തെങ്ങിൻതോപ്പുകളിൽ കളകൾ കയറാതെ സംരക്ഷിച്ചാലത് തെങ്ങിന്റെ വിളവുശേഷി മെച്ചപ്പെടുത്തും. കളകൾ തെങ്ങുകൾക്കു ലഭിക്കേണ്ട ജലവും മൂലകങ്ങളും അപഹരിക്കുന്നതിനാൽ ഇനി പറയുന്ന നിയന്ത്രണമാർഗങ്ങൾ തെങ്ങുകൃഷിക്കാർ സ്വീകരിക്കുക.
∙ ഉഴുതോ കിളച്ചോ കളകൾ നീക്കുക. ഇതിനായി ആണ്ടിൽ രണ്ടു തവണ മണ്ണിളക്കുക.
∙ കാലവർഷത്തിനു മുമ്പും തുലാവർഷാരംഭത്തിലുമാണ് മണ്ണ് ഇളക്കേണ്ടത്.
∙ തെങ്ങിൻതോപ്പ് ചരിവുള്ള പ്രദേശമെങ്കിൽ ചരിവിനു കുറുകെവേണം ഉഴവു നടത്താൻ.
കളനാശിനി ഉപയോഗിച്ചും കളകളെ നിയന്ത്രിക്കാമെങ്കിലും ചുവട് ഇളക്കി മണ്ണിൽ തന്നെ യോജിപ്പിച്ച് ചീയുന്നതിനിടയാക്കുന്നതായിരിക്കും നല്ലത്.
തെങ്ങിൻതോട്ടങ്ങളിൽ കൊത്തും കിളയും
തെങ്ങിന്റെ വേരോട്ടം സുഗമമാക്കാനും വളർച്ച പെട്ടെന്നാകാനും മണ്ണിന്റെ സ്വഭാവം അനുകൂലമാക്കാൻ കൊത്തും കിളയും സഹായമാകുന്നു. കൂടാതെ മണ്ണിൽ വായുസഞ്ചാരം വർധിക്കുന്നതിനും താപനില ക്രമീകരിക്കപ്പെടുന്നതിനും മണ്ണിലൂടെ മഴവെള്ളം ഊർന്നിറങ്ങുന്നതിനും കളവളർച്ച നിയന്ത്രിക്കപ്പെടുന്നതിനും കൊത്തും കിളയും ഉപകരിക്കും.
തെങ്ങിനു പുതയിടൽ
മണ്ണിലെ ഈർപ്പം നഷ്ടപ്പെടാതെ നിലനിർത്താൻ പറ്റിയ മാർഗമാണ് പുതയിടൽ. ഇതിനായി കരിയില, ചപ്പുചവറുകൾ, പച്ചിലവിളകൾ പിഴുതെടുത്തത്, തെങ്ങിന്റെ തന്നെ തൊണ്ട്, ഓലകൾ തുടങ്ങിയ അവശിഷ്ടങ്ങൾ ഉപയോഗിക്കാവുന്നതാണ്. തൊണ്ട് ആകുമ്പോൾ തടം മുഴുവൻ കമഴ്ത്തി അടുക്കണം. പുതയിടേണ്ട സമയം തുലാവർഷം അവസാനിക്കുന്നതിനു മുമ്പ്. പുതയിടുന്നതുമൂലം ഈർപ്പസംരക്ഷണം സാധ്യമാകുന്നു എന്നതിനു പുറമേ കളവളർച്ച നിയന്ത്രിക്കുകയും കാലക്രമത്തിൽ അവ തെങ്ങിനുള്ള വളമായിതീരുകയും ചെയ്യും. ഒരു തെങ്ങിന് ഒരു വർഷത്തേക്കു ശുപാർശ ചെയ്തിട്ടുള്ള ജൈവവള തോത് 25 മുതൽ 50 കി.ഗ്രാം വരെ എന്നതും അറിയുക.