പരാദരോഗങ്ങൾ കാലികളുടെ പാലുൽപാദനത്തെയും ഉൽപാദനക്ഷമതയെയും ഗുരുതരമായി ബാധിക്കുന്നു. നാടവിരകളും ഉരുളൻ വിരകളും പണ്ടപ്പുഴുക്കളും സൂക്ഷ്മാണുക്കളായ പ്രോട്ടോസോവയുമൊക്കെ രോഗകാരികളാണ്.
ആമാശയത്തിൽ കാണുന്ന പണ്ടപ്പുഴുവാണ് കേരളത്തിൽ അതിസാധാരണമായ പരാദം. ഗ്യാസ്ട്രോ തൈലാക്സ്, ഫിഷിഡിറിയസ്, കാർമീറിയസ് തുടങ്ങിയ ജനുസുകളിൽപ്പെട്ട പണ്ടപ്പുഴുക്കളാണ് ഇവിടെ കൂടുതലും രോഗമുണ്ടാക്കുന്നത്.
കന്നുകാലികളുടെ ചാണകത്തിലൂടെ വിസർജിക്കപ്പെടുന്ന വിരകളുടെ അണ്ഡങ്ങൾ വെള്ളത്തിൽ വച്ച് ഏതാനും മണിക്കൂറുകൾക്കകം വിരിഞ്ഞ് വിരക്കൂട്ടങ്ങളുടെ ആദിരൂപമായ മിറസീഡിയകൾ പുറത്തുവരുന്നു. ഇവ ഞവിണികളിലും ഒച്ചുകളിലും മറ്റും തുളച്ചുകയറുകയും തുടർന്ന് അവയ്ക്കുള്ളിൽ പല വികാസ ദശകളിലൂടെ കടന്ന് ഏകദേശം ഒരു മാസത്തിനകം അവയിൽനിന്നു പുറത്തു വരികയും ഗോളരൂപത്തിൽ പുല്ലിലും ഇലയിലും മറ്റും പറ്റിപ്പിടിച്ചിരിക്കുകയും ചെയ്യും. മെറ്റാസെർക്കേറിയ എന്നു വിളിക്കുന്ന ഈ ഗോളാകാരങ്ങൾ തീറ്റയിലൂടെ ഉള്ളിൽ കടക്കുമ്പോഴാണ് കന്നുകാലികളിൽ രോഗബാധയുണ്ടാകുന്നത്. ഇവയെ സൂക്ഷ്മപരിശോധനയിലൂടെ മാത്രമേ കാണാനാവുകയുള്ളൂ.
കന്നുകാലികളുടെ കുടലിൽ എത്തിച്ചേരുന്ന മെറ്റാസെർക്കേറിയകളുടെ കവചം അലിഞ്ഞു പോകുകയും അതിൽനിന്നു പൂർണ വളർച്ചയെത്താത്ത വിരകൾ പുറത്തുവരികയും ചെയ്യും. ഇവ ചെറുകുടലിന്റെ ഭിത്തിയിൽ പറ്റിപ്പിടിച്ചു ചൂഴ്ന്നിറങ്ങി കുടൽഭിത്തി തിന്നുന്നതുമൂലം മുറിവുകൾ ഉണ്ടാകുന്നു. ഇത്തരം മുറിവുകളിൽനിന്നു രക്തം വരും. മാത്രമല്ല, അവ കുടൽഭിത്തികൾക്കു ക്ഷതമുണ്ടാക്കുകയും ദഹനപ്രക്രിയയെ സാരമായി ബാധിക്കുകയും ചെയ്യും. തുടർന്നു കുടൽഭിത്തി കട്ടിയാകുന്നതു കാരണം അതിലെ ഗ്രന്ഥികൾ പ്രവർത്തിക്കാതെയാകുന്നു. അപ്പോൾ ആമാശയ രസങ്ങളുടെ ഉൽപാദനം തടസ്സപ്പെടുകയും കന്നുകാലികൾക്കു തീറ്റയോടു താൽപര്യം കുറയുകയും ചെയ്യും.
ദുർഗന്ധത്തോടു കൂടിയ വയറിളക്കമാണു പണ്ടപ്പുഴുബാധയുടെ ആദ്യ ലക്ഷണം. ചിലപ്പോൾ ഇടവിട്ടുള്ള മലബന്ധം ഉണ്ടാകാം. ആലസ്യം, ഉൻമേഷമില്ലായ്മ, താടയ്ക്കു നീര്, തീറ്റയെടുക്കാൻ മടി, വിളർച്ച എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍. തീവ്രമായ രോഗലക്ഷണങ്ങൾ കാണപ്പെടുന്നതു പ്രധാനമായും വിരകൾ ചെറുകുടൽ ഭിത്തികളിലുണ്ടാക്കുന്ന മാരക മുറിവുകളും തുടർന്നുള്ള രക്തസ്രാവവും മൂലമാണ്. തീവ്രരോഗത്തിൽ കന്നുകുട്ടികൾ 2–3 ആഴ്ചയ്ക്കകം ക്ഷീണിച്ചവശരായി ചത്തുപോവുക പതിവാണ്. എന്നാൽ ദീർഘസ്ഥായിയായ രോഗം പിടിപെടുമ്പോൾ രോമംകൊഴിച്ചിൽ, ദേഹമാസകലം നീര്, വയറുന്തൽ തുടങ്ങിയ ലക്ഷണങ്ങളുമായി കന്നുകാലികൾ തളർന്നുവീഴാറുണ്ട്.
വളർച്ചയെത്താത്ത വിരകൾ ക്രമേണ ചെറുകുടലിൽനിന്ന് ആമാശയ അറകളിലെത്തി വളർച്ച പ്രാപിക്കുന്നു. എന്നാൽ അവിടെ ഇവ വലിയ ക്ഷതം വരുത്തുന്നില്ല. വിരകൾ ചെറുകുടലിൽ ഉണ്ടാക്കുന്ന ക്ഷതങ്ങളാണ് രോഗത്തിനു പ്രധാന കാരണം.
രോഗനിർണയം
വളർച്ചയെത്താത്ത വിരകളുടെ ബാധയുണ്ടാകുന്ന തുടക്കസമയത്ത് ചാണകത്തിൽ അണ്ഡങ്ങൾ കാണുകയില്ല. എന്നാൽ തീവ്രരോഗാവസ്ഥയിൽ ചാണകത്തിൽ വിരകളെ കാണാം. വളർന്ന വിരകൾ ആമാശയ അറകളിൽ സ്ഥാനം പിടിക്കുന്നതോടെ ചാണകത്തിൽ അണ്ഡങ്ങൾ കണ്ടുതുടങ്ങും. എന്നാൽ അതിനു മുമ്പ്, രോഗലക്ഷണങ്ങൾ കാണുമ്പോൾതന്നെ ചികിത്സ നൽകണം. അണ്ഡങ്ങൾ ചാണകത്തിൽ കാണുന്നതിനു മുമ്പുതന്നെ രോഗം പിടിപെടുന്നതുകൊണ്ട് നേരത്തെയുള്ള രോഗനിർണയം ചികിത്സയിൽ അത്യാവശ്യമാണ്. അതിനുപകരിക്കുന്ന സാങ്കേതിക സൗകര്യങ്ങൾ ഹൈടെക് ലാബുകളിൽ ലഭ്യമാണ്.
ചികിത്സ
പൂർണവളർച്ചയെത്താത്തതും വളർന്നതുമായ വിരകളെ ഹനിക്കുന്ന ഫലപ്രദമായ ഔഷധങ്ങൾ ഇന്നു ലഭ്യമാണ്. നിലവിലുള്ള Oxyclozanide, Rafoxanide, Triclobendazole എന്നീ ഔഷധങ്ങളില്‍ ഓക്സിക്ലോസനൈഡ് ഗുളികകൾ നൂറു ശതമാനം ഫലപ്രദമാണ്.
രോഗസാന്ദ്രതയേറിയ സ്ഥലങ്ങളിലുള്ളതും പാടത്തെ പുല്ല് സ്ഥിരമായി കൊടുക്കുന്നതുമായ കന്നുകാലികൾക്കു രണ്ടു മാസത്തിലൊരിക്കൽ ഓക്സിക്ലോസനൈഡ് ഗുളികകൾ രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ നൽകാവുന്നതാണ്.
രോഗനിയന്ത്രണം
ചികിത്സയ്ക്കൊപ്പം പ്രാധാന്യമുണ്ട് പ്രതിരോധ നടപടികൾക്കും. രോഗവാഹകരായ കന്നുകാലികളെ യഥാസമയം ചികിത്സിപ്പിക്കുകയെന്നതാണ് ഇവയിൽ ഏറ്റവും പ്രധാനം. സ്ഥലത്തുള്ള ഒച്ചുകളെ കോപ്പർ സൾഫേറ്റ് പോലുള്ള കീടനാശിനികൾ ഉപയോഗിച്ചു നശിപ്പിക്കേണ്ടതുണ്ട്. പരിസരശുചീകരണം നിർബന്ധം. തൊഴുത്തിലെ ചാണകം കുഴിയിലേക്കു നീക്കുകയും വേണം. ഇടയ്ക്കിടയ്ക്ക് ചാണകത്തിനുമേൽ കീടനാശിനികൾ വിതറുന്നതു വിരകളുടെ മുട്ട നശിച്ചുപോകാൻ സഹായിക്കും. പശുക്കളെ പാടത്തു മേയാൻ വിടാതിരിക്കുകയും മേച്ചിൽപുറങ്ങൾ ഇടയ്ക്കിടെ മാറ്റുകയും ചെയ്യുന്നതു നല്ല രോഗപ്രതിരോധ മാർഗങ്ങളാണ്. ഇവയ്ക്കൊപ്പം ശാസ്ത്രീയ പരിചരണമുറകൾ പാലിക്കുകയും ചെയ്താൽ രോഗങ്ങളെ നിയന്ത്രിക്കാം.
വിലാസം: അസി. പ്രഫസർ, ഡിപ്പാർട്ട്മെന്റ് ഓഫ് വെറ്ററിനറി പാരസൈറ്റോളജി, കോളജ് ഓഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ്, മണ്ണുത്തി.