കുളം ഒരു കായൽ പോലെ...

കുളങ്ങളെ കുറിച്ചു വിവരിക്കുന്ന കാനാവ് ഗോപാലകൃഷ്ണ ഭട്ട്

പ്രകൃതി നൽകിയ ജലസ്രോതസ്സുകളെ മറികടന്നു മനുഷ്യൻ തീർത്ത ജലചൂഷണം മൂലം മനുഷ്യനും ജീവജാലങ്ങളും പ്രകൃതിയും ദാഹിച്ചു വലയുമ്പോൾ കുളങ്ങൾ തീർത്ത ജലസമൃദ്ധിയുടെ വിജയഗാഥയാണു സുള്ള്യ താലൂക്കിലെ പെറുവാജെ ഗ്രാമത്തിലെ കാനാവു ഗോപാലകൃഷ്ണ ഭട്ടിനു പറയാനുള്ളത്. പ്രകൃതി കനിഞ്ഞു നൽകിയ ജലസമൃദ്ധിയെ ദശകങ്ങൾ നീണ്ട പരിശ്രമത്തിലൂടെ തലമുറകളായി കാത്തു സൂക്ഷിക്കുകയാണു കാസർകോട് ബദിയടുക്കയിൽനിന്നു കർണാടകയിലേക്കു കുടിയേറിയ കാനാവു കുടുംബം. 

തങ്ങളുടെ ഭൂമിയിൽ നിർമിച്ച ഏഴു കുളങ്ങളാണു കാനാവിന്റെ ഐശ്വര്യം. മുകളിൽ മൂന്നര ഏക്കർ സ്ഥലത്തു കായൽ പോലെ പരന്നു കിടക്കുന്നതാണ് ഏറ്റവും വലുത്. അതിനു താഴെയായി നിര നിരയായി ആറു ചെറു കുളങ്ങൾ. മുകളിലത്തെ കുളത്തിൽനിന്ന് ഒഴുകിയും ഊർന്നും ഇറങ്ങുന്ന ജലം മറ്റ് ആറു കുളങ്ങളിൽ ശേഖരിക്കും. ഒരിറ്റു ജലം പോലും പാഴാക്കാതെ ഇങ്ങനെ സംരക്ഷിക്കപ്പെടുന്ന വെള്ളം നാൽപത് ഏക്കറിലധികം വരുന്ന കൃഷിയെ ജലസമൃദ്ധമാക്കുന്നു. കൂടാതെ ചുറ്റിനുമുള്ള സസ്യജാലങ്ങൾക്കും വൃക്ഷങ്ങൾക്കും ജലമൂട്ടി കുളങ്ങൾ പ്രകൃതിയെയും പച്ചപ്പണിയിക്കുന്നു.

നിറഞ്ഞുതുളുമ്പി കാനാവ് കുളം

കായൽ പോലെ പരന്നു കിടക്കുന്ന കാനാവു കുളം

തപസ്സ് പോലെ തുടരുന്ന ഈ ജലസംരക്ഷണ യജ്ഞം കാരണം കഴിഞ്ഞ എട്ടു ദശകത്തിനിടെ ഒരിക്കൽ പോലും ജലക്ഷാമവും വരൾച്ചയും ഇവിടേക്കു പടി കടന്നു വന്നിട്ടില്ല. മണ്ണുകൊണ്ടു നിർമിച്ച തടയണയാണു വലിയ കുളത്തിൽ വെള്ളം തടഞ്ഞു നിർത്തുന്ന സംരക്ഷണ ഭിത്തി. കുഴച്ചെടുത്ത മണ്ണുകൊണ്ടു ഗോപുരാകൃതിയിൽ 140 അടി നീളത്തിലും 25 അടി താഴ്ചയിലും നിർമിച്ചതാണു തടയണ. 25 അടിയോളം വെള്ളം എപ്പോഴും കുളത്തിൽ നിറഞ്ഞു തുളുമ്പും. കടുത്ത വേനലിലും കത്തുന്ന വെയിലത്തും കുളത്തിൽ വെള്ളം കുറഞ്ഞ ചരിത്രമില്ല. മഴക്കാലത്തു വെള്ളം നിറയുമ്പോൾ ഒരു വശത്തു നിർമിച്ച ചെറിയ കനാലിലൂടെ ഒഴുക്കി വിടും. എല്ലാ ദിവസവും കുളത്തിന്റെ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചു കൈകാര്യം ചെയ്യണം. ആവശ്യമുള്ള വെള്ളം മാത്രം പൈപ്പിലൂടെ ഒഴുക്കി മറ്റു കുളത്തിലെത്തിച്ച് ഉപയോഗിക്കും.

പാടം കുളമായി

1942ൽ കേരളത്തിൽനിന്നു കുടിയേറിയ സമയത്തു നെൽകൃഷി നടത്താൻ വെള്ളം തികയാതെ വന്നപ്പോൾ ഗോപാലകൃഷ്ണ ഭട്ടിന്റെ അച്ഛൻ നരസിംഹ ഭട്ട് മുകളിലെ മൂന്നര ഏക്കർ വരുന്ന പാടത്തു വെള്ളം കെട്ടി നിർത്തിയാണു കൃഷി നടത്തിയത്. മൺതിട്ടകൊണ്ടാണ് അന്നു തടയണ നിർമിച്ചത്. അതിനു ശേഷം നെൽകൃഷിക്കു ജലക്ഷാമം ഉണ്ടായിട്ടില്ല. രണ്ടു വിളയ്ക്കു പകരം തുടർച്ചയായി മൂന്നു വിളവ് എടുക്കാനായി. ക്രമേണ പ്രദേശമാകെ ജലസമൃദ്ധി വർധിച്ചു. പിന്നീടു തടയണയുടെ ഉയരം കൂട്ടി കാലാന്തരത്തിൽ പാടം ജലസമൃദ്ധി തുളുമ്പുന്ന കുളമായി മാറി.

കാടു വളർത്തുന്നു, കുളത്തിനായി

ജല സമൃദ്ധി നഷ്ടപ്പെടാതിരിക്കാൻ കുളത്തിന്റെ ചുറ്റുമുള്ള ഗോപാലകൃഷ്ണ ഭട്ടിന്റെ ഭൂമിയുടെ ഭാഗമായ ഇരുപത് ഏക്കറോളം സ്ഥലത്തെ കാടുവെട്ടാതെ സൂക്ഷിക്കുന്നു. ഈ കാടും കുളത്തിനു മുകളിലെ വനവും കുളത്തിൽ എന്നും വെള്ളം നിലനിർത്താൻ സഹായിക്കുന്നു. പകരം കൊടും വേനലിലും ഈ വനം പച്ച പുതച്ചു നിൽക്കാൻ കുളം കാരണമാകുന്നു. 

കാനാവിലെ ചെറു കുളങ്ങളിലൊന്ന്

മഴവെള്ളം ഒഴുകാൻ കുളത്തിനു ചുറ്റും സൂക്ഷിച്ച കാടുകളിൽ ചെറിയ ചാലുകൾ കീറിയിട്ടുണ്ട്. ഇതു മൂലം മഴ പെയ്താൽ ചെളിവെള്ളം ഒഴുകി കുളത്തിലെ വെള്ളത്തിൽ ചേരില്ല എന്നതിനൊപ്പം മഴവെള്ളം നേരിട്ടു ഭൂമിയിലേക്ക് ഇറങ്ങാനും  സഹായിക്കുന്നു എന്നു ഗോപാലകൃഷ്ണ ഭട്ട് തങ്ങളുടെ ജല സംരക്ഷണ മാർഗങ്ങളെ കുറിച്ചു പറയുന്നു. പ്രകൃതി നൽകുന്ന ജലം അമൃതാണെന്നു കരുതി പാഴാക്കാതെ സംരക്ഷിച്ചാൽ ജലക്ഷാമമോ വരൾച്ചയോ ഉണ്ടാകില്ല. പ്രകൃതിയെ നശിപ്പിക്കാതിരുന്നാൽ പ്രകൃതി ഒരിക്കലും നമ്മെ കൈവിടില്ല എന്നതാണു തങ്ങളുടെ അനുഭവം എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കാനാവിലെ മാനസ സരോവരം

ജല സംരക്ഷണത്തിന്റെ അപൂർവ പാഠമാണു കാനാവിലെ കുളങ്ങളും പ്രകൃതിയും പുതു തലമുറയ്ക്കു പകർന്നു നൽകുന്നത്. വറ്റാത്ത നീരുറവ, എന്നും ഒഴുക്കുന്ന തെളിനീര്, പച്ച പുതച്ച കൃഷിയിടങ്ങളും പ്രകൃതിയും. ഇവിടെ എത്തുന്ന ആരിലും പുതിയ അനുഭൂതി പടർത്തും.  മുൻപ് ഇവിടെ സന്ദർശനം നടത്തിയിരുന്ന ഹൊസനഗര രാമചന്ദ്രാപുര മഠാധിപതി സ്വാമി രാഘവേശ്വര ഭാരതി കാനാവു കുളത്തെ മാനസ സരോവരം എന്നാണു വിശേഷിപ്പിച്ചത്.