ആർക്കും വേണ്ടാതെ കാക്ക കൊത്തി കളഞ്ഞിരുന്ന പപ്പായയും കയ്യാലപ്പുറത്ത് നാട്ടുകാർക്കു കൊണ്ടുപോകാൻ കയറ്റി വച്ചിരുന്ന ചക്കയും ഇന്നേതു നിലയിലാ? പപ്പായയും ചക്കയും കള്ള ലോഞ്ച് കയറി ഗൾഫിൽ പോയി പണമുണ്ടാക്കി വന്നു വല്യ പത്രാസിലായിപ്പോയതല്ല. മരുന്നിനു കൊള്ളാം എന്നു കേട്ടതോടെയാണ് പപ്പായയും ചക്കയും വിഐപികളായി മാറിയത്. വാട്സാപ്പിലാണല്ലോ ഇപ്പോൾ പലരുടെയും ചികിൽസ . ഡോക്ടർമാരെ കാണുന്നതിനു പകരം വാട്സാപ്പിൽ കിട്ടുന്ന ചികിൽസകളൊക്കെ ചെയ്തു നോക്കുകയാണ് ഫാഷൻ.
പപ്പായപ്പഴത്തിനു വിപണിയിൽ പൊന്നുവിലയായി. സർവ സൂപ്പർമാർക്കറ്റുകളിലും സ്റ്റാറായി. പപ്പായ ഇലയുടെ ഔഷധ ഗുണഗണങ്ങൾ വർണിക്കുന്നതു കേട്ടാൽ ഇതു തന്നെപ്പറ്റിയാണോ എന്നു പപ്പായ മരത്തിനു പോലും സംശയം തോന്നും. അടുത്ത ഊഴം പ്ലാവിന്റേതായിരുന്നു. ചക്ക പഴുത്ത് കാക്ക കൊത്തി ആർക്കും വേണ്ടാതെ വീട്ടുകാർക്കു ശല്യമായി നാട്ടുകാർക്കു പെറുക്കി കൊണ്ടു പോകാൻ കയ്യാലപ്പുറത്തു വെട്ടിവച്ചിരുന്ന കാലത്തേതിൽനിന്ന് കിലോഗ്രാം കണക്കിനായി ചക്കയുടെ വില.
പച്ചച്ചക്ക പുഴുക്കാക്കിയോ, മറ്റേതെങ്കിലും വിഭവമായോ കഴിച്ചാൽ പ്രമേഹം കുറയുമെന്നു കണ്ടെത്തി പ്രചരിപ്പിച്ചത് ചക്കയുടെ കാലം വരാനിടയാക്കി. പഴുത്ത ചക്കയിൽ പതിന്മടങ്ങാണു പഞ്ചസാര. പക്ഷേ പച്ചച്ചക്കയ്ക്ക് ഗ്ളൈസിമിക് ലോഡ് (കഴിച്ചാൽ രക്തത്തിൽ പഞ്ചസാരയുടെ അളവ്) തീരെക്കുറവാണ്. ധാന്യങ്ങളെക്കാൾ അന്നജം 40% കുറവ്. കാലറി (ഊർജം) 40% കുറവ്. നാരുകളാവട്ടെ ധാന്യങ്ങളിലേതിന്റെ മൂന്നിരട്ടി. പലരും പച്ചച്ചക്ക കഴിച്ചു നോക്കി ഷുഗർ കുറയുന്നതു കണ്ടു. ചില ഗവേഷണ ഫലങ്ങളും ഈ മട്ടിൽ വന്നു
പക്ഷേ ചക്ക വർഷം മുഴുവൻ കിട്ടുന്നതല്ല. അതിന്റെ മടലും മുളഞ്ഞിയും കുരുവും മറ്റും ഭയങ്കര മിനക്കേട്. ഗോഡ്സ് ഓൺ ഫുഡ് സൊല്യൂഷൻസ് ഈ പ്രശ്നം പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് അവരുടെ ആദ്യ ഉത്പന്നമായി ജാക്ക്ഫ്രൂട്ട് 365 ഇറക്കിയത്. പച്ചച്ചക്കയുടെ ചുളകൾ ഫ്രീസ് ഡ്രൈ ചെയ്ത് പാക്കറ്റിലാക്കും. വെള്ളത്തിൽ കുതിർത്താൽ ചക്ക റെഡി. അടുത്തതായി ചക്കപ്പൊടിയുമുണ്ടാക്കി. പുട്ടു പൊടിയിലോ അപ്പം–ദോശ മാവിലോ ചക്കപ്പൊടി ചേർത്ത് പുട്ടും അപ്പവും ദോശയും മറ്റും ഉണ്ടാക്കാം. സൂപ്പിലോ, ഓട്സിലും ചേർത്തും കഴിക്കാം. ഈസ്റ്റേൺ വിതരണം ഏറ്റെടുത്തു. ഇപ്പോൾ ദിവസം ഒരു ടൺ ചക്ക ഉത്പന്നം ഉണ്ടാക്കാനുള്ള ശേഷിയുണ്ട്.
ചക്ക ഒരു വ്യവസായമായി മാറുന്നു. ഫൈവ് സ്റ്റാർ ഹോട്ടലുകളിലും ചക്കയ്ക്കു ഡിമാൻഡായി. തീൻമേശകളിൽ ചക്കയൊരു ചക്ര(ക്ക)വർത്തിയാകുന്ന കോളാണ്.
ഒടുവിലാൻ∙ ചക്ക പോലെ രക്ഷപ്പെടുത്തിയെടുത്ത് വ്യവസായമാക്കാൻ പറ്റുന്ന വേറെ പഴങ്ങളോ കായകളോ മലക്കറിയോ ഉണ്ടോന്ന് ആലോചിച്ചുനോക്കുക. മുരിങ്ങയിൽ പിടിച്ചു നോക്കിയാലോ?