Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാളികേരത്തിന്റെ നല്ല മാറ്റങ്ങൾ

coconut-tree സങ്കര ഇനങ്ങളിലേക്കു ചുവടുമാറ്റം അനിവാര്യം

ആദ്യലക്കം മുതലുള്ള കർഷകശ്രീ ഭദ്രമായി ബയൻറ് ചെയ്തു സൂക്ഷിക്കുന്ന കർഷകസുഹൃത്തുക്കൾ 250 മാസം മുമ്പുള്ള കർഷകശ്രീ ഒന്നു പരിശോധിക്കൂ. കറിക്കരയ്ക്കാനും ആട്ടി വെളിച്ചെണ്ണയെടുക്കാനും മാത്രം ഉപയോഗിച്ചിരുന്ന നാളികേരത്തിൻറെ കൃഷി ആദായകരമാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയാണ് പ്രധാന ഉളളടക്കം.

അതിന്റെ സംഗ്രഹമിങ്ങനെ

തേങ്ങയുടെ വിലയല്ല തെങ്ങിൽ നിന്നുള്ള വരുമാനമാണ് പ്രധാനം. ഉൽപാദനക്ഷമതയുണ്ടെങ്കിൽ കുറഞ്ഞ വിലയിലും തെങ്ങുകൃഷി ആദായകരമാണ്. നാളികേര വ്യവസായങ്ങൾ കേരളത്തിൽ തീരെയില്ല. ഇവയുണ്ടായാൽ മാത്രമേ തേങ്ങയ്ക്ക് കൂടുതൽ വില കിട്ടുകയുളളൂ. ആരോഗ്യത്തിനു വെളിച്ചെണ്ണ ഭീഷണിയാണെന്നത് കള്ള പ്രചരണം. വാസ്തവത്തിൽ ഇത് ആരോഗ്യത്തിനു നന്ന്. സങ്കര ഇനങ്ങൾക്കു മികച്ച ഉൽപാദനക്ഷമതയുണ്ട്. മധുരക്കള്ളിൽ നിന്നു വരുമാനം കണ്ടെത്താൻ മടിക്കേണ്ടതില്ല. ഓല, ചിരട്ട തുടങ്ങിയവയും വരുമാനമാക്കാനാവും. രോഗങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നു. തൃപ്തികരമായ വിലയല്ല തേങ്ങയ്ക്കു ലഭിക്കുന്നത്.

karshakasree-1st-cover കർഷകശ്രീ ആദ്യലക്കത്തിന്റെ കവർ പേജ്

ആലോചിച്ചു നോക്കൂ. ഇന്നും നാം ഇതൊക്കെത്തന്നെയല്ലേ പറയുന്നത്. പിന്നെ ഈ മേഖലയിൽ എന്ത് പുരോഗതിയാണ് നമുക്കുണ്ടായത്?

എന്നാൽ നിരാശയ്ക്കു വകയില്ലെന്നതാണ് വാസ്തവം. ഒട്ടേറെ മാറ്റങ്ങൾ ഈ മേഖലയിൽ രംഗത്ത് വന്നുകഴിഞ്ഞു. ഇനിയും മാറ്റം വരാനിരിക്കുന്നു. ഇവയൊക്കെ കണ്ണു തുറന്നു കാണാനും അവയോട് ക്രിയാത്മകമായി പ്രതികരിക്കാനും നമുക്ക് കഴിയണമെന്നു മാത്രം.

വെളിച്ചെണ്ണയടക്കമുളള കേരോൽപന്നങ്ങൾ മികച്ച ആരോഗ്യഭക്ഷണമായി ഖ്യാതി നേടുന്നു. പത്തു വർഷത്തിനിടയിൽ ലോകത്തു നാളികേരത്തിന്റെയും ഉൽപന്നങ്ങളുടെയും ഉപയോഗം അഞ്ചിരട്ടിയായെന്നാണ് റിപ്പോർട്ട്. യൂറോപ്പിൽ പുതിയ ഭക്ഷ്യവിഭവങ്ങൾ അവതരിപ്പിക്കുന്ന ചടങ്ങുകളിൽ വെളിച്ചെണ്ണ കൂടി ഉൾപ്പെടുത്തുന്നു. തേങ്ങയുടെ പോഷകമൂല്യം സംബന്ധിച്ച അവകാശവാദങ്ങൾക്ക് ഗവേഷണ പിന്തുണ വർധിച്ചു വരുന്നു.

വെളിച്ചെണ്ണ രക്തത്തിലെ കോളസ്ട്രോളിനെ വർധിപ്പിച്ച് ഹൃദ്രോഗത്തിനു കാരണമാകുന്നുവെന്ന ആരോപണം ഒരു ദശാബ്ദം മുമ്പേ നമ്മുടെ ഗവേഷകർ പൊളിച്ചതാണ്. ഇന്നു ലോകം അത് അംഗീകരിച്ചെന്നു മാത്രമല്ല, നല്ല കൊളസ്ട്രോൾ വർധിപ്പിക്കുന്നതിനാൽ വെളിച്ചെണ്ണ ഹൃദയാരോഗ്യത്തിനു ഉത്തമമാണെന്നും പറഞ്ഞു തുടങ്ങി. അമിതവണ്ണം തടയാൻ, പ്രമേഹം പ്രതിരോധിക്കാൻ, സന്ധിവാതവും അർബുദവും ചെറുക്കാൻ, കരളിന്റെയും കിഡ്നിയുടെയും പ്രവർത്തനം മെച്ചപ്പെടുത്താൻ എന്നിങ്ങനെ ആരോഗ്യസംരക്ഷണത്തിനു തേങ്ങയോളം ഉത്തമമായി മറ്റൊന്നില്ലെന്നാണ് വിവിധ ഗവേഷകരുടെ പഠനങ്ങൾ വ്യക്തമാക്കുന്നത്.

coconut-products നാളികേര ഉൽപന്നങ്ങളുടെ വിപണി വളരുന്നു

മുമ്പില്ലാത്ത മത്സരക്ഷമത നാളികേര ഉൽപന്നങ്ങൾക്ക് ഇന്നുണ്ട്. രാജ്യാന്തര വിപണിയിലെ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ഇവ നൽകാൻ നമുക്ക് കഴിയും. ഇവയുടെ കയറ്റുമതി വളർച്ച ഇതിനുള്ള തെളിവാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 1450 കോടി രൂപയുടെ കേരോൽപന്നങ്ങളാണ് ഇന്ത്യ കയറ്റി അയച്ചത്. മുൻവർഷത്തേക്കാൾ 10.5 ശതമാനം വളർച്ച.

നാട്ടിലും നാളികേര ഉപയോഗത്തിൽ വൈവിധ്യവൽക്കരണം യാഥാർഥ്യമാകുന്നു. വെന്ത വെളിച്ചെണ്ണയും തൂൾതേങ്ങയും തേങ്ങാപ്പാലും കരിക്കിൻ വെള്ളവുമൊക്കെ വിപണിയിൽ പ്രചാരത്തിലായി. എന്നാൽ ഈ രംഗത്ത് വൻകിട ഫാക്ടറികളും ബ്രാൻഡുകളും കുറവാണെന്നതു കേരളത്തിന്റെ പരിമിതി. ഇവിടെ മൂല്യവർധനയും ഉൽപന്നനിർമാണവും ഇന്നും സ്വാശ്രയസംഘങ്ങളുടെ തലത്തിലാണ്. കേരളത്തിലെ നാളികേര ഉൽപാദക കമ്പനികളുടെ ഉൽപന്നങ്ങള്‍ രാജ്യാന്തര ബ്രാൻഡായി വളരണം. നീര, ചിരട്ട, ചകിരി, ഈർക്കിലി എന്നിവയിൽ നിന്നുള്ള ഉൽപന്നങ്ങളുടെ പോലും സംസ്കരണ വ്യവസായം ഇവിടെ വളർത്തിയെടുക്കാനാവും. ചിരട്ടയിൽ നിന്ന് ഐസ്ക്രീം കപ്പുണ്ടാക്കി കയറ്റുമതി ചെയ്യുന്നവർ നമ്മുടെ നാട്ടിലുണ്ട്. ഒരു മുറി ചിരട്ടയിൽ കയർ കെട്ടിയുണ്ടാക്കുന്ന ബേർഡ് ഫീഡറിനു രണ്ടര രൂപ വിലയുണ്ടെന്ന് എത്ര പേർക്കറിയാം.

നീര ഇന്നു കേരളത്തിൽ യാഥാർഥ്യമാണ്. സ്വന്തം തെങ്ങിൽ നിന്നു നീര ഉൽപാദിപ്പിക്കാൻ ഭാഗികമായെങ്കിലും കർഷകർക്ക് സ്വാതന്ത്യ്രമുണ്ട്. നീര ആരോഗ്യപാനീയമാണെന്ന തിരിച്ചറിവ് പൊതുസമൂഹത്തിനുമുണ്ട്. എന്നാൽ നീരയുടെ വിപണനത്തേക്കാൾ ഉൽപാദനമാണ് കർഷകരെ കുഴക്കുന്നത്. തെങ്ങു ചെത്തി നീര എടുക്കാൻ ആളില്ലാത്തതു മൂലം ഉൽപാദനം വർധിപ്പിക്കാനോ വിപണി വിപുലമാക്കാനോ കഴിയുന്നില്ല. കർഷക കുടുംബങ്ങളിലെ യുവജനങ്ങൾ നീര ടാപ്പിങ്ങിനു തയാറാവുക, അന്യസംസ്ഥാന തൊഴിലാളികളുടെ സേവനം തേടുക, ഉയരം കുറഞ്ഞ തെങ്ങുകളുടെ കൃഷി വ്യാപിപ്പിക്കുക എന്നീ പരിഹാരങ്ങൾ വൈകാതെ നടപ്പാകണം. വിപണിയിലെ ട്രെൻഡുകൾക്കു ചേര്‍ന്ന നിലവാരത്തിലും രുചിഭേദങ്ങളോടെയും നീരയെ മെച്ചപ്പെടുത്തണം. ഈ രംഗത്തു സ്വകാര്യസംരംഭകരെയും പ്രോത്സാഹിപ്പിക്കണം.

കേരകർഷകർ ഇന്നു സംഘടിതരാണ്. ഇരുപതിലേറെ ഉൽപാദക കമ്പനികൾ കേരളത്തിലുണ്ട്. ഇതിനകം ലക്ഷങ്ങളും കോടികളുമൊക്കെ മുടക്കിയ ഇവയെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തമാക്കുന്നതിനു സംസ്ഥാന സർക്കാരിന്റെ ശക്തമായ പിന്തുണ വേണം. അമുൽ മാതൃകയിൽ രൂപീകൃതമായ സംഘങ്ങൾക്ക് അമുൽ നിലവാരത്തിലുള്ള ഒരു ബ്രാൻഡ് ഉണ്ടാക്കുക അത്ര എളുപ്പമല്ല. അതിനാൽ പൊതുവായ വിപണന കമ്പനി രൂപീകരിച്ച് രാജ്യാന്തര മൂല്യമുള്ള ബ്രാൻഡ് സൃഷ്ടിക്കാൻ ശ്രമിക്കണം. അതേസമയം പൊതുമേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾ ഈ കമ്പനികൾക്കു പ്രയോജനപ്പെടുത്താനാവും. മിൽമ, നടുക്കര പൈനാപ്പിൾ ഫാക്ടറി തുടങ്ങി ടെട്രാ പായ്ക്കിങ് സൗകര്യമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ അധികശേഷി പ്രയോജനപ്പെടുത്തി നാളികേര കമ്പനികളുടെ തേങ്ങാപ്പാലും കരിക്കിൻ വെള്ളവുമൊക്കെ പായ്ക്കു ചെയ്യാനാവും. സപ്ലൈകോ വിപണന ശൃംഖലകളിൽ ഇവയുടെ ഉൽപന്നങ്ങൾക്ക് ഇടം നൽകാം. ഇതെല്ലാം സാധ്യമാക്കേണ്ടത് സംസ്ഥാന സർക്കാരാണ്.

തെങ്ങുകയറാനുള്ള യന്ത്രം സാധാരണമായി. അതുപയോഗിക്കാൻ പരിശീലനം കിട്ടിയവർ ധാരാളം. എന്നാൽ ഇവരിൽ പലരും രംഗത്തിറങ്ങുന്നില്ല. തെങ്ങിന്റെ രോഗ, കീട ബാധകൾ കണ്ടെത്തി ചികിത്സിക്കുകയും നാളികേര വിപണനത്തിൽ കർഷകരെ സഹായിക്കുകയും ചെയ്യുന്ന കോക്കനട്ട് കൺസൾട്ടൻറുമാരായി ഈ തൊഴിലാളികളെ മാറ്റിയെടുക്കണം.

ഉൽപാദനശേഷി കൂടിയ സങ്കര ഇനം തെങ്ങുകൾ സർക്കാരിതര മേഖലയിൽ കിട്ടിത്തുടങ്ങി. വർഗസങ്കരണത്തിനാവശ്യമായ കുള്ളൻ തെങ്ങുകൾ കിട്ടാനുണ്ടെന്നതും ഇവയുടെ ഉൽപാദനത്തിനു സാധ്യത വർധിപ്പിക്കുന്നു. തെങ്ങുകളുടെ വർഗസങ്കരണം ഒരു സംരംഭസാധ്യതയാക്കാൻ നമുക്ക് കഴിയണം. മികച്ച മാതൃഗുണമുള്ള തൈകൾ വൻതോതിൽ ഉൽപാദിപ്പിക്കാൻ ഏറ്റവും യോജിച്ച ടിഷ്യുകൾചർ സാങ്കേതികവിദ്യ നാളികേരത്തിൽ ഇനിയും വിജയിച്ചിട്ടില്ല. നമ്മുടെ ഗവേഷണ സ്ഥാപനങ്ങൾ ഈ മേഖലയ്ക്ക് മുൻഗണന നൽകണം. തമിഴ്നാട് കാർഷിക സർവകലാശാല ഈ രംഗത്തു നടത്തിയ മുന്നേറ്റങ്ങൾ വൈകാതെ കർഷകർക്കു പ്രയോജനപ്പെടുമെന്നു പ്രത്യാശിക്കാം.

പരിപാലനം വേണ്ട വിളയാണ് തെങ്ങ് എന്ന ബോധ്യം കർഷകർക്കും ആവശ്യമാണ്. എത്ര മികച്ച സങ്കര ഇനമാണെങ്കിലും വെള്ളവും വളവും മുടങ്ങാതെ കിട്ടിയില്ലെങ്കിൽ വിളവു കുറയുമെന്നതിൽ സംശയം വേണ്ട.

ജൈവരീതിയിലുള്ള കൃഷിക്കും സാധ്യതയേറുന്നു. ജൈവ തെങ്ങിൻ തോപ്പുകളിൽ പഴവും പച്ചക്കറികളും കോഴിയിറച്ചിയും മുട്ടയും പാലുമൊക്കെ ഉൽപാദിപ്പിക്കുന്ന സംരംഭകരാണ് കാലഘട്ടത്തിൻറെ ആവശ്യം.

ഇന്റർനെറ്റ് വിപണനത്തിന്റെ സാധ്യത നമ്മുടെ കേരകർഷകർ പ്രയോജനപ്പെടുത്തുന്നില്ല ചെറുകിട സംസ്കരണ യൂണിറ്റുകളുടെ പോലും നിലവാരമുളള ഉൽപന്നങ്ങള്‍ക്ക് ഇന്റർനെറ്റിലൂടെ വിപണനം കണ്ടെത്താം. ഭക്ഷ്യസംസ്കരണ രംഗത്ത് അടിസ്ഥാന സൗകര്യങ്ങളും ആനുകൂല്യങ്ങളും വർധിക്കുന്ന സാഹചര്യവും പ്രയോജനപ്പെടുത്താം.

coconut-seedlings നിലവാരമുള്ള നടീൽവസ്തുക്കൾ സ്വകാര്യമേഖലയിലും

ഇതൊക്കെ ശരി, പക്ഷേ തേങ്ങയ്ക്കു പത്തു രൂപ പോലും വില കിട്ടുന്നില്ലല്ലോ എന്നു ചോദിക്കുന്നവർ അടുപ്പത്തിരിക്കുന്നതു വേവിച്ചെടുക്കാനുള്ള ക്ഷമയും വിവേകവും കാണിക്കണം. ഈ രംഗത്തെ നല്ല മാറ്റങ്ങളെ ഫലപ്രാപ്തിയിലെത്തിക്കാനുള്ള ശ്രമം ടോപ് ഗിയറിലാക്കേണ്ടിയിരിക്കുന്നു. ഈ മാറ്റങ്ങളിൽ പലതും ആരംഭദശയിലാണെന്ന മറുവശവും കാണാതിരുന്നുകൂടാ. ഉൽപാദനം മുതൽ സംസ്കരണവും വിപണനവും വരെയുള്ള മേഖലകളിൽ വലിയ തോതിൽ പുതുസംരംഭങ്ങളുണ്ടാവണം.

കൃഷിയിടത്തിൽ തന്നെയാവണം നിക്ഷേപത്തിന്റെ തുടക്കം. മികച്ച നടീൽവസ്തുക്കളുടെ ഉൽപാദനം സംരംഭമാക്കുന്ന ഒട്ടേറെ നാളികേര ഉൽപാദകസംഘങ്ങളും ഫെഡറേഷനുകളും കേരളത്തിലുണ്ട്. സർക്കാർ ഫാമുകളും ഗവേഷണസ്ഥാപനങ്ങളും സങ്കര ഇനങ്ങളുടെ ഉൽപാദനശേഷി പരമാവധി പ്രയോജനപ്പെടുത്തണം. ഈ രംഗത്ത് സ്വകാര്യസംരംഭങ്ങളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. നിലവാരം ഉറപ്പാക്കാൻ അക്രഡിറ്റേഷൻ സംവിധാനവുമുണ്ടാവണം. എങ്കിലേ ഉൽപാദനക്ഷമതയിൽ മുന്നേറ്റമുണ്ടാവൂ.