Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൺസൂൺ 27% കുറവ്; ആശ്വാസമേകാൻ പ്രധാനമന്ത്രി വിള ഇൻഷുറസ് പദ്ധതി

rain-1

കാലാവസ്ഥാ മാറ്റം ഈ വർഷവും സംസ്ഥാനത്തെ മഴയുടെ താളം തെറ്റിക്കുമോ? കാലവർഷത്തിന്റെ ലഭ്യതയിൽ ഇതുവരെ 27 ശതമാനത്തോളം കുറവെന്ന് കാലാവസ്ഥാ വിഭാഗം റിപ്പോർട്ട്.

കഴിഞ്ഞ വർഷം കേന്ദ്രം തുടക്കമിട്ട പ്രധാനമന്ത്രി ഫസൽ ഭീമാ യോജന (പിഎംഎഫ്ബിവൈ) ഇൻഷുറൻസ് പദ്ധതി സംസ്ഥാനത്ത് തുടങ്ങാൻ സംസ്‌ഥാന സർക്കാരും കൃഷിവകുപ്പും തീരുമാനിച്ചത് ഈ സാഹചര്യത്തിൽ കേരളത്തിലെ കർഷകർക്ക് ആശ്വാസമാകും. എന്നാൽ, 16 ലക്ഷത്തോളം വരുന്ന കർഷകരിൽ ചെറിയ ശതമാനം ആളുകൾ മാത്രമാണ് കഴിഞ്ഞ വർഷം പദ്ധതിയിൽ ചേർന്നത്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഒന്നാം വിള (ഖരീഫ്) നെൽ കർഷകരെ കൂടി ഈ വർഷം പിഎംഎഫ്ബിവൈ പദ്ധതിയിൽ ഉൾപ്പെടുത്തും. കുട്ടനാടൻ നെൽ കർഷകർക്ക് ഇതു വൻ നേട്ടമാകും. കഴിഞ്ഞ വർഷം കുട്ടനാടൻ നെൽപാടങ്ങളെ ഇൻഷുറൻസിൽ ഉൾപ്പെടുത്തിയിരുന്നില്ല.

14 ജില്ലകളിലെയും വാഴ, മരച്ചീനി എന്നീ കൃഷികൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും എന്നതാണ് മറ്റൊരു നേട്ടം. ബാക്കിയുള്ള ജില്ലകളിലെ നെൽ കൃഷിയെയും സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒൻപത് വിളകളെയും (കുരുമുളക്, കവുങ്ങ്, കൈതച്ചക്ക, ഇഞ്ചി, മഞ്ഞൾ, കരിമ്പ്, ഏലം, ജാതി, നേന്ത്രവാഴ) ഉൾപ്പെടുത്തിയിരിക്കുന്നത് കാലാവസ്‌ഥാധിഷ്‌ഠിത വിള ഇൻഷുറൻസ് പദ്ധതിയിലാണ്.

കഴിഞ്ഞ വർഷം 17 കോടി

കഴിഞ്ഞ വർഷം 34% മഴ കുറഞ്ഞതിനെ തുടർന്നു കൃഷിനാശം നേരിട്ട 21,046 കർഷകർക്ക് 17.19 കോടി രൂപ നഷ്‌ടപരിഹാരം അനുവദിച്ചതായി അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യയുടെ (എഐസി) തിരുവനന്തപുരം റീജനൽ മാനേജർ ഡി. രാജേഷ് പറഞ്ഞു. ഇതിൽ 18,952 കർഷകരുടെ അക്കൗണ്ടിലേക്ക് 15.89 കോടി രൂപ കൈമാറി. 31,532 കർഷകരാണ് കഴിഞ്ഞ വർഷം 3.12 കോടി രൂപ പ്രീമിയം അടച്ച് ഇൻഷുറൻസിൽ ചേർന്നത്.

വായ്‌പ എടുക്കാത്തവർക്കും ചേരാം

പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിളകൾ കൃഷി ചെയ്യാൻ ഈ മാസം 31ന് അകം ബാങ്ക്– സഹകരണ സംഘം വഴി വായ്‌പ എടുക്കുന്ന കർഷകരെ പ്രത്യേകിച്ച് നടപടി ക്രമം കൂടാതെ അതാത് ബാങ്കു ശാഖകൾ വായ്‌പാ അക്കൗണ്ടിൽ നിന്ന് പ്രീമിയം തുക കുറവ് ചെയ്‌ത് എഐസിക്കു നൽകേണ്ടതാണെന്നു മേഖല മാനേജർ നിർദേശിച്ചു.

വായ്‌പ എടുക്കാതെ കൃഷി ചെയ്യുന്ന കർഷകർ ഫോം പൂരിപ്പിച്ച് പ്രീമിയം തുകയും രേഖയുമടക്കം 31ന് അകം അക്കൗണ്ട് ഉള്ള ബാങ്ക് ശാഖയിലോ സഹകരണ സംഘത്തിലോ ഏൽപിക്കണം. ഓരോ വിളയ്‌ക്കും അടയ്‌ക്കേണ്ട പ്രീമിയം വിജ്‌ഞാപനം ചെയ്‌തിട്ടുണ്ട്.

അഞ്ചു സെന്റ് മുതൽ ഹെക്‌ടർ കണക്കിനു കൃഷി ഉള്ളവർക്ക് പദ്ധതിയിൽ ചേരാം. കേന്ദ്ര– സംസ്‌ഥാന സർക്കാരുകളാണ് പ്രീമിയത്തിന്റെ വലിയൊരു ഭാഗം അടയ്‌ക്കുന്നത്. അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ, കാർമൽ ടവേഴ്‌സ്, കോട്ടൺഹിൽ, വഴുതക്കാട്, തിരുവനന്തപുരം 14, എന്ന വിലാസത്തിൽ ഡിഡി ആയും പ്രീമിയം അയയ്‌ക്കാം.

വിവരങ്ങൾക്ക് (ഫോൺ: 0471 2334493, 2334989).
Email: ro.thiruvananthapuram@aicofindia.com) www.keralaagriculture.gov.in