കൃഷിയും നിയമവും ∙ ഉത്തരങ്ങൾ തയാറാക്കിയത്: അഡ്വ. വി.കെ സത്യവാൻ നായർ
ഞാൻ 2016 ജൂണിൽ ഒരു വീടു വയ്ക്കാൻ ശ്രമം തുടങ്ങി. വീടു വയ്ക്കുന്ന സ്ഥലത്തേക്ക് അടുത്ത പുരയിടത്തിലെ (സർക്കാർ വക സ്ഥലം) ഒരു വലിയ മരത്തിന്റെ ശാഖകള്‍ താഴ്ന്നു നിൽക്കുന്നതിനാൽ അത് മുറിക്കാനായി ബന്ധപ്പെട്ട ഓഫിസർ (DFO) മുമ്പാകെ 2016 ജൂണിൽ അപേക്ഷ കൊടുത്തു. എന്നാൽ ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. പല തവണ നേരിട്ടും ഇ–മെയിൽ വഴിയും ബന്ധപ്പെട്ടു. എങ്കിലും ഒരു പുരോഗതിയുമില്ല. അതേ സമയം എന്റെ വീടിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഇനി മരം മുറിക്കുമ്പോൾ നാശനഷ്ടമുണ്ടാകാം. പ്രശ്ന പരിഹാരത്തിന് ഞാൻ ആരെയാണ് സമീപിക്കേണ്ടത്.
രാംദാസ് നാരായണൻ
അടുത്ത പുരയിടത്തിലെ ‘സർക്കാർ വക സ്ഥലം’ എന്നു മാത്രം പറഞ്ഞിരിക്കുന്നതുകൊണ്ട് ഭൂമി ഏതു വകുപ്പിന്റെ അധീനതയിലാണെന്നു വ്യക്തമല്ല. 1957ലെ കേരള ഭൂസംരക്ഷണ നിയമത്തിൽ സർക്കാർ വക സ്ഥലവും പുറമ്പോക്കുകളും നിർവചിച്ചിട്ടുണ്ട്. പിഡബ്ലിയുഡിയുടെ അധീനതയിലുള്ള റോഡ് പുറമ്പോക്ക്, തദ്ദേശ സ്വയംഭരണ സ്ഥാപന (പഞ്ചായത്ത്, മുനിസിപ്പാലിറ്റി) നിയന്ത്രണത്തിലുള്ള പുറമ്പോക്ക്, റവന്യൂ പുറമ്പോക്ക് തുടങ്ങി പുറമ്പോക്കു തന്നെ പലതരത്തിലുണ്ട്. ഇവയിൽ ഏതിൽപ്പെട്ടതാണ് വിവാദ മരം നിൽക്കുന്ന ഭൂമിയെന്നു വില്ലേജ് ഓഫിസിൽനിന്ന് അറിയാം. അത് അറിയാൻ ബന്ധപ്പെട്ട അധികാരിക്കു പരാതി കൊടുക്കാം. സബ് ഡിവിഷണൽ മജിസ്ട്രേട്ടിനും (ആർ.ഡി.ഒ) ശല്യം ഒഴിവാക്കിത്തരാൻ അധികാരമുണ്ട്. ജില്ലാ കലക്ടർക്കും ബന്ധപ്പെട്ട വകുപ്പിന് നിർദേശം കൊടുക്കാം. ഇതുകൊണ്ടൊന്നും പരിഹാരമാകുന്നില്ലെങ്കിൽ കോടതിയെ സമീപിക്കേണ്ടിവരും. സർക്കാർ വക സ്ഥലത്തെ മരങ്ങളുടെ ശാഖകൾ വെട്ടിമാറ്റുന്നതിന് സ്വകാര്യ വ്യക്തിക്ക് അവകാശമില്ല.
മരം വെട്ടാതിരിക്കാൻ
ഞങ്ങളുടെ പറമ്പിന്റെ അതിർത്തിയിലായി രണ്ട് പ്രിയോർ മാവുകളുണ്ട്. അതിൽനിന്ന് മാങ്ങകൾ പഴുത്ത് അയൽപറമ്പുകളിൽ വീഴാറുണ്ട്. ഒരു അയൽക്കാരി ആ മാവുകൾ വെട്ടി മാറ്റാൻ നിർബന്ധിക്കുന്നു. 25 വര്‍ഷത്തോളം പഴക്കമുള്ള ഈ മാവുകൾ കായ ബലത്തെക്കാളുപരി നല്ല തണൽ നല്‍കുന്നുണ്ട്. പ്രകൃതിസ്നേഹിയായ എനിക്ക് മാവിൽനിന്നുള്ള വരുമാനത്തെക്കാളും അതിന്റെ പരിരക്ഷയാണു പ്രധാനം. ലോകം മുഴുവനും മരം നടാൻ പറയുന്ന ഈ കാലത്ത്, അതു വെട്ടാൻ പ്രേരിപ്പിക്കുന്നവരോട് എന്താണ് സമാധാനം പറയുക. എന്നെപ്പോലെ പ്രതിസന്ധിയിലുള്ള ഒട്ടേറെപ്പേരുണ്ടാവും. എല്ലാവർക്കുമായി മറുപടി പ്രതീക്ഷിക്കുന്നു.
അനിൽ ജി. തളിക്കുളം
ചോദ്യകർത്താവ് ഉന്നയിച്ച പ്രശ്നവും പ്രകൃതിസ്നേഹി എന്ന നിലയിൽ പ്രകടിപ്പിച്ച വികാരവും മനസ്സിലാക്കുന്നു. വർത്തമാനകാലം നേരിടുന്ന വലിയ ഭീഷണി കാലാവസ്ഥാ വ്യതിയാനമാണെന്നും വിവേചനരഹിതമായി മരങ്ങള്‍ വെട്ടിമാറ്റുന്നതും നശിപ്പിക്കുന്നതും ഗൗരവപൂർവം കാണേണ്ടതാണെന്നുള്ളതിൽ സംശയമില്ല. എന്നാൽ ആർക്കും എവിടെയും മരം നട്ടുപിടിപ്പിക്കാൻ സ്വാതന്ത്ര്യം നിയമം നൽകുന്നില്ല. പ്രസക്തമായ ചില നിയമങ്ങളെപ്പറ്റി പരാമർശിക്കാം.
ഒരു വ്യക്തിക്ക് തന്റെ വസ്തു നിയമാനുസൃതമുള്ള ഏതാവശ്യത്തിനും യഥേഷ്ടം ഉപയോഗിക്കാനും പരമാവധി അനുഭവസൗകര്യങ്ങൾക്കു കോട്ടം വരാതെ പരിരരക്ഷിക്കാനും അനിഷേധ്യമായ അവകാശമുണ്ട്. ഈ അവകാശം സ്വാഭാവികമായി സിദ്ധിക്കുന്നതാണ്. അയൽ വസ്തു ഉടമയ്ക്കും ഈ അവകാശം ഉണ്ടെന്ന് ഓർമിക്കുക. അതുകൊണ്ട് വസ്തു ഉടമയെന്ന അവകാശം നമ്മൾ ഉപയോഗിക്കുമ്പോൾ അയൽവസ്തു ഉടമയ്ക്ക് സ്വാഭാവികമായി സിദ്ധിച്ചിട്ടുള്ള അനുഭവ സൗകര്യങ്ങൾക്കു ഹാനികരമായ വിധത്തിൽ പ്രവർത്തിക്കാൻ നിയമം അനുവദിക്കുന്നില്ല. രണ്ടു പേരുടെയും അവകാശങ്ങൾ തമ്മിൽ പൊരുത്തപ്പെടാതെ വരുമ്പോഴാണ് അയൽപക്ക വഴക്കുകൾ ഉണ്ടാകുക.
നമ്മുടെ വസ്തുവിൽ മരം വച്ചു പിടിപ്പിക്കുമ്പോൾ അതു ഭാവിയിൽ അയൽവസ്തു ഉടമയ്ക്ക് ശല്യമാകരുത്. മറ്റൊരു പുരയിടത്തിലേക്കു ചാഞ്ഞു നിൽക്കുന്ന മരങ്ങളും ശാഖകളും പലപ്പോഴും തർക്കത്തിലേക്കും വഴക്കിലേക്കും നയിക്കും. പടർന്നു വളരുന്ന മരങ്ങൾ അതിരിൽ വച്ചു പിടിപ്പിക്കാതിരിക്കുകയാണു നല്ലത്. ഇപ്പോൾ മിക്ക വീടുകളും ചെറിയ ചെറിയ പ്ലോട്ടുകളിലാണെന്നും ഓർക്കുക. അയൽപക്കത്തുളളവർക്ക് ഉപദ്രവകരമാകാത്ത രീതിയിലേ നമ്മളുടെ വസ്തു ഉപയോഗിക്കാവൂ.
അയൽപക്കത്തേക്കു ചാഞ്ഞു നിൽക്കുന്ന മരങ്ങളോ ശല്യം ചെയ്യുന്ന ശാഖകളോ മുറിച്ചു മാറ്റുന്നതിന് വിവിധ നിയമ നടപടികൾ പരാതിക്കാർക്കു സ്വീകരിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ബാധകമായ നിയമങ്ങളിൽ ഇക്കാര്യം സംബന്ധിച്ചു പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്.
പഞ്ചായത്ത് ആക്ട് 238–ാം വകുപ്പനുസരിച്ച് ഏതെങ്കിലും വൃക്ഷമോ അതിന്റെ ശാഖയോ കായ്കളോ വീഴാനും തൻമൂലം ആർക്കെങ്കിലുമോ, എടുപ്പുകൾക്കോ, കൃഷിക്കോ ആപത്തുണ്ടാകാൻ ഇടയുണ്ടെന്നും ഗ്രാമപഞ്ചായത്തിനു ബോധ്യമായാൽ ഉചിതമായ നടപടികൾ സ്വീകരിക്കാം. മുനിസിപ്പാലിറ്റി നിയമത്തിലും ഇതുപോലെ വ്യവസഥ ചെയ്തിട്ടുണ്ട്.
മറ്റൊരു മാർഗം ക്രിമിനൽ നടപടി നിയമം 133–ാം വകുപ്പനുസരിച്ച് സബ്ഡിവിഷണൽ മജിസ്ട്രേട്ടിനെ (ആർ.ഡി.ഒ) സമീപിക്കുകയെന്നുള്ളതാണ്. അടുത്തുള്ളവരുടെ ജീവനോ, സ്വത്തിനോ സംഭവിച്ചേക്കാവുന്ന അപകടസാധ്യതയാണ് സബ്ഡിവിഷണൽ മജിസ്ട്രേട്ട് പരിഗണിക്കുന്നത്.
പരാതിക്കാരന് സിവിൽ കോടതിയെയും സമീപിക്കാം. മരം മുറിച്ചു മാറ്റണമെന്ന് ആജ്ഞാപിക്കാൻ കോടതിക്ക് അധികാരമുണ്ടെന്നു ഹൈക്കോടതി വിധികളുണ്ട്. മരമോ, ശാഖയോ അന്യപുരയിടത്തിലേക്ക് അതിക്രമിച്ചു നിൽപ്പുണ്ടെങ്കിൽ അയൽവസ്തുവിന്റെ ഉടമസ്ഥന് എന്തെങ്കിലും നഷ്ടം ഉണ്ടാകണമെന്നില്ല. എന്നാൽ മരം അയല്‍പുരയിടത്തിലേക്കു കടന്നു നിൽക്കുകയാണെന്നും അയൽവസ്തു ഉടമസ്ഥന്റെ അനുഭവ സൗകര്യങ്ങൾക്ക് അതു ഹാനികരമാണെന്നും തെളിയിച്ചാൽ വെട്ടിമാറ്റേണ്ടിവരും. മരമോ, ശാഖയോ അന്യപുരയിടത്തിലേക്കു കടന്നു നിൽക്കുന്നതുകൊണ്ട് ആ ഭാഗത്തു കൃഷി അസാധ്യമാകുന്നത് ഉദാഹരണം. പഴക്കമുള്ള വൃക്ഷമാണെന്നോ ഇതുവരെ അവിടെ കൃഷി ചെയ്തിട്ടില്ലെന്നോ പറയുന്നത് സമാധാനമല്ല. മരത്തിന്റെ പേരിലായാലും മറ്റൊരാളുടെ വസ്തുവിന്റെ അനുഭവസൗകര്യങ്ങൾക്കോ ഉപയോഗത്തിനോ തടസ്സമുണ്ടാക്കാൻ ആർക്കും അവകാശമില്ല.
നിയമപ്രശ്നങ്ങൾക്കു പരിഹാരം
ഈ പംക്തിയിൽ പരാമർശിക്കുന്ന തരത്തിലുളള നിയമപ്രശ്നങ്ങൾ കർഷകർ ദിനംപ്രതി നേരിടുന്നുണ്ട്. വിശദാംശങ്ങൾ സഹിതം അയച്ചുതരുക.
വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം.
ഇ–മെയിലായും ചോദ്യങ്ങൾ അയയ്ക്കാം. വിലാസം: karsha@mm.co.in