എഴുപതാം വയസ്സിൽ ജന്മം നൽകിയ ഗാന്ധിമാവിന്റെ നൂറു ‘കുഞ്ഞു’ങ്ങളിലൊന്നു സ്വാതന്ത്ര്യസമര പോരാട്ട ഭാഗമായി രൂപം കൊണ്ടു പയ്യന്നൂരിൽ നിലകൊള്ളുന്ന ഖാദിഭവനു മുന്നിൽ വളർന്നു പന്തലിച്ചു നാലാം വയസ്സിൽ പൂവിട്ടു. പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിൽ ഗാന്ധിജി പയ്യന്നൂർ സന്ദർശനത്തിന്റെ ഓർമ നിലനിർത്താൻ നട്ട മാവാണു ഗാന്ധിമാവ് എന്ന പേരിൽ നിലകൊള്ളുന്നത്.
ഈ ഗാന്ധിമാവിന്റെ ഓർമകൾ കേരളം മുഴുവൻ പ്രചരിപ്പിക്കാനും നിലനിർത്താനുമായി 2013ൽ കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള ഇനീഷ്യേറ്റീവ് ടു സേവ് അഗ്രികൾച്ചർ ആൻഡ് നേച്ചർ (കിസാൻ) എന്ന സംഘടന നൂറു മാവിൻതൈകൾ ഇതിൽ നിന്നു ഗ്രാഫ്റ്റ് ചെയ്തെടുത്തു സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾക്ക് നൽകുകയുണ്ടായി.
ഖാദി ബോർഡിന്റെ അന്നത്തെ ചെയർമാൻ കെ.പി. നൂറുദ്ദീൻ രണ്ടു മാവിൻ തൈകൾ ശേഖരിച്ചു കൊണ്ടുവന്ന് ഗാന്ധിജയന്തി ദിനത്തിൽ സ്വാതന്ത്ര്യ സമര സേനാനി വി.പി. അപ്പുക്കുട്ട പൊതുവാളെക്കൊണ്ട് ഖാദി കേന്ദ്രത്തിന് മുന്നിൽ നട്ടു പിടിപ്പിച്ചു. ഇതിൽ ഒരെണ്ണം നശിച്ചുപോയി. മറ്റൊന്ന് ഓഫിസിനു മുന്നിൽ പടർന്നു പന്തലിച്ചു.
ശ്രീനാരായണ വിദ്യാലയത്തിലെ ഗാന്ധിമാവ് പലപ്പോഴും സമയം തെറ്റി പൂത്തു മാമ്പഴം പിടിക്കാറുണ്ട്. ഖാദി കേന്ദ്രത്തിനു മുന്നിൽ വളർന്നു പന്തലിച്ച മാവും ഇപ്പോൾ പൂത്തിരിക്കുന്നു. ഈ പൂവ് കരിഞ്ഞുപോകാതെ മാമ്പഴം പിടിപ്പിക്കാൻ സംവിധാനം ഒരുക്കുകയാണ് ഖാദി ജീവനക്കാർ.