∙ വയറുപെരുപ്പം (ബ്ലോട്ട്): ഭക്ഷണത്തിലെ ക്രമക്കേട്, പയറുവർഗ ചെടികൾ കൂടുതലായി കഴിക്കുക, വിഷച്ചെടികൾ തീറ്റയിൽ കലരുക, അന്നനാളത്തിൽ തടസ്സമുണ്ടാകുക എന്നിവ മൂലം ആമാശയത്തിൽ വാതകങ്ങളുടെ ആധിക്യം നിമിത്തം ഉണ്ടാകുന്നു.
∙ ദഹനക്കേട്: കൂടുതൽ അന്നജം അടങ്ങിയ ഭക്ഷണപദാർഥങ്ങളായ അരി, കഞ്ഞി കൂടാതെ ചക്ക, പൈനാപ്പിൾ, മാങ്ങ, ഹോട്ടൽ മാലിന്യങ്ങൾ, പഴകിയ ആഹാരം എന്നിവ ഭക്ഷിക്കുന്നതുമൂലം ഉണ്ടാകുന്നു. വിശപ്പില്ലായ്മ, അയവെട്ടാനുള്ള വിമുഖത, വായിൽക്കൂടി പച്ചകലർന്ന വെള്ളം വരിക തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കും.
∙ ന്യുമോണിയ: തണുത്ത പ്രതലം, ഈർപ്പം നിറഞ്ഞ അന്തരീക്ഷം, കുറഞ്ഞ വായുസഞ്ചാരം, മരുന്നുകളോ മറ്റോ വായിൽ ഒഴിച്ചുകൊടുക്കുമ്പോൾ അബദ്ധവശാൽ ശ്വാസകോശത്തിൽ പോകുക, ബാക്ടീരിയ, വൈറസ് എന്നിവയുടെ ആക്രമണം തുടങ്ങിയവ മൂലം രോഗം വരാം. പനി, ഇടയ്ക്കിടെയുള്ള ചുമ, മൂക്കിൽകൂടിയുള്ള പഴുപ്പ്, ശ്വാസതടസ്സം എന്നിവയാണു ലക്ഷണങ്ങൾ.
∙ വിഷബാധ: കാലിത്തീറ്റ, ധാന്യങ്ങൾ എന്നിവയിൽ ഉണ്ടാകുന്ന ചിലയിനം പൂപ്പൽ മൂലവും കപ്പ, റബർ, എരുക്ക്, കൊങ്ങിണി, ആനത്തൊട്ടാവാടി, അരളി തുടങ്ങിയവയുടെ ഇലകൾ എന്നിവ ഭക്ഷിക്കുന്നതുമൂലവും ഉണ്ടാകുന്നു. ശ്വാസതടസ്സം, വയറുകമ്പനം, വിഭ്രാന്തി, വിശപ്പില്ലായ്മ, പാലുൽപാദനം ഗണ്യമായി കുറയുക, ക്ഷീണം എന്നീ ലക്ഷണങ്ങൾ ഏറ്റക്കുറച്ചിലനുസരിച്ച് കാണിക്കുന്നു.
∙ കുളമ്പുരോഗം: രോഗഹേതുക്കളായ വൈറസുകൾ വായു, വെള്ളം, തീറ്റ, സമ്പർക്കം എന്നിവയിലൂടെ പടരും. പാലുൽപാദനത്തിൽ കുറവ്, തീറ്റ തിന്നാതിരിക്കൽ, വായിൽ നിന്ന് ഉമിനീർ ഒലിക്കുക, നടക്കാൻ ബുദ്ധിമുട്ട്, കുളമ്പുകൾക്കിടയിലും വായ്ക്കകത്തും നാക്കിനു മുകളിലും അകിടിലും കുമിളകൾ ഉണ്ടാകുക തുടങ്ങിയവയാണു ലക്ഷണങ്ങൾ.
∙ കുരലടപ്പൻ: മണ്ണിൽ വളരെക്കാലം ജീവിക്കാൻ കെൽപ്പുള്ള ബാക്ടീരിയകളാണ് അസുഖം ഉണ്ടാക്കുന്നത്. പനി, കീഴ്താടിക്ക് ചുറ്റും നീര്, വയറിളക്കം, ശ്വാസതടസ്സം എന്നിവ കാണിക്കും.
∙ അടപ്പൻ (ആന്ത്രാക്സ്): തീറ്റ, വെള്ളം, വായു, മുറിവുകൾ എന്നിവയിലൂടെ രോഗാണുക്കൾ പകരുന്നു. പനി, തൂങ്ങിനിൽപ്, ശ്വാസതടസ്സം, കഴുത്ത്, നെഞ്ച്, തൊണ്ട, വയറ് തുടങ്ങിയ ഇടങ്ങളിൽ കാണുന്ന നീർക്കെട്ട് എന്നിവയാണ് ലക്ഷണങ്ങൾ. തീവ്രമായി രോഗം ബാധിച്ച മൃഗങ്ങൾ പെട്ടെന്നു മരണപ്പെടും. രോഗം മൂലം ചത്തവയുടെ നാസാരന്ധ്രം, വായ്, മലദ്വാരം, ഈറ്റം എന്നിവിടങ്ങളിൽ നിന്ന് ടാറുപോലെ എളുപ്പം കട്ട പിടിക്കാത്ത കറുത്ത രക്തം സ്രവിക്കും.
∙ കരിങ്കാലി: ആറുമാസം മുതൽ 24 മാസം വരെ പ്രായമുള്ള നല്ല ആരോഗ്യ അവസ്ഥയിലുള്ള മൃഗങ്ങളെയാണ് ബാധിക്കുക. മുറിവുകൾ, തീറ്റ, വെള്ളം എന്നിവയിലൂടെ പകരും. പനി, രോഗം ബാധിച്ച കാലുകളിലെ വീക്കം, നടക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ആരംഭത്തിൽ കാണിക്കും. തുടർന്നു രോഗം ബാധിച്ച ഭാഗത്ത് നിറവ്യത്യാസം ഉണ്ടാകുകയും അവിടെനിന്നു ദുർഗന്ധത്തോടു കൂടിയ രക്തം കലർന്ന സ്രവം വരികയും ചെയ്യും.
∙ ബ്രൂസല്ലോസിസ്: രോഗാണു കലർന്ന തീറ്റ, വെള്ളം, ശ്വസനം, മുറിവുകൾ, ഗർഭസ്രവങ്ങൾ എന്നിവയിലൂടെ രോഗസംക്രമണം നടക്കാം. ഗർഭം അലസൽ, മറുപിള്ള പോകാതിരിക്കുക, വീണ്ടും ചെന പിടിക്കുന്നതിനു ബുദ്ധിമുട്ട്, ഇടവിട്ടുള്ള പനി തുടങ്ങിയവയാണു ലക്ഷണങ്ങൾ.
∙ എലിപ്പനി: രോഗാണുക്കൾ കലർന്ന മൂത്രത്തിന്റെ അംശമുള്ള വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണു രോഗം പകരുക. പനി, വിശപ്പില്ലായ്മ, തളർച്ച, മൂത്രത്തിലൂടെയു പാലിലൂടെയും രക്തം പോകുക, മഞ്ഞപ്പിത്തം എന്നിവയാണ് ലക്ഷണങ്ങൾ.
∙ അകിടുവീക്കം: മറ്റ് അസുഖങ്ങളിൽ നിന്നു വ്യത്യസ്തമായി വിവിധതരം രോഗാണുക്കളാണ് കാരണക്കാർ. മുലക്കാമ്പിലെ ദ്വാരത്തിലൂടെയാണ് അണുക്കൾ ശരീരത്തിൽ കടക്കുക. വൃത്തിഹീനമായ പരിസരം, മലിനജലം കെട്ടിക്കിടക്കുന്ന തൊഴുത്തുകൾ, പരിപാലനത്തിലുണ്ടാകുന്ന വീഴ്ചകൾ എന്നിവ കാരണമാകും. അകിടു പെട്ടെന്ന് നീരുവന്നു ചുവക്കൽ, തൊടുമ്പോൾ വേദന കാണിക്കുക, നിറം മാറി പാൽ കട്ടനിറഞ്ഞതോ പാട നിറഞ്ഞതോ ആകുക, പാൽ തിളപ്പിക്കുമ്പോൾ പിരിഞ്ഞുപോകുക എന്നിവ ലക്ഷണങ്ങൾ.
∙ മുടന്തൻപനി: ഈച്ചകളും കൊതുകുകളുമാണ് രോഗം പരത്തുന്നത്. പനി, തീറ്റ തിന്നാതിരിക്കൽ, വിറയൽ, ഉൽപാദനം കുറയൽ എന്നിവ കാണിക്കും. കൈകാലുകളിൽ മാറിമാറി മുടന്ത് കാണപ്പെടും. ലക്ഷണങ്ങൾ മൂന്നു ദിവസത്തോളം നീണ്ടുനിൽക്കും.
(വിവരങ്ങൾക്കു കടപ്പാട്: ഡോ.ജെ. ബിജു, പബ്ലിക് റിലേഷൻസ് ഓഫിസർ, മൃഗസംരക്ഷണ വകുപ്പ്, ഇടുക്കി)
ശ്രദ്ധിക്കുക
രോഗലക്ഷണങ്ങൾ കാണുമ്പോൾ തന്നെ സ്വയം ചികിത്സിക്കാതെ അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടുക. ചില അസുഖങ്ങൾക്ക് പ്രതിരോധ കുത്തിവയ്പുകൾ ലഭ്യമാണ്.
റജിസ്ട്രേഷൻ നടത്തുകയും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുകയും ചെയ്യുന്നത് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനു സഹായിക്കും. സൂര്യപ്രകാശം ലഭിക്കുന്നതും വായുസഞ്ചാരമുള്ളതും വൃത്തിയുള്ളതുമായ തൊഴുത്തും ചിട്ടയോടെയും മുറതെറ്റാതെയുമുള്ള പരിപാലനമുറകളും പോഷകം നിറഞ്ഞ ഭക്ഷണവും രോഗങ്ങളെ അകറ്റി നിർത്തുന്നതിനു സഹായിക്കും.