Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവോലി വറ്റ വരുന്നൂ...

avoli-vatta-fish ആവോലി വറ്റ

ആഭ്യന്തര-വിദേശ വിപണികളിൽ പ്രിയമേറിയ ആവോലി വറ്റയുടെ വിത്തുൽപാദന സാങ്കേതിക വിദ്യയിൽ കൊച്ചി കേന്ദ്ര സമുദ്രമൽസ്യ ഗവേഷണ സ്ഥാപനത്തിനു (സിഎംഎഫ്ആർഐ) വിജയം. രണ്ടു വർഷം നീണ്ട ഗവേഷണത്തിനു ശേഷം സിഎംഎഫ്ആർഐ യുടെ വിശാഖപട്ടണം കേന്ദ്രത്തിലാണു സാങ്കേതികവിദ്യാവിജയം. ലോകത്ത് ആദ്യമായാണ് ഈ മീനിന്റെ വിത്തുൽപാദനം വിജയം കാണുന്നത്. രാജ്യത്തെ സമുദ്രകൃഷി സംരംഭങ്ങൾക്ക് ഈ നേട്ടം കരുത്തുപകരുമെന്നു ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു.

ഇനിയെന്ത് ?

∙ വിത്തുൽപാദന സാങ്കേതികവിദ്യ വിജയമായതോടെ ആവോലി വറ്റ ഹാച്ചറികളിൽ പ്രജനനം നടത്തി കുഞ്ഞുങ്ങളെ കൃഷിക്കായി ഉപയോഗിക്കാനാകും. കൂടുമൽസ്യ കൃഷിക്ക് ഏറെ അനുയോജ്യമായ മൽസ്യമാണിത്. കുഞ്ഞുങ്ങൾ ലഭ്യമല്ലാത്തതിനാൽ ഇവയുടെ കൃഷി ഇതുവരെ സാധ്യമായിരുന്നില്ല.

സവിശേഷതകൾ

∙ പെട്ടെന്നുള്ള വളർച്ചാനിരക്ക്, ഗുണനിലവാരമുള്ള മാംസം, ഏതു  സാഹചര്യങ്ങളോടും ഇണങ്ങിച്ചേരാനുള്ള കഴിവ് എന്നിവ ആവോലി വറ്റയ്ക്കുണ്ട്. മികച്ച വളർച്ചാനിരക്കു കൃഷിയിൽ വലിയ ലാഭം നൽകും.

avoli-vatta-fish-juvenile സിഎംഎഫ്ആർഐ ഉൽപാദിപ്പിച്ച ആവോലി വറ്റയുടെ കുഞ്ഞുങ്ങൾ.

ഒരു കോടി ടൺ

∙ സിഎംഎഫ്ആർഐ കൃത്രിമമായി വിത്തുൽപാദനം വിജയകരമാക്കുന്ന അഞ്ചാമത്തെ സമുദ്ര മൽസ്യമാണ് ആവോലി വറ്റ. നേരത്തേ മോത, കലവ, ഏരി, വളവോടി വറ്റ എന്നിവയുടെ വിത്തുൽപാദന സാങ്കേതിക വിദ്യ വികസിപ്പിച്ചിരുന്നു. കടലിൽ നിന്നുള്ള മൽസ്യ ലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തിൽ കൃഷിയിലൂടെ മൽസ്യോൽപാദനം വർധിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം.

രണ്ടായിരത്തി അൻപതോടെ രാജ്യത്ത് ഒരു കോടി ടൺ സമുദ്ര മൽസ്യോൽപാദനമാണു ലക്ഷ്യമിടുന്നത്. ഇതു സാധ്യമാക്കുന്നതിനാണ് ഉയർന്ന വിപണന മൂല്യമുള്ള കടൽ മീനുകളുടെ വിത്തുൽപാദന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് സിഎംഎഫ്ആർഐ പരീക്ഷണങ്ങൾ നടത്തുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ കടലിൽ നിന്നുള്ള മൽസ്യലഭ്യത 3.63 മില്യൺ ടൺ ആയിരുന്നു.