Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടക്കൃഷി നിയമവിധേയമാക്കണം

Dr-K-Raviraman-Nottam

കൃഷിയോഗ്യമായ ഭൂമി ഭൂവുടമ തരിശിടുന്നതു നിരോധിക്കാൻ നിയമം കൊണ്ടുവരുമെന്നു കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ ഈയിടെ പ്രഖ്യാപിച്ചു. അത് സ്വാഗതാർഹമാണെങ്കിലും സർക്കാർ ഒരുപടികൂടി കടന്ന് ചിന്തിക്കേണ്ട സമയമാണിത്. തരിശിടുന്നതു നിരോധിക്കുന്നതിനെക്കാൾ പ്രായോഗികവും ആരോഗ്യകരവുമല്ലേ, ഭൂമിയിൽ കൃഷിചെയ്യാനുള്ള താൽപര്യം ഭൂ ഉടമയിലും കൃഷിക്കാരിലും സൃഷ്ടിക്കുന്നത്? അതിനു പാട്ടക്കൃഷി നിയമവിധേയമാക്കുകയാണു വേണ്ടത്.

ഭൂപരിഷ്കരണ നിയമം വന്നതോടെയാണു പാട്ടക്കൃഷി നിരോധിക്കപ്പെട്ടത്. പക്ഷേ, ഇന്നു സാഹചര്യം മാറി. ഭൂപരിഷ്കരണത്തിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കേണ്ട സ്ഥിതി സംജാതമായി. അതിനാൽ ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതിവരുത്തി പാട്ടക്കൃഷിക്കു നിയമപരിരക്ഷ നൽകുകയാണു വേണ്ടത്.

നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നു കേരളത്തിൽ പാട്ടക്കൃഷി വ്യാപകമാണ്. ആകെ കൃഷിയോഗ്യമായ ഭൂമിയുടെ ഒൻപതുശതമാനം വരെ ഇങ്ങനെ നിയമവിധേയമല്ലാത്ത പാട്ടക്കൃഷിക്കായി വിനിയോഗിക്കുന്നുണ്ട്. സംസ്ഥാനത്തു കൃഷിയോഗ്യമായ ഭൂമി 20,23,073 ഹെക്ടറാണ്. ഇതിന്റെ ഒൻപതുശതമാനം അഥവാ ഉദ്ദേശം 1,82,077 ഹെക്ടർ ഭൂമിയിൽ പാട്ടക്കൃഷി നടക്കുന്നുണ്ട്. അതിനാൽ ഇവിടെ പാട്ടക്കൃഷി ഇല്ലെന്ന് കണ്ണടച്ചിരുട്ടാക്കിയിട്ടു കാര്യമില്ല. പാട്ടക്കൃഷി വ്യാപകമാവാൻ കാരണമുണ്ട്.

ഭൂ ഉടമകളുടെ ജീവിതോപാധി കൃഷി അല്ലാതെയായി. അതിനാൽ ഉപജീവനത്തിനായി അവർക്കു കൃഷിചെയ്യേണ്ട കാര്യമില്ല. ഉപജീവനത്തിനായി കൃഷിചെയ്യേണ്ട കർഷകത്തൊഴിലാളികളാകട്ടെ ഭൂവുടമകളുമല്ല. അവർ ഭൂപരിഷ്കരണത്തിന്റെ നേട്ടം കിട്ടാതെപോയ വിഭാഗക്കാരാണ്. അതിൽ ദലിത്–പിന്നാക്ക വിഭാഗങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. അവരിൽനിന്നു മധ്യവർഗം ഉയർന്നു വന്നിട്ടുമില്ല.

നിയമവിരുദ്ധമായി പാട്ടക്കൃഷി നടക്കുമ്പോൾ പ്രശ്നങ്ങളും ആശങ്കകളും ഒട്ടേറെയാണ്. പാട്ടത്തിനു കൊടുത്ത ഭൂമി തിരിച്ചുകിട്ടാതെ പോകുമോ എന്ന് ഉടമ ഭയക്കുന്നു. പാട്ടത്തിനെടുത്ത് കഷ്ടപ്പെട്ടു കൃഷി ചെയ്യുന്നവർക്കാകട്ടെ മൂലധനം ഇറക്കാനും ആശങ്കയാണ്. അടുത്തവർഷം ഇതേഭൂമി കൃഷിക്കായി കിട്ടുമോ എന്നു തീർച്ചയില്ല. മാത്രമല്ല ബാങ്ക് വായ്പ, ഇൻഷുറൻസ് സംരക്ഷണം എന്നിവയൊന്നും അവർക്കു ലഭ്യമല്ല. ഇവിടെയാണു ഭൂ ഉടമകളുടെയും കർഷകത്തൊഴിലാളികളുടെയും സംസ്ഥാനത്തിന്റെയും താൽപര്യങ്ങൾ ഒന്നിക്കേണ്ടത്. 

ഒന്നോ, രണ്ടോ വർഷത്തേക്കല്ല, നാലോ അഞ്ചോ വർഷത്തേക്കു കൃഷിഭൂമി, നിയമം അനുശാസിക്കുന്ന വ്യവസ്ഥകൾ പ്രകാരം പാട്ടത്തിനു കൊടുക്കാൻ ഉടമയ്ക്കും അങ്ങനെ കിട്ടുന്ന ഭൂമിയിൽ ആശങ്കയില്ലാതെ കൃഷിചെയ്യാൻ പാട്ടക്കാരനും ആത്മവിശ്വാസം ഉണ്ടാകണം. കൃത്യമായ പാട്ടസമ്പ്രദായ വ്യവസ്ഥകൾ വരണം. കേരളത്തിന്റെ കാർഷികോൽപാദനത്തിൽ തന്നെ വിപ്ലവകരമായ വളർച്ചയുണ്ടാക്കുന്ന നീക്കമായിരിക്കും അതെന്നതിൽ സംശയമില്ല. നെൽവയൽ തരിശിടുന്നതിനോ നികത്താൻ ശ്രമിക്കുന്നതിനോ പകരം നെൽക്കൃഷി ചെയ്യാനുള്ള ആവേശമായിരിക്കും അതു സൃഷ്ടിക്കുക. നെല്ലുൽപാദനവും പച്ചക്കറി ഉൽപാദനവുമെല്ലാം വൻതോതിൽ വർധിക്കും.

സാഹചര്യങ്ങൾ അനുകൂലമായതിനാ‍ൽ ഭൂപരിഷ്കരണ നിയമത്തിൽ മാറ്റം വരുത്തുന്നതിനോ, പാട്ടക്കൃഷി നിയമവിധേയമാക്കുന്നതിനോ ഇടതുപക്ഷം മടിച്ചുനിൽക്കേണ്ട കാര്യമില്ല. കാർഷിക വികസനത്തിന്റെ തന്നെ അടുത്തഘട്ടമായിരിക്കും തിരിച്ചുവരുന്ന പാട്ടക്കൃഷി കേരളത്തിനു സമ്മാനിക്കുക. എന്നാൽ, ഇക്കാര്യം പൊതുസമൂഹത്തിന്റെ ചർച്ചയ്ക്കു വിധേയമാക്കുന്നതു നന്നായിരിക്കും. കർഷക സംഘടനകളും കിസാൻസഭയും മറ്റും ഇക്കാര്യത്തിൽ മൗനം വെടിയേണ്ട സമയമായി. 

ഇവിടെ കാർഷിക സംരംഭകത്വത്തിനു കുറവില്ല. മൂലധനമുണ്ട്. ഗവൺമെന്റിന്റെ പ്രോൽസാഹജനകമായ നിലപാടാണ് ഇനി വേണ്ടത്. കർഷക ആത്മഹത്യയ്ക്കു പരിഹാരവും കേന്ദ്രസർക്കാരിന്റെ കൃഷി കോർപറേറ്റ്‌വൽക്കരണ നയത്തിനുള്ള മറുമരുന്നും കൂടിയാണിത്.

(സംസ്ഥാന ആസൂത്രണ ബോർഡ് അംഗമാണു ലേഖകൻ)