കപ്പയരിഞ്ഞ് കൈ വേദനിച്ച നാളുകളാണ് തന്നെയൊരു കണ്ടുപിടിത്തക്കാരനാക്കിയതെന്ന് അപ്പച്ചൻ. ‘‘പത്തിരുപതു കൊല്ലം മുമ്പാണ്, അക്കാണുന്ന കൊല്ലംകുന്നിന്റെ ഉച്ചിയിലായിരുന്നു അന്നു വീടും കൃഷിയിടവും. ആകെയുള്ള മുക്കാലേക്കറോളം മുഴുവൻ അന്ന് കപ്പക്കൃഷിയാണ്. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് കപ്പ പറിക്കലും അരിയലും വാട്ടലും പാറപ്പുറത്തു വിരിച്ചിട്ടുള്ള ഉണക്കലുമെല്ലാം. ഒറ്റയിരിപ്പ് ഇരുന്നരിയണം. കത്തിപിടിച്ച് കൈ വേദനിക്കും. കപ്പക്കൃഷിക്കാർക്കെല്ലാമുണ്ട് ഈ ബദ്ധപ്പാട്’’, അപ്പച്ചൻ എന്ന വിളിപ്പേരിൽ പരിചിതനായ പൂവത്തോട്ടത്തിൽ മാത്യു ഏബ്രഹാം അക്കാലം ഓർമിക്കുന്നു.
കഷ്ടപ്പാടില്ലാതെ കപ്പയരിയാൻ എന്തു മാർഗം എന്ന ചിന്ത ഇടുക്കി ജില്ലയിലെ മുട്ടം സ്വദേശിയായ ഈ മലയോര കർഷകനെ കർഷകശാസ്ത്രജ്ഞനാക്കി. കൈകൊണ്ട് പ്രവർത്തിപ്പിച്ച് അനായാസം അതിവേഗത്തിൽ നല്ല രൂപഭംഗിയിൽ, കനം ക്രമീകരിച്ച് കപ്പയരിയാവുന്ന യന്ത്രം ആദ്യം തീർത്തത് തടിയിൽ. യന്ത്രത്തിന്റെ ബ്ലെയ്ഡിനരികിലേക്ക് കപ്പ വച്ചു കൊടുക്കുമ്പോൾ അപകടമുണ്ടാവാൻ ഇടയുണ്ടെന്നു തോന്നിയപ്പോൾ യന്ത്രം പരിഷ്കരിച്ചു. കപ്പ സുരക്ഷിതമായി വച്ചു കൊടുക്കാൻ പിവിസി പൈപ്പുകൊണ്ട് പാത്തി ഘടിപ്പിച്ചു. യന്ത്രഭാഗങ്ങൾ ഗുണമേന്മയുള്ള ഇരുമ്പുതകിടിൽ തീർത്തു. അതോടെ യന്ത്രം കുട്ടികൾക്കുപോലും ഉപയോഗിക്കാവുന്നത്ര ലളിതം, സുരക്ഷിതം.
പതിനഞ്ചു വർഷം മുമ്പു യന്ത്രവിൽപനയും തുടങ്ങി. ഇന്നു വില 3500 രൂപ. ഒരു യന്ത്രം നിർമിക്കാൻ മൂന്നു ദിവസം വേണം. ഇരുമ്പുതകിട് വെട്ടി രൂപപ്പെടുത്തുന്നത് ഉൾപ്പെടെയെല്ലാം കൈവേല തന്നെ. 1800 രൂപയോളം ചെലവു വരും. മൂന്നു ദിവസത്തെ പണിക്കൂലിയാണ് അപ്പച്ചനുള്ള ലാഭം. വർഷം അമ്പതിലേറെ യന്ത്രങ്ങള്‍ നിർമിച്ചു വിൽക്കുന്നു. വിറ്റതൊന്നും പരാതി പറഞ്ഞ് ആരും മടക്കിക്കൊണ്ടുവന്നിട്ടില്ല.
ചെറിയ സഞ്ചിയിലൊതുങ്ങും അപ്പച്ചന്റെ യന്ത്രം. ഇരുമ്പു തകിടിൽ തീർത്ത ഡിസ്ക്കാണ് മുഖ്യഭാഗം. തുല്യ അകലത്തിലായി മൂന്ന് ബ്ലെയ്ഡുകൾ. കറക്കാനായി ഡിസ്കിനൊരു കൈപ്പിടിയുമുണ്ട്. ഡിസ്കിനോടു ചേർന്ന് കപ്പ വച്ചു കൊടുക്കുന്ന പാത്തി. ചിരവപോലെ യന്ത്രം സൗകര്യപ്രദമായ സ്ഥലത്ത് ഘടിപ്പിച്ച ശേഷം അരികിലിരുന്നു കറക്കി കപ്പ അരിയാം.
കപ്പ കയ്യിലെടുത്ത് കത്തികൊണ്ട് ഒരു കഷണം അരിഞ്ഞു വീഴ്ത്തുന്ന നേരംകൊണ്ട് ഡിസ്ക് ഒരു വട്ടം കറങ്ങും. അരിഞ്ഞു വീഴുന്നത് മൂന്നു കഷണം. ഒരു സമയം മൂന്നുപേർ അരിയുന്ന വേഗം. കറക്കൽ വേഗം കൂട്ടിയാൽ ഒരു സമയം ഒമ്പതു പേര്‍ അരിയുന്ന പണി ലാഭം.
സീസണിൽ യന്ത്രവുമായി ആവശ്യക്കാരുടെ വീട്ടിലെത്തി ദിവസക്കൂലിക്ക് കപ്പയരിഞ്ഞു നൽകും. ദിവസം 32 ചെമ്പ് കപ്പയെങ്കിലും അരിയും. അതായത്, 3200 കിലോ. കൂലി 1000 രൂപ. മനുഷ്യപ്രയത്നമാണെങ്കിൽ പത്തുപേരുടെ പണിയാണ്.
ഫോൺ: 9961769860