കൂർക്കയുടെ കിഴങ്ങുകള്‍ മുളപ്പിച്ചുള്ള വള്ളികൾ ജൂലൈ മുതൽ ഒക്ടോബർവരെ മാസങ്ങളിൽ കൃഷിസ്ഥലത്ത് നട്ട് കൃഷിയിറക്കുന്നു. വെള്ളം കെട്ടിനിൽക്കാതെ വാർന്നുപോകാൻ സൗകര്യമുള്ളതും വളക്കൂറുള്ളതുമായ സ്ഥലം കൃഷിക്കായി തിരഞ്ഞെടുക്കുക. കൂർക്കയിലെ രണ്ടു പ്രധാനയിനങ്ങളാണ് ശ്രീധരയും നിധിയും.
വള്ളി മുറിച്ച് എടുക്കുന്നതിന് ഒരു മാസം മുൻപ് നഴ്സറി തയാറാക്കണം. ഒരു ഹെക്ടർ സ്ഥലത്തെ കൃഷിക്കാവശ്യമായ നടീൽ തലകൾക്കുവേണ്ടി 500 മുതൽ 600 ച.മീറ്റർ നഴ്സറി ആവശ്യമാണ്. നഴ്സറിയിൽ സ്ഥലം ഒരുക്കുന്നതോടൊപ്പം 125–135 കി.ഗ്രാം കാലിവളം അടിസ്ഥാന വളമായി ചേർക്കണം. 30 സെ.മീ അകലത്തിലെടുത്തിട്ടുള്ള വരമ്പുകളിൽ 15 സെ.മീ അകലത്തിൽ വിത്തുകൾ പാകാം. മേൽക്കൊടുത്ത വലുപ്പമുള്ള നഴ്സറിക്ക് 170–200 കി.ഗ്രാം വിത്ത് വേണ്ടിവരും. വിത്തിട്ടു മൂന്നാഴ്ച കഴിയുന്നതോടെ 10–15 സെ.മീ. നീളമുള്ള കഷണങ്ങളായി വള്ളികൾ മുറിച്ചെടുക്കണം. കിളച്ചൊരുക്കിയ സ്ഥലത്ത് 30 സെ.മീ അകലത്തിൽ 60–90 സെ.മീ വീതിയിൽ വാരങ്ങളെടുത്ത് 30X15 സെ.മീ അകലം നൽകി വള്ളികൾ നടുക.
വളപ്രയോഗം (ഹെക്ടറിന്): കാലിവളം 10 ടൺ, യൂറിയ 65 കി.ഗ്രാം, രാജ്ഫോസ് 300 കി.ഗ്രാം, പൊട്ടാഷ് വളം 80 കി.ഗ്രാം എന്നിവ നിലമൊരുക്കുന്നതിനോടൊപ്പം ചേർക്കുക. നട്ട് 45–ാം ദിവസം മേൽവളമായി യൂറിയ 65 കി.ഗ്രാം, പൊട്ടാഷ് വളം 80 കി.ഗ്രാം കൂടി ചേർക്കണം. കളയെടുപ്പും മണ്ണടുപ്പിക്കലും ആവശ്യമെങ്കിൽ യഥാസമയം നടത്തണം. വള്ളി നട്ട് അഞ്ചു മാസമാകുന്നതോടെ വിളവെടുക്കാം.