Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡേറ്റാ ബാങ്കിൽ ഉൾപ്പെടുത്താൻ

file Representative image

കൃഷിയും നിയമവുംഉത്തരങ്ങൾ തയാറാക്കിയത്: അഡ്വ. വി.കെ സത്യവാൻ നായർ

മാറാടി വില്ലേജിലെ മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലുള്ള, എന്റെ എട്ടു സെന്റ് നികത്തുഭൂമി മൂവാറ്റുപുഴ കൃഷിഭവനിലെ കരട് ഡേറ്റാ ബാങ്കിൽ ഉൾപ്പെടാതെ, അടുത്ത പഞ്ചായത്തായ ആരക്കുഴയിലെ കൃഷിഭവൻ പ്രസിദ്ധീകരിച്ച ഫൈനൽ ഡേറ്റാ ബാങ്കിൽ ഒരേ സർവേ നമ്പറിൽ അയൽക്കാരന്റെ പേരിൽ ഉൾപ്പെട്ടിരിക്കുന്നു. എന്നാൽ എന്റെ ഭൂമി ഇയാൾ മുമ്പ് കൈവശം വച്ചിരുന്നുമില്ല. എന്റെ പേരിലുള്ള സ്ഥലം മൂവാറ്റുപുഴ കൃഷിഭവനിലെ ഡേറ്റാ ബാങ്കിൽ ഉൾപ്പെടുത്താൻ ഞാൻ അപേക്ഷ നൽകേണ്ടതുണ്ടോ.

സി.എ. ഷെമീർ, മൂവാറ്റുപുഴ

ആരക്കുഴ കൃഷിഭവൻ പ്രസിദ്ധീകരിച്ച ഫൈനൽ ഡേറ്റാ ബാങ്കിൽ വന്ന പിശകു തിരുത്തുന്നതിനും മൂവാറ്റുപുഴ കരട് ഡേറ്റാ ബാങ്കിൽ ഉൾപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനു മുമ്പ് ചില വസ്തുതകൾ കണക്കിലെടുക്കേണ്ടതുണ്ട്. റീസർവേയ്ക്കു ശേഷം ഒരു വസ്തുവിന്റെ സർവേ നമ്പർ നിർണയിക്കുന്നത് ആ വസ്തു ഏതു വില്ലേജിലും എത്രാമത്തെ ബ്ലോക്കിലും സ്ഥിതി ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. വിവരങ്ങൾ വില്ലേജ് ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള രേഖകളിൽ നിന്നു മനസ്സിലാക്കാം.

എന്നാൽ വില്ലേജ് അടിസ്ഥാനത്തിലല്ല ഡേറ്റാ ബാങ്ക് തയാറാക്കുന്നത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും (പഞ്ചായത്ത്–മുനിസിപ്പാലിറ്റി) ആധികാരികതയുള്ള പ്രദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഡേറ്റാ ബാങ്ക് അതത് പ്രാദേശികതല നിരീക്ഷണ സമിതി തയാറാക്കുന്നത്. കൃഷി ഓഫിസറാണ് ഈ സമിതിയുടെ കൺവീനർ. നിലവിലുള്ള റവന്യൂ രേഖകൾ പ്രകാരം കൃഷിയോഗ്യമായ നെൽവയലായി രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയുടെയും തണ്ണീർത്തടങ്ങളുടെയും വിശദാംശങ്ങൾ രേഖപ്പെടുത്തിയ കരടു ഡേറ്റാ ബാങ്ക് യുക്തമായ തിരുത്തലുകൾ വരുത്തി സാങ്കേതിക സഹായത്തോടെ പരിശോധിച്ച് അന്തിമ ഡേറ്റാ ബാങ്ക് തയാറാക്കുന്നു. നിങ്ങളുടെ എട്ടു സെന്റ് നികത്തു ഭൂമി, കൃഷിയോഗ്യമായ നെൽവയലോ തണ്ണീർത്തടമോ അല്ലാത്തതുകൊണ്ടാണ് മൂവാറ്റുപുഴ മുനിസിപ്പാലിറ്റി പ്രദേശത്ത് ആധികാരികതയുള്ള സമിതി ഡേറ്റാ ബാങ്കിൽ ഉൾപ്പെടാതിരുന്നത്. മറിച്ച് നിങ്ങളുടെ വസ്തു ആരക്കുഴ പഞ്ചായത്തിലാണെങ്കിൽ ആ വസ്തു തന്നെയാണോ അയൽക്കാരന്റെ പേരിൽ കാണിച്ചിരിക്കുന്നതെന്ന് റവന്യൂ രേഖകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെടണം. അതിനുശേഷം ആ തെറ്റ് തിരുത്താൻ നടപടി സ്വീകരിക്കണം. ഒരു സർവേ നമ്പർ ആണെന്ന് പറഞ്ഞതു കൊണ്ട് മാത്രമായില്ല.

വിൽപത്ര വ്യവസ്ഥകൾ

എന്റെ പിതാവ് വിൽപത്രപ്രകാരം അദ്ദേഹത്തിന്റെ വസ്തുക്കൾ എ, ബി എന്നീ അടയാളങ്ങളിട്ടു തിരിച്ച് എ അടയാളം എന്റെ ജ്യേഷ്ഠനും ബി അടയാളം എനിക്കും തന്നിട്ടുള്ളതാണ്. ജ്യേഷ്ഠനു ലഭിച്ച എ അടയാളത്തിൽ 107 സെന്റും പുരയും എനിക്കു ലഭിച്ച ബി അടയാളത്തിൽ ബി–1 ആയി 46 സെന്റും ബി–2 ആയി 52 സെന്റും എന്നിങ്ങനെ രണ്ടു വസ്തുക്കളാണ്. ബി–2 വസ്തു കുന്നാണ്. ഈ വസ്തുവിലേക്ക് നടവഴിയാണ് ഉള്ളത്.

എനിക്ക് ഇതുവരെയും സന്താനങ്ങൾ ഇല്ല. ഞാൻ സന്താനരഹിതനായി നിര്യാണപ്പെട്ടുപോയാൽ ബി അടയാളം 2–ാം നമ്പർ വസ്തുവിന്റെ നേർപകുതി കൂടി എന്റെ ജ്യേഷ്ഠനു ചേരുന്നതാണ് എന്ന് വിൽപത്രത്തിൽ എഴുതിയിട്ടുണ്ട്. എനിക്ക് ഒരു വീട് പണിയുന്നതിന്റെ ആവശ്യത്തിലേക്കായി ബി-2 വസ്തു വിൽക്കണം എന്നുണ്ട്. ഇപ്രകാരം വിൽക്കുന്നതിനു ജ്യേഷ്ഠന്റെ അനുവാദം വാങ്ങേണ്ടതുണ്ടോ. വിറ്റുകിട്ടുന്ന തുകയിൽ നേർപകുതി കൊടുക്കണമോ. ഞാൻ ജീവനോടെ ഇരിക്കുമ്പോൾ ടി വസ്തുവിലുള്ള മരങ്ങൾ ഉൾപ്പെടെയുള്ള ആദായങ്ങളുടെ പകുതി കൊടുക്കേണ്ട ആവശ്യം ഉണ്ടോ.

വർഗീസ് പി. മാത്യു, തിരുവല്ല.

വിൽപത്രം പൂർണമായി വായിച്ച് വിൽപത്ര കർത്താവിന്റെ ഉദ്ദേശ്യം എന്താണെന്ന് മനസ്സിലാക്കി വേണം അതിലെ വ്യവസ്ഥകൾ വ്യാഖ്യാനിക്കേണ്ടത്. ബി പട്ടികക്കാരൻ സന്താനരഹിതനായി മരിക്കുന്നതുവരെ ജ്യേഷ്ഠനിൽ നിക്ഷിപ്തമായ അവകാശങ്ങൾ ഒന്നും ഇല്ല. താങ്കളുടെ മരണശേഷം മാത്രമാണ് ബി-2 വസ്തുവിന്റെ നേർപകുതി ജ്യേഷ്ഠന് പൂർണാവകാശപ്പെട്ടു കിട്ടുന്നത്. നിങ്ങൾ തന്ന വിവരത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് ഈ അഭിപ്രായം പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ അഭിഭാഷകനെ വിൽപത്രം കാണിച്ച് ഉപദേശം തേടുക.

നിയമപ്രശ്നങ്ങൾക്കു പരിഹാരം

ഈ പംക്തിയിൽ പരാമർശിക്കുന്ന തരത്തിലുളള നിയമപ്രശ്നങ്ങൾ കർഷകർ ദിനംപ്രതി നേരിടുന്നുണ്ട്. വിശദാംശങ്ങൾ സഹിതം അയച്ചുതരുക.

വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം.

ഇ–മെയിലായും ചോദ്യങ്ങൾ അയയ്ക്കാം. വിലാസം: karsha@mm.co.in 

Your Rating: