കൃഷിയും നിയമവും ∙ ഉത്തരങ്ങൾ തയാറാക്കിയത്: അഡ്വ. വി.കെ സത്യവാൻ നായർ
ഭൂവിനിയോഗവുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ കോടതിവിധികളുടെയും ഉത്തരവുകളുടെയും വിശദവിവരങ്ങൾ.
കേരള ഭൂവിനിയോഗ ഉത്തരവിനെ സംബന്ധിച്ച് 2015 സെപ്തംബർ രണ്ടിനു കേരള ഹൈക്കോടതിയുടെ ഒരു വിധി ഉണ്ടായിട്ടുണ്ട്. അതു വായനക്കാരുടെ ശ്രദ്ധയിൽ പെടുത്തുന്നു.
ഹർജിക്കാരൻ തലശ്ശേരി തിരുവങ്ങാട് വില്ലേജിലെ 5.54 ഏക്കർ ഭൂമിയുടെ ഉടമസ്ഥനാണ്. വളരെക്കാലമായി ഈ ഭൂമി യാതൊന്നും ചെയ്യാൻ പറ്റാത്ത ചതുപ്പുനിലമായിരുന്നു. മുൻകാലങ്ങളിൽ ആ സ്ഥലത്ത് ചെമ്മീൻ വളർത്തിയിരുന്നു. സമീപവസ്തുക്കളിൽനിന്ന് മണ്ണൊലിച്ചിറങ്ങി ഈ ചതുപ്പുനിലം ക്രമേണ നികന്നു. ഹർജിക്കാരൻ വസ്തു വാങ്ങുന്ന കാലത്ത് പ്രമാണത്തിൽ ചതുപ്പുനിലം (Marshy Land) എന്നാണ് രേഖപ്പെടുത്തിയിരുന്നത്. തന്റെ ഭൂമി സംരക്ഷിക്കുന്നതിനും വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും ചുറ്റുമതിൽ കെട്ടുന്നതിനുളള അനുവാദത്തിനുവേണ്ടിയുമുളള അപേക്ഷ ആർഡിഒയ്ക്കു കൊടുത്തു. അപ്രകാരം അനുവദിക്കുന്നതിനുളള അപേക്ഷ കൊടുക്കുന്നതിന് നിയമത്തിൽ വ്യവസ്ഥയൊന്നുമില്ല. എന്നാല്‍ ആർഡിഒ അപേക്ഷ നിരസിക്കുക മാത്രമല്ല ചെയ്തത്, 1967ലെ ഭൂവിനിയോഗ ഉത്തരവ് 4–ാം ഖണ്ഡികപ്രകാരം ഈ ഭൂമിയിൽ മത്സ്യകൃഷി (ചെമ്മീൻ) ചെയ്തുകൊള്ളണമെന്നു കാണിച്ച് 30 ദിവസത്തെ കാലാവധി വച്ച് ഒരു നോട്ടീസ് കൊടുക്കുകയും ചെയ്തു. നോട്ടീസനുസരിച്ച് പ്രവർത്തിച്ചില്ലെങ്കിൽ മത്സ്യകൃഷി ചെയ്യുവാനുളള അവകാശം ലേലം ചെയ്ത് കൊടുക്കുമെന്നും അറിയിച്ചിരുന്നു. വിവാദസ്ഥലം മത്സ്യകൃഷിക്ക് ഒട്ടും അനുയോജ്യമല്ലായിരുന്നു. ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. നിയമാനുസരണം ഉത്തരവിനെതിരായി അപ്പീൽ കൊടുക്കുന്നതിനും ഹർജിക്കാരന്റെ ആക്ഷേപം പരിഗണിച്ച് ന്യായമായ തീരുമാനം എടുക്കുന്നതിന് അപ്പീലധികാരിയോടു നിർദേശിച്ചും വിധിയായി.
കാര്യങ്ങൾ അതുകൊണ്ടവസാനിച്ചില്ല. അപ്പീലധികാരി ഹർജിക്കാരന്റെ തർക്കങ്ങൾ സ്വീകരിക്കാതെ കേസ് തീരുമാനത്തിനായി ആർഡിഒയ്ക്കു തന്നെ തിരികെ അയച്ചു. ഹർജിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഭൂവിനിയോഗ ഉത്തരവിലെ പ്രസക്തമായ വ്യവസ്ഥകൾ കോടതി പരിശോധിച്ചു.
1987ലെ ഭൂവിനിയോഗ ഉത്തരവിൽ ഭക്ഷ്യവിളകൾ (Food Crops) നിർവചിച്ചിട്ടുണ്ട്. അതിൽ മത്സ്യം ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു. 12–2–86 ലെ വിജ്ഞാപനം അനുസരിച്ചാണ് മത്സ്യം ഭക്ഷ്യവിളകളുടെ കൂടെ ഉൾപ്പെടുത്തിയത്. ഈ വിജ്ഞാപനം നിയമവിരുദ്ധമാണെന്നും മത്സ്യകൃഷി ഭക്ഷ്യവിളകളുടെ കൂടെ ഉൾപ്പെടുത്താനാവില്ലെന്നും ചെമ്മീൻ വളർത്തുന്നതിന് ഹർജിക്കാരനെ നിർബന്ധിക്കുവാൻ അവകാശമില്ലെന്നും കോടതി വിധിച്ചു. 12–2–86 ലെ വിജ്ഞാപനം കോടതി റദ്ദാക്കി. റവന്യൂ ഡിവിഷണൽ ഓഫീസർ കൊടുത്ത നോട്ടീസ് പ്രകാരം ചെമ്മീൻ കൃഷി ചെയ്യാനുളള അവകാശം ലേലം ചെയ്യാനുളള തീരുമാനവും അസ്ഥിരപ്പെടുത്തി. എല്ലാ ഭക്ഷണസാധനങ്ങളും ഭക്ഷ്യവിളയുടെ നിർവചനത്തിൽ പെടുത്താനാവില്ലെന്നു കോടതി കണ്ടു.
രണ്ടു പത്രവാർത്തകൾ
1. 24.10.2015 ലെ ഒരു പത്രത്തിൽ കേരള ഹൈക്കോടതിയുടെ മറ്റൊരു വിധിയെക്കുറിച്ച് വാർത്തയുണ്ട്. ഏതാണ്ട് 30 വർഷമായി തെങ്ങുകൃഷി ചെയ്യുന്ന പുരയിടം റവന്യൂരേഖകളിലും കരട് ഡേറ്റാബാങ്കിലും നിലമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സമീപസ്ഥലങ്ങളിലെല്ലാം കെട്ടിടങ്ങളുണ്ട്. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അവിടെ ഒരു Commercial Building പണിയുന്നതിനുളള അനുവാദത്തിന് അപേക്ഷ കൊടുത്തു. അത് നിരസിച്ചതിനെ തുടർന്ന് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. വസ്തുവിന്റെ ഇപ്പോഴത്തെ സ്ഥിതിയും പരിസരത്ത് കെട്ടിടങ്ങൾ പണിതിട്ടുണ്ടോ എന്ന വസ്തുതയും നെൽകൃഷി ചെയ്യാനുളള സാധ്യതകളും പരിശോധിച്ച് നെൽകൃഷിക്ക് ഉപയുക്തമല്ലെങ്കില്‍ കെട്ടിടം പണിയുന്നതിനുളള അനുവാദം കൊടുക്കണമെന്നു ഹൈക്കോടതി ഉത്തരവായിട്ടുണ്ട്.
2. രണ്ടാമത്തെ വാർത്ത 22.12.2015ലെ പത്രത്തിലാണ് കണ്ടത്. 2008നു മുമ്പ് നികത്തിയ പാടത്തിന്റെ ക്രമവൽക്കരണം പുതിയ ഭേദഗതി പ്രകാരം വേണമെന്നുളള കോടതിയുടെ നിർദേശത്തെപ്പറ്റിയാണ് ആ വാർത്ത. പുതിയ ഭേദഗതിയെപ്പറ്റി കഴിഞ്ഞ ലക്കത്തില്‍ പരാമർശിച്ചിട്ടുണ്ടായിരുന്നു. നെല്ല് ഒഴികെയുളള മറ്റു കാർഷികവിളകളെ സംബന്ധിച്ചിടത്തോളം ഭൂവിനിയോഗ ഉത്തരവിലെ വ്യവസ്ഥകൾ തന്നെയാണ് ബാധകമാകുക. 2008ന് മുൻപ് നികത്തിയ നെൽപ്പാടമാണെങ്കിൽ ഭൂവിനിയോഗനിയമപ്രകാരം നിലവിലുളള അപേക്ഷകൾ കളക്ടർക്കു തളളാം. നെൽവയൽ- തണ്ണീർത്തട സംരക്ഷണനിയമത്തിലെ ഭേദഗതിയനുസരിച്ച് നാലാം നമ്പർ ഫോറത്തിൽ അപേക്ഷ നല്‍കണം. കളക്ടർ പ്രാദേശികതല സമിതിയുടെ റിപ്പോർട്ടുവാങ്ങി കരട് ഡേറ്റാബാങ്കിൽ ഭൂമിയുടെ സ്വഭാവം പരിശോധിക്കുകയും നെൽപ്പാടം നികത്തിയ ഭൂമിയാണെന്നും ഡേറ്റാ ബാങ്കിൽ നെൽപ്പാടം എന്ന നിലയിൽ ഉൾപ്പെട്ടിട്ടില്ലെന്നും കണ്ടെത്തിയാൽ ന്യായവിലയുടെ 25 ശതമാനം ഈടാക്കി ക്രമവൽക്കരിച്ചു നൽകാം.
ഈ രണ്ടു പത്രവാര്‍ത്തകൾക്കും അടിസ്ഥാനമായ വിധിന്യായങ്ങളുടെ പൂർണരൂപം ലഭ്യമായിട്ടില്ലാത്തതിനാൽ ഇപ്പോൾ കൂടുതൽ വിശദീകരിക്കാനാവില്ല.
നിയമപ്രശ്നങ്ങൾക്കു പരിഹാരം
ഈ പംക്തിയിൽ പരാമർശിക്കുന്ന തരത്തിലുളള നിയമപ്രശ്നങ്ങൾ കർഷകർ ദിനംപ്രതി നേരിടുന്നുണ്ട്. വിശദാംശങ്ങൾ സഹിതം അയച്ചുതരുക.
വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം.
ഇ–മെയിലായും ചോദ്യങ്ങൾ അയയ്ക്കാം. വിലാസം: karsha@mm.co.in