പ്രളയത്തിൽ നടി അനന്യയുടെ പെരുമ്പാവൂരിലുള്ള വീട്ടിലും വെള്ളം കയറിയിരുന്നു. തങ്ങൾ കടന്നു പോയ വിഷമകരമായ ദിവസങ്ങളെക്കുറിച്ചും ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും അനന്യ മനസ്സുതുറക്കുന്നു.
മിനിറ്റുകൾക്കുള്ളിൽ വെള്ളം പൊങ്ങാൻ തുടങ്ങി...
പെരുമ്പാവൂരിനടുത്ത് പൂപ്പാനി എന്ന സ്ഥലത്താണ് എന്റെ വീട്. അച്ഛനും അമ്മയും സഹോദരനുമാണ് വീട്ടിൽ ഉള്ളത്. സമീപത്ത് വയൽപ്രദേശമാണ്. പക്ഷേ ഇതിനുമുൻപ് കനത്ത മഴയിലും റോഡിലൊന്നും വെള്ളം കയറിയ അനുഭവമില്ലായിരുന്നു. ഇക്കുറി പ്രതീക്ഷ എല്ലാം തെറ്റിപ്പോയി.
14 ന് രാവിലെ മുതൽ റോഡിലും മുറ്റത്തും വെള്ളം കയറി തുടങ്ങി. പക്ഷേ അപ്പോഴും വീടിനകത്ത് കയറും എന്നൊരു ചിന്തയേ ഇല്ലായിരുന്നു. പക്ഷേ വൈകുന്നേരമായപ്പോഴേക്കും മിനിറ്റുകൾക്കുള്ളിൽ വെള്ളം പൊങ്ങാൻ തുടങ്ങി. രാത്രിയായപ്പോഴേക്കും വെള്ളം ഒഴുക്കോടെ വീട്ടിനകത്തേക്ക് കയറാൻ തുടങ്ങി. താഴത്തെ നിലയിലുള്ള അത്യാവശ്യ സാധങ്ങൾ എല്ലാം പെട്ടെന്ന് മുകളിലേക്ക് മാറ്റിയെന്ന് വരുത്തി വീടുവിട്ടിറങ്ങുകയായിരുന്നു. അച്ഛന്റെ സുഹൃത്തുക്കളുടെ വീട്ടിലും ഓഫിസിലുമൊക്കെയാണ് മൂന്ന് ദിവസങ്ങൾ കഴിച്ചു കൂട്ടിയത്. പിന്നീട് നടി ആശാ ശരത്തിന്റെ വീട്ടിലേക്കെത്തി.
വീട്..പ്രളയത്തിന് മുൻപും ശേഷവും...
നമുക്ക് ഏറ്റവും വൈകാരികമായി അടുപ്പമുള്ള, സുരക്ഷിതത്വം അനുഭവിക്കുന്ന ഇടമാണ് നമ്മുടെ വീട്. അവിടെ നിന്നൊരു രാത്രി കയ്യിൽ ഒന്നുമില്ലാതെ ഇറങ്ങിപ്പോരേണ്ട അവസ്ഥ ഭീകരമായിരുന്നു. കുടുംബങ്ങൾ തമ്മിൽ കാണുമോ എന്ന് പോലും ഉറപ്പില്ലാത്ത അരക്ഷിതാവസ്ഥ...
കഴിഞ്ഞ ദിവസം തിരിച്ച് വീട്ടിലെത്തി. വീടിനു സമീപം പാടമായതുകൊണ്ട് ഇപ്പോഴും വെള്ളം പൂർണമായും മാറിയിട്ടില്ല. സ്ട്രക്ച്ചറിന് കേടുപാടുകൾ ഒന്നുമില്ല. പക്ഷേ അകത്തെ ഫർണിച്ചറുകളും മറ്റും വെള്ളം കയറി നശിച്ചിട്ടുണ്ട്. നമ്മൾ ഒരുപാട് സ്നേഹത്തോടെ ഒരുക്കിവച്ച ഇന്റീരിയർ നശിച്ചു. എങ്കിലും ഇതൊക്കെ തിരിച്ചുപിടിക്കാവുന്നതാണ്... ഇപ്പോൾ വീട്ടിൽ ശുചീകരണം നടക്കുകയാണ്. കുറച്ചു ദിവസങ്ങൾ കൂടി വേണ്ടി വരും പൂർണമായും താമസയോഗ്യമാകാൻ. ഇപ്പോഴും ആശചേച്ചിയുടെ വീട്ടിലാണ് താമസം.
തെറ്റിദ്ധരിക്കപ്പെട്ട ഫെയ്സ്ബുക് ലൈവ്...
പ്രളയം രൂക്ഷമായ ദിവസം ഞാനൊരു ഫെയ്സ്ബുക് ലൈവ് ചെയ്തിരുന്നു. ദുരിതമനുഭവിക്കുന്നവരെ കഴിയുംവിധം സഹായിക്കണം എന്നാണ് ഞാൻ വിഡിയോയിലൂടെ പറയാൻ ശ്രമിച്ചത്. പറവൂർ, ആലുവ ഭാഗത്താണ് എന്റെ അച്ഛന്റെയും അമ്മയുടെയും കുടുംബവീടുകൾ. അവിടെ അവരുടെ പ്രായമായ മാതാപിതാക്കളുണ്ട്. നടക്കാൻ പ്രയാസമുണ്ട്. ആ പ്രദേശം മുഴുവൻ വെള്ളം കയറി ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. വിളിച്ചവരോടൊക്കെ ഞാൻ അപേക്ഷിച്ചത് അവരെ എങ്ങനെയെങ്കിലും രക്ഷിക്കണേ എന്നാണ്. പക്ഷേ പലരും 'ഞാനും കുടുംബവും വീട്ടിൽ കുടുങ്ങിക്കിടക്കുന്നു, ഞങ്ങളെ രക്ഷിക്കണം' എന്ന അഭ്യർഥനയായാണ് അതിനെ വ്യാഖ്യാനിച്ചത്.
നമ്മളെ ആത്മാർഥമായി സഹായിക്കാൻ വേണ്ടിയുള്ള അന്വേഷണങ്ങളായിരുന്നു കൂടുതലും. എങ്കിലും ചിലരെങ്കിലും മറുപടിയായി നമുക്ക് മാനസികമായി വിഷമം ഉണ്ടാക്കുന്ന വിധത്തിലുള്ള സന്ദേശങ്ങൾ അയക്കുകയുണ്ടായി. പ്രളയം വരുമ്പോൾ സിനിമാതാരമെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വേർതിരിവില്ല...മനുഷ്യരായി കാണണം എന്ന മനഃസാക്ഷി അവർക്ക് ഉണ്ടായിരുന്നില്ല.
വീണ്ടും ഒത്തുചേരൽ....
പ്രളയത്തിന് ശേഷം കഴിഞ്ഞ ദിവസം ഞങ്ങൾ അച്ഛന്റേയുടെയും അമ്മയുടെയും കുടുംബാംഗങ്ങളുമായി കണ്ടുമുട്ടി. അമ്മയുടെ തറവാട് നല്ല പഴക്കമുള്ള വീടാണ്. ആലുവ പുഴയുടെ തീരത്തുമാണ്. അത് ഇതുവരെ തുറന്നുനോക്കിയിട്ടില്ല. തിരിച്ചുകൊണ്ടുവരാൻ സാധ്യത കുറവാണ്.മറ്റുള്ളവർക്കും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. വാഹനങ്ങൾ നഷ്ടമായിട്ടുണ്ട്. എങ്കിലും വീണ്ടും ഒത്തുചേരാൻ കഴിഞ്ഞതിന്റെ സന്തോഷം എല്ലാർക്കുമുണ്ടായിരുന്നു.
ഓരോ ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിക്കുമ്പോഴാണ് നമ്മൾ എത്ര ഭാഗ്യമുള്ളവരാണെന്നു മനസ്സിലാകുന്നത്. അപ്രതീക്ഷിത പ്രളയത്തിൽ വീടു തകർന്നു പോയ എത്രയോ പേരുണ്ട്, കുടുംബാംഗങ്ങളെ നഷ്‌ടമായ എത്രയോ പേരുണ്ട്....അവരുടെ വേദനകൾക്ക് മുൻപിൽ നമ്മുടെ വിഷമങ്ങൾ നിസാരമാണ്...സർക്കാർ അവരെപ്പോലെ ഉള്ളവർക്ക് പരമാവധി സഹായം ചെയ്തുകൊടുക്കണമെന്നാണ് എനിക്ക് അഭ്യർഥിക്കാനുള്ളത്. ഒത്തൊരുമിച്ച് നമുക്ക് നാടിനെ തിരിച്ചുപിടിക്കാം.