Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിലയുടെ വില പുളിക്കും

vanilla വനില

പതിനഞ്ചു വർഷം മുമ്പ് ആവേശം കൊള്ളിച്ച പ്രതിഭാസം ആവർത്തിക്കുമ്പോൾ കാർഷിക കേരളം നിർവികാരമായി നോക്കിനിൽക്കുന്നു! വനിലക്കൃഷിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. സംസ്കരിച്ച വനിലയുടെ വില കിലോയ്ക്ക് മുപ്പതിനായിരം രൂപയെന്ന നിലയിലേക്ക് ഉയർന്നത് കണ്ട ഭാവം പോലുമില്ല നമ്മുടെ കൃഷിക്കാർക്ക്. തിളച്ച വെളളത്തിൽ വീണ പൂച്ചയുടെ ഭീതി മാത്രമല്ല കാരണം, ഒളിഞ്ഞും തെളിഞ്ഞും വീണ്ടും വനിലവള്ളികൾക്ക് വേരു പിടിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ട്. പക്ഷേ സാധിക്കുന്നില്ലെന്നു മാത്രം. പരിണിതപ്രജ്ഞരായ കൃഷിക്കാർക്കു പോലും വനിലവള്ളികൾ വേരുപിടിപ്പിക്കാനോ ചുവടുകളുടെ എണ്ണം വർധിപ്പിക്കാനോ സാധിക്കുന്നില്ല. ദീർഘനാളത്തെ അവഗണന മൂലം ഭൂരിഭാഗം കൃഷിയിടങ്ങളിൽനിന്നും വനില അപ്രത്യക്ഷമായിട്ടുണ്ട്. എവിടെയെങ്കിലുമൊക്കെ അവശേഷിച്ചതിൽ നിന്നു കൂടുതൽ ചുവടുകളുണ്ടാക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഈ മുന്തിരിങ്ങ പുളിക്കുമെന്ന നിലപാടിലാണ് പലരും.

മഡഗാസ്കറിൽ കൊടുങ്കാറ്റും കൃഷിനാശവുമുണ്ടായതാണ് ഇത്തവണയും വില ഉയരാൻ ഇടയാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വില അധികനാൾ നീണ്ടുനിൽക്കാൻ സാധ്യതയില്ല. വരുംവർഷങ്ങളിൽ കൊടുങ്കാറ്റ് ചതിച്ചില്ലെങ്കിൽ നാലു വർഷത്തിനകം മഡഗാസ്കർ വിപണി തിരിച്ചുപിടിക്കും. ഇപ്പോഴത്തെ മോഹവില കണ്ട് വനിലക്കൃഷിയിൽ വലിയ മുതൽ മുടക്കിയാൽ വീണ്ടുമൊരു തിരിച്ചടിയും മാനക്കേടുമാവും ഫലം.

വായിക്കാം ഇ - കർഷകശ്രീ

പക്ഷെ ഇതിനൊരു മറുവശം കൂടിയുണ്ട്. വില വ്യതിയാനങ്ങൾക്കനുസരിച്ച് വിളകളെ പൂർണമായി ഉപേക്ഷിക്കുന്നതിനുള്ള ശിക്ഷയല്ലേ ഇപ്പോഴത്തെ നിരാശ? ഇടവിളയായി കൃഷി ചെയ്യാവുന്ന വനിലയുടെ ഏതാനും ചുവടുകൾ നിലനിറുത്തിയിരുന്നെങ്കിൽ? പത്തോ ഇരുപതോ ചുവട് വനില വലിയ ചെലവില്ലാതെ ഏതു ചെറുകിട കൃഷിക്കാരനും സംരക്ഷിക്കാമായിരുന്നു. സ്വർണനാണയം മാത്രം വിളയുന്ന വിളകൾക്കായി വാശി പിടിക്കുന്ന സ്വഭാവം ഉപേക്ഷിക്കാൻ നാം തയാറാവണം.

നാലിരട്ടി നേട്ടമേകി അമുൽ

amul-butter Representative image

കൃഷിക്കാരുടെ വരുമാനം ആറു വർഷം കഴിയുമ്പോൾ ഇരട്ടിയാക്കാൻ എന്തു ചെയ്യണമെന്ന അന്വേഷണത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ സർക്കാരും. അതേസമയം ഏഴു വർഷത്തിനുള്ളിൽ തങ്ങളുടെ ക്ഷീരകർഷകരുടെ വരുമാനം നാലിരട്ടിയാക്കിയതായി പ്രധാനമന്ത്രിയുടെ നാട്ടിൽനിന്ന് അമുൽ അറിയിക്കുന്നു. ഇതു തെളിയിക്കാൻ ചില കണക്കുകളും അവർ നിരത്തുന്നുണ്ട്. ഏഴു വർഷം മുമ്പ് ലീറ്ററിന് 24.30 രൂപ നൽകിയാണ് ഗുജറാത്ത് ക്ഷീരകർഷക ഫെഡറേഷൻ എരുമപ്പാൽ സംഭരിച്ചിരുന്നത്. ഇപ്പോൾ അവരുടെ സംഭരണവില ലീറ്ററിനു 49 രൂപയായി. അതായത്, ക്ഷീരകർഷകർക്ക് ഇരട്ടി വരുമാനം. അതോടൊപ്പം സംഭരിക്കുന്ന പാലിന്റെ അളവും ഇരട്ടിയായി. തൊണ്ണൂറു ലക്ഷം ലീറ്ററിൽനിന്ന് 178 ലക്ഷം ലീറ്ററിലേക്ക്. ഫലത്തിൽ കൃഷിക്കാരനു കിട്ടുന്നത് നാലിരട്ടി വരുമാനം!

അല്ലെങ്കിൽ തന്നെ അമുലിന്റെ പ്രകടനം അത്ഭുതാവഹമാണ്. കഴിഞ്ഞ സാമ്പത്തികവർഷം വിറ്റുവരവ് 38,000 കോടി രൂപ കടന്നു. എഴു വർഷം കൊണ്ട് 238 ശതമാനം വളർച്ച! നാലു വർഷത്തിനുള്ളിൽ ആകെ വിറ്റുവരവ് അമ്പതിനായിരം കോടി രൂപയാക്കി രാജ്യത്തെ ഏറ്റവും വലിയ എഫ്എംസിജി (ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ്) കമ്പനിയായി മാറാനുള്ള പടപ്പുറപ്പാടിലാണവർ. എത്ര സംഭരിച്ചാലും മതിയാവില്ലെന്ന നയമാണ് അമുലിനെ കൃഷിക്കാരുടെ വിശ്വസ്ത സ്ഥാപനമാക്കുന്നത്. എഴു വർഷത്തിനിടയിൽ സംഭരണം 96 ശതമാനത്തോളം വർധിപ്പിച്ച അമുൽ സംസ്കരണ, ഉൽപന്നനിർമാണ സൗകര്യങ്ങളും അനുദിനം വികസിപ്പിക്കുകയാണ്. മെച്ചപ്പെട്ട വില നൽകുന്നതുകൊണ്ട് അമുലിനു പാൽ നൽകാൻ കൃഷിക്കാരും തൽപരരാണ്.

മാതൃകയൊരുക്കി ജയിൻ

ചിട്ടയായ ആസൂത്രണത്തിലൂടെ കൃഷി വികസിപ്പിച്ച് ഉൽപന്നനിർമാണത്തിലേക്ക് കടക്കുന്നതിൽ ജയിൻ ഇറിഗേഷന്റെ മാതൃക കർഷകരും കർഷക കമ്പനികളുമൊക്കെ കണ്ടുപഠിക്കണം. പന്ത്രണ്ടു വർഷം മുമ്പാണ് തമിഴ്നാട്ടിലെ ഉടുമൽപേട്ടിനു സമീപം ഇളയമുത്തൂരിൽ കമ്പനി മാന്തോപ്പുണ്ടാക്കാനായി സ്ഥലം വാങ്ങിയത്. വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിനായി അതിസാന്ദ്രതാ കൃഷിരീതിയും അവർ അവതരിപ്പിച്ചു. ഈ സാങ്കേതികവിദ്യ കുത്തകയാക്കി സൂക്ഷിക്കുന്നതിനു പകരം പരമാവധി കൃഷിക്കാരിലെത്തിക്കുന്നതിനും അതു നടപ്പാക്കുന്നതിനുവേണ്ട പിന്തുണ നൽകുന്നതിനും ജയിൻ ഇറിഗേഷൻ മടിച്ചില്ല. ഏക്കറിൽ 60 മാവിനു പകരം 674 മാവ് നടുന്ന അതിസാന്ദ്രതാക്കൃഷി വ്യാപകമാക്കുന്നതിനായി ഉന്നതി എന്ന പേരിൽ പ്രത്യേക പദ്ധതിതന്നെ അവർ നടപ്പാക്കി.

മൂന്നു വർഷം കഴിഞ്ഞപ്പോൾ പൂവിട്ട മാവുകളുടെ ഉൽപാദനം ക്രമേണ ഏക്കറിനു 12 ടണ്ണായി ഉയർന്നു. വൻതോതിലുള്ള വിലത്തകർച്ച ഉണ്ടാകാതിരിക്കാൻ മാമ്പഴത്തിനു മുൻകൂട്ടി തറവില നിശ്ചയിക്കാനും കമ്പനി തയാറായി. വിപണിവില എത്ര താഴ്ന്നാലും തറവിലയെങ്കിലും കൃഷിക്കാർക്ക് നൽകുമെന്ന ഉറപ്പായിരുന്നു ഇത്. സമീപപ്രദേശങ്ങളിലെ 750 മാവുകൃഷിക്കാരാണ് ഇപ്പോൾ കമ്പനിയുടെ കുടക്കീഴിലുള്ളത്. ഇവരിൽനിന്നും സ്വന്തം തോട്ടത്തിൽനിന്നുമുള്ള മാമ്പഴം സംസ്കരിക്കുന്നതിനായി ദിവസേന 200 ടൺ ശേഷിയുള്ള മാമ്പഴസംസ്കരണശാലയും ജയിൻ ഇറിഗേഷൻ കഴിഞ്ഞമാസം ആരംഭിച്ചു. തോത്താപ്പൂരി, അൽഫോൻസോ മാങ്ങകൾ മാത്രമായിരിക്കും കമ്പനി ഇവിടെ സംസ്കരിക്കുക. കർഷകരോട് ആത്മാർഥമായ ആഭിമുഖ്യമുള്ള ഇത്തരം കമ്പനികളുടെ പിന്തുണ പ്രയോജനപ്പെടുത്താനെങ്കിലും നമ്മുടെ കർഷകപ്രസ്ഥാനങ്ങൾക്കു കഴിയണം.

വാഴപ്പഴ വിപണിയിൽ മാന്ദ്യം

crop-banana-fruit

കാർഷികോൽപന്ന വിപണി വേനലിന്റെ ആഘാതത്തിൽ നിന്നു മുക്തമാവുന്നതേയുള്ളൂ. പല ഉൽപന്നങ്ങളുടെയും വരവ് ഇനിയും സാധാരണ നിലയിലെത്തിയിട്ടില്ലെന്നു കാണാം. വാഴപ്പഴമായാലും പച്ചക്കറിയായാലും ഇതുതന്നെ സ്ഥിതി.

നാടൻ ഞാലിപ്പൂവൻ പഴം തന്നെ ഉദാഹരണം. കൽപറ്റയിലും പാലക്കാടും മാത്രമാണ് നാടൻ ഞാലിപ്പൂവൻ കിട്ടാനുള്ളത്. കൽപറ്റയിൽ കിലോയ്ക്ക് 37 രൂപ വില കിട്ടിയപ്പോൾ പാലക്കാട് 29 രൂപ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം മറ്റു വിപണികളിൽ വരവ് ഞാലിപ്പൂവൻ കായ്കൾ 42 രൂപ മുതൽ 55 രൂപ വരെ വിലയ്ക്കാണ് കച്ചവടം നടന്നത്. പാളയംതോടൻ പഴത്തിന് ആലുവയിൽ 27 രൂപയും പെരുമ്പാവൂരിൽ 25 രൂപയുമായിരുന്നു വില. എന്നാൽ കൽപറ്റയിലും തൃശൂരിലും 30 രൂപ കിട്ടി. നേന്ത്രന് ഏറ്റവും വില കിട്ടിയത് തിരുവനന്തപുരം ചാല മാർക്കറ്റിലായിരുന്നു– 65 രൂപ. മറ്റ് വിപണികളിൽ നാൽപതു രൂപയിലേറെ വിലയുണ്ടായിരുന്നു. വരവ് നേന്ത്രപ്പഴത്തിനു പോലും ശരാശരി 50 രൂപ വില കിട്ടിയപ്പോൾ കൽപറ്റയിൽ നാടൻ നേന്ത്രനു 33 രൂപ മാത്രമാണ് നേടാനായത്. കപ്പയ്ക്ക് ചാലയിലും കൊല്ലത്തും 25 രൂപയും കോഴിക്കോട് 23 രൂപയും കിട്ടിയപ്പോൾ കോട്ടയത്ത് 16 രൂപയും എറണാകുളത്ത് 18 രൂപയും ആലപ്പുഴയിൽ 20 രൂപയുമായിരുന്നു വില. എന്നാൽ പത്തു രൂപ മാത്രം വില കിട്ടിയ പെരുമ്പാവൂരിലെ മരച്ചീനിക്കർഷകരാണ് ഏറ്റവും വലഞ്ഞത്. അമ്പതു രൂപ വിലയുണ്ടായിരുന്ന ആലപ്പുഴയിലും കൊല്ലത്തുമാണ് ഇഞ്ചി നേട്ടമുണ്ടാക്കിയത്. കോഴിക്കോട്ട് 30 രൂപയും കൽപറ്റയിൽ 34 രൂപയുമാണ് ഇഞ്ചിക്കർഷകർക്കു കിട്ടിയത്.

തലശേരിയിലും കോട്ടയത്തും 46 രൂപ വിലയുണ്ടായിരുന്ന പാവക്കായ്ക്കു പാലക്കാട്ട് 25 രൂപയേ വില കിട്ടിയുള്ളൂ. എന്നാൽ കോഴിക്കോടും ആലപ്പുഴയിലും 40 രൂപ കിട്ടി. ചുവന്ന ചീരയ്ക്ക് മുപ്പതു രൂപ വിലയായിരുന്നു തലശേരിയിൽ. എന്നാൽ പാലക്കാട്ടെത്തിയപ്പോൾ ഇത് 18 രൂപയായി കുറഞ്ഞു. നാടൻ വെണ്ടയ്ക്ക കോഴിക്കോട് വിപണിയിൽ മാത്രമാണ് എത്തിയത് – 50 രൂപ വിലയും അവർ നേടി. മറ്റ് ജില്ലകളിൽ വരവ് വെണ്ടക്കായ്ക്ക് 38 രൂപ വരെയായിരുന്നു വില.

റബറിന് ആവശ്യമേറുന്നു

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 94 രൂപ വരെ താഴ്ന്ന ആർഎസ്എസ്– 4ന്റെ വില 2017 ഫെബ്രുവരിയിൽ 159 രൂപയായി ഉയർന്നിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു മാസമായി വില 125–135 രൂപ നിരക്കിലാണ്. രാജ്യാന്തരവിപണിയിലെ ചില പഠനങ്ങളനുസരിച്ച് ഈ വർഷം പ്രകൃതിദത്ത റബറിനു ലോകമെമ്പാടുമുണ്ടാകുന്ന ആവശ്യകത ഉൽപാദനത്തെക്കാൾ കൂടുതലായിരിക്കും. എന്നാൽ ഈ കണക്കിന്റെ അടിസ്ഥാനത്തിൽ വില ഉയരുമെന്നു പറയാൻ 11 ഉൽപാദകരാജ്യങ്ങളുടെ സംഘടനയായ അസോസിയേഷൻ ഓഫ് നാച്ചുറൽ റബർ പ്രൊഡ്യൂസിങ് കൺട്രീസിന് ആത്മവിശ്വാസം പോരാ. ആവശ്യകതയും ഉൽപാദനവും തമ്മിലുള്ള വിടവ് മാത്രമല്ല റബർ വിപണിയിലെ വില നിശ്ചയിക്കുന്നതെന്നു സാരം. അതേസമയം ഇറക്കുമതി കുറഞ്ഞതും വാഹനവിപണിയിൽ ഉണർവുണ്ടായതും ആഭ്യന്തരവിപണിയിൽ റബറിനു കരുത്തായേക്കും.