കേരളത്തിലെ കൃഷിയിടങ്ങളിൽ രോഗ,കീടങ്ങൾക്കെതിരേ ജൈവികനിയന്ത്രണത്തിനുപയോഗിക്കാവുന്ന വ്യത്യസ്ത ഉപാധികളുെട നിര തന്നെ ഇന്ന് ലഭ്യമാണ്. മണ്ണിൽനിന്നു വേർതിരിച്ചെടുക്കുന്ന പലതരം കുമിളുകളും ബാക്ടീരിയകളുമാണ് ഇവയിലേറെയും. വിഷരഹിതകൃഷി സാധ്യമാക്കുന്ന ചില ജൈവനിയന്ത്രണ ഉപാധികളെ പരിചയപ്പെടാം.
ജൈവ കീടനാശിനികൾ
ബിവേറിയ ബസിയാന: ‘വൈറ്റ് മസ്കാർഡിൻ’ഫംഗസ് എന്നറിയപ്പെടുന്ന ഈ മിത്രകുമിൾ ദൃഢശരീരികളായ വണ്ട്, ചാഴി, വേരുപുഴുക്കൾ, ചിതൽ, പച്ചത്തുള്ളൻ, ഇലപ്പേൻ, മുഞ്ഞ, തണ്ടുതുരപ്പൻ തുടങ്ങിയ കീടങ്ങളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്നു. ബിവേറിയ തന്തുക്കൾ കീടത്തിന്റെ ശരീരത്തിൽ പതിക്കുന്ന ക്ഷണം പുറന്തൊലി ഭേദിച്ച് ശരീരത്തിനുള്ളിൽ കയറും. കീടത്തിന്റെ ശരീരത്തിൽനിന്നു സ്വവളർച്ചയ്ക്കായി പോഷകവസ്തു വലിച്ചെടുക്കുന്നതോടൊപ്പം വിഷവസ്തു പുറപ്പെടുവിച്ച് കീടത്തെ കൊല്ലുകയും ചെയ്യുന്നു. വെളുത്ത സ്പോറുകൾ ചത്ത കീടത്തിന്റെ ശരീരം മുഴുവൻ വ്യാപിക്കുന്നു. അത് മറ്റു കീടങ്ങളിലേക്കും പടരുന്നു.
വിവിധ രൂപത്തിലും പേരിലും ബിവേറിയ മിശ്രിതങ്ങൾ ലഭിക്കും. പൊടിരൂപത്തിലുള്ളവ 20 ഗ്രാമോ ലായനി രൂപത്തിലുള്ളവ അഞ്ച് മില്ലിലീറ്ററോ ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ ചേർത്തിളക്കുക. ഈ ലായനിയിലേക്ക് ആവണക്കെണ്ണ / നിലക്കടല എണ്ണ അഞ്ച് മില്ലിയും പൊടിച്ച ശർക്കര 10 ഗ്രാമും ചേർത്ത് നന്നായി ഇളക്കി രാവിലെയോ വൈകിട്ടോ തളിക്കാം.
വെർട്ടിസിലിയം ലകാനി ( ലക്കാനിസിലിയം ലക്കാനി): മൃദുശരീരികളായ മണ്ഡരികൾ, എഫിഡുകൾ, ശൽക്കകീടങ്ങൾ, മീലിബഗ്, ഇലപ്പേൻ, വെള്ളീച്ച തുടങ്ങി നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾക്കെതിരെ ഫലപ്രദം. കുമിൾതന്തുക്കൾ അടങ്ങിയ ലായനി തളിച്ചാൽ ചത്ത കീടങ്ങൾക്കു ചുറ്റും വെളുത്ത നിറത്തിൽ കുമിളിന്റെ വളർച്ച കാണാം. ഇതു കീടത്തിന്റെ ശരീരം മുഴുവൻ വ്യാപിച്ചു കഴിഞ്ഞാൽ ക്രമേണ സ്പോറുകൾ മറ്റു കീടങ്ങളിലേക്കു വിതരണം ചെയ്യപ്പെടുന്നു. വർധിക്കുന്ന അന്തരീക്ഷ ആർദ്രത മിത്രകുമിളിന്റെ വളർച്ച വേഗത്തിലാക്കുന്നു.
പൊടിരൂപത്തിലും ലായനിരൂപത്തിലും വെർട്ടിസിലിയം മിശ്രിതം ലഭിക്കും. പൊടിരൂപത്തിലുള്ളത് 20 ഗ്രാമോ ലായനിരൂപത്തിലുള്ളത് അഞ്ച് മില്ലിലീറ്ററോ ഒരു ലീറ്റർ വെള്ളത്തിൽ ചേർത്തുണ്ടാക്കിയ ലായനിയിൽ ആവണക്കെണ്ണ / നിലക്കടല എണ്ണ അഞ്ച് മില്ലിയും പൊടിച്ച ശർക്കര പത്തു ഗ്രാമും ചേർത്തിളക്കി തളിക്കുന്നത് വളരെ ഫലപ്രദമാണ്.മെറ്റാറൈസിയം അനിസോപ്ലിയെ: ‘ഗ്രീൻ മസ്കാർഡിൻ ഫംഗസ്’ എന്നറിയപ്പെടുന്ന ഈ മിത്രകുമിൾ തെങ്ങിന്റെ പ്രധാന കീടമായ കൊമ്പൻചെല്ലിയുടെ പുഴുക്കളെ നിയന്ത്രിക്കാൻ വളക്കുഴിയിൽ തളിക്കാം. വേരുപുഴു, വണ്ട്, പച്ചത്തുള്ളൻ, ഇലപ്പേൻ, ചാഴി തുടങ്ങി അനേകം കീടങ്ങളെ നശിപ്പിക്കുന്നു. കീടത്തിന്റെ ശരീരത്തിൽ പതിക്കുന്ന സ്പോറുകൾ നല്ല ആർദ്രതയുള്ള കാലാവസ്ഥയിൽ കീടത്തിന്റെ ശരീരത്തിൽ വളർന്നിറങ്ങും. ശരീരത്തിനുള്ളിലെ പോഷകങ്ങൾ ഊറ്റി എടുത്തശേഷം കീടത്തെ കൊല്ലുന്നു. ആക്രമണവിധേയമായ കീടം ചത്തുകഴിഞ്ഞാൽ ശരീരത്തിനു പുറത്തേക്കു കുമിൾ വളരുന്നു. അതു ചത്ത കീടത്തെ പൂർണമായി മൂടുന്നു. സ്പോറുകൾ കാറ്റും വെള്ളവും വഴി മറ്റു കീടങ്ങളിലേക്ക് വ്യാപിക്കുന്നു.
മെറ്റാറൈസിയം പൊടിരൂപത്തിലുള്ളത് 20 ഗ്രാമും ലായനിരൂപത്തിലുള്ളത് അഞ്ചു മില്ലിലീറ്ററും ഒരു ലീറ്റർ വെള്ളത്തിൽ എന്ന നിരക്കിൽ കീടനിയന്ത്രണത്തിന് ഉപയോഗിക്കാം.
ബാസിലസ് തുറിൻജെസിസ് (ബി ടി): ശലഭങ്ങളുടെ പുഴുക്കളെ ആക്രമിക്കുന്ന മിത്ര ബാക്ടീരിയ. ശലഭപ്പുഴുക്കളുടെ അന്നനാളത്തിൽ കടന്ന് വിഷവസ്തുക്കൾ ഉൽപാദിപ്പിക്കുകയാണ് ബി ടി ചെയ്യുന്നത്. ഇതുമൂലം പുഴുക്കളുെട ദഹനസംവിധാനം നശിക്കുന്നതിനാൽ ഭക്ഷണം സ്വീകരിക്കാനാവാതെ അവചത്തൊടുങ്ങുന്നു. ബയോസാപ്പ്, ബയോടെക്സ്, ഡിപെൽ, ഡെൽഫിൻ എന്നീ നാമങ്ങളിൽ വ്യാവസായികാടിസ്ഥാനത്തിൽ ബാസിലസ് ലഭ്യമാണ്. ഒന്നു മുതൽ രണ്ടു മില്ലിലീറ്റർ വരെ ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായനിയുണ്ടാക്കി, അഞ്ചു ഗ്രാം സോപ്പ് ചേർത്ത് ചെടിയുടെ എല്ലാ ഭാഗത്തും പതിക്കുന്നവിധം തളിക്കാം. വൈകുന്നേരങ്ങളിൽ തളിക്കുന്നതാണ് നല്ലത്.
പെസിലോമൈസസ്: മീലിമൂട്ടകൾ, നിമാവിരകൾ എന്നിവയെ നിയന്ത്രിക്കുന്ന മിത്രകുമിൾ. പത്ത് ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന നിരക്കിൽ കലക്കി കീടാക്രമണമുള്ള ചെടികളിൽ തളിക്കാം. ഒരു ലീറ്റർ ലായനിക്ക് അഞ്ചു ഗ്രാം സോപ്പ് / ഒരു മില്ലിലീറ്റർ ട്വിൻ 80 ചേർക്കണം.പോചോണിയ ക്ലാമിഡോസ്പോറസ്: മീലിമൂട്ടകൾ, നിമാവിരകൾ എന്നിവയെ നിയന്ത്രിക്കുന്ന മിത്രകുമിൾ. 10 ഗ്രാം പൊടി ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തി, കീടാക്രമണമുള്ള ചെടികളിൽ തളിച്ചുകൊടുക്കുകയും മണ്ണ് നന്നായി കുതിർക്കുകയും ചെയ്യുക. ഒരു ലീറ്റർ ലായനിക്ക് അഞ്ചു ഗ്രാം സോപ്പ് / ഒരു മില്ലിലീറ്റർ ട്വിൻ 80 ചേർക്കണം. കുരുമുളക്, വാഴ, ഏലം, പച്ചക്കറി മുതലായവയുടെ വളർച്ചയും വിളവും വർധിക്കാൻ ഈ മിത്രകുമിൾ സഹായിക്കുന്നു.
ജീവാണു കുമിൾനാശിനികൾ
ട്രൈക്കോഡെർമ: വിളകളെ ബാധിക്കുന്ന രോഗങ്ങളുടെ നിയന്ത്രണത്തിനും ചെടിയുടെ വളർച്ച പരിപോഷിപ്പിക്കാനും ട്രൈക്കോഡെർമ എന്ന ജീവാണു കുമിൾനാശിനി ഉപയോഗിക്കുന്നു. ട്രൈക്കോഡെർമിൻ, വിറിഡിൻ, ഗ്ലയോടോക്സിൻ തുടങ്ങിയ വിഷങ്ങളും സെല്ലുലേയ്സ്, പെക്ടിനേസ് തുടങ്ങിയ എൻസൈമുകളും പുറപ്പെടുവിച്ചാണ് ഇവ കുമിളുകളെ നശിപ്പിക്കുന്നത്. രോഗകാരികളായ കുമിളുകളെ തന്തുക്കൾ ഉപയോഗിച്ച് ചുറ്റിവരിയുകയും ചെയ്യും. സസ്യവളർച്ചയെ ഉത്തേജിപ്പിക്കുന്ന ഹോർമോണുകൾ ഉൽപാദിപ്പിക്കുന്നതിനും ട്രൈക്കോഡെർമ പ്രയോജനപ്പെടും. ചെടികൾക്ക് രോഗകാരികളായ കുമിളുകളിൽനിന്നു ദീർഘകാല സംരക്ഷണം നൽകുന്നു. കുരുമുളകിന്റെ ദ്രുതവാട്ടം, ഏലത്തിന്റെ അഴുകൽ, ഇഞ്ചിയുടെ മൃദുചീയൽ, പച്ചക്കറിയിലെ മണ്ണുവഴി ബാധിക്കുന്ന രോഗങ്ങൾ, തണ്ട് അഴുകൽ, ഇലപ്പുള്ളി തുടങ്ങിയവയ്ക്കെല്ലാമെതിരെ ട്രൈക്കോഡെർമ ഫലപ്രദമാണ്. വംശവർധന നടത്തിയ ശേഷമാണ് ഈ മിത്രകുമിളിനെ മണ്ണിൽ ചേർക്കുന്നത്.
വംശവർധന നടത്തുന്ന വിധം: പത്തു കിലോ വേപ്പിൻപിണ്ണാക്ക് പൊടിച്ച് 90 കിലോ ചാണകപ്പൊടിയുമായി ചേർത്തിളക്കുക. ഇതിലേക്ക് ഒന്നുരണ്ടു കിലോ ട്രൈക്കോഡെർമ ജീവാണുകുമിൾനാശിനി കൂട്ടിയിളക്കുക. വെള്ളം തളിച്ച് ചെറിയ നനവ് ഉറപ്പുവരുത്തിയശേഷം ഒരടി പൊക്കത്തിൽ മിശ്രിതം കൂട്ടിവയ്ക്കുക. നനവുള്ള ചണച്ചാക്കുകൊണ്ട് മൂടിവയ്ക്കണം. അഞ്ചു ദിവസത്തിനുശേഷം മിശ്രിതം നന്നായിളക്കി നനവുള്ള ചാക്കുകൊണ്ട് വീണ്ടും മൂന്നുനാലു ദിവസം മൂടിവയ്ക്കുക. ഒരാഴ്ച കഴിയുമ്പോഴേക്കും ട്രൈക്കോഡെർമ വളർന്നതു കാണാം. പച്ചരേണുക്കളും വെള്ളപൂപ്പലുംകൊണ്ട് മിശ്രിതം നിറഞ്ഞിരിക്കും. ഇത് വിദഗ്ധ നിർദേശാനുസരണം വിളയ്ക്കു തടത്തിൽ നൽകാം.
ട്രൈക്കോഡെർമ മിശ്രിതം തെങ്ങ്, കമുക്, പ്ലാവ്, റബർ എന്നീ വിളകൾക്ക് 10–15 കിലോ വീതവും കുരുമുളക്, ഏലം എന്നിവയ്ക്ക് 5–10 കിലോ വീതവും ഇഞ്ചി, മഞ്ഞൾ, പയറുവർഗങ്ങൾ, പച്ചക്കറികൾ എന്നിവയ്ക്ക് നടുന്ന തടത്തിൽ 25 ഗ്രാം വീതവും ചേർത്ത് നൽകാവുന്നതാണ്.ഓർക്കിഡ്, ആന്തൂറിയം മുതലായ ചെടികളിൽ വേരുരോഗങ്ങൾ തടയുന്നതിന് പോട്ടിങ് മിശ്രിതം തയാറാക്കുമ്പോൾ, 1:10:90 എന്ന അനുപാതത്തിൽ ട്രൈക്കോഡെർമ, വേപ്പിൻപിണ്ണാക്ക്, ചാണകപ്പൊടി എന്നിവ ചേർക്കാം. പച്ചക്കറികൾക്ക് നഴ്സറിയിൽ ട്രൈക്കോഡെർമ– ജൈവവള–വേപ്പിൻപിണ്ണാക്ക് മിശ്രിതം ഒരു സെന്റിന് ഒരു കിലോ വീതം ഉപയോഗിക്കാം. കൃഷിയിടത്തിലേക്കാണെങ്കിൽ ഒരു സെന്റിലേക്ക് 100 കിലോ മിശ്രിതം ആവശ്യമാണ്.
വെള്ളം കെട്ടിക്കിടക്കുന്ന മണ്ണിലും ഈർപ്പം കുറഞ്ഞ മണ്ണിലും ട്രൈക്കോഡെർമ ഉപയോഗിക്കരുത്. ചാരം കലർന്ന ജൈവവളത്തോടൊപ്പവും ഉപയോഗിക്കരുത്. ട്രൈക്കോഡെർമ ഉപയോഗിച്ച് ഒരു മാസത്തിനുശേഷമേ രാസവളപ്രയോഗം നടത്താവൂ.
സ്യൂഡോമോണാസ് ഫ്ലൂറെസെൻസ്: സ്യൂഡോമോണാസ് എന്ന മിത്ര ബാക്ടീരിയ ചെടികളിൽ രോഗഹേതുക്കളായ കുമിളുകളെയും ബാക്ടീരിയകളെയും ഒരേപോലെ നശിപ്പിക്കുന്നു. മണ്ണിലൂടെ വരുന്ന രോഗാണുക്കളെ മാത്രമല്ല ചെടിയുടെ ഏതു ഭാഗത്തുകൂടിയുണ്ടാകുന്ന രോഗാക്രമണത്തെയും നേരിടാൻ സ്യൂഡോമോണാസിനു കഴിയുന്നു. ഇവ ഉൽപാദിപ്പിക്കുന്ന എൻസൈമുകൾക്ക് രോഗാണുക്കളുടെ കോശഭിത്തി ലയിപ്പിച്ചുകളയാൻ ശേഷിയുണ്ട്. ആന്റിബയോട്ടിക് ഉൽപാദിപ്പിക്കുന്നതിനു പുറമെ, രോഗാണുക്കൾക്ക് ഇരുമ്പിന്റെ ലഭ്യത പൂർണമായും തടയുന്ന സെഡറോഫോർ എന്ന വസ്തുവും ഉൽപാദിപ്പിക്കുന്നു. ഈ മിത്രബാക്ടീരിയ ചെടികളുടെ വളർച്ചാവേഗം കൂട്ടുന്നുമുണ്ട്.
പിത്തിയം, ഫൈറ്റോഫ്തോറ, റൈസോക്ടോണി, സാൻതൊമൊണാസ് തുടങ്ങിയവയുടെ നിയന്ത്രണത്തിനു സ്യൂഡോമോണാസ് ഫലപ്രദം.
ഉപയോഗരീതി: വിത്തു പരിചരണം.നെല്ല്: ഒരു കിലോ വിത്തിന് 10 ഗ്രാം സ്യൂഡോമോണാസ് എന്ന തോതിൽ ചേർത്തിളക്കി 10–16 മണിക്കൂർ വച്ചശേഷം സാധാരണ രീതിയിൽ വിതയ്ക്കുക.
ഇഞ്ചിവിത്ത്: സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന നിരക്കിൽ കലക്കിയ ലായനിയിൽ 15 മിനിറ്റ് മുക്കിവച്ചശേഷം നടുക.
വാഴക്കന്ന് (പനാമ വാട്ടം, ബാക്ടീരിയൽ വാട്ടം, ഇലപ്പുള്ളിരോഗം എന്നിവയെ പ്രതിരോധിക്കാനായി): ചെത്തി വൃത്തിയാക്കിയശേഷം 250 ഗ്രാം സ്യൂഡോമോണാസ് 750 മില്ലിലീറ്റർ വെള്ളത്തിൽ ചേർത്ത ലായനിയിൽ 30 മിനിറ്റ് മുക്കിവച്ചശേഷം നടുക. ജൈവവളത്തിൽ തയാറാക്കിയ സ്യൂഡോമോണാസ് 1.25 കിലോ ഓരോ വാഴയ്ക്കും വിതറി കൊടുക്കാം.
ഇലകളിൽ തളിക്കൽ: 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിന് എന്ന നിരക്കിൽ കലക്കി, അരിച്ച് സ്പ്രേയർ ഉപയോഗിച്ച് ഇലകളിൽ തളിക്കുക. രണ്ടാഴ്ച കഴിഞ്ഞ്ആവർത്തിക്കുക.
മണ്ണ് കുതിർക്കൽ: 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലീറ്റർ വെള്ളത്തിന് എന്ന തോതിൽ തയാറാക്കിയ ലായനി ചെടിയുടെ ചുവട്ടിൽ ഒഴിച്ച് മണ്ണ് കുതിർക്കുക. മാസത്തിൽ ഒരു തവണ ആവർത്തിക്കുക.
മണ്ണിൽ ചേർക്കൽ: 20 കിലോ ചാണകത്തിന് ഒരു കിലോ സ്യൂഡോമോണാസ് എന്ന തോതിൽ മണ്ണിൽ ചേർത്തുകൊടുക്കാം.
കുരുമുളകിന്റെ ദ്രുതവാട്ടം, ചീയൽ രോഗങ്ങൾ തടയുന്നതിന് 250 ഗ്രാം സ്യൂഡോമോണാസ് 750 മില്ലിലീറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ വള്ളികൾ 15 മിനിറ്റ് മുക്കിയശേഷം നടണം. അതോടൊപ്പം രണ്ടു ശതമാനം വീര്യത്തിൽ സ്യൂഡോമോണാസ് ലായനി ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയും ഇലകളിൽ തളിക്കുകയും ചെയ്യാം.
പച്ചക്കറിവിത്തുകൾക്ക് തവാരണകളിൽ രണ്ടു ശതമാനം ലായനി ഒഴിച്ചുകൊടുക്കാം. പറിച്ചുനട്ട് മൂന്നുനാല് ആഴ്ചയ്ക്കുശേഷം രണ്ടു ശതമാനം വീര്യത്തിൽ തളിക്കുകയും മണ്ണിൽ കുതിർക്കുകയും ചെയ്യാം. ഇത് വാട്ടം, ചീയൽ, ബാക്ടീരിയൽ രോഗം എന്നിവയ്ക്കെല്ലാം ഫലപ്രദമാണ്.
പിജിപിആർ മിക്സ് – II: രോഗനിയന്ത്രണത്തിനായി ഉപയോഗിക്കുന്ന ജീവാണുക്കളെ ഒരു മാധ്യമത്തിലാക്കി വിളകൾക്കു നൽകി വരുന്നുണ്ട്. ഇതിനെ ‘കൺസോർഷ്യം’ എന്നാണ് പറയുന്നത്. ഇത്തരത്തിൽ കേരള കാർഷിക സർവകലാശാലയിൽനിന്ന് ചെടികളുടെ രോഗനിയന്ത്രണത്തിനും വേഗത്തിലുള്ള വളർച്ചയ്ക്കും നൽകുന്ന പരിരക്ഷമിശ്രിതമാണ് പിജിപിആർ മിക്സ് II. രണ്ടു ശതമാനം വീര്യത്തിൽ ലായനി രൂപത്തിലാണ് ചെടികൾക്കു നൽകിവരുന്നത്. ബാസിലസ്, സ്യൂഡോമോണാസ് ട്രൈക്കോഡെർമ എന്നിവ ഇതിലടങ്ങിയിട്ടുണ്ട്.
മൈക്കോറൈസ: ചെടികളുടെ വേരുപ്രതലത്തിൽ സഹവസിക്കുന്ന മിത്രകുമിൾ. ചെടി നടുമ്പോൾ നഴ്സറികളിലും വളരുന്ന ചെടികളുടെ ചുവട്ടിലും മൈക്കൊറൈസ അടങ്ങുന്ന വേരുകൾ നൽകുന്നത് ചെടികളുടെ വളർച്ചയെയും രോഗപ്രതിരോധശേഷിയെയും ഉദ്ദീപിപ്പിക്കുന്നു. വേരിൽക്കൂടി പടരുന്ന ഫൈറ്റോഫ്തോറ, പിത്തിയം, റൈസോക്ടോണിയ തുടങ്ങിയ രോഗകാരികളായ കുമിളുകളെയും നിമാവിരകളെയും നിയന്ത്രിക്കാൻ ഇവ സഹായിക്കുന്നു.
തയാറാക്കിയത്: എൻ.എസ്.രാധിക, കെ.പി.അപർണ(കേരള കാർഷിക സർവകലാശാല), വിനീത് വി.വർമ (കൃഷി ഓഫിസർ, എൻമകജെ, കാസർകോട്.)
ഫോൺ: 8281929872