കൂവയുടെ ഇംഗ്ലീഷ് പേരാണ് ആരോറൂട്ട്. ഇതിന്റെ കിഴങ്ങാണ് ഉപയോഗയോഗ്യമായ ഭാഗം. ഇതു സംസ്കരിച്ചെടുക്കുന്ന നൂറ് അഥവാ പൊടി തീരെ സൂക്ഷ്മമായ തരികളോടെയുള്ളതാണ്. പെട്ടെന്ന് ദഹിക്കുമെന്നതിനാൽ കുഞ്ഞുങ്ങൾക്കും നൽകാവുന്ന ആഹാരമാണിത്. ചുരുക്കത്തിൽ ഔഷധഗുണമുള്ള ഒരു ഭക്ഷ്യയോഗ്യമായ കിഴങ്ങുവിളയാണ് കൂവ.
കൂവയുടെ നടീൽവസ്തു അതിന്റെ കിഴങ്ങാണ്. രോഗവിമുക്തമായതും ആരോഗ്യത്തോടെ വളരുന്നതുമായ സ്ഥലത്തുനിന്നും വിത്തിനായി കിഴങ്ങുകൾ ശേഖരിക്കുക. മുളയ്ക്കാൻ ശേഷിയുള്ള ഒരു മുകുളം ഓരോ കഷണം നടീൽവസ്തുവിലുമുണ്ടാകണം. കിളച്ചൊരുക്കിയ സ്ഥലത്ത് 5x30 സെ.മീ അകലത്തിൽ ചെറു കുഴികളെടുത്ത് നടീൽവസ്തു മുകുളം മുകളിലേക്കാക്കി നടുക. ഇതു മറയത്തക്ക വിധം ചാണകപ്പൊടി ഇട്ട് കരിയില അല്ലെങ്കിൽ വൈക്കോൽകൊണ്ട് പുതയിടണം. കളയെടുപ്പ് രണ്ടോ മൂന്നോ തവണ വേണ്ടിവരും. ഇതോടൊപ്പം മണ്ണടുപ്പിക്കുകയും വേണം.
രാസവളശുപാർശ എൻപികെ വളങ്ങൾ ഹെക്ടറിനു യഥാക്രമം 50:25:75 കി.ഗ്രാം.
നട്ട് ഏഴു മാസമാകുന്നതോടെ വിളവെടുക്കാം. ഇലകൾ കരിഞ്ഞ് അമരുന്നതാണ് വിളവെത്തിയതിന്റെ ലക്ഷണം. കിഴങ്ങുകൾ മുറിയാതെ താഴ്ത്തി കിളച്ചെടുക്കുക. വേരും തണ്ടും നീക്കി വെടിപ്പാക്കി കിഴങ്ങുകൾ ഉണക്കി സൂക്ഷിക്കാം. ഒരു ഹെക്ടറിൽ നിന്ന് 47 ടൺ വരെ വിളവു ലഭിക്കാം. ഇതിൽനിന്നു പ്രതീക്ഷിക്കാവുന്ന കൂവപ്പൊടി ഏഴു ടണ്ണും.