Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപകാരികളായ സൂക്ഷ്മജീവികളുടെയും പ്രാണികളുടെയും സഹായത്തോടെ വിളകളെ സംരക്ഷിക്കാം

10

എലിയെ പിടിക്കാൻ ഇല്ലം ചുടരുതെന്നു പണ്ടേ നമുക്കറിയാം. പക്ഷേ, ചാഴിയെ തുരത്താൻ മക്കൾക്ക് വിഷഭക്ഷണം കൊടുക്കാമോ? വർഷങ്ങളായി നമ്മുടെ കൃഷിക്കാർ ശീലിച്ചതും അവരെ ശീലിപ്പിച്ചതുമായ കൃഷിരീതിയെക്കുറിച്ചുതന്നെയാണ് പറഞ്ഞുവരുന്നത്. െനല്ലു മുതൽ ഏലം വരെ കേരളത്തിലെ സർവ വിളകളുെടയും പരിപാലനത്തിൽ രാസവിഷങ്ങൾക്ക് അനിവാര്യമായ സ്ഥാനമാണുള്ളത്. 

ഊഷ്മാവും ഈർപ്പവും കൂടുതലുള്ള നാട്ടിൽ കീടങ്ങളും രോഗങ്ങളും കൂടുതലായുണ്ടാവുമെന്നതു വാസ്തവം. കാലാവസ്ഥാമാറ്റം മൂലം അവയുെട ആക്രമണം രൂക്ഷമാവുകയും ചെയ്യും. 

സ്വന്തം വിളയെ രോഗ, കീടങ്ങളിൽനിന്നു കാത്തുസൂക്ഷിക്കാനുള്ള കൃഷിക്കാരന്റെ വ്യഗ്രതയും അവകാശവും ആർക്കും ചോദ്യം ചെയ്യാനാവില്ല.  പക്ഷേ സ്വന്തം കുടുംബാംഗങ്ങൾ‍ ഉൾപ്പെടെ കാർഷികോൽപന്നങ്ങൾ ഉപയോഗിക്കുന്നവരുെട ആരോഗ്യവും ജീവനും സംരക്ഷിക്കാനും കൂടി അവർക്കു ബാധ്യതയുണ്ട്. വിഷമില്ലാത്ത ഭക്ഷണം കിട്ടുന്നതിനുള്ള മാർഗമെന്ന നിലയിൽ മാത്രമല്ല നാം ജൈവകൃഷിയെ ശ്രദ്ധിക്കേണ്ടത്. കൃഷിക്കാർക്ക് വരുമാനം ഉറപ്പാക്കുന്ന കയറ്റുമതി സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും കീടനാശിനി അവക്ഷിപ്തമല്ലാത്ത വിളകൾ ഉൽപാദിപ്പിച്ചേ മതിയാവൂ. രാസവിഷങ്ങളുെട തുടർച്ചയായ പ്രയോഗം മൂലം കീടങ്ങൾക്ക് അവയെ അതിജീവിക്കാനുള്ള ശേഷിയുണ്ടാവുന്നതായി തെളിഞ്ഞിട്ടുണ്ട്. കൊടിയ വിഷങ്ങൾപോലും ഫലപ്രദമല്ലാതാവുന്ന സാഹചര്യം ഒഴിവാക്കാനുള്ള യുക്തിസഹമായ മാർഗവും ജൈവരീതികൾ തന്നെ. കീടനിയന്ത്രണമെന്നാൽ വിഷം തളിക്കൽ മാത്രമാണോ? വിഷമില്ലാതെതന്നെ വിളകളുെട ആരോഗ്യം സംരക്ഷിക്കാൻ എന്താണ് വഴി? ഈ അന്വേഷണത്തിൽ നാം കണ്ടെത്തുന്നത് പുകയിലക്കഷായവും വെളുത്തുള്ളി–കാന്താരി മിശ്രിതവുംപോലെയുള്ള കീട വികർഷകങ്ങളെ മാത്രമായിരിക്കരുത്. ഓരോ ആവാസവ്യവസ്ഥയിലെയും  ജീവികളുെട എണ്ണം നിയന്ത്രിക്കുന്ന ചില പ്രത്യേക ഘടകങ്ങൾ അതിൽതന്നെ  ഉണ്ടായിരിക്കും. ഉപദ്രവകാരികളായ കീടങ്ങളെയും രോഗകാരികളെയും അവയുെട എതിർപ്രാണികൾ അല്ലെങ്കിൽ അണുക്കളുെട സഹായത്തോടെ കൃഷിയിടത്തിൽനിന്നു തുരത്താനാവും. 

ജൈവനിയന്ത്രണം എന്നറിയപ്പെടുന്ന ഈ സാങ്കേതികവിദ്യ ഇന്ന് വളരെ മുന്നേറിക്കഴിഞ്ഞു. ഉപകാരികളായ പ്രാണികൾ, കുമിളുകൾ, ബാക്ടീരിയകൾ, നിമാവിരകൾ എന്നിവയെ വേർതിരിച്ച് വാണിജ്യാടിസ്ഥാനത്തിൽ കൃഷിക്കാർക്ക് ലഭ്യമാക്കുന്നത് സംരംഭസാധ്യതയുള്ള ആശയം കൂടിയാണിന്ന്. 

എല്ലാ കീടങ്ങൾക്കെതിരെയും ഫലപ്രദമായ ജൈവനിയന്ത്രണമാർഗങ്ങൾ വികസിപ്പിക്കപ്പെട്ടിട്ടില്ല. എന്നാൽ നമ്മുെട മുഖ്യാഹാരമായ അരി പൂർണമായും ജൈവകീടനിയന്ത്രണമാർഗങ്ങളിലൂടെ വിഷരഹിതമായി ഉൽപാദിപ്പിക്കാമെന്നത് ആശ്വാസകരമായ വസ്തുതയാണ്.