ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ചീനനും അറബിയും സായ്പുമൊക്കെ കടന്നുവന്നത് കറുത്ത പൊന്നു തേടിയായിരുന്നു. കേരളത്തിന്റെ സംസ്കാരത്തെയും സമ്പദ് വ്യവസ്ഥയെയുമൊക്കെ സ്വാധീനിച്ച വിളയായിരുന്നു അടുത്ത കാലം വരെ കുരുമുളക്. എന്നാൽ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. വിയറ്റ്നാമും ശ്രീലങ്കയുമൊക്കെ ലോക കുരുമുളകുവിപണിയിൽ നടത്തുന്ന മുന്നേറ്റങ്ങൾക്കു മുമ്പിൽ കേരളം പതറുകയാണ്. രാജ്യത്തിനാവശ്യമായ ഉൽപാദനം പോലും ഇവിടെയുണ്ടാകുന്നില്ല. നല്ല നാലു കൊടി കാണണമെങ്കിൽ കർണാടകത്തിൽ പോകണമെന്ന് കൃഷിക്കാർപോലും അടക്കം പറയുന്നു.
കാലാവസ്ഥയും മണ്ണിന്റെ സ്വഭാവവും മാറിയതോടെ കേരളത്തിലെ കുരുമുളകുകൃഷി രോഗങ്ങൾക്കും വിലയിടിവിനും മുന്നിൽ തകരുന്ന കാഴ്ചയാണിപ്പോൾ. സാമൂതിരിയുടെയും ഞാറ്റുവേലയുടെയുമൊക്കെ പഴംപുരാണം പറയാനല്ലാതെ കൃഷി പരിഷ്കരിക്കാനോ പുനഃക്രമീകരിക്കാനോ കേരളത്തിനു സാധിച്ചിട്ടില്ല. മണ്ണ് നശിച്ചു, കാലാവസ്ഥ അലങ്കോലമായി, വിപണിയിൽ വിയറ്റ്നാമിന്റെ കൊടി – ഈ സാഹചര്യത്തിൽ ഇവിടുത്തെ കുരുമുളകു കൃഷിക്കു പ്രതീക്ഷ നൽകുന്ന എന്തെങ്കിലുമുണ്ടോ? ഉണ്ടെന്നു തന്നെ ഉത്തരം. അറിയുക, ചില നല്ല വാർത്തകളും വിശേഷങ്ങളും.