Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീടനാശിനി വിൽപന സംബന്ധിച്ച നിയമങ്ങൾ

insecticide-pesticide-spray Representative image

കൃഷിയും നിയമവുംഉത്തരങ്ങൾ തയാറാക്കിയത്: അഡ്വ. വി.കെ സത്യവാൻ നായർ

രാസവളങ്ങളുടെയും കീടനാശിനികളുടെയും വിൽപന സംബന്ധിച്ച നിയമങ്ങൾ ഏതൊക്കെ. ഇത്തരം ഏതെങ്കിലും ഉൽപന്നത്തിന്റേതു മാത്രമായി ഒരു പ്രദേശത്ത് വിൽപന നിരോധിക്കാൻ സർക്കാരിന് അധികാരമുണ്ടോ?‌

എം. ജയചന്ദ്രൻ നായർ,
ചിറയിൽ വീട്, മങ്കൊമ്പ്, ആലപ്പുഴ.

കീടനാശിനികളുടെ ഇറക്കുമതി, നിർമാണം, വിൽപന, കടത്തിക്കൊണ്ടുപോകൽ, വിതരണം എന്നിവ സംബന്ധിച്ച് നിയമം (ദി ഇൻസെക്റ്റിസൈഡ്സ് ആക്ട്) 1968ലാണ് പാസാക്കിയത്. എന്നാൽ 1.3.71 ലാണ് കുറെ വകുപ്പുകൾ നടപ്പാക്കിയത്. ബാക്കി വകുപ്പുകൾ 1.8.1971 ൽ നടപ്പിൽ വന്നു. പിന്നീട് നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. ഈ നിയമത്തിനു കീഴിൽ കേന്ദ്രസർക്കാർ തന്നെ ചട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അതിനും പുറമേ, കേന്ദ്ര കീടനാശിനി ബോർഡുമായി ആലോചിച്ച് യുക്തമെന്നു തോന്നുന്ന ചട്ടങ്ങൾ ഉണ്ടാക്കാൻ സംസ്ഥാന സർക്കാരിന് അധികാരം കൊടുത്തിട്ടുണ്ട്. ഏതെല്ലാം കീടനാശിനികള്‍ക്കാണ് നിരോധനവും നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുള്ളത് എന്നു കാണിച്ച് ഒരു വിദഗ്ധ സമിതിയുടെ ശുപാർശ പ്രകാരം കേന്ദ്ര കൃഷിമന്ത്രാലയം ഉത്തരവുകൾ ഇറക്കിയിട്ടുണ്ട്.

കീടനാശിനി നിയമം അനുസരിച്ച് റജിസ്റ്റർ ചെയ്യാത്ത കീടനാശിനികള്‍ വിൽക്കുന്നതും സംഭരിക്കുന്നതും നിരോധിച്ചിട്ടുണ്ട്. കൂടാതെ, പൊതുസുരക്ഷയെ കണക്കിലെടുത്തും നിരോധനം ഏർപ്പെടുത്താം. സർക്കാർ ഗസറ്റിൽ വിജ്ഞാപനം ചെയ്താൽ മതി. 1919 ലെ വിഷം സംബന്ധിച്ച നിയമത്തിനു കീഴിൽ വിഷം കൈവശം വയ്ക്കുന്നതും വിൽപന നടത്തുന്നതും സംബന്ധിച്ച ചട്ടങ്ങൾ ഉണ്ട്. കേന്ദ്ര രാസവളം മന്ത്രാലയത്തെ സഹകരിപ്പിച്ച് ചീഫ് സെക്രട്ടറിമാരുടെയും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെയും യോഗം സുപ്രീംകോടതി നിർദേശപ്രകാരം 6.2.2013ൽ വിളിച്ചുകൂട്ടി. ആസിഡിന്റെ വിൽപന ഫലപ്രദമായി ക്രമീകരിക്കുന്നതിന് ആവശ്യമായ വ്യവസ്ഥകൾ ഉണ്ടാക്കുന്നതിനാണ് അപ്രകാരം യോഗം ചേർന്നത്. തുടർന്ന് മാതൃകാചട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

നിയമപ്രശ്നങ്ങൾക്കു പരിഹാരം

ഈ പംക്തിയിൽ പരാമർശിക്കുന്ന തരത്തിലുളള നിയമപ്രശ്നങ്ങൾ കർഷകർ ദിനംപ്രതി നേരിടുന്നുണ്ട്. വിശദാംശങ്ങൾ സഹിതം അയച്ചുതരുക.

വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം.

ഇ–മെയിലായും ചോദ്യങ്ങൾ അയയ്ക്കാം. വിലാസം: karsha@mm.co.in

Your Rating: