കപ്പവില ഇടിയുന്നത് കർഷകർക്ക് തിരിച്ചടിയായി. കാലവർഷം ആരംഭിച്ചതും ചക്കയുടെ ഉപയോഗം വർധിച്ചതുമാണ് വിലയിടിവിന് കാരണം. മുൻപ് നെൽകൃഷി നടന്നുകൊണ്ടിരുന്ന പാടശേഖരങ്ങളാണ് കപ്പക്കൃഷിക്കായി വഴിമാറിയത്. മഴക്കാലമായതോടെ പാടങ്ങളിൽ നീരുറവകൾ വർധിച്ചതും വെള്ളം കെട്ടിനിൽക്കുന്നതും കൃഷി നശിക്കുമെന്ന സ്ഥിതിയാണ്. ഇക്കാരണത്താൽ കിട്ടുന്ന വിലയ്ക്ക് കപ്പ വിൽക്കേണ്ടിവരുന്ന സാഹചര്യമാണ് കർഷകർക്ക്.
ഒരു മാസം മുൻപുവരെ ഒരു കിലോ കപ്പയ്ക്ക് 20 രൂപ വരെ കർഷകർക്ക് ലഭിച്ചിരുന്നുവെങ്കിൽ, ഇപ്പോൾ കിലോയ്ക്ക് 12 മുതൽ 15 രൂപ വരെ മാത്രമാണു വില. നെൽകൃഷിക്ക് തൊഴിലാളികളെ കിട്ടാതെവന്നതും കൃഷിച്ചെലവും വളത്തിന്റെ വിലയും താങ്ങാനാകാതെ വന്നതുമാണ് കർഷകർ നെൽകൃഷി ഉപേക്ഷിക്കാൻ കാരണമായത്. ഇതോടെ പാടശേഖരങ്ങൾ പ്രധാനമായും കപ്പക്കൃഷിക്കായി വഴിമാറുകയായിരുന്നു. ഇതോടൊപ്പം പച്ചക്കറി കൃഷിയിലും കർഷകർ വ്യാപൃതരാണ്. എന്നാൽ പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് പച്ചക്കറി കൃഷിയും ഇക്കുറി കർഷകർക്ക് ഗുണം ചെയ്തില്ല. തുടക്കത്തിൽ കപ്പയ്ക്ക് ന്യായമായ വില ലഭിച്ചത് കർഷകർക്ക് ഏറെ പ്രതീക്ഷയേകിയിരുന്നതാണ്.
∙ കെ.എസ്. ബോസ്, അടിമാലി