Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണ്ണു പരിശോധന എങ്ങനെ ഫീസ് എത്ര?

soil-agriculture

മണ്ണു പരിശോധനയെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയിക്കാമോ. മണ്ണു പരിശോധന എവിടെ  നടത്തിക്കിട്ടും, ഫീസ് എത്രയാണ്.

ഷാജഹാൻ (ഇ മെയില്‍)

വീണ്ടുമൊരു വിളക്കാലം തുടങ്ങുകയാണ്.  കൃഷിയിറക്കുന്നതിനു മുൻപ് മണ്ണുപരിശോധന വളരെ ആവശ്യമുള്ള ഒന്നാണ്. മണ്ണിലെ പുളിരുചിയും ലവണങ്ങളുടെ അളവും  തൊട്ട് മൂലകങ്ങളുടെ സാന്നിധ്യംവരെ അറിയാനുള്ള ശാസ്ത്രീയ ഉപാധിയാണിത്. മണ്ണുസാമ്പിളുകളാണ് പരിശോധനയ്ക്കായി  എത്തിക്കേണ്ടത്. 500 ഗ്രാം വരുന്ന സാമ്പിളുകളാണ് ഇതിനായി എടുക്കേണ്ടത്. 

മണ്ണു സാമ്പിൾ എടുക്കേണ്ടതു പ്രത്യേക രീതിയിലായിരിക്കണം. കൃഷിസ്ഥലത്തെ മുഴുവൻ പ്രതിനിധീകരിക്കുന്നതായിരിക്കണം സാമ്പിൾ. പുല്ലും ഉണങ്ങിയ ഇലകളും വലിയ കല്ലുകളും നീക്കി വൃത്തിയാക്കിയ സ്ഥലത്തുനിന്നു മൺവെട്ടി ഉപയോഗിച്ച് ഒരടി ആഴത്തിൽ V ആകൃതിയിൽ മണ്ണ് വെട്ടിയെടുത്തു മാറ്റണം. അതിനുശേഷം വെട്ടി മാറ്റിയ കുഴിയുടെ അരികിൽനിന്ന് മുകളറ്റം മുതൽ താഴെ വരെ രണ്ടു– മൂന്നു സെന്റിമീറ്റർ കനത്തിൽ മണ്ണ് ഇരുവശത്തുനിന്നും അരിഞ്ഞെടുക്കണം. ശേഖരിച്ച മണ്ണ്  നന്നായി കൂട്ടിക്കലർത്തി നിരത്തിയിടണം. അതിനുശേഷം നെടുകെയും കുറുകെയും ഓരോ വര വരച്ചു നാലായി വിഭജിക്കണം. ഇതിൽനിന്നു കോണോടുകോൺ വരുന്ന രണ്ടു ഭാഗങ്ങൾ നീക്കം ചെയ്ത് ബാക്കിയുള്ള ഭാഗങ്ങൾ കൂട്ടിക്കലർത്തി 500 ഗ്രാം ആകുന്നതുവരെ ആവർത്തിക്കണം. ഈ സാമ്പിൾ തണലിൽ ഉണക്കിയെടുത്ത് പ്ലാസ്റ്റിക് കവറിൽ നിറയ്ക്കുക.

ഒരു കടലാസില്‍ കർഷകന്റെ പേര്, വിലാസം, കൃഷി ചെയ്യുന്ന വിള എന്നിവയെഴുതി അതും കവറിൽ ഇടണം. ഏറ്റവും അടുത്തുള്ള കൃഷിഭവനിൽ ഈ സാമ്പിൾ നൽകാം. സാമ്പിൾ നൽകി  15–20 ദിവസത്തിനുള്ളിൽ മണ്ണ് പരിശോധനയുടെ ഫലം കർഷകനെ നേരിട്ട് അറിയിക്കും. കൃഷിവകുപ്പിന്റെ കീഴിലുള്ള 14 ജില്ലാ മണ്ണു പരിശോധന ലാബുകളിലും  11 സഞ്ചരിക്കുന്ന ലാബുകളിലും സൗജന്യമായി മണ്ണ് പരിശോധിച്ചു നൽകും. മണ്ണിലെ മുഴുവൻ മൂലകങ്ങളുടെയും ലഭ്യത കൂടി അറിയണമെങ്കിൽ തൃശൂർ വെള്ളാനിക്കരയിലെ കാർഷിക സർവകലാശാലയുടെ റേഡിയോ ട്രേസർ ലാബിൽ സൗകര്യം ഉണ്ട്. അതിനു ഫീസ് ഈടാക്കുന്നതാണ്. കൂടാതെ, തിരുവനന്തപുരം പാറോട്ടുകോണത്തുള്ള മണ്ണുപരിശോധനാകേന്ദ്രത്തിലും ഈ സൗകര്യം ലഭ്യമാണ്.

ഫോൺ: 0471– 2530578