കൃഷിയുമായി ബന്ധപ്പെട്ട പൈതൃക വിജ്ഞാനത്തിന്റെ കാവൽക്കാരാണ് പല ആദിവാസി വിഭാഗങ്ങളും. വയനാട്ടിലെ കുറിച്യ, കുറുമ സമുദായങ്ങൾ ഒട്ടേറെ നാടൻ നെല്ലുകൾ കൃഷിചെയ്തു സംരക്ഷിക്കുന്നുണ്ട്. രുചിയിലും മൂപ്പിലും ഉപയോഗത്തിലുമൊക്കെ വ്യത്യസ്തത പുലർത്തുന്നവയാണ് ഈയിനങ്ങൾ. ചെന്നെല്ലു പോലുള്ള ഔഷധ നെല്ലിനങ്ങളും ഗന്ധകശാലപോലുള്ള സുഗന്ധ നെല്ലുകളും ഇവർ കൃഷി ചെയ്യുന്നു. വിത്തു സംഭരിക്കും മുമ്പു മഞ്ഞും വെയിലും കൊള്ളിച്ചശേഷം വൈക്കോലും ഈറ നെടുകെ കീറിയതും ഉപയോഗിച്ചുണ്ടാക്കുന്ന ‘മൂട’യ്ക്കുള്ളിൽ ഇട്ടുവയ്ക്കും.
വിത്തിന്മേൽ കീടങ്ങളുടെ ആക്രണം തടയാനും അതിലെ ഈർപ്പാംശം നിലനിർത്താനും ‘മൂടകെട്ടൽ’ എന്ന ഈ പ്രയോഗം ഉത്തമമാണ്. കീടങ്ങളെ അകറ്റാൻ ഇരുള, കുറുമ്പ, മുള്ള കുറുമ തുടങ്ങിയ ആദിവാസികൾ ചാരം, മണൽ, ചാണകത്തിൽനിന്നുണ്ടാക്കുന്ന ഭസ്മം, ആട്ടിൻമൂത്രം, ആട്ടിൻകാഷ്ഠം, ചാണകം, കൂവരകിന്റെ ഉമി, മൽസ്യം, കുമ്മായം എന്നിവ പ്രയോഗിക്കുന്നുണ്ട്. ഇവർ ഉപയോഗിക്കുന്ന സസ്യജന്യ കീടനാശിനികളിൽ മുളക്, വേപ്പിൻകുരു എന്നിവയുടെ പൊടി, ഉലട്ടിപ്പന, തൊണ്ടി, പൊങ്ങ്, എരുക്ക് എന്നിവയുടെ ഇല, കരുവേലം, പനിവരക് എന്നിവ സമൂലം പൊടിച്ചത്, വയമ്പിന്റെ കിഴങ്ങ് പൊടിച്ചത്, ഈന്തിന്റെ പൂവ് തുടങ്ങിയവ ഉൾപ്പെടുന്നു. കുറിച്യർ പുഴുക്കളെ അകറ്റാൻ വയലിൽ കർപ്പൂരതുളസിയുടെ ശിഖരം നാട്ടിവയ്ക്കുന്നു. ഇരുളർ പലയിനം ചെറുധാന്യങ്ങൾ (millets) ഒരുമിച്ചു വിതയ്ക്കുന്ന സമ്മിശ്ര കൃഷിമുറ അനുവർത്തിക്കുന്നുണ്ട്.