വർണ വിസ്മയക്കാഴ്ചകളൊരുക്കി ലോകപ്രശസ്ത പുഷ്പമേളയ്ക്ക് ഊട്ടി സസോദ്യാനം സാക്ഷ്യം വഹിക്കും. പുഷ്പമേളയുടെ വരവേൽപ്പിനായി ഒരുമാസമായി നീലഗിരി വസന്തോത്സവത്തിലായിരുന്നു. 121ാമത് പുഷ്പമേളയാണ് ഊട്ടിയിൽ നടക്കുന്നത്. മേള മൂന്ന് ദിവസം നടക്കും.
ഉദ്യാനത്തിലെ പുഷ്പങ്ങളെല്ലാം വിരിഞ്ഞു കഴിഞ്ഞു. മൂന്ന് ലക്ഷം ചെടികളാണ് കാഴ്ചക്കാരെ കാത്തിരിക്കുന്നത്. ഉദ്യാനത്തിലെ ഗാലറികളിൽ മാത്രം 21,000 ചെടിച്ചട്ടികളാണ് പൂക്കളുമായി നിൽക്കുന്നത്.
ഈവർഷം വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15 ഇനങ്ങളിലുള്ള ചെടികളിൽ പൂക്കൾ വിരിഞ്ഞിട്ടുണ്ട്. ചെന്നൈയിലെ ചരിത്രപ്രസിദ്ധമായ മാഹാബലിപുരം കോട്ടയാണ് പുഷ്പമാത്യകയാക്കുന്നത്. ബെംഗളൂരു, ഹൊസൂർ എന്നിവിടങ്ങളിൽ നിന്നുമാണ് അലങ്കാരത്തിനുള്ള പൂക്കൾ കൊണ്ടുവരുന്നത്.
ഗ്ലാസ് ഹൗസുകളിൽ പ്രത്യേക ചെടികളാണ് ഇക്കുറി നട്ടിരിക്കുന്നത്. ഉജറിബറ, ലില്ലിയം, കാർണേഷ്യം, മേരിഗോൾഡ്, ഡൽഫീനിയം, ആസ്തർ തുടങ്ങിയ ഇനങ്ങളാണ് ഗാലറിയിലുള്ളത്. ഓർക്കിഡുകളുടെ അപൂർവ ശേഖരമാണ് ഇവിടെയുള്ളത്. കടും ചുവപ്പും നീലയും കലർന്ന ലില്ലിയം പൂക്കളാണ് മേളയുടെ പ്രധാന ആകർഷണം. രാത്രിയിൽ ഉദ്യാനം വർണ വിളക്കുകളിൽ ജ്വലിക്കും.
∙ പൂക്കളുടെ ചരിത്രം
1848 ൽ ഊട്ടിയിലെത്തിയ ബ്രിട്ടിഷുകാരാണ് സസ്യോദ്യാനം നിർമിച്ചത്. ബ്രിട്ടിഷുകാർക്കുള്ള പച്ചക്കറികളാണ് ആദ്യമായി ഇവിടെ കൃഷിചെയ്തത്. പിന്നീട് ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ കീഴിൽ ഉദ്യാനമായി മാറി. 1896 കലക്ടറായിരുന്ന ജെ.എച്ച്. ട്രമൻഹെർ ആണ് ആദ്യമായി പുഷ്പമേള സംഘടിപ്പിച്ചത്. 22 ഹെക്ടർ സ്ഥലത്താണ് ഉദ്യാനം. അപൂർവയിനം സസ്യലതാദികളുടെ കലവറയാണ് ഉദ്യാനം. ഉദ്യാനത്തിന് മുകളിലായി രാജ്ഭവൻ സ്ഥിതിചെയ്യുന്നു രാജ്യത്ത് രണ്ട് രാജ്ഭവൻ ഉള്ള ഏകസംസ്ഥാനമാണ് തമിഴ്നാട്. മദ്രാസ് പ്രിസിഡൻസിയുടെ വേനൽക്കാല ഭരണ സിരാകേന്ദ്രമായിരുന്നു ഇവിടം.
∙ നീലഗിരിയുടെ ഗോത്ര സമൂഹം
പുഷ്പമേളയും ഗോത്രസമൂഹവും തമ്മിൽ ഇഴപിരിയാത്ത ബന്ധമാണ് ഉള്ളത്. നീലഗിരിയിലെ പ്രബല ഗോത്രസമൂഹമായ ബഡുഗരുടെ ഗോത്രാചാരങ്ങൾ പുഷ്പമേളയുമായി ബന്ധമുള്ളതാണ്. പൂക്കളെ ഏറെ സ്നേഹിക്കുന്നവരാണ് ഇവർ. വീട്ടുമുറ്റത്ത് ഉദ്യാനമില്ലാത്ത വീടുകളില്ല. മറ്റൊരു ഗോത്രവിഭാഗമായ തോഡർക്കും പുഷ്പമേളയുമായി അഭേദ്യബന്ധമാണ് ഉള്ളത്.
∙ കൗതുകം നിറയുന്ന മേള
ഉദ്യാനത്തിൽ വിവിധ വകുപ്പുകളുടെ സ്റ്റാളുകളും കലാപരിപാടികളും അരങ്ങേറും. മികച്ച പൂകർഷകരെ കണ്ടത്തുകയും മികച്ച ഉദ്യാനത്തിനുമുള്ള അവാർഡുകളും സമ്മാനങ്ങളുമാണ് മേളയുടെ പ്രത്യേകത. പൂകർഷകരെ പ്രോൽസാഹിപ്പിക്കാനും കൂടിയാണ് മേള നടത്തുന്നത്. നൂറ്റാണ്ട് കഴിഞ്ഞ പുഷ്പമേള ഒരിക്കൽ മാത്രം നിലച്ചു പോയി. 2000ത്തിൽ തെയിലയുടെ വിലത്തകർച്ചയിൽ .പ്രിതിസന്ധിയിലായ കർഷകർ നടത്തിയ സമരത്തെ തുടർന്നാണ് മേള നിർത്തിവച്ചത്.
പിന്നീട് എല്ലാവർഷങ്ങളിലും മേള ജില്ലയുടെ ഉൽസവമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സംഘാടകർ. തമിഴ്നാട് ഗവർണർ വിദ്യാസാഗർ റാവു പുഷ്പമേളക്ക് എത്തും. പ്രൊട്ടോക്കോൾ പ്രകാരം ഗവർണർ രാജ്ഭവനിൽ താമസിക്കും. മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമിയാണ് മേള ഉൽഘാടനം ചെയ്യുന്നത്. ഇളം തണുപ്പിൽ വർണക്കാഴ്ചളൊരുക്കി സഞ്ചാരികളെ കാത്തിരിക്കുകയാണ് ഊട്ടി. ഇനി വരും നാളുകൾ ഊട്ടിയുടെ നിരത്തുകൾ സഞ്ചാരികൾക്ക് സ്വന്തം.