Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാഭത്തിന്റെ ലളിതയുക്തി

					ലളിതാ രാമകൃഷ്ണൻ

പശുക്കളുടെ എണ്ണം ഏഴിൽ തുടങ്ങി 150ൽ എത്തിനിൽക്കുന്ന കെഎസ്ആർ എലൈറ്റ് ഡെയറി ഫാമിലിരുന്ന് തലേന്നു പിറന്ന പൈക്കിടാവിനെ തഴുകിക്കൊണ്ട് ലളിതാ രാമകൃഷ്ണൻ ഭാവി സംരംഭങ്ങളെക്കുറിച്ചു പറഞ്ഞു തുടങ്ങി. ‘‘ദിവസം ശരാശരി 500 ലീറ്റർ പാലുൽപാദനമുണ്ട് ഇപ്പോഴിവിടെ. അത് അങ്ങനെതന്നെ ചപ്പാക്കാട് മിൽക് സൊസൈറ്റിയിൽ അളക്കുന്നു. എന്നാൽ ഭാവിയിൽ അതുമാത്രം പോരാ. പാസ്ചുറൈസേഷൻ യൂണിറ്റ്, ചില്ലിങ് പ്ലാന്റ്, പാൽ പായ്ക്കറ്റുകളാക്കാനുള്ള സംവിധാനം, മൂല്യവർധിത ഉൽപന്നങ്ങൾ, പശുക്കളുടെ എണ്ണം ഇനിയും വർധിപ്പിച്ചുകൊണ്ടുള്ള ഫാം വിപുലീകരണം എന്നിവയൊക്കെ മനസ്സിലുണ്ട്. താമസിയാതെ അതിലേക്കും കടക്കണം.’’

പ്രായം എഴുപതു പിന്നിട്ടുവെന്നത്, നാട്ടുകാർ സ്നേഹപൂർവം എലൈറ്റമ്മയെന്നു വിളിക്കുന്ന ലളിതയുടെ സംരംഭസ്വപ്നങ്ങളിൽ തെല്ലും നിഴൽ വീഴ്ത്തിയിട്ടില്ല. ഇരുപതിലേറെ വർഷങ്ങൾക്കു മുമ്പ് പാലക്കാട് ടൗണിൽനിന്ന് ഏറെ ദൂരെ, വഴിയും വെളിച്ചവുമെത്താതിരുന്ന ചപ്പാക്കാട് ഗ്രാമത്തിലേക്കു കടന്നുവന്ന് നാൽപതേക്കറിൽ മനോഹരമായൊരു ഫാം സൃഷ്ടിക്കാൻ കാണിച്ച ഇച്ഛാശക്തിക്ക് ഇന്നും ഇളക്കമില്ല.

വായിക്കാം ഇ - കർഷകശ്രീ

വാസ്തവത്തിൽ, വർഷങ്ങൾക്കു മുമ്പ് ഈ ഉൾനാടൻ ഗ്രാമത്തിലേക്കു താമസം മാറ്റുമ്പോൾ ലളിതാ രാമകൃഷ്ണന്റെ മനസ്സിൽ കൃഷിയും മൃഗസംരക്ഷണവുമൊന്നുമില്ല. തൃശൂരിലെ പ്രമുഖ അബ്കാരി ഗ്രൂപ്പായ എലൈറ്റ് കുടുംബത്തിലെ കെ.എസ്. രാമകൃഷ്ണന്റെ ഭാര്യയായി എറണാകുളം നഗരത്തിലായിരുന്നു ജീവിതം. ഭർത്താവിന്റെ ആകസ്മികമായ വിയോഗം ജീവിതത്തെ ആകെ ഉലച്ചെങ്കിലും അദ്ദേഹത്തിന്റെ ബിസിനസ് ഏറ്റെടുക്കാതെ നിവൃത്തിയില്ലായിരുന്നു. എന്നാൽ മക്കൾ പഠനം പൂർത്തിയാക്കി എത്തിയ ഉടൻതന്നെ ചുമതലകൾ അവർക്കു കൈമാറി ലളിത പാലക്കാട്ടെ ശാന്തമായ ഗ്രാമീണ ജീവിതത്തിലേക്കു പിൻവലിഞ്ഞു. ഭർത്താവിന്റെ വിയോഗം സൃഷ്ടിച്ച വ്യഥയിൽനിന്ന് ഒരാശ്വാസം, അതായിരുന്നു മനസ്സിൽ.

അബ്കാരി ബിസിനസിന്റെ ഭാഗമായുള്ള കള്ളുചെത്തിനായി വാങ്ങിയിട്ടിരുന്ന നാൽപതേക്കർ തെങ്ങിൻതോപ്പിനുള്ളിലെ ചെറിയ വീട്ടിലായിരുന്നു താമസം. ചെത്തു നിർത്തിയതോടെ നാലായിരത്തോളം വരുന്ന തെങ്ങുകൾ നന്നായി ഫലം തന്നു തുടങ്ങി. തെങ്ങിനാവശ്യമുള്ള ചാണകം ലഭിക്കുമല്ലോ എന്നു കരുതിയാണ് ഡെയറി ഫാം തുടങ്ങുന്നത്. എന്നാൽ ഇന്നത് കറവയുള്ള അറുപത് പശുക്കളും ബാക്കി ചെനയിലുള്ളതും കിടാരികളുമെല്ലാം ചേർന്ന് നൂറ്റമ്പതെണ്ണത്തിലേക്ക് വളർന്നിരിക്കുന്നു. എച്ച്എഫ്, സ്വിസ്ബ്രൗൺ ഇനങ്ങളാണ് ഭൂരിപക്ഷവും. കറവയുള്ള മൂന്ന് ഗിർ പശുക്കളും ഗാംഭീര്യമേറുന്ന ഗിർ കാളയും ഫാമിലെ വിഐപികൾ. അഞ്ച് എരുമകളുമുണ്ടിവിടെ. പരിപാലനത്തിനായി തൊഴിലാളികളും മേൽനോട്ടത്തിന് മാനേജരുമെല്ലാമുള്ള ഒരു ചെറുകിട ഫാക്ടറി യൂണിറ്റു തന്നെയാണ് ലളിതയുടെ ഫാം. രാവിലെ മൂന്നുമണിക്കു തുടങ്ങുന്ന കറവ മുതൽ ഓരോ പശുവിന്റെയും തീറ്റക്രമം വരെയുള്ള കാര്യങ്ങളിൽ ലളിതയുടെ കണ്ണെത്തും.

elite-dairy-farm തെങ്ങിൻതോപ്പിലെ സ്വാതന്ത്ര്യം

നാൽപതേക്കറിലെ പച്ചപ്പുല്ലും സ്വതന്ത്രമായി വിഹരിക്കാനുള്ള അവസരവുമാണ് തന്റെ പശുക്കളുടെ ആരോഗ്യത്തിന്റെയും ഉൽപാദനശേഷിയുടെയും നിർണായക ഘടകമെന്ന് ലളിത, കറവയും കുളിപ്പിക്കലും തീറ്റയും കഴിഞ്ഞ് രാവിലെ ആറുമണിക്ക് അഴിച്ചുവിട്ടാൽ ഉച്ചവരെ പശുക്കൾക്കു സർവ സ്വാതന്ത്ര്യം. സ്വതന്ത്രമായി മേയാൻ വിടുന്ന ഫ്രീ റെയ്ഞ്ച് രീതി വിദേശഫാമുകളിൽ സുപരിചിതമാണ്. തിന്നും വിശ്രമിച്ചും സമ്മർദ്ദങ്ങളില്ലാതെ മേയുന്നത് പശുക്കളുടെ ആരോഗ്യവും രോഗപ്രതിരോധശേഷിയും വർധിപ്പിക്കും. പ്രസവമൊക്കെ മിക്കവാറും ഈ പുൽമേടുകളിൽ തന്നെയാവും. മികച്ച ആരോഗ്യമുള്ളതുകൊണ്ടുതന്നെ പ്രസവം ബുദ്ധിമുട്ടില്ലാതെ നടക്കും. അസുഖങ്ങളും നന്നേ കുറവ്.

ഉച്ചയോടെ ഷെഡ്ഡിനുള്ളിലേക്കു മടങ്ങിയെത്തുമ്പോൾ അരിത്തവിടും ചോളത്തവിടും പരുത്തിപ്പിണ്ണാക്കും ഗോതമ്പുതവിടും മിനറൽസും ചേർന്ന സമീകൃതാഹാരം. പാലക്കാടു ഭാഗത്ത് ഒട്ടേറെ ചിപ്സ് യൂണിറ്റുകളുള്ളതിനാൽ കായത്തൊലി സുഭിക്ഷം. ചക്കയുടെ സീസണിൽ ഇതേ യൂണിറ്റുകളിൽനിന്നുതന്നെ ചക്കമടലും ലഭിക്കും. ഈ രീതിയിൽ തീരെ ചെലവു കുറഞ്ഞ പരുഷാഹാരം സമൃദ്ധമായി ലഭിക്കുന്നത് തീറ്റച്ചെലവു കാര്യമായി കുറയ്ക്കുന്നു. അതുകൊണ്ടുതന്നെ വയ്ക്കോലു വാങ്ങാറേയില്ല. പച്ചപ്പുല്ലിനു ക്ഷാമം വരുന്ന അവസരങ്ങളിലേക്കു മുൻകരുതലായി ഏഴേക്കറിൽ പുൽകൃഷിയുണ്ട്. എല്ലായിനത്തിന്റെയും കാളകളുള്ളതിനാൽ ഏറിയ അവസരങ്ങളിലും സ്വാഭാവിക പ്രജനനം. ചെലവെല്ലാം കഴിഞ്ഞ് ദിവസം 3000 രൂപ ലാഭം. തെങ്ങിനുള്ളത് കഴിഞ്ഞ് വർഷം ശരാശരി നാലുലക്ഷം രൂപയുടെ ചാണകവും വിൽക്കാം. അടുത്തകാലത്ത് പാൽ വിലയിൽ വരുത്തിയ വർധന ക്ഷീരസംരംഭത്തെ കൂടുതൽ ലാഭകരമാക്കിയെന്നു ലളിത. പാലിനു മികച്ച വില ലഭിക്കാനായി നിയമയുദ്ധം തന്നെ നടത്തിയ ചരിത്രവുമുണ്ട് ലളിതയ്ക്ക്.

ആദ്യകാലത്ത് പാൽ അളന്നിരുന്നത് മിൽമയുടെ കീഴിലുള്ളതും അതേസമയം ആപ്കോസ് മാതൃകയില്ലാത്തതുമായ ഒരു സംഘത്തിന്റെ ചപ്പാക്കാടുള്ള കളക്ഷൻ സെന്ററിലായിരുന്നു. അർഹമായ വില ലഭിക്കുന്നില്ലെന്നു കണ്ടപ്പോൾ ലളിത മറ്റൊരു ആപ്കോസ് സംഘത്തിലേക്കു മാറി. ആദ്യസംഘം അതിനെതിരു നിന്നപ്പോൾ ചപ്പാക്കാടുതന്നെ പുതിയൊരു ആപ്കോസ് സംഘത്തിനു ശ്രമം തുടങ്ങി. എതിർപ്പുകൾ വർഷങ്ങളുടെ നിയമയുദ്ധത്തിലേക്കു നീണ്ടു. ഒടുവിൽ സംഘം അനുവദിച്ചു കിട്ടുകയും അതിന്റെ ആദ്യത്തെ പ്രസിഡന്റായി ലളിത തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നതിലെത്തി കാര്യങ്ങൾ. ഈ പോരാട്ടവീര്യം തന്നെയാണ് ഇനിയുള്ള സംരംഭങ്ങളിലേക്കുള്ള മൂലധനമായി ലളിത കരുതിവച്ചിരിക്കുന്നതും.

ഫോൺ: 9447087708