തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിൽവളപ്പിൽ ഇനി ഞാവലും റമ്പൂട്ടാനും സപ്പോട്ടയും മാതളവും വിളയും. അശോക പഴവൃക്ഷത്തോട്ടം എന്ന പേരിൽ ജയിൽവളപ്പിൽ ഫലവൃക്ഷങ്ങളുടെയും സുഗന്ധദ്രവ്യ സസ്യങ്ങളുടെയും തൈകൾ നടുന്നതിന്റെ ഉദ്ഘാടനം ജയിൽ ഡിജിപി: ആർ.ശ്രീലേഖ നിർവഹിച്ചു.
86 ഏക്കർ ജയിൽവളപ്പിൽ മുൻപ് ആയിരം ഏത്തവാഴത്തൈകൾ നട്ട് വിളവെടുപ്പു നടത്തിയ സ്ഥലത്താണ് പഴവൃക്ഷത്തോട്ടവും ഒരുങ്ങുന്നത്. വട്ടപ്പാറയിലെ സ്വകാര്യ നഴ്സറിയിൽ നിന്നും വാങ്ങിയ മുന്തിയ ഇനം ഫലവൃക്ഷങ്ങളുടെ തൈകളാണ് ജയിൽവളപ്പിൽ നട്ടത്.
നെല്ലി, മുള്ളാത്ത, ആത്ത, മാങ്കോസ്റ്റ്, മുന്തിയ ഇനം പപ്പായ എന്നിവയ്ക്കു പുറമെ പ്ലാവിനങ്ങളായ തായ്‌ലന്റ് റെഡ്, ഗംലസ് എന്നിവയും മാവിനങ്ങളായ ജംബോറെഡ്, കൊശേരി, നീലം, മല്ലിക എന്നിവയുടെ തൈകളും നട്ടു.
ജാതി, ഗ്രാമ്പൂ, കുരുമുളക്, ഇഞ്ചി തുടങ്ങിയ സുഗന്ധദ്രവ്യ സസ്യങ്ങളും ജയിൽവളപ്പിൽ നട്ടുവളർത്തും. രണ്ടു വിഭാഗങ്ങളിലുമായി നൂറ് തൈകളാണു നട്ടത്. മൂന്നു വർഷത്തിനുള്ളിൽ ഫലവൃക്ഷങ്ങൾ കായ്ച്ചു തുടങ്ങുമെന്നാണു പ്രതീക്ഷയെന്നു ജയിൽ അധികൃതർ അറിയിച്ചു.