സർക്കാരിന്റെ റബർ സബ്സിഡിക്കായി ജിഎസ്ടി ബിൽ തന്നെ വേണമെന്ന തീരുമാനത്തിൽ മാറ്റം വരുത്തുന്നുവെന്നും ജിഎസ്ടി റജിസ്ട്രേഷൻ ഉള്ള വ്യാപാരികൾക്കു റബർ വിൽക്കുന്ന കൃഷിക്കാർ മാത്രം അത്തരം ബിൽ സമർപ്പിച്ചാൽ മതിയെന്നും ധനവകുപ്പു വ്യക്തമാക്കി. മുൻപു മൂല്യവർധിത നികുതി (വാറ്റ്) ഇൗടാക്കിയ ബിൽ തന്നെ വേണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ജിഎസ്ടി പ്രാബല്യത്തിലായതോടെ ഇതു ജിഎസ്ടി ബിൽ വേണമെന്നാക്കി പരിഷ്കരിച്ചു. എന്നാൽ, മുൻപു ബിൽ വാങ്ങിയവർക്കും ജിഎസ്ടി റജിസ്ട്രേഷൻ ഇല്ലാത്ത വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാൽ തീരുമാനം പരിഷ്കരിക്കുകയാണ്.
ജിഎസ്ടി റജിസ്ട്രേഷൻ ഉള്ള വ്യാപാരികൾക്കു റബർ വിറ്റ കർഷകർ ജിഎസ്ടി ബിൽ തന്നെ ഹാജരാക്കണം. മറ്റുള്ളവർക്കു ജിഎസ്ടി രേഖപ്പെടുത്താത്ത ബില്ലും സമർപ്പിക്കാം. ജിഎസ്ടി പ്രാബല്യത്തിലായ ജൂലൈ ഒന്നിനുശേഷമുള്ള റബർ വിൽപനയുടെ ബില്ലുകളിൽ ജിഎസ്ടി ബില്ലുകളായിരിക്കണമെന്ന ധനവകുപ്പിന്റെ ഉത്തരവാണു കർഷകരെ ആശങ്കയിലാക്കിയത്. അഞ്ചു ശതമാനം ജിഎസ്ടി ഈടാക്കുമ്പോൾ ഒരു കിലോ ആർഎസ്എസ് നാല് റബറിന് ഇന്നലത്തെ വില 134 രൂപ. ഇതിൽ നിന്ന് 6.70 രൂപ ജിഎസ്ടിയായി നൽകേണ്ടിവരും. ജിഎസ്ടി അടച്ച കർഷകൻ ബില്ലുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ വിലസ്ഥിരതാ പദ്ധതിപ്രകാരം സർക്കാർ 150 രൂപ നൽകും. 2016–17 കാലത്തു സംസ്ഥാനത്തെ റബർ ഉൽപാദനം – 5.44 ലക്ഷം ടൺ.