മീനുകൾ വിതയ്ക്കുന്നു; കൊയ്യുന്നു

കൂടച്ചേരി അരവിന്ദാക്ഷൻ

മികച്ച മത്സ്യകർഷകർക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ മൂന്നുപേരുടെ വിജയഗാഥ

കൂടച്ചേരി അരവിന്ദാക്ഷൻ

വെങ്ങര രാമപുരം ചെമ്പല്ലിക്കുണ്ട് പുഴത്തീരത്താണ് കൂടച്ചേരി വീട്ടിൽ അരവിന്ദാക്ഷന്റെ സൗപർണികയെന്ന ചെമ്മീൻ കൃഷി ഫാം. കാരയെന്ന സവിശേഷയിനം ചെമ്മീനാണ് ഇവിടുത്തെ അഞ്ചേക്കറിലെ പ്രധാനകൃഷി. 18 വർഷമായി മത്സ്യക്കൃഷി നടത്തുന്ന അദ്ദേഹത്തിനു വൃത്തിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. ഒരിക്കൽ നഷ്ടം വന്നതിനെ തുടർന്നു കൃഷി മറ്റൊരാളെ ഏൽപിച്ചിരുന്നുവെങ്കിലും പിന്നീട് തിരിച്ചെടുത്തു കൂടുതൽ ഉത്സാഹത്തോടെ മത്സ്യം വളർത്തൽ ഉപജീവനമാർഗമായി തിരഞ്ഞെടുക്കുകയായിരുന്നു. അതിൽ വിജയിക്കുക മാത്രമല്ല മികച്ച ചെമ്മീൻ കർഷകർക്കുള്ള ജില്ലാ പുരസ്കാരത്തിന് അർഹത നേടുകയും ചെയ്തു.

വെള്ളത്തിൽ ഓക്സിജന്റെ അളവിൽ കുറവുണ്ടായാൽ ചെമ്മീന്റെ ജീവൻ അപകടത്തിലാവുമെന്നതിനാൽ അതു ശരിയായ തോതിൽ നിലനിർത്താൻ ചിലപ്പോൾ ദിവസം 14 മണിക്കൂറോളം എയറേറ്റർ സംവിധാനം പ്രവർത്തിപ്പിക്കേണ്ടി വരും. ജനറേറ്റർ ഉപയോഗിച്ചാണ് ഈ യന്ത്രം പ്രവർത്തിപ്പിക്കുന്നത്. വൈദ്യുതി കണക്​ഷൻ ലഭിക്കാത്തതുകാരണം ഡീസലിൽ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ വൻതുക ചെലവു വരുന്നുണ്ട്. വെള്ളത്തിൽ കൃത്രിമമായി ഓക്സിജൻ കലർത്തുന്നതിനു പ്രത്യേക കെമിക്കൽ പ്രയോഗവും നടത്താറുണ്ട്. കൂടാതെ വെള്ളത്തിനു പച്ചനിറം ലഭിക്കുന്നതിനുള്ള അഗ്രി ലൈം, അമോണിയ അംശം ഇല്ലാതാക്കാൻ സൂപ്പർ പിയാസ് പ്രയോഗങ്ങളും നടത്തണം. പക്ഷികൾ മീനുകളെ  കൊത്തിയെടുക്കാതിരിക്കാൻ വിശാലമായ ഫാമിനു മുകളിൽ നൈലോൺ നൂലുകൾ വലിച്ചുകെട്ടിയിട്ടുണ്ട്. ഒരോ ഘട്ടത്തിലും കണ്ണൂർ ഫിഷറീസ് വകുപ്പിൽ നിന്നും ലഭിക്കുന്ന 80,000 ചെമ്മീൻ കുഞ്ഞുങ്ങളെയാണ് ഫാമിൽ നിക്ഷേപിക്കുന്നത്. ഇതു 120 ദിവസം കൊണ്ട് വലുതായി വിളവെടുപ്പിനു പാകമാകും. ഒരു കിലോ ചെമ്മീൻ ശരാശരി 30 മുതൽ 40 എണ്ണം വരെയുണ്ടാകും. കിലോയ്ക്ക് 500 മുതൽ 600 രൂപ വരെ ലഭിക്കാറുണ്ടെന്നും അരവിന്ദാക്ഷൻ പറയുന്നു.

കയറ്റുമതിക്കായി എറണാകുളത്തുനിന്നുള്ളവരാണ് ചെമ്മീൻ പ്രധാനമായും വാങ്ങിക്കൊണ്ടുപോകുന്നത്. മാസത്തിലൊരിക്കൽ ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരെത്തി മീനുകളുടെ ആരോഗ്യസ്ഥിതി വിലയിരുത്തും. രണ്ടാഴ്ച കൂടുമ്പോൾ ചെമ്മീന്റെ ഭാരം തിട്ടപ്പെടുത്തി ആവശ്യമായ മുൻകരുതലുകൾ കൈക്കൊള്ളുകയും വേണം. രോഗം പിടിപെട്ടാൽ കൂട്ടത്തോടെ ചത്തൊടുങ്ങുമെന്നതിനാൽ പരിചരണത്തിൽ ഏറെ ശ്രദ്ധവേണമെന്നാണ് അദ്ദേഹം പറയുന്നത്. മുൻപു മികച്ച ചെമ്മീൻകർഷകനുള്ള പഞ്ചായത്തുതല അവാർഡ് നേടിയ അരവിന്ദാക്ഷൻ കൃഷിയിൽ നിന്നുള്ള ആദായം മെച്ചപ്പെടുത്തുന്നതിനു കൂടുതൽ സർക്കാർ സഹായങ്ങളും  വൈദ്യുതി കണക്​ഷനും ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ്. സഹായികളായി രണ്ട് അന്യസംസ്ഥാനക്കാരുണ്ട്. ദിവസവും നാലുനേരം തീറ്റകൊടുക്കണം. ചെമ്മീനുകൾ പടം പൊഴിക്കുന്ന കാലമാണിത്. അതുകൊണ്ടുതന്നെ കൂടുതൽ പരിചരണവും ഇപ്പോഴാണ് ആവശ്യം. നാലഞ്ചുമാസം കൂടുമ്പോഴാണ് ചെമ്മീൻ ഫാമിൽ വിളവെടുപ്പ്. ഒരോ തവണയും ഒന്നര ടണ്ണോളം ചെമ്മീൻ ലഭിക്കാറുണ്ടെന്നും കെ.അരവിന്ദാക്ഷൻ പറയുന്നു.

ചാമണ്ടി കൃഷ്ണൻ

ചാമണ്ടി കൃഷ്ണൻ

മികച്ച ശുദ്ധജല മത്സ്യകർഷകനുള്ള ഫിഷറീസ് വകുപ്പിന്റെ ജില്ലാ പുരസ്കാരം  നേടിയ ആളാണെന്ന ഭാവമൊന്നും ചാമണ്ടി കൃഷ്ണന്റെ മുഖത്തില്ല. വേഷം ബനിയനും കാവിമുണ്ടും. 67 വയസ്സിന്റെ നേരിയ ബലക്ഷയമുണ്ട് ദേഹത്ത്. കുഞ്ഞിമംഗലം തെക്കുമ്പാട്ടിലെ വിശാലമായ വയൽക്കരയിൽ കഴിയുന്ന അദ്ദേഹത്തിനു കൂട്ടായി കുറേ താറാവുകൾ, ആടുകൾ, കോഴികൾ... പിന്നെ ചുറ്റുമുള്ള കുളങ്ങളിൽ വളർത്തുമീനുകളും. ഇതു രണ്ടാം തവണയാണ് കൃഷ്ണന് മികച്ച മത്സ്യകർഷകനുള്ള പുരസ്കാരം ലഭിക്കുന്നത്. ആദ്യ പുരസ്കാരം 2010ൽ ആയിരുന്നു. സ്വന്തമായുള്ള 2.19 ഏക്കറിൽ മൊത്തം ഒൻപതു കുളങ്ങൾ. അതിൽ കട്‍ല, റോഹു, മൃഗാൾ, സിൽവർ കാർപ, ഗ്രാസ് കാർപ, കോമൺ കാർപ എന്നീ ഇനങ്ങളിൽ പെട്ട മത്സ്യങ്ങളെയാണ് വളർത്തുന്നത്. അവസാനം പറഞ്ഞ മൂന്നെണ്ണം ചൈനീസ് ഇനങ്ങളാണ്. മീനുകൾക്കു ദിവസം രണ്ടുനേരം തവിടും പിണ്ണാക്കും അടങ്ങിയ തീറ്റ നൽകണം. എല്ലാ വർഷവും വേനലിൽ കുളം പമ്പ് ഉപയോഗിച്ചു വറ്റിച്ചശേഷം കുമ്മായമിട്ടു ശുദ്ധീകരിക്കുന്ന പതിവുണ്ട്.

ഒരു കുളത്തിലെ മീനുകളെ മറ്റൊന്നിലേക്കു മാറ്റിയാണ് ഈ പ്രക്രിയ. മീനുകൾക്കു രോഗബാധ ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതലുകളിൽ പെട്ടതാണിത്. 27 വർഷത്തോളമായി തെക്കുമ്പാട് ചാമണ്ടി വീട്ടിൽ കൃഷ്ണൻ മത്സ്യക്കൃഷി തുടങ്ങിയിട്ട്. കണ്ണൂരിലെ മത്സ്യകർഷക വികസന ഏജൻസി മുഖേന സൗജന്യമായി ലഭിക്കുന്ന  മത്സ്യക്കുഞ്ഞുങ്ങളെയാണ് കുളത്തിലെ ശുദ്ധജലത്തിലിട്ടു വളർത്തുന്നത്. ആറേഴു സെന്റിമീറ്റർ വലുപ്പമുള്ള കുഞ്ഞുങ്ങൾ ഒരു വർഷത്തിനുള്ളിൽ വളർന്നുവലുതായി  വിളവെടുപ്പിനു പാകമാകും. വിവിധ ഘട്ടങ്ങളിലായി കൃഷി നടക്കുന്നതിനാൽ എല്ലാ കാലത്തും അദ്ദേഹത്തിന്റെ ഫാമിൽ മീൻ വിൽപനയ്ക്കുണ്ടാകും. പ്രധാന ആവശ്യക്കാർ സമീപത്തെ ഏഴിമല നാവിക അക്കാദമിയിലെ ജവാന്മാരാണ്. അവർ ആഴ്ചയിൽ രണ്ടു മൂന്നു ദിവസം എത്തി ആവശ്യമുള്ള മീനുകൾ വൻതോതിൽ വാങ്ങിക്കൊണ്ടുപോകുന്നതാണ് കൃഷ്ണന്റെ മുഖ്യ വരുമാനം. സഹായിയായി ബംഗാളിക്കാരനുണ്ട്. പിന്നെ കാവലിനു നായയും.

ഇത്തവണത്തെ വിളവെടുപ്പിൽ ഒന്നര ടൺ മത്സ്യമാണ് ഇവിടെ നിന്നു ലഭിച്ചത്. കട്‍ല മീൻ കിലോയ്ക്കു 200 രൂപ നിരക്കിലാണ് വിൽക്കുന്നത്. ഇറച്ചിക്കുവേണ്ടി വളർത്തുന്ന വിഗോവ താറാവ്, ആടുകൾ, കോഴികൾ എന്നിവയും ഫാമിലെ വരുമാനശേഷി കൂട്ടുന്നവയാണ്. ഫാമിലേക്കു വൈദ്യുതി ലഭിക്കാത്തതു പ്രവർത്തനത്തെ ഏറെ ബാധിക്കുന്നുണ്ട്. വെള്ളം വറ്റിക്കാനും മറ്റും ഇപ്പോൾ ഡീസൽ പമ്പുകളാണ് ഉപയോഗിക്കുന്നത്. മീനുകൾക്കു രോഗം ബാധിക്കാതെ ആരോഗ്യത്തോടെയും നല്ല തൂക്കത്തോടെയും വളർത്താൻ ഏറെ കഷ്ടപ്പാടുള്ളതായി കൃഷ്ണൻ പറയുന്നു. അതിരാവിലെ ജോലി തുടങ്ങും. ശാസ്ത്രീയരീതിയിലുള്ള പരിചരണവും ശ്രദ്ധയും കൊണ്ട് ഇതുവരെ മത്സ്യക്കൃഷിയിൽ നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

കായംകാട്ടിൽ തോമസ്

കായംകാട്ടിൽ തോമസ്

ഉളിക്കൽ പഞ്ചായത്തിലെ മത്സ്യകർഷക സംഘത്തിൽ ആയിരത്തിമുന്നൂറോളം അംഗങ്ങളുണ്ട്. അവരുടെ വഴികാട്ടിയായ കായംകാട്ടിൽ തോമസിനാണ് ഇത്തവണത്തെ മികച്ച അക്വാ കൾച്ചർ കോഓർഡിനേറ്റർക്കുള്ള ജില്ലാതല പുരസ്കാരം ലഭിച്ചത്. പത്തുവർഷത്തോളമായി കോഓർഡിനേറ്റർ സ്ഥാനം വഹിക്കുന്ന അദ്ദേഹത്തിനു പ്രായം 69 ആയെങ്കിലും മത്സ്യക്കൃഷിയുടെ ചുറ്റുവട്ടങ്ങളിലെല്ലാം ഇന്നും സജീവസാന്നിധ്യമാണ്. മത്സ്യകർഷക സംഘത്തിലെ അംഗങ്ങൾ ഒരുക്കുന്ന കുളങ്ങളിലെയും ക്വാറികളിലെയും മറ്റും മത്സ്യക്കൃഷിക്കു മേൽനോട്ടം വഹിക്കുകയാണ് മുഖ്യ ചുമതല. ഒട്ടേറെ പേർ പടുതക്കുളങ്ങളിലാണ് മീൻ വളർത്തുന്നത്. ഇതിനായി 10,000 രൂപ സർക്കാർ സബ്സിഡി ലഭിക്കും. സംഘത്തിൽ അംഗമാകുന്നവർക്കു പ്രതിവർഷം ഫിഷറീസ് വകുപ്പ് സൗജന്യമായാണ്  മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത്. ഇപ്പോൾ പ്രധാനമായും റോഹു, മൃഗാൾ, കട്‍ല മത്സ്യങ്ങളെയാണ് നൽകുന്നത്.

വർഷം 175 വീതം കരിമീൻ കുഞ്ഞുങ്ങളെയും  വിതരണം ചെയ്യും. കർഷകർക്കു കുളം നിർമിക്കുന്നതിനും മത്സ്യം വളർത്തുന്നതിലും പരിശീലനം നൽകാനും തോമസിന്റെ സഹകരണമുണ്ടാകും. എട്ടുമീറ്റർ നീളം, അഞ്ചുമീറ്റർ വീതി, ഒന്നരമീറ്റർ ആഴം എന്ന കണക്കിൽ ഒരു സെന്റിൽ മത്സ്യക്കൃഷി നടത്തുന്നവരാണ് സംഘത്തിലെ ഏറെപ്പേരും. 50 സെന്റിലേറെ സ്ഥലത്ത് മത്സ്യക്കൃഷി നടത്തുന്നവർക്ക് ഒന്നര ലക്ഷം രൂപ സബ്സിഡിയോടെ മൂന്നു ലക്ഷം രൂപ സർക്കാർസഹായം ലഭിക്കും. വർഷത്തിലൊരിക്കലുള്ള വിളവെടുപ്പിൽ വൻ നേട്ടം കൊയ്യുന്നവരും സംഘത്തിലുണ്ടെന്നു തോമസ് സാക്ഷ്യപ്പെടുത്തുന്നു. മികച്ച കർഷകരെ കണ്ടെത്തി എല്ലാ വർഷവും ചിങ്ങം ഒന്നിന് അവാർഡ് നൽകുന്ന പതിവുമുണ്ട്. എല്ലാ മാസവും യോഗം ചേർന്നു പ്രവർത്തനങ്ങൾ വിലയിരുത്തുകയും റിപ്പോർട്ട് തയാറാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു സമർപ്പിക്കുകയും വേണം.

മത്സ്യവളർത്തുകേന്ദ്രങ്ങൾ സന്ദർശിച്ച് അവസ്ഥ മനസ്സിലാക്കുകയും മീനുകളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനും രോഗബാധ തടയുന്നതിനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനെക്കുറിച്ചു കർഷകർക്കു നിർദേശങ്ങളും നൽകണം. ഇങ്ങനെ വേറിട്ട പ്രവർത്തനശൈലിയിലൂടെയാണ് ഉളിക്കലിലെ തോമസ് അംഗീകാരത്തിന്റെ നിറവിലെത്തിയത്. പാലാ സ്വദേശിയായ തോമസ് വർഷങ്ങളായി ഉളിക്കലിലാണ് താമസം. മുൻപു റേഷൻഷാപ്പ് നടത്തിയിരുന്ന അദ്ദേഹം ഹൃദ്രോഗബാധയെ തുടർന്ന് അത് ഒഴിവാക്കി ഇപ്പോൾ ഉളിക്കൽ ബസ് സ്റ്റാൻഡിനു സമീപത്തു സ്റ്റേഷനറി കട നടത്തുകയാണ്. ഒഴിവുസമയങ്ങളിൽ മത്സ്യക്കൃഷിക്കാർക്കു പിൻബലമാകും. വർഷങ്ങളായുള്ള ശീലം  ഉപേക്ഷിക്കാനാവാത്തതിനാൽ വീട്ടുപറമ്പിൽ ചെറിയൊരു കുളം ഒരുക്കിയിട്ടുണ്ട്. അതിൽ അരുമകളായി കുറച്ചു മത്സ്യങ്ങളും.