കൃഷി ഭൂമി പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷി ചെയ്ത് നൂറുമേനി വിളയിച്ച പൂളവള്ളി തൊട്ടാമറ്റത്തിൽ വർഗീസ് ശ്രദ്ധേയനാകുന്നു. 15 വർഷത്തിലേറെയായി ഇദ്ദേഹം പച്ചക്കറി കൃഷി ആരംഭിച്ചിട്ട്. അര ഏക്കർ സ്ഥലത്ത് മാത്രം പച്ചക്കറി കൃഷി ചെയ്തുവന്നിരുന്ന ഇദ്ദേഹം ഇപ്പോൾ അഞ്ചേക്കറിലധികം സ്ഥലത്ത് വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്യുന്നു.
ചെറിയ തോതിൽ പാവൽ കൃഷിയാണ് ആദ്യം ആരംഭിച്ചത്. കുറഞ്ഞ സ്ഥലത്ത് തുടങ്ങിയ പാവൽ കൃഷിയിൽ ധാരാളം വിളവു ലഭിച്ചപ്പോൾ വീട്ടാവശ്യത്തിന് എടത്തതിനും അയൽക്കാർക്കു കൊടുത്തതിനും ശേഷം ബാക്കി വന്ന പാവയ്ക്ക മൈക്കാവ് അങ്ങാടിയിൽ വിൽപന നടത്തി. പാവയ്ക്കയ്ക്ക് അന്ന് കിലോയ്ക്ക് 15 രൂപ തോതിൽ വില കിട്ടി.
അതോടെ കൂലിപ്പണി ഉപേക്ഷിച്ച് പൂർണമായും പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞു. കൃഷിച്ചെലവും കീടബാധയും വിലക്കുറവും ഉൽപന്നങ്ങൾ വിൽക്കാനുള്ള ബുദ്ധിമുട്ടും കൊണ്ട് പച്ചക്കറി കൃഷിയിൽ നിന്നു സാധാരണക്കാർ പിന്തിരിയുമ്പോഴാണ് മറ്റ് കർഷകരിൽ നിന്ന് വ്യത്യസ്തനായി പച്ചക്കറികൃഷിയിലൂടെ മാത്രം ഈ കർഷകൻ വൻ നേട്ടം ഉണ്ടാക്കുന്നത്.
പച്ചക്കറി കൂടാതെ വാഴയും കപ്പയും മറ്റ് കിഴങ്ങ് വർഗങ്ങളും കോടഞ്ചേരി പഞ്ചായത്തിലെ പൂളവള്ളി, വേളംകോട്, മുറമ്പാത്തി എന്നിവിടങ്ങളിൽ പാട്ടത്തിനെടുത്ത സ്ഥലങ്ങളിൽ കൃഷി ചെയ്തുവരുന്നു. പാകമാകുന്ന പച്ചക്കറികൾ പറിച്ചെടുത്ത് വിവിധ അങ്ങാടികളിൽ നേരിട്ട് വിൽപന നടത്തും.
ഒരു വർഷം മൂന്ന് തവണയാണ് പച്ചക്കറികൾ കൃഷി ചെയ്യുന്നത്. ഓണ വിപണി ലക്ഷ്യമിട്ട് ജൂണിലും ക്രിസ്മസ് വിപണി കണക്കാക്കി ഒക്ടോബറിലും വിഷു വിപണി പ്രതീക്ഷിച്ച് ജനുവരിയിലും കൃഷി ആരംഭിക്കും.
പാവൽ, പയർ, കോവൽ, പടവലം, വെണ്ട, ചീര, വഴുതന, വെള്ളരി, കക്കിരി, മത്തൻ, എളവൻ, മുളക് തുടങ്ങിയവയാണ് അധികവും കൃഷി ചെയ്യുന്നത്. പച്ചക്കറി തൈകൾ 22 ദിവസത്തോളം പ്രത്യേകം തയാറാക്കിയ കൂടുകളിലും മറ്റും വളർത്തിയതിന് ശേഷമാണ് നടുന്നത്.
കൃഷി ചെയ്യുന്ന സ്ഥലത്ത് ആദ്യം ചെയ്യുക സ്ഥലം ഒരുക്കലാണ്. കാട് വെട്ടി മണ്ണ് കൊത്തിയിളക്കി തടമെടുക്കും. തടമെടുത്ത് കുമ്മായം വിതറി ഒരാഴ്ച കഴിഞ്ഞ് ചാണകപ്പൊടിയിട്ട് തൈകൾ നടും. ചാണകപ്പൊടി ട്രൈക്കോഡെർമ, എല്ലുപൊടി എന്നിവയുമായി കൂട്ടിക്കലർത്തിയാണ് വളമായി നൽകുന്നത്. 15 ദിവസത്തിന് ശേഷം തൈകൾ കരുത്ത് നേടി വളർച്ചയുണ്ടാകാൻ ചെറിയ തോതിൽ രാസവളം നൽകും.
30-ാം ദിവസം കോഴിക്കാഷ്ഠം വളമായി നൽകും. ഒരാഴ്ചത്തെ ഇടവിട്ട് സ്യൂഡോമോണാസ്, മത്തി മിശ്രിതം, മുട്ട മിശ്രിതം എന്നി വളർച്ചാത്വരകങ്ങളായും കീടനിയന്ത്രണത്തിനും ഉപയോഗിക്കുന്നു. മത്തി മിശ്രിതവും മുട്ട മിശ്രിതവും നൽകുന്നതുമൂലം ചെടിയുടെ കൂമ്പ്, ഇല എന്നിവയ്ക്ക് കരുത്ത് ഉണ്ടാവുന്നു.
പയറ്, പാവൽ, കോവൽ എന്നിവ വള്ളി വീശിത്തുടങ്ങുമ്പോൾ പന്തൽ തയാറാക്കും. പാവലിനും കോവലിനും ഇടുന്ന പന്തൽ മൂന്ന് വർഷത്തേക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ബലവത്തായാണ് നിർമിക്കുന്നത്. ഇവയുടെ വള്ളികൾ പന്തലിൽ കയറിയാൽ എല്ലാ ദിവസവും പച്ചക്കറി തോട്ടത്തിൽ പണിയുണ്ടാകും വള്ളികൾ കയറ്റിക്കൊടുക്കാനും ചുവട്ടിലുള്ള ഇളം വള്ളികൾ മുറിച്ച് മാറ്റാനുമുണ്ടാകും.
നാടൻ വിത്തുകളും സങ്കരയിനം വിത്തുകളും കൃഷിക്കായി ഉപയോഗിക്കുന്നു. നാടൻ വിത്തുകൾ 60-ാം ദിവസം പൂവിട്ട് 80-ാം ദിവസം വിളവെടക്കാറാകും. സങ്കരയിനം 45-ാം ദിവസം പൂവിട്ട് 60-ാം ദിവസം വിളവെടുക്കാനാകും. മായ ഇനത്തിൽപ്പെട്ട പാവലാണ് തോട്ടത്തിലുള്ളത്.
പയർ നാടനും സങ്കരയിനവുമുണ്ട്. ഇത്തവണ ഓണത്തിന് രണ്ട് ടണ്ണിനടുത്ത് പച്ചക്കറി നേരിട്ട് അങ്ങാടികളിൽ വിൽപന നടത്തി. കൂടുതൽ ഉൽപാദനമുള്ള ദിവസങ്ങളിൽ മറ്റ് പച്ചക്കറിക്കടകളിലും നൽകാറുണ്ട്. കൂടാതെ കൃഷി വകുപ്പിന്റെ വേങ്ങേരിയിലുള്ള കാർഷിക മൊത്ത വിൽപന കേന്ദ്രത്തിനും പച്ചക്കറി നൽകാറുമുണ്ട്.
വർഗീസ് കോടഞ്ചേരി കൃഷി ഭവനുമായി ചേർന്ന് ഒരുക്കിയിട്ടുള്ള സമഗ്ര പച്ചക്കറി വികസന പദ്ധതിയിലെ വിവിധ പ്രദർശന തോട്ടങ്ങളിലേക്ക് കുടംബശ്രീ കർഷക ഗ്രൂപ്പുകൾ കൃഷി രീതികൾ കണ്ട് പഠിക്കുന്നതിനുമായി എത്തുന്നുണ്ട്.