വൈറ്റിലയിലാണ് ഞാനും ഭർത്താവും ഇപ്പോൾ താമസിക്കുന്നത്. ഇവിടെ വീടിനു തൊട്ടടുത്ത് വരെ വെള്ളം കയറിയിരുന്നു. എന്നാൽ ഏറ്റവും ബുദ്ധിമുട്ടിയത് പറവൂരുള്ള ഭർത്താവിന്റെ വീട്ടുകാരാണ്. മറ്റുള്ളവരെപ്പോലെ വീട്ടിൽ വെള്ളം കയറില്ല എന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഡാഡിയും അമ്മച്ചിയും. പക്ഷേ അടുത്ത ദിവസം റോഡ് മുങ്ങി, വൈകിട്ടോടെ വീട്ടിലും വെള്ളം കയറാൻ തുടങ്ങി. സാധനങ്ങൾ ഒന്നും മുകളിലേക്ക് മാറ്റാനുള്ള സാവകാശം ലഭിച്ചില്ല. റോഡ് മുഴുവൻ തടസമായതോടെ നമുക്കും വൈറ്റിലയിൽ നിന്ന് പറവൂർക്ക് എത്താനും ബുദ്ധിമുട്ടായി.
വീടിനു കുറച്ചകലെ മറ്റൊരു ബന്ധുവിന്റെ വീടുണ്ടായിരുന്നു. എല്ലാവരും അങ്ങോട്ട് മാറി. അടുത്ത ദിവസം ചെന്ന് നോക്കിയപ്പോൾ വീടിന്റെ താഴത്തെ നില മുഴുവനും വെള്ളത്തിലായി. പിന്നീട് നാലു ദിവസം കഴിഞ്ഞു വെള്ളം ഇറങ്ങിക്കഴിഞ്ഞാണ് വീട് തുറക്കുന്നത്. അപ്പോഴേക്കും താഴത്തെ നിലയിലെ ഇന്റീരിയർ മുഴുവൻ നശിച്ചിരുന്നു. ഫർണിച്ചറും പുസ്തകങ്ങളും കിടക്കയും വീട്ടിൽ സൂക്ഷിച്ചിരുന്ന ചില അവാർഡുകളുമെല്ലാം നഷ്ടമായി.
ടിവിയും ഫ്രിഡ്ജും അടക്കമുള്ള ഗൃഹോപകരണങ്ങൾ എല്ലാം ഒഴുകി നടക്കുന്ന അവസ്ഥയായിരുന്നു. വീട്ടുമുറ്റത്തു പാർക്ക് ചെയ്തിരുന്ന കാറും വെള്ളം കയറി ഉപയോഗശൂന്യമായി.
ഇപ്പോൾ ഡാഡിയും അമ്മച്ചിയും മുകളിലെ നിലയിൽ താമസിച്ചുകൊണ്ട് താഴത്തെ നില വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ചുരുക്കം ഒരുമാസമെങ്കിലും വേണ്ടിവരും എല്ലാം പൂർവസ്ഥിതിയിലാകാൻ. എറണാകുളത്തുള്ള എന്റെ വീടും ഒരു ദുരിതാശ്വാസ ക്യാംപ് ആയി മാറിയിരുന്നു. അവിടെ വെള്ളം കയറിയില്ല. സമീപത്തുള്ള കസിൻസൊക്കെ കുറച്ചു ദിവസങ്ങൾ വീട്ടിലായിരുന്നു.
മറ്റുള്ളവരുടെ ദുരനുഭവം താരതമ്യം ചെയ്യുമ്പോൾ എന്റെ നഷ്ടങ്ങൾ ഒന്നുമല്ല എന്നെനിക്കറിയാം. ആദ്യദിനങ്ങളിൽ പറവൂരുള്ള പല ദുരിതാശ്വാസ ക്യാംപുകളിലെയും അവസ്ഥ ദയനീയമായിരുന്നു. തിരിച്ചു പോകാൻ വീട് പോലും ഇല്ലാത്തവരുണ്ട്. ഒരായുസ്സിന്റെ സമ്പാദ്യം മുഴുവനും നഷ്ടമായവരുണ്ട്. അതുകൊണ്ട് ഇത്തവണ ഓണത്തിന് ആഘോഷങ്ങളോ ഒത്തുചേരലുകളോ ഉണ്ടായിരുന്നില്ല. എല്ലാം പെട്ടെന്ന് നേരെയാകട്ടെ എന്ന് ഞാനും പ്രാർഥിക്കുന്നു.