Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണു പോകുന്ന കോടികൾ

cashew-fruits കശുമാങ്ങ

ഇത് കശുവണ്ടി സീസണാണ്. ഈ സമയത്ത് ടൺ കണക്കിന് കശുമാങ്ങ വീണ് നശിക്കുന്നതിന് പരിഹാരം ഉണ്ടാക്കാൻ സർക്കാർ തലത്തിൽ നടപടി വേണമെന്ന ആവശ്യം വ്യാപകം. കേരളത്തിലെ എല്ലാ ജില്ലകളിലും കശുമാവ് കൃഷിയുള്ളതു കൊണ്ട് ഇവയെ വ്യാവസായികാടിസ്ഥാനത്തിൽ ഉപയോഗിച്ചാൽ കർഷകർക്കും സർക്കാരിനും ഇതിലൂടെ വൻ വരുമാനമാണ് ലഭിക്കുക. ഇവയിൽ നിന്ന് ഗോവൻ മാതൃകയിൽ ഫെനി ഉൽപാദിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിലെ മലയോര കർഷകർ ഉടൻ മുഖ്യമന്ത്രിയെ കാണും. കോടിക്കണക്കിനു രൂപയാണ് കേരളത്തിലെ കാർഷികമേഖലയിൽ ഇത്തരത്തിൽ പാഴായി പോകുന്നതെന്നും ഇതിന് അടിയന്തര പരിഹാരമായി സർക്കാർ തലത്തിൽ ഇടപെടൽ വേണമെന്നുമാണ് കർഷകരുടെ ആവശ്യം.

ശാസ്ത്രീയമായ കണക്കുകൾ നിരത്തിയാണ് കർഷകരുടെ വാദം. ഒരു കിലോ കശുവണ്ടിയുടെ പഴത്തിന്റെ തൂക്കം ശരാശരി 9.700 കിലോയാണ്. ഇത്രയും പഴത്തിൽ നിന്ന് 5.5 ലീറ്റർ നീര് കിട്ടും. ഈ നീര് സംസ്കരിച്ചാൽ അര ലീറ്റർ ഫെനി കിട്ടും. ഒരു ക്വിന്റൽ കശുവണ്ടിയുടെ പഴം പിഴിഞ്ഞാൽ 550 ലീറ്റർ നീര് കിട്ടും. ഇത്രയും നീര് സംസ്കരിച്ചാൽ 50 ലീറ്റർ ഫെനി കിട്ടും. ഒരു ലീറ്റർ ഫെനിക്ക് 200 രൂപ വീതം കർഷകന് ലഭിക്കുകയാണെങ്കിൽ ഒരു ക്വിന്റൽ കശുവണ്ടിയുടെ പഴം സംസ്കരിച്ചാൽ കൃഷിക്കാരന് 10,000 രൂപ കിട്ടും. സർക്കാർ ഒരു ലീറ്റർ ഫെനി 400 രൂപയ്ക്ക് വിറ്റാൽ ഒരു ക്വിന്റൽ കശുവണ്ടിയുടെ പഴത്തിന് 20,000 രൂപയാണ് സർക്കാരിന് ലഭിക്കുക. കർഷകന് 10,000 രൂപ കൊടുത്താലും സർക്കാരിന് ഒരു ക്വിന്റൽ കശുവണ്ടിയുടെ പഴത്തിൽ നിന്നും അത്ര തന്നെ തുക കിട്ടും. 2015–ലെ കണക്കനുസരിച്ച് കണ്ണൂർ ജില്ലയിൽ 1.857 ലക്ഷം ക്വിന്റൽ കശുവണ്ടി കിട്ടിയതായാണ് കണക്ക്.

ഈ കണക്ക് പ്രകാരം ഒരു ലീറ്റർ ഫെനിക്ക് 200 രൂപ വച്ച് കിട്ടിയാൽ പ്രതിവർഷം കണ്ണൂർ ജില്ലയിലെ കശുമാമ്പഴത്തിന്റെ വില 185 കോടി 70 ലക്ഷം രൂപയാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. പോഷക സമൃദ്ധമായ കശുമാമ്പഴത്തിൽ നിന്ന് ഉണ്ടാക്കുന്ന പ്രകൃതിദത്തമായ ലഹരിയുള്ള ഉൽപന്നമാണ് ഫെനി. ഫെനിക്ക് ലഹരി ഉണ്ട് എന്ന കാരണം പറഞ്ഞാണ് മുൻകാല സർക്കാരുകളെല്ലാം ഇതിന് അനുമതി നിഷേധിച്ചത്. കർഷകന് നഷ്ടപ്പെടുന്ന കോടികളുടെ കണക്ക് പരിശോധിക്കാൻ ഇതു വരെ ഒരു സർക്കാരും തയാറായിട്ടില്ലെന്നതാണ് യാഥാർഥ്യം. കശുവണ്ടി വിലയിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായാലും ഫെനിയുടെ വിലയിൽ മാറ്റമുണ്ടാകില്ല.

അതു കൊണ്ടു തന്നെ കശുമാങ്ങ പലപ്പോഴും കശുവണ്ടിയേക്കാൾ അമൂല്യമായി മാറുന്നു എന്നതും ഇതിന്റെ പ്രത്യേകതയാണ്. ജില്ലയിലെ പയ്യാവൂർ സർവീസ് സഹകരണബാങ്ക് ഫെനി ഉണ്ടാക്കാൻ ലൈസൻസിന് അപേക്ഷിച്ചിട്ടുണ്ട്. സർക്കാരിൽ നിന്ന് അനുമതി ലഭിച്ചാൽ 15 ദിവസം കൊണ്ട് പദ്ധതി തുടങ്ങാനാകുമെന്ന് ബാങ്ക് പ്രസിഡന്റ് ടി.എം.ജോഷി പറയുന്നു. ഈ സീസണിൽ തന്നെ സർക്കാരിൽ നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. ഫെനിയെ കൂടാതെ കശുമാങ്ങയിൽ നിന്ന് നിലവാരമുള്ള ജാമുകൾ, മറ്റ് പാനീയങ്ങൾ, വിവിധ ഔഷധങ്ങൾ എന്നിവയും ഉണ്ടാക്കാം. എന്നാൽ ഇതിനാവശ്യമായ ആസൂത്രണം ഇല്ലാത്തത് കൊണ്ട് കർഷകന് അവകാശപ്പെട്ട കോടികളുടെ കശുമാങ്ങ തോട്ടത്തിൽ വീണ് നശിക്കുകയാണ്.