ഹോംസ്‌റ്റൈൽ ചാനലിന്റെ പ്രേക്ഷകർ മറക്കാൻ ഇടയില്ലാത്ത ഒരു വീടാണ് കഴിഞ്ഞ ഓണത്തിന് പ്രസിദ്ധീകരിച്ച നടൻ ജോജു ജോർജിന്റെ വീട്. ഒരു വർഷത്തിനിപ്പുറം രംഗബോധമില്ലാത്ത എത്തിയ പ്രളയം ജോജുവിന്റെ വീട്ടിലും ചെന്നുകയറി.
പ്രളയത്തിന് ശേഷമുള്ള അനുഭവങ്ങൾ ജോജു പങ്കുവയ്ക്കുന്നു. തൃശൂർ മാളയിലാണ് എന്റെ വീട്. പാടത്തോട് ചേർന്ന് ഒരു വീട് എന്നത് എന്റെ ഒരുപാട് നാളത്തെ സ്വപ്നമായിരുന്നു. അത് സഫലമാക്കിയപ്പോഴും ഇത്തരമൊരു അവസ്ഥാവിശേഷം നേരിടേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല.
സമീപത്തെ വയൽ നിറഞ്ഞു റോഡിൽ വെള്ളം കയറുന്നത് പതിവാണ്. പക്ഷേ ഇത്തവണ സകല കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടാണ് വെള്ളം ഇരച്ചെത്തിയത്. മിനിറ്റുകൾക്കുള്ളിൽ റോഡിൽനിന്ന് വീട്ടുമുറ്റത്തേക്ക് വെള്ളമെത്തി. അപ്പോഴും അകത്തേക്ക് കയറില്ല എന്ന പ്രതീക്ഷയിൽ കുറച്ചുകൂടി കാത്തു. പിന്നെയും വെള്ളം പൊങ്ങിയപ്പോൾ അൽപം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് മാറി.
അടുത്ത ദിവസമായപ്പോഴേക്കും മുറ്റത്തു നിന്നും സൺഷേഡ് വരെ വെള്ളം പൊങ്ങി. വെള്ളം ഇറങ്ങിക്കഴിഞ്ഞു തിരിച്ചു ചെന്ന് നോക്കിയപ്പോഴേക്കും ലാൻഡ്സ്കേപ് മുഴുവൻ ചെളി കേറിയടിഞ്ഞു വൃത്തികേടായി. അകത്തെ ഫർണിച്ചറുകൾ മിക്കവയും നശിച്ചു. കിണർ നിറഞ്ഞു കവിഞ്ഞു മലിനമായി. മോട്ടോർ കേടായി.
കഴിഞ്ഞ കുറച്ചു ദിവസമായി വീടും മുറ്റവും വൃത്തിയാക്കുന്ന തിരക്കിലായിരുന്നു. അതുകഴിഞ്ഞു ഇപ്പോൾ വെള്ളം കയറിയ വയറിങ്ങും സ്വിച്ച് ബോർഡുകളുമെല്ലാം അഴിച്ച് വൃത്തിയാക്കുകയാണ്. കിണറിന്റെ സൂപ്പർ ക്ളോറിനേഷൻ, മോട്ടോർ നന്നാക്കൽ എന്നിവയും പുരോഗമിക്കുന്നു.
പക്ഷേ ഞങ്ങളൊക്കെ ഭാഗ്യവാന്മാരാണ്. വലിയ കേടുപാടുകൾ ഇല്ലാതെ വീട് തിരിച്ചുകിട്ടിയല്ലോ...നമ്മൾ ഓരോ ക്യാംപുകൾ സന്ദർശിച്ചപ്പോഴാണ് ദുരന്തത്തിന്റെ ഭീകരത മനസ്സിലായത്. ഞങ്ങളുടെ സമീപപ്രദേശങ്ങളിൽ 20 ക്യാംപുകളിലായി ഏകദേശം മുപ്പതിനായിരത്തോളം ആളുകൾ ഇപ്പോഴും കഴിയുന്നുണ്ട്. തിരികെ ചെല്ലാൻ ഒരു കൂരയില്ലാത്തവരുണ്ട്. കുട്ടികളും പ്രായമായവരും ഗർഭിണികളും എല്ലാം അക്കൂട്ടത്തിലുണ്ട്. ഒരായുസ്സിന്റെ അധ്വാനം കൊണ്ട് നിർമിച്ച വീടുകൾ തകർന്നു പോയവരുടെ അവസ്ഥ ഭീകരമാണ്. സർക്കാർ അവർക്കെല്ലാം മതിയായ ധനസഹായവും പുനരധിവാസവും നൽകണം എന്നാണ് എന്റെ അഭ്യർഥന.
ഞങ്ങൾ മാറിത്താമസിച്ച സുഹൃത്തിന്റെ വീട്ടിൽ ഞങ്ങളെപ്പോലെ നാലു അഭയാർഥികളുമുണ്ടായിരുന്നു. അതൊരു പുതിയ അനുഭവമായിരുന്നു. പരിമിതികൾക്കു നടുവിലും നാലു കുടുംബങ്ങൾ ഒരുമിച്ച് ഒരുകൂരയ്ക്ക് കീഴിൽ സ്നേഹത്തോടെ കഴിയുക. ഇപ്പോൾ വെള്ളം ഇറങ്ങിയെങ്കിലും ഓണം കഴിഞ്ഞു വീട്ടിലേക്ക് മാറിയാൽ മതി എന്ന് തീരുമാനിച്ചിരിക്കുകയാണ് ഞങ്ങൾ.