Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃഷിയിടം ഉപയുക്തമാക്കാൻ

chekkadi-vegetable-cultivation Representative image

കൃഷിയും നിയമവും ∙ ഉത്തരങ്ങൾ തയാറാക്കിയത്: അഡ്വ. വി.കെ സത്യവാൻ നായർ

തൊഴിലാളികളെ കിട്ടാത്തതിനാൽ എന്റെ രണ്ടേക്കർ ഭൂമിയിൽ കൃഷി മുടങ്ങിക്കിടക്കുകയായിരുന്നു. തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തി 33 തൊഴിലാളികൾ രണ്ടു ദിവസത്തേക്ക് എന്റെ ഭൂമിയിൽ ചില ജോലികൾ ചെയ്തു. 2000 രൂപ അവർക്കു പലഹാരം മേടിക്കാൻ ചെലവായതല്ലാതെ സ്ഥലം കൃഷിയോഗ്യമായില്ല. തൊഴിലാളികള്‍ എന്താണു ചെയ്യുന്നതെന്നു പരിശോധിക്കാൻ പഞ്ചായത്തിൽനിന്ന് ആരും വന്നതുമില്ല. തൊഴിലുറപ്പു പദ്ധതിപ്രകാരം വരുന്നവർ കൃഷിയിടം കൃഷിയോഗ്യമാക്കിത്തരേണ്ടതല്ലേ.

പി.എൻ. ഇന്ദ്രസേനൻ, മണ്ണഞ്ചേരി, ആലപ്പുഴ.

നിങ്ങളുടെ രണ്ടേക്കർ ഭൂമി നെല്‍കൃഷി ചെയ്യുന്ന നിലമാണോ, കൃഷിക്കുപയുക്തമല്ലാത്ത ചതുപ്പുനിലമാണോ, കരഭൂമിയാണോ എന്നൊന്നും വ്യക്തമാക്കിയിട്ടില്ല. നിങ്ങളുടെ സ്ഥലം കൃഷിയോഗ്യമാക്കിത്തരാൻ തൊഴിലുറപ്പു പദ്ധതിയിലുള്ളവര്‍ക്ക് നിയമപരമായി ബാധ്യതയില്ല. നിങ്ങൾക്കു പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട പഞ്ചായത്തിനോ വകുപ്പുദ്യോഗസ്ഥർക്കോ കൊടുക്കാം.

കുടുംബവസ്തു സ്വന്തമാകാൻ

ഞങ്ങളുടെ കുടുംബവസ്തുവിന്റെ കൂടെ അച്ഛന്റെ അനിയന്റെ 10 സെന്റ് വസ്തുകൂടി ഉണ്ട്. അച്ഛന്റെ അനിയൻ അമേരിക്കയിൽ ആയിരുന്നു. അവിടെവച്ചു മരിച്ചുപോയി. വസ്തുവിന്റെ അവകാശം മരിക്കുന്നതിനു മുൻപേ തീരുമാനിച്ച് അച്ഛന്റെ അനിയന്റെ ഭാര്യയെ അറിയിച്ചിട്ടുണ്ട്. വസ്തു ഞാനുൾപ്പെടെയുള്ള ഏഴു സഹോദരങ്ങൾക്കുംകൂടി തരാനാണ് ആ തീരുമാനം. എന്നാൽ മറ്റു സഹോദരങ്ങൾക്ക് ഈ വസ്തു വേണ്ട. ഈ വസ്തു എന്റെ പേരിൽ ആക്കിക്കിട്ടാൻ എന്താണു വഴി. അച്ഛന്റെ അനിയന്റെ പേരിലുള്ള വസ്തു എങ്ങനെ അച്ഛന്റെ അനിയന്റെ ഭാര്യയ്ക്ക് എന്റെ പേരിൽ എഴുതിത്തരാൻ പറ്റും. എന്തൊക്കെയാണ് അതിനു വേണ്ട രേഖകൾ. ആ വസ്തു കിട്ടുകയാണെങ്കിൽ റജിസ്ട്രേഷൻ ഓഫിസിൽ എത്ര പണം അടയ്ക്കേണ്ടി വരും. വെൽത്ത് / ഇന്‍കം / ഗിഫ്റ്റഡ് ടാക്സ് അടയ്ക്കേണ്ടി വരുമോ?

ജോർജ് ജേക്കബ്, മാവേലിക്കര

നിങ്ങളുടെ പിതൃസഹോദരന്റെ സ്വത്തുക്കൾ അദ്ദേഹത്തിന്റെ മരണശേഷം ഇന്ത്യൻ പിന്തുടർച്ചാ നിയമത്തിലെ വ്യവസ്ഥകളിൽ പറഞ്ഞിട്ടുള്ള അവകാശികൾക്കു ലഭിക്കും. വിൽപത്രം എഴുതിയിട്ടുണ്ടെങ്കിൽ വിൽപത്രത്തിൽ പറഞ്ഞിട്ടുള്ള അവകാശികള്‍ക്കാണ് സ്വത്തു കിട്ടുക. പിതൃസഹോദരന്‍റെ ഭാര്യയെ അയാൾ തന്റെ തീരുമാനം അറിയിച്ചിട്ടുണ്ടെന്നു പറഞ്ഞതുകൊണ്ട് ഇപ്പോൾ ഒരു പ്രയോജനവുമില്ല. നിയമപരമായ അവകാശികൾ ചേർന്നു സ്വത്തുക്കൾ ഭാഗിച്ച് ആധാരം റജിസ്റ്ററാക്കുക മാത്രമേ പോംവഴിയുള്ളൂ. മക്കൾ ഉണ്ടാകാതെയാണു മരിക്കുന്നതെങ്കിൽ ഭാര്യയ്ക്ക് പകുതി സ്വത്തിന് അവകാശമുണ്ട്. ബാക്കി പകുതി അടുത്ത രക്തബന്ധുക്കളായ സഹോദരങ്ങൾക്കു ലഭിക്കും. അവരിൽ ആരെങ്കിലും മരിച്ചുപോയിട്ടുണ്ടെങ്കിൽ അവർക്കു കിട്ടേണ്ട ഓഹരി അവരുടെ മക്കൾക്കു ലഭിക്കും. ഭാര്യയ്ക്കുള്ള പകുതി അവകാശം മറ്റൊരാൾക്ക് എഴുതിക്കൊടുക്കാൻ അവർക്ക് അവകാശമുണ്ട്. അപ്രകാരം എഴുതിവാങ്ങുന്നയാൾക്ക് അതനുസരിച്ച് വസ്തു ഭാഗിച്ചുകിട്ടണമെങ്കിൽ മറ്റെല്ലാ അവകാശികളും ചേര്‍ന്നു ഭാഗാധാരം റജിസ്റ്റർ ചെയ്യണം. അതിന് കൂട്ട് ഉടമസ്ഥയ്ക്കു സമ്മതമില്ലെങ്കിൽ കോടതിയിൽ വ്യവഹാരപ്പെടേണ്ടിവരും. ഏതായാലും പിതൃസഹോദരന്റെ സ്വത്തുക്കൾ നിങ്ങൾക്കു മുഴുവനായി എഴുതിത്തരാൻ പിതൃസഹോദരന്റെ ഭാര്യയ്ക്ക് അവകാശമില്ല.

നിയമപ്രശ്നങ്ങൾക്കു പരിഹാരം

ഈ പംക്തിയിൽ പരാമർശിക്കുന്ന തരത്തിലുളള നിയമപ്രശ്നങ്ങൾ കർഷകർ ദിനംപ്രതി നേരിടുന്നുണ്ട്. വിശദാംശങ്ങൾ സഹിതം അയച്ചുതരുക.

വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം.

ഇ–മെയിലായും ചോദ്യങ്ങൾ അയയ്ക്കാം. വിലാസം: karsha@mm.co.in