ഏലത്തോട്ടങ്ങളിൽ േതനീച്ച വളർത്തലിനു പ്രിയമേറുന്നു. ഔഷധമേന്മയേറെയുള്ള ചെറുതേനാണു കൂടുതൽ കർഷകരും ഉൽപാദിപ്പിക്കുന്നത്. ഇതിനു വിപണിയിൽ മികച്ചവില ലഭിക്കുമെന്നതും ആകർഷണീയമാണ്. ഹൈറേഞ്ചിലെ ഏലത്തോട്ടം മേഖലയാണ് തേൻ ഉൽപാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്.
ഏലത്തോട്ടത്തിലെ പരാഗണത്തിനായി ചെറുതേനീച്ച, കോൽതേനീച്ച, വൻ തേനീച്ച എന്നി ഇനങ്ങളെയാണ് കൂടുതലായും കർഷകർ ഉപയോഗിക്കുന്നത്. ചെറുകിട, വൻകിട തോട്ടങ്ങളിൽ തേനീച്ച വളർത്തി ലക്ഷങ്ങൾ കൊയ്യുന്ന കർഷകരുണ്ട്. തോട്ടം മേഖലയോട് അനുബന്ധിച്ചു കിടക്കുന്ന ടൂറിസം കേന്ദ്രങ്ങളിൽ ലക്ഷക്കണക്കിനു രൂപയുടെ തേനാണ് വിൽപന നടക്കുന്നത്. ചെറുതേൻ ഒരുലിറ്ററിനു 2000 മുതൽ 2500 രൂപ വരെയാണ് വില.
വേഗത്തിൽ മുറിവുണങ്ങാനും പൊള്ളൽ, നേത്രരോഗങ്ങൾ, ചുമ, ജലദോഷം, കഫക്കെട്ട്, ത്വക്ക് രോഗങ്ങൾ, ആസ്ത്‌മ, അൾസർ, അർശസ്സ്, ഗ്യാസ്ട്രബിൾ, വയറിളക്കം, വയറുകടി, അപസ്മാരം, കുടലിലെ രക്തസ്രവം, മൂത്രാശയ രോഗങ്ങൾ, കുട്ടികളിലെ ഉദരസംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കു തേൻ പ്രതിവിധിയാണ്. വിദേശരാജ്യങ്ങളിൽ ചെറുതേനിന് ആവശ്യക്കാരേറിയതാണു വില വർധിക്കുന്നതിനു കാരണം.
കോൽതേൻ, പെരുന്തേൻ, വൻതേൻ എന്നി ഇനങ്ങൾക്ക് ഒരു ലീറ്ററിനു 300 മുതൽ 500 രൂപ വരെയാണു വില. മരപ്പൊത്തിലും കല്ലിടുക്കുകളിലും ചുവരുകളിലും കാണുന്ന പ്രകൃതിദത്തമായ ചെറുതേനീച്ചകളെ കൂട്ടിലാക്കി വളർത്താം. ഔഷധമെന്ന നിലയിൽ ഏറെ പ്രാധാന്യമുള്ള ചെറുതേൻ കേരളത്തിൽ ഉൽപാദിപ്പിക്കാൻ അനന്തസാധ്യതയാണുള്ളത്.
ഇത്തരത്തിൽ ചെറുതേനീച്ചയെ വാണിജ്യാടിസ്ഥാനത്തിൽ വളർത്താനുള്ള നൂതന സങ്കേതികവിദ്യ വെള്ളായണി കാർഷിക കോളജിലെ അഖിലേന്ത്യ സംയോജിത തേനീച്ച പരാഗണ ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചെറുതേനീച്ചയെ വ്യാവസായികമായി വളർത്താൻ ഉപയോഗിക്കാവുന്ന വിവിധതരം കൂടുകളെക്കുറിച്ചു വിശദമായ പഠനം കാർഷിക കോളജിലെ അഖിലേന്ത്യാ സംയോജിത തേനീച്ച പരാഗണ ഗവേഷണകേന്ദ്രം നടത്തിയിരുന്നു. വ്യത്യസ്ത വലുപ്പത്തിലുള്ള തടിപ്പെട്ടികൾ, മൺകലങ്ങൾ, മുളം കൂടുകൾ എന്നിവ പഠനവിധേയമാക്കി.
പഠനത്തിൽ മുളങ്കൂടുകളാണ് തേനുൽപാദനത്തിന് ഉത്തമമെന്നു കണ്ടെത്തിയത്. ഏറ്റവും കൂടുതൽ പുഴുവളർത്തലും തേൻ, പൂമ്പൊടി ശേഖരവും ഈ വലുപ്പത്തിലുള്ള മുളങ്കൂടുകളിലാണെന്നു കണ്ടെത്തിയിട്ടുണ്ട്. തേനെടുക്കുന്നതിനും ഏറ്റവും എളുപ്പമായുള്ളത് മുളങ്കൂടുകളാണ്. തേൻ, പൂമ്പൊടി ശേഖരിച്ചുവയ്ക്കുന്ന അറകൾ മുളയുടെ വശങ്ങളിലായിരിക്കും. പുഴു അടകൾക്കു കേട് ഒട്ടും സംഭവിക്കാതെ തേനെടുക്കുന്നതിന് ഇത് സഹായിക്കും. വിവിധ ഇനത്തിലുള്ള മറ്റ് തേനീച്ചകൾക്കും ഈ കൃഷിമാർഗം പരീക്ഷിക്കാവുന്നതാണ്.
കാട്ടാനശല്യം രൂക്ഷമായ സ്ഥലങ്ങളിൽ തേനീച്ചപ്പെട്ടികൾ സ്ഥാപിച്ചാൽ കാട്ടാനകൾ ആ വഴിക്കു വരില്ലെന്നു പഴമാക്കാർ പറയുന്നു. കാട്ടാനകൾക്കു തേനീച്ചക്കൂട്ടത്തെ ഭയമാണ്. തേനീച്ചക്കൂട്ടമുള്ള സ്ഥലങ്ങളിൽ കാട്ടാനകൾ വരാൻ മടിക്കും. തേനീച്ചക്കൂടുകളിൽ നിന്നുള്ള മൂളൽ കാട്ടാനകൾക്ക് സൃഷ്ടിക്കുന്ന അസ്വസ്ഥതയാണ് കാട്ടാനകൾ തേനീച്ചയെ ഭയക്കുന്നതിന്റെ കാരണം.
വിദേശരാജ്യങ്ങളിൽ കാട്ടാനശല്യമുള്ള വനപ്രദേശങ്ങളോടു ചേർന്ന് തേനീച്ചപ്പെട്ടികളുടെ വേലി സ്ഥാപിച്ചാണ് കാട്ടാന ശല്യത്തിൽ നിന്നു രക്ഷനേടുന്നത്. പ്രതിവർഷം കോടികളുടെ കൃഷിനാശം വരുത്തുന്ന കാട്ടാനകൾ മലയോരമേഖലയുടെയും വനമേഖലയുടെയും പേടിസ്വപ്നമാണ്. കാട്ടാനശല്യം കാരണം പലപ്പോഴും കൃഷിനാശത്തിനുപുറമെ കർഷകരുടെ ജീവനും നഷ്ടമാകാറുണ്ട്. കാട്ടാനശല്യം നേരിടാൻ കോടികൾ ചെലവാക്കി ഇരുമ്പു വേലിയുൾപ്പെടെയുള്ള പ്രതിരോധപ്രവർത്തനം ചെയ്തിട്ടും ഫലമില്ലാത്ത സ്ഥിതിയാണ്. തേനീച്ചവേലികൾ കാട്ടാനശല്യമുള്ളിടത്ത് സ്ഥാപിച്ചാൽ കാട്ടാനശല്യത്തിൽ നിന്നു രക്ഷനേടാം.
∙ ജോബിൻ തോമസ്