പപ്പായ: മരുന്നുണ്ടാക്കാം, പിന്നെ അച്ചാറും സോപ്പും

പപ്പായ

എൺപതുകളുടെ അവസാനം കായംകുളത്തെ താപവൈദ്യുത നിലയത്തിനുവേണ്ടി സ്ഥലമെടുത്തപ്പോൾ പപ്പായമരങ്ങൾ ഉണ്ടായിരുന്ന ഭൂമിയ്ക്കു കൂടുതൽ വില ലഭിച്ചു. കേന്ദ്ര സർക്കാരിന്റെ വിലസൂചികപ്രകാരം അന്നു പപ്പായ മരങ്ങൾക്ക് തെങ്ങിനെക്കാൾ മൂല്യമുണ്ടായിരുന്നു.

നമ്മുടെ വീട്ടുവളപ്പുകളിൽ വിശേഷിച്ചു പരിചരണമൊന്നുമില്ലാതെ വളർന്ന പപ്പായയ്ക്കു ശ്രദ്ധ ലഭിച്ചത് ഡെങ്കിപ്പനി പതിവായതോടെയാണ്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ തോത് ഉയർത്താൻ പപ്പായക്കു സാധിക്കുമെന്ന അറിവ് അതിനെ ഡെങ്കിപ്പനി ബാധിച്ചവരുടെ ഇഷ്ടഭക്ഷണമാക്കി. കാൻസർ ചികിത്സയിലും പപ്പായയും അതിന്റെ കറയായ പപ്പയിനും ഉപയോഗിച്ചുവരുന്നു.

വായിക്കാം ഇ - കർഷകശ്രീ

കറിവയ്ക്കാനും മൂല്യവർധന നടത്തി പലതരം ഉൽപന്നങ്ങൾ ഉണ്ടാക്കാനും പഴമായി ഉപയോഗിക്കാനും ഉതകുന്ന പപ്പായയുടെ ഔഷധഗുണങ്ങൾ ശാസ്ത്രലോകം വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. രക്തധമനികളിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ ലയിപ്പിക്കാൻ കഴിവുള്ള പപ്പയിൻ അടങ്ങിയ പപ്പായ ഹൃദയപേശികൾക്കു കരുത്തു പകരുന്നതാണ്. പ്രമേഹാനുബന്ധ ഹൃദ്രോഗങ്ങൾക്കു മറുമരുന്നുമാണ്. പ്രമേഹം മൂർച്ഛിക്കുമ്പോൾ ഉണ്ടാകുന്ന മുറിവുകൾ ശമിപ്പിക്കാനും പപ്പായക്കറ ഉപകരിക്കുമെന്നു കണ്ടിട്ടുണ്ട്.

വ്യാവസായിക ഉല്‍പന്നങ്ങൾ

പപ്പായ നാൽപ്പതു ശതമാനം വിളഞ്ഞതു മുതൽ നന്നായി പഴുത്തതുവരെ പലതരം ഉൽപന്നങ്ങൾ തയാറാക്കാൻ യോജ്യമാണ്. ഇടത്തരം ചെറുകിട സംരംഭകർക്കു നല്ല സാധ്യതയാണുള്ളത്.

പപ്പായ ഉല്‍പന്നങ്ങൾ

പപ്പയിൻ: പച്ച പപ്പായയുടെ തൊലിയിൽ മൃദുവായിപ്പോലും ക്ഷതമുണ്ടായാൽ ഊറിവരുന്ന വെള്ള ദ്രാവകമാണ് പപ്പയിൻ. ഇത് ശേഖരിച്ച് ഉണക്കിപ്പൊടിച്ച് വിപണനം ചെയ്യാം. തോട്ടമടിസ്ഥാനത്തിൽ കൃഷി ചെയ്യാവുന്ന, കുള്ളൻ ഇനം പപ്പായ മരങ്ങളാണ് പപ്പയിൻ നിർമാണത്തിനു യോജ്യം. തമിഴ്നാട് കാർഷിക സർവകലാശാല ശുപാർശ ചെയ്യുന്ന സിഒ– 2, സിഒ–6  ഇനങ്ങൾ ഇതിനു നന്ന്. രണ്ടര–മൂന്നു മാസം പ്രായമായ കായകളിൽനിന്നാണ് കറ ശേഖരിക്കുന്നത്. കറയെടുക്കാൻ പറ്റിയ മരങ്ങൾ തിരഞ്ഞെടുത്ത് അതിൽ അലുമിനിയം / സ്ഫടിക ട്രേകൾ ഘടിപ്പിക്കണം. ഇനി മൂർച്ചയേറിയ സ്റ്റീൽ കത്തിയോ, ബ്ലേഡോ, കൂർപ്പിച്ച മുളങ്കമ്പോ ഉപയോഗിച്ച് 0.3 സെൻറിമീറ്റർ ആഴത്തിലും കായയുടെ ഒരറ്റം മുതൽ മറ്റേ അറ്റം എത്തുന്നതു വരെ നീളത്തിലും മുറിവുണ്ടാക്കുന്നു. ഇതു രാവിലെ ഒമ്പതിനു മുമ്പേ ചെയ്തിരിക്കണം. കായയിൽ മുറിവുണ്ടാക്കുന്ന ഉടനെ കുതിച്ചു ചാടുന്ന കറ തൊട്ടുതാഴെ വച്ചിട്ടുള്ള ട്രേകളിൽ ശേഖരിക്കപ്പെടും. അര മണിക്കൂറിനുള്ളിൽ ഇതിൽ 0.05 ശതമാനം പൊട്ടാസ്യം മെറ്റാ ബൈ സൾഫൈറ്റ് ചേർക്കണം. ഇനി ട്രേകൾ മരത്തിൽനിന്നു മാറ്റി, ശേഖരിച്ച കറ പാളികളായി അടർത്തിയെടുക്കാനാകുന്നതു വരെ വെയിലിലോ ഡ്രയറിലോ വച്ച് ഉണക്കാം. ഡ്രയറിലാണ് ഉണക്കുന്നതെങ്കിൽ 55 ഡിഗ്രി സെൽഷ്യസിൽ ചൂടു നിലനിർത്തണം. പാളികളായി അടർത്തിയെടുത്ത് പൊടിച്ചെടുക്കണം. തരി രൂപത്തിലുള്ള പപ്പയിൻ അരിച്ചെടുത്തശേഷം ഫുഡ്ഗ്രേഡ് പൗച്ചുകളിലോ ഗ്ലാസ് ജാറുകളിലോ സൂക്ഷിക്കാം.

ഇന്ത്യയിൽ നിർമിക്കുന്ന പപ്പയിൻ നല്ല പങ്കും വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയാണ്. തുകൽ വ്യവസായത്തിലും സിൽക്ക്, കമ്പിളി എന്നിവയുടെ സംസ്കരണത്തിനും മരുന്നുകളുടെയും സൗന്ദര്യവർധക വസ്തുക്കളുടെയും നിർമാണത്തിനും ഇത് ഉപയോഗിച്ചുവരുന്നു.

തനിവിളയായി കൃഷി ചെയ്യുമ്പോൾ ഒരു ഹെക്ടർ തോട്ടത്തിൽ ഏകദേശം രണ്ടായിരത്തി അഞ്ഞൂറോളം മരങ്ങളാകാം. ആദ്യവർഷം 196–200 കിലോ പപ്പയിൻ ലഭിക്കും. ഗ്രേഡ് അനുസരിച്ച് ഇതിന് വിപണിയിൽ 600 മുതൽ 6000 രൂപ വരെ വിലയുണ്ട്.

പപ്പയിൻ എടുത്ത ശേഷമുള്ള കായ്കൾ ഉപയോഗിച്ച് ടൂട്ടി ഫ്രൂട്ടി, അച്ചാർ, സോസ്, ഹൽവ, ജാം, സ്ക്വാഷ്, സോപ്പ്, ഫെയ്സ്പാക്ക് എന്നിവ തയാറാക്കാം.

ടൂട്ടി ഫ്രൂട്ടി: പകുതി മൂപ്പെത്തിയ പപ്പായയുടെ തൊലി നീക്കം ചെയ്ത് ചെറിയ ചതുരക്കഷണങ്ങളാക്കി നുറുക്കി കറ മാറ്റി ദൃഢത വരുത്തണം. ഇതിനായി നാലു ശതമാനം ചുണ്ണാമ്പുതെളിയിൽ പപ്പായ കഷണങ്ങൾ രണ്ടു മണിക്കൂർ മുക്കിവച്ചതിനുശേഷം കഴുകി തിളപ്പിച്ച് പഞ്ചസാര സിറപ്പിൽ ആവശ്യമായ നിറം ചേർത്തു സൂക്ഷിക്കുന്നു.

മധുരത്തിന്റെ അളവ് 68–70 ബ്രിക്സ് എത്തുന്നതുവരെ പടിപടിയായി പഞ്ചസാര ചേർത്തുണ്ടാക്കുന്ന ടൂട്ടി ഫ്രൂട്ടി, ഡ്രയറിൽ വച്ച് ഉണക്കി ജലാശം നീക്കി പായ്ക്ക് ചെയ്യുന്നു. ഫ്രൂട്ട് സാലഡ്, ഐസ്ക്രീം, പുഡ്ഡിങ്, ബിസ്കറ്റുകൾ എന്നിവയുടെ നിർമാണത്തിന് ഇതുപയോഗിക്കുന്നു.

അച്ചാറുകൾ: ദൃഢത വരുത്തിയ പപ്പായ ഉപയോഗിച്ചാണ് അച്ചാറും തയാറാക്കുന്നത്. ഉപ്പ്, എണ്ണ, വിനാഗിരി എന്നീ പ്രകൃതിദത്ത സംരക്ഷകങ്ങൾക്കൊപ്പം സോഡിയം ബെൻസോയേറ്റ് കൂടി ചേർക്കേണ്ടതാണ്.

സോസ് / കെച്ചപ്പ്: മൂപ്പെത്തി നിറം മാറിത്തുടങ്ങുന്ന പപ്പായ ഉപയോഗിച്ചാണ് സോസ് ഉണ്ടാക്കുന്നത്.

കാൻഡി / പ്രിസർവ്: പഴുക്കുന്നതിനു തൊട്ടുമുമ്പുള്ള പരുവത്തിലുള്ള പപ്പായ ഉപയോഗിച്ചാണ് കാൻഡി തയാറാക്കുന്നത്. റെഡ് ലേഡി, സി ഒ–3 എന്നീ ഇനങ്ങളാണ് ഇതിനു നല്ലത്. ആകർഷകമായ നിറവും കാമ്പിന് കനവുമുള്ള പപ്പായ തിരഞ്ഞെടുത്ത് തൊലി നീക്കം ചെയ്ത് വലിയ ചതുരക്കഷണങ്ങളായോ നീളത്തിലോ മുറിച്ചോ ചുണ്ണാമ്പ് തളിയിൽ മുക്കിവച്ച് ദൃഢത വരുത്തി, 68–70 ബ്രിക്സ് എത്തുന്നതുവരെ മധുരം ചേർത്ത് ഉണക്കി പായ്ക്ക് ചെയ്യുന്നു. ഡ്രൈഫ്രൂട്ടായി നേരിട്ട് ഉപയോഗിക്കാം.

പപ്പായ ഹൽവ: ആകർഷകമായ നിറവും ഉറപ്പുള്ള കാമ്പോടുകൂടിയതുമായ പപ്പായയിൽ ആവശ്യത്തിന് അരിപ്പൊടി / കോൺഫ്ലവർ എന്നിവ ചേർത്ത് ഹൽവ തയാറാക്കാം.

ജാം / ജെല്ലി: ആകർഷകമായ നിറമുള്ള പപ്പായ ചെറുതാക്കി നുറുക്കി നികക്കെ വെള്ളമൊഴിച്ച് വേവിച്ച്, ആ വെള്ളം ഊറ്റിയെടുത്ത് ജെല്ലിയും പപ്പായ കഷണങ്ങളിൽ മറ്റു പഴവർഗങ്ങളുടെ പൾപ്പും തുല്യ അളവിൽ എടുത്ത് ജാമും തയാറാക്കാം. പപ്പായ മാത്രമുപയോഗിച്ചുണ്ടാക്കുന്ന ജാമിനെക്കാൾ രുചികരം മറ്റു പഴങ്ങളുടെ പൾപ്പുമായി ചേർണ്ടാക്കുന്നതാണ്.

സ്ക്വാഷ് / ആർടിഎസ് (റെഡി റ്റു സേർവ്): ജാമിനെപ്പോലെ തന്നെ മറ്റു പഴച്ചാറുകൾക്കൊപ്പം പപ്പായ നീരു കൂടി ചേർത്ത് സ്ക്വാഷും ആർടിഎസും തയാറാക്കാം. പപ്പായയുടെ തനതു സ്വാദിൽ ശീതളപാനീയങ്ങൾ തയാറാക്കുന്നതിനെക്കാൾ നല്ലത് മറ്റു പഴച്ചാറുകൾ 50 ശതമാനം ചേർത്തു തയാറാക്കുന്നതാണ്.

പപ്പായസോപ്പ്: വെളിച്ചെണ്ണ, പപ്പായനീര് എന്നിവ ചേർന്ന സോപ്പുകൾക്ക് നല്ല വിപണന സാധ്യതയുണ്ട്. നന്നായി വിളഞ്ഞു പഴുത്ത പപ്പായയുടെ കാമ്പ് സോപ്പിലെ ഒരു ചേരുവയായി ഉപയോഗിക്കാം.

ഫെയ്സ്പാക്ക്: സോപ്പു നിർമാണത്തിലെന്നപോലെ സൗന്ദര്യവർധക വസ്തുവായ ഫെയ്സ്പായ്ക്കിന്റെ നിർമാണത്തിലും പപ്പായ പൾപ്പ് പ്രയോജനപ്പെടുത്താം. നന്നായി പഴുത്ത പപ്പായയുടെ പൾപ്പ് ഡ്രയറിൽ ഉണക്കി മറ്റു ചേരുവകളും ചേർത്തുണ്ടാക്കുന്ന പപ്പായ ഫെയ്സ്പായ്ക്ക്, ബ്യൂട്ടി പാർലറിലും മറ്റും പോകാൻ താല്‍പര്യമില്ലാത്ത സ്ത്രീകൾക്കു പ്രയോജനപ്പെടും.

തനിവിളയായോ മറ്റു വിളകൾക്കൊപ്പം ഇടവിളയായോ റബർ, തെങ്ങ് എന്നീ തോട്ടങ്ങളുടെ ആരംഭദശയിൽ ഇടവിളയായോ കൃഷി ചെയ്താൽ സംരംഭങ്ങൾക്കു പപ്പായ ലഭ്യത ഉറപ്പുവരുത്താനാകും.

വിലാസം: സബ്ജക്റ്റ് മാറ്റര്‍ സ്പെഷലിസ്റ്റ്, (ഹോം സയൻസ്), കൃഷി വിജ്ഞാനകേന്ദ്രം, ആലപ്പുഴ. ഫോണ്‍: 0479 2449268