Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വടകരപ്പതി വരള്‍ച്ചയെ തോൽപ്പിച്ചതിങ്ങനെ

drip-irrigation-in-bean-cultivation പയറിന്റെ കൃത്യതാക്കൃഷി

വേനൽ കഴിഞ്ഞു വർഷം വന്നു. വരൾച്ചയിൽനിന്നു കൃഷിയെ എങ്ങനെ രക്ഷപ്പെടുത്താം എന്ന ആശങ്കയും ആലോചനകളുമൊക്കെ ചായക്കോപ്പയിലെ കൊടുങ്കാറ്റുപോലെ കെട്ടടങ്ങി. ഇനി ചർച്ച അടുത്ത വേനലിൽ. നമ്മള്‍ ഇങ്ങനെ പോയാല്‍ മതിയോ? പാലക്കാട് ജില്ലയിലെ വടകരപ്പതി എന്ന കൊച്ചു ഗ്രാമം ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നു.

പാലക്കാട് ജില്ലയില്‍ വരള്‍ച്ചയുടെ കാഠിന്യം നിമിത്തം നെല്‍കൃഷി വേണ്ടെന്നു വയ്ക്കാന്‍ കൃഷിവകുപ്പ് കര്‍ഷകര്‍ക്കു നിര്‍ദേശം നല്‍കേണ്ടിവന്ന അവസ്ഥയുണ്ടായി പോയ വേനലില്‍. അപ്പോഴും വടകരപ്പതിയില്‍ ആയിരക്കണക്കിന് ഏക്കർ സ്ഥലത്തു തെങ്ങും വാഴയും കപ്പയും പച്ചക്കറികളും പച്ചപിടിച്ചുനിന്നു. തുറന്ന കൃത്യതാക്കൃഷിയും തുള്ളിനനയുമാണ് വടകരപ്പതിക്കാർ വരൾച്ചയ്ക്കെതിരേ ആയുധമാക്കിയത്.

വായിക്കാം ഇ - കർഷകശ്രീ

ചെടിയുടെ ഓരോ വളർച്ചാഘട്ടത്തിലും വേണ്ടിവരുന്നത്രയും മാത്രം വെള്ളം കൃത്യമായി അതിന്റെ വേരുപടലങ്ങളിലേക്കു നേരിട്ട് എത്തിക്കുന്ന രീതിയാണു കൃത്യതാക്കൃഷിയില്‍. ഈ രീതിയിൽ വളരെ കുറച്ചു ജലം മാത്രമേ ആവശ്യം വരികയുള്ളൂ. വിനിമയനഷ്ടം ഒട്ടും വരുന്നുമില്ല; ചെടിക്കു വേണ്ട വളങ്ങളും മറ്റും വെള്ളത്തിലൂടെ നൽകുകയും ചെയ്യാം. നനയ്ക്കും വളമിടീലിനും വേണ്ടിവരുന്ന ചെലവു ലാഭം.

കൃഷിയിടത്തില്‍ ചാലുകീറി വെള്ളം നൽകുന്ന ശീലമുള്ള കേരളത്തിലെ കർഷകർക്ക് ഇതു പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞുവെന്നുവരില്ല. തുള്ളിനന നൽകി ഒരു നേന്ത്രവാഴയിൽനിന്ന് 15 മുതൽ 45 കിലോവരെ വിളവെടുക്കുന്ന കർഷകർ വടകരപ്പതിയിൽ അപൂർവമല്ല.

വെള്ളം തുള്ളിതുള്ളിയായി വേരുപടലങ്ങളിലേക്ക് എത്തിക്കുന്നതിന് കുഞ്ഞൻ പൈപ്പുകൾ (ഇൻലൈൻ ഡ്രിപ്പറുകൾ) കൃഷിയിടത്തിലെ ഓരോ വിളയുടെയും ചുവട്ടിലേക്കു വിന്യസിച്ചിരിക്കും. ഭൂമിയുടെ ചെരിവിനും കിടപ്പിനും അനുസരിച്ചു മെയിൻ പൈപ്പുകൾ, സബ് മെയിൻ പൈപ്പുകൾ ചാലുകീറി കൃഷി തുടങ്ങുംമുമ്പേ വിന്യസിക്കുന്നു. പിന്നീട് ഉഴവു നടത്തുന്നതിനോ മറ്റു കൃഷിപ്പണികൾ ചെയ്യുന്നതിനോ ബുദ്ധിമുട്ടുണ്ടാവില്ല. വിളകൾക്ക് അനുസരിച്ചു വാരങ്ങൾ എടുത്തു കായ്കറികളും ഇടവിളകളും വാഴയും നടാം. തെങ്ങിനും ഫലവൃക്ഷങ്ങൾക്കുമൊക്കെ തുള്ളിനന സാധ്യമാണ്.

മെയിൻ പൈപ്പുകളിലും സബ് മെയിൻ പൈപ്പുകളിലും വിളയുടെ അകലമനുസരിച്ച് ഇൻലൈൻ ഡ്രിപ്പറുകൾ എന്ന കുഞ്ഞൻ കുഴലുകൾ പിടിപ്പിക്കുകയും ആവശ്യാനുസരണം നീളത്തിൽ ഓരോ ചെടിച്ചുവട്ടിലേക്കും വലിച്ചിടുകയും ചെയ്യാം. ഓരോ വിളയുടെയും അകലമനുസരിച്ചുള്ള ഇൻലൈൻ ഡ്രിപ്പറുകൾ വിപണിയിൽ ലഭ്യമാണ്. ഓരോ കൃഷി കഴിഞ്ഞും ഈ കുഞ്ഞൻ കുഴലുകൾ ചുരുട്ടി മാറ്റി ഉഴവു നടത്തി കൃഷി തുടരാനാവും.

ഒരു ഹൈസ്പീഡ് മോട്ടോർ ജലസ്രോതസ്സിൽനിന്നു നേരിട്ടു വെള്ളം വലിച്ചെടുത്ത് പ്രത്യേക അരിപ്പകൾ ഉപയോഗിച്ച് അരിച്ച വെള്ളമാണു ചെടിച്ചുവട്ടിൽ എത്തുന്നത്. ഇത്തരത്തിൽ ഘനലോഹങ്ങളുടെ സാന്നിധ്യം ഒഴിവാക്കാനും കഴിയും. കൃത്യതാക്കൃഷിയിലെ നനയ്ക്ക് ഓവർ ഹെഡ് ടാങ്ക് ആവശ്യമില്ല.

drip-irrigation-in-cassava-tapioca-farm മരച്ചീനിക്കും തുള്ളിനന സംവിധാനം

വെള്ളത്തോടൊപ്പം വളം നൽകാനുള്ള സംവിധാനത്തിനു ‘വെൻച്യുറി യൂണിറ്റ്’ എന്നാണ് പേര്. ഒരു ബക്കറ്റിൽ കലക്കി വച്ചിരിക്കുന്ന വളത്തിലേക്കു വെൻച്യുറി പൈപ്പ് താഴ്ത്തിവച്ചു കൊടുത്താൽ മുഴുവൻ ചെടികൾക്കും വേണ്ട വളം നൽകാം. ഒരു തോട്ടത്തിലെ മുഴുവൻ ചെടികൾക്കും ഒരേ മർദത്തിൽ വെള്ളം ലഭിക്കുന്നതറിയാൻ ‘പ്രഷർ ഗേജ്’ എന്ന ഉപകരണം ഘടിപ്പിച്ചിരിക്കണം.

കൃത്യതാക്കൃഷി നടത്താൻ നല്ല പരിശീലനം നേടിയിരിക്കണം. വിദഗ്ധ ടെക്‌നീഷന്റെ സഹായത്താടെ വേണം പ്രിസിഷൻ സംവിധാനം ഒരുക്കാന്‍. ഗുണമേൻമയുള്ള പ്ലംബിങ് സാമഗ്രികൾതന്നെ ഉപയോഗിക്കുകയും ചെയ്യണം. ഇടയ്ക്കിടയ്ക്ക് പൈപ്പുകൾ വൃത്തിയാക്കണം. പൈപ്പിനുള്ളിൽ കട്ടപിടിച്ചാൽ വെള്ളമൊഴുക്ക് ഉണ്ടാവില്ല. ശ്രദ്ധയോടെ പരിപാലിച്ചാല്‍ ഈ സംവിധാനം ഉപയോഗിച്ചു പത്തു വർഷംവരെ കൃ‍ഷി ചെയ്യാൻ സാധിക്കും.

cassava-tapioca-farm മരച്ചീനിക്കും തുള്ളിനന സംവിധാനം

തുറന്ന കൃത്യതാക്കൃഷിക്കു സാമ്പത്തിക ആനുകൂല്യങ്ങൾ കൃഷിഭവൻ മുഖേന ലഭ്യമാണ്. സമഗ്ര പച്ചക്കറി കൃഷി വികസനം, ഹോർട്ടികൾച്ചർ മിഷൻ എന്നീ പദ്ധതികളിലൂടെയാണ് ആനുകൂല്യങ്ങൾ ലഭിക്കുന്നത്.

വടകരപ്പതിയിൽ ഏക്കറു കണക്കിനു തെങ്ങും, വാഴയും, ഇടവിളകളും, പച്ചക്കറികളും തുള്ളിനനരീതിയിൽ കൃഷിചെയ്തുവരുന്നു. നെല്ലുപോലും ഈ രീതിയിൽ ഇവിടെ  കൃഷിചെയ്യുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കർഷകോത്തമ അവാർഡ് നേടിയ പെരുമാട്ടിയിലെ കൃഷ്ണനുണ്ണി കഴിഞ്ഞ സീസണില്‍ രണ്ടാംവിള നെൽകൃഷി എട്ടേക്കറിൽ ചെയ്തത് തുള്ളിനന രീതിയിലാണ്. വിളവിൽ ഒട്ടും കുറവുണ്ടായതുമില്ല.

വിലാസം: കൃഷി ഓഫിസർ, കൃഷിഭവൻ, വടകരപ്പതി, കോഴിപ്പാറ പി.ഒ., പാലക്കാട്.