Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത്തരമൊരു തറവാട് കേരളത്തിൽ ഒന്നുമാത്രം!

theyyam-1 തെയ്യങ്ങളാണ് രാമവിലാസത്തിന് കാവൽ. പ്രായം നൂറിലെത്തിയിട്ടും ഒളിമങ്ങാതെ തറവാട് തലയുയർത്തി നിൽക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

തെയ്യങ്ങളുടെ മ്യൂസിയമാണ് രാമവിലാസം തറവാടിന്റെ സവിശേഷത. ഒരുപക്ഷേ, ഇത്തരത്തിലുളള കേരളത്തിലെ ഏക പൈതൃകഭവനമായിരിക്കാം രാമവിലാസം. തനത് നാടൻ കലകളുടെ സംരക്ഷണത്തിനും പ്രോൽസാഹനത്തിനുമായി പ്രവർത്തിക്കുന്ന ഫോക്്ലാന്റ് എന്ന സംഘടനയുടെ മേൽനോട്ടത്തിലാണ് മ്യൂസിയം നടത്തിപ്പ്. ഇതിനൊപ്പം നാടൻ കലാരൂപങ്ങളുമായി ബന്ധപ്പെട്ട പണിപ്പുരകളും സെമിനാറുകളുമൊക്കെ അരങ്ങേറുന്ന സ്ഥിരം വേദികൂടിയാണ് രാമവിലാസം. 

അൽപം ചരിത്രം

ബ്രിട്ടീഷ് ആർമിയിൽ ഡോക്ടറായിരുന്ന പെരിയാടൻ കടിഞ്ഞപ്പളളി വീട്ടിൽ ക്യാപ്റ്റൻ പി.കെ രാമൻ നമ്പ്യാരാണ് രാമവിലാസം പണികഴിപ്പിച്ചത്. നാലുകെട്ടും അതിന് തൊട്ടടുത്തായി കൊളോണിയൽ ശൈലിയിലുളള ഇരുനില ബംഗ്ലാവും വരുന്ന രീതിയിലാണ് കെട്ടിടത്തിന്റെ ഘടന. നാലുകെട്ട് താമസത്തിനും ബംഗ്ലാവ് രോഗികളെ പരിശോധിക്കാനും അതിഥികൾക്ക് താമസിക്കാനുമാണ് ഉപയോഗിച്ചിരുന്നത്. 

ramavilasam-tharavadu-payyanur

രണ്ട് കെട്ടിടങ്ങളും ഒറ്റവീടായി തോന്നുംവിധമായിരുന്നു നിർമാണം എന്നതാണ് ഏറ്റവും ശ്രദ്ധേയം. ചുറ്റോടുചുറ്റുമുളള ഇറയവും എടുപ്പുകളും മേൽക്കൂരയുമെല്ലാം രാമവിലാസത്തെ ഒറ്റവീടായി തോന്നിപ്പിക്കും.

ramavilasam-tharavadu-interior

കിഴക്കൻ മലയിൽ നിന്നുളള കരിവീട്ടിയും തേക്കുംകൊണ്ടാണ് മേൽക്കൂരയും വാതിലും ജനലുമൊക്കെ നിർമിച്ചിട്ടുളളതെന്നാണ് പഴമക്കാരുടെ ഒാർമ. മംഗലാപുരത്തുനിന്ന് വള്ളത്തിലും കാളവണ്ടിയിലുമൊക്കെയാണ് ഒാട് കൊണ്ടുവന്നത്. മിക്ക മുറികളിലും തറയോടാണ് വിരിച്ചിട്ടുളളത്. ഇതും മംഗലാപുരത്തുനിന്ന് എത്തിക്കുകയായിരുന്നു. 20 വർഷം മുൻപാണ് പടിഞ്ഞാറ്റിനിയുടെ തറയില്‍ സിമന്റിടുന്നത്. അതുവരെ ചാണകം മെഴുകിയ തറയായിരുന്നു. വെട്ടുകല്ലിന്മേൽ കുമ്മായം തേച്ച് മിനുസപ്പെടുത്തിയ ചുവരുകൾക്ക് ഇന്നും കാര്യമായ കേടൊന്നും വന്നിട്ടില്ല. 

ramavilasam-interior

വാതിൽ‌പ്പിടിയടക്കം കൊണ്ടുപോയി

തറവാട് ഭാഗംവച്ചതോടെ നാലുകെട്ടും കൊളോണിയൽ ബംഗ്ലാവും രണ്ട് അവകാശികളുടെ പേരിലായി. ക്യാപ്റ്റൻ പി.കെ രാമൻ നമ്പ്യാരുടെ പിന്മുറക്കാരായ സ്മിത മാണിക്കോത്തും ജിതേഷ് മാണിക്കോത്തുമാണ് ബംഗ്ലാവിന്റെ ഇപ്പോഴത്തെ അവകാശികൾ. ജോലി സംബന്ധമായി മാറിത്താമസിക്കേണ്ടി വന്നതിനാല്‍ ഇവിടം വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു. മേൽക്കൂരയിലടക്കം പലയിടത്തും തടി ചിതല്‍ തിന്നുകയും ചെമ്പുകൊണ്ടുളള വാതിൽപ്പിടിയടക്കം പലതും നഷ്ടപ്പെട്ടുതുടങ്ങുകയും ചെയ്തതോടെയാണ് വാടകക്കാരെ ഒഴിവാക്കിയത്. വലിയ വീടിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കുകയും അതിന്റെ മൂല്യം മനസ്സിലാക്കി സംരക്ഷിക്കുകയും ചെയ്യുന്നവരെ മാത്രമേ വീടേൽപ്പിക്കൂ എന്ന് അതോടെ തീരുമാനിച്ചു. ആ അന്വേഷണമാണ് ഫോക്്ലാന്റിലെത്തിയത്. 

ഫോക്്ലാന്റിന്റെ ഒാഫീസ്, തെയ്യ മ്യൂസിയം, ചുമർചിത്രങ്ങളുടെ പ്രദർശനശാല എന്നിവയാണ് താഴത്തെ നില‌യിലുളളത്. പണിപ്പുരകളും മറ്റും നടക്കുന്ന ഹാൾ, മാവിലൻ – വേട്ടുവൻ എന്നീ ആദിവാസി സമൂഹങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കളുടെ മ്യൂസിയം താളിയോലകളുടെയും സംഗീതോപകരണങ്ങളുടെയും മ്യൂസിയം എന്നിവ മുകൾനിലയിലാണ്.

‘‘സെമിനാറുകൾക്കും നാടൻകലകളിൽ പരിശീലനം നൽകാനും എത്തുന്ന വിദഗ്ധർക്കും അതിഥികൾക്കും താമസമൊരുക്കുന്നത് ഇവിടെയുളള കിടപ്പുമുറികളിൽ തന്നെയാണ്. പാചകത്തിന് അടുക്കളയും ഉപയോഗിക്കുന്നു. വീടിന്റെ മുഴുവൻ ഇടങ്ങളിൽ ഏതെങ്കിലും വിധത്തിൽ ഞങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്.’’ ഫോക്്ലാന്റ് ചെയർമാൻ ഡോ. വി.ജയരാജൻ പറയുന്നു.

ramavilasam-theyyam

പൊതുജനങ്ങള്‍ക്ക് സൗജന്യമായി മ്യൂസിയം കാണാം. പഠന, ഗവേഷണ പ്രവർത്തനങ്ങൾക്ക് ഇവിടെയുളള വിവരങ്ങള്‍ സൗജന്യമായി പ്രയോജനപ്പെടുത്തുകയും ചെയ്യാം. ആളും അനക്കവുമായി ഉണർന്ന് ഉൗർജസ്വലമായി ഇരിക്കാനാണ് രാമവിലാസത്തിനിഷ്ടം.

smitha സ്മിത മാണിക്കോത്ത്

പേര്: രാമവിലാസം

സ്ഥലം: കൊക്കാനിശേരി, പയ്യന്നൂർ

പഴക്കം: ഉദ്ദേശം നൂറ് വർഷം

ഇപ്പോഴുളള സൗകര്യങ്ങള്‍: തെയ്യത്തിന്റെയും നാടൻ കലാരൂപങ്ങളുടെയും മ്യൂസിയം, നാടൻ കലകളുടെ പണിപ്പുരകളും സെമിനാറുകളും സംഘടിപ്പിക്കാനുളള സ്ഥലം.