഥാർഥ്യമാക്കി മാറ്റുകയാണ് സിയാലിന്റെ ലക്ഷ്യമെന്ന് മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ പറഞ്ഞു. വൈദ്യുതി സ്വയംപര്യാപ്തത കൈവരിച്ച സിയാൽ അധിക വൈദ്യുതി വിൽക്കുകയും ചെയ്യുന്നു. 50 ഏക്കറിൽ സ്ഥാപിച്ച സോളർ പാനലുകൾ വഴി ഇപ്പോൾ 30 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നു. വൈദ്യുതി ചാർജ് ഇനത്തിൽ ഒരു വർഷം 24 കോടിയിലേറെയാണ് ലാഭം. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളം എന്ന ബഹുമതി സിയാൽ കരസ്ഥമാക്കി കഴിഞ്ഞു.
ചിത്രങ്ങൾ: ഹരികൃഷ്ണൻ