സ്ഥലം കാടും പടലും നിറഞ്ഞുളളതാണെങ്കിൽ അവ വെട്ടി നീക്കി വെടിപ്പാക്കണം. ഇതോടൊപ്പം മരങ്ങളുടെ തലപ്പു മുറിച്ചുനീക്കി തണൽ ക്രമീകരിക്കുകയും വേണം. എന്നാൽ തണൽ കുറവുള്ളയിടങ്ങളിൽ പുതിയതായി മരങ്ങൾ വച്ചുപിടിപ്പിക്കണം. പഴയ ചെടികൾ നിൽപ്പുള്ളതു പിഴുതു നീക്കി മണ്ണ് ഒരുക്കുക. പുതിയ നടീലിനാവശ്യമായ തൈകൾ മുൻകൂട്ടി ഏർപ്പാടാക്കുക. ഇതിനായി നഴ്സറികൾ നേരിട്ടു കണ്ടുവേണം തൈകൾ തിരഞ്ഞെടുക്കാൻ.
കാലവർഷാരംഭമാണ് നടീലിനു പറ്റിയ സമയം. അതായതു മേയ്–ജൂൺ മാസങ്ങളിൽ തൈ നടാം. എന്നാൽ കനത്ത പെയ്ത്ത് ഉള്ളപ്പോൾ നടാതിരിക്കുകയാണു നല്ലത്. ചാറ്റൽമഴ ഉള്ളപ്പോള്‍ തൈകള്‍ നടാം. ചെടികൾ കുത്തനെ നിർത്തി വേണം നടാൻ. തൈകളുടെ കടഭാഗം അധികം ആഴത്തിൽ പോകരുത്. നട്ട് വേരുകൾ വളർന്നു മണ്ണിൽ ഉറയ്ക്കുന്നതു വരെ ചെടികള്‍ക്ക് ഇളക്കം തട്ടാതിരിക്കാൻ കമ്പുകൾ നാട്ടി കെട്ടിനിർത്തണം.
തൈകൾ നടാൻ കുഴികൾ ഏപ്രിൽ–മേയ് മാസങ്ങളിൽതന്നെ എടുക്കണം. 60X60X35 സെ.മീ. വലുപ്പമുള്ള കുഴികൾ രണ്ടു മുതൽ മൂന്നു മീറ്റർ അകലത്തിലെടുക്കുക. മേൽമണ്ണിട്ടു കുഴികൾ മൂടി തൈ നടണം. നട്ടു കഴിഞ്ഞാൽ പുതയിടുന്നത് ചെടിയുടെ വളർച്ചയെ സഹായിക്കും. കളയെടുപ്പ്, വളമിടീൽ, കീടരോഗനിയന്ത്രണം എന്നിവ യഥാസമയം കാര്യക്ഷമമായി നടത്തിയാൽ മൂന്നാം വർഷം മുതൽ വിളവെടുപ്പ് ആരംഭിക്കാം.