കേരളത്തിലെ ക്ഷീരകർഷകരുടെ വന്യമായ സ്വപ്നങ്ങളിൽ പോലുമില്ല ഒരു ലീറ്റര്‍ പാലിന് 150 രൂപ വില. എന്നാല്‍ അതു നേടുന്ന ചിലരെങ്കിലും ഇന്നു കേരളത്തിലുണ്ട്. തിരുവനന്തപുരം കരമന തമലം ശാസ്ത്രി നഗറിലുള്ള നസ്റേത്തിൽ ഫാമുടമ എം.എസ്. മനു എന്ന ക്ഷീരകർഷകൻ അവരിലൊരാളാണ്. പാലിനു നൂറ്റമ്പതെങ്കിൽ ചാണകത്തിനു കിലോ നാൽപതു രൂപയും ഗോമൂത്രം ലീറ്ററിന് ഇരുപതു രൂപയുമാണ് മനു ഈടാക്കുന്നത്.
ഇരട്ടപെറ്റ സഹോദരിമാരാണല്ലോ ജൈവകൃഷിയും നാടൻ പശുവും. പലേക്കറുടെ ചെലവില്ലാക്കൃഷിയാണ് നാടൻപശുവിന് നാട്ടിലെങ്ങും താരപരിവേഷം നൽകിയത്. നാടൻപശുവിന്റെ ചാണകവും മൂത്രവുംകൊണ്ടു തയാറാക്കുന്ന ജീവാമൃതവും മറ്റു വളങ്ങളുമാണ് പലേക്കർകൃഷിയുടെ വിജയമന്ത്രം.
നാടൻപശു പക്ഷേ ചെലവില്ലാക്കൃഷിയും കടന്ന് ചെലവേറിയ സംരംഭമായി വളർന്നു. 81 സെന്റിമീറ്റർ ഉയരമുള്ള വെച്ചൂർ പശുവിനെ വാങ്ങണമെങ്കിൽ അത്രയും ഉയരത്തിൽ നോട്ടുകെട്ടുകൾ അടുക്കിവയ്ക്കണമെന്ന സ്ഥിതിയിലെത്തി കാര്യങ്ങള്‍. വെച്ചൂരിനു മാത്രമല്ല, കാസർകോടു കുള്ളനും ചെറുവളളിയും പോലുള്ള കേരളത്തിലെ നാടൻ ഇനങ്ങൾക്കെല്ലാം വൻ ഡിമാന്‍ഡും കൈവന്നു. കപിലയും കാങ്കേയവും പോലെയുള്ള ഇതര സംസ്ഥാന നാടൻപശുക്കളെ സ്വന്തമാക്കാൻ ഉൽസാഹിച്ചവരും കുറവല്ല. അത്ര കേമിയാണോ നാടൻപശു! അതെയെന്നാണ് നാടൻപശു നൽകുന്ന എ റ്റു (A2) പാലിന്റെ ആരാധകർ പറയുന്നത്.
എ റ്റു ധവളവിപ്ലവം
ന്യൂസിലൻഡിലും ഓസ്ട്രേലിയയിലുമെല്ലാം സ്വാധീനമുള്ള a2 Milk Company Ltd. ആണ് ലോകമെങ്ങും എ റ്റു മിൽക്കിനു പ്രചാരം കൊടുത്തത്. ആരോഗ്യമേഖലയിൽ പഠനങ്ങൾ നടത്തിയിരുന്ന ഡോ. മക് ലക്കൻ എന്ന ന്യൂസിലൻഡ് ഗവേഷകന്റെ കണ്ടെത്തലുകളാണ് രണ്ടായിരത്തിന്റെ തുടക്കത്തിൽ എ2 പാൽ സംബന്ധമായ ചർച്ചകൾക്കു വഴിവയ്ക്കുന്നത്.
സങ്കര ഇനം പശുക്കളുടെ പാലിലെ പ്രോട്ടീനിൽ അടങ്ങിയ എ വൺ ബീറ്റാ കേസിൻ, ആരോഗ്യപ്രശ്നങ്ങൾക്കു വഴി തെളിച്ചേക്കാം എന്നായിരുന്നു മക് ലക്കന്റെ കണ്ടെത്തൽ. തനത് ജനുസ്സുകളിൽപ്പെട്ട പശുക്കളുടെ പാലിൽ എ വണ്‍ ബീറ്റാ കേസിൻ ഇല്ല എന്നും അദ്ദേഹം വാദിച്ചു. അതുകൊണ്ടു തന്നെ നാടൻ പശുക്കളുടെ പാലിനെ എ2 മിൽക് എന്ന് അദ്ദേഹം വിളിച്ചു. എ2 മിൽക്കാണ് ആരോഗ്യത്തിനു ഗുണകരമെന്ന് അടിവരയിട്ടു പറയുകയും ചെയ്തു.
മാത്രമല്ല, ഡയറി സംരംഭകരായ ചില സുഹൃത്തുക്കളുമായി ചേർന്ന് രണ്ടായിരത്തിൽ അദ്ദേഹം a2 milk company യും സ്ഥാപിച്ചു. ന്യൂസിലൻഡിലെ വൻകിട ഡയറി സംരംഭകർ എ2 മിൽക് വാദികൾക്കെതിരെ കലാപമുയർത്തി. വിവാദങ്ങളും നിയമയുദ്ധങ്ങളും പൊടിപാറി. 2003ൽ കെയ്ത്ത് വുഡ്ഫോർഡ് എന്ന ന്യൂസിലൻഡ് ഗവേഷകൻ രചിച്ച 'ഡെവിൾ ഇൻ ദ മിൽക്' എന്ന പുസ്തകം പുറത്തു വന്നതോടെ തർക്കങ്ങൾ രൂക്ഷമായി. പിന്നീട്, കേരളത്തിൽ ഉൾപ്പെടെ എ2 വാദികളുടെ വിശുദ്ധഗ്രന്ഥമായി മാറി ഡെവിൾ ഇൻ ദ മിൽക്.
എ 2 വാദികൾ കുറവല്ലെങ്കിലും സങ്കരയിനം പശുക്കളുടെ പാലിനെ സംബന്ധിച്ച ആരോപണങ്ങൾക്ക് ശാസ്ത്രീയ അടിത്തറയില്ല എന്നു സ്ഥാപിക്കുന്ന ഗവേഷകർക്കാണ് ഇന്നും ഭൂരിപക്ഷം.
ജൈവകൃഷിയുടെ തുടർച്ച എന്ന നിലയിൽ സമീപ വർഷങ്ങളിലാണ് കേരളത്തില്‍ നാടൻ പശുക്കളുടെ പാലിനു വിശേഷസിദ്ധികൾ കൽപിക്കപ്പെട്ടു തുടങ്ങിയത്. ഏതായാലും അനുഭവസ്ഥരുടെയും ആരാധകരുടെയും ബലത്തിൽ കേരളത്തില്‍ മുഖ്യധാരാ പാൽവ്യവസായത്തിനു സമാന്തരമായി നാടൻപാലും പ്രചാരം നേടുന്നു എന്ന വസ്തുത കാണാതിരുന്നിട്ടു കാര്യമില്ല. എം.എസ്. മനു എന്ന മുൻ മെഡിക്കൽ റെപ്രസന്റേറ്റീവ് നാടൻ പശുക്കളിലേക്കു തിരിയുന്നത് ഇത്തരം ചില ബോധ്യങ്ങളുടെ വെളിച്ചത്തിലാണ്.
ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ചേർന്ന് മാസം കുറഞ്ഞത് എഴുപതിനായിരം രൂപ വരുമാനമുണ്ടായിരുന്ന മെഡിക്കൽ റെപ്രസന്റേറ്റീവായിരുന്നു രണ്ടു വർഷം മുമ്പു വരെ മനു. പ്രമേഹം, രക്തസമ്മർദം തുടങ്ങിയ ജീവിതശൈലീരോഗങ്ങള്‍ക്കുള്ള മരുന്നുകൾക്ക് കേരളം ഒന്നാന്തരം വിപണിയായതിനാൽ കമ്പനി നിശ്ചയിക്കുന്ന ടാർഗറ്റും കടന്ന് കച്ചവടം പൊടിപൊടിച്ചു.
ജോലിക്കിടെ ഒരിക്കൽ ഓർക്കാപ്പുറത്തുണ്ടായ തലകറക്കമാണ് തന്റെ ജീവിതത്തെ നാടൻപശുക്കളുടെ സന്നിധിയിൽ എത്തിച്ചതെന്ന് മനു. അന്നു രക്തസമ്മർദം പരിശോധിച്ചപ്പോൾ, വളരെക്കൂടുതൽ. ‘ഇതൊന്നും കാര്യമാക്കേണ്ട. ഇപ്പോഴിതൊക്കെ നാട്ടുനടപ്പാണെ’ന്നു ഡോക്ടര്‍. ഇനിയങ്ങോട്ടു പതിവാക്കിക്കോളൂ എന്ന് ഉപദേശിച്ച് ഗുളികയും നിർദേശിച്ചു. തനിക്കതു പക്ഷേ നിസ്സാരമായി കാണാൻ കഴിഞ്ഞില്ലെന്നു മനു. ശരീരസംരക്ഷണത്തിൽ അങ്ങേയറ്റം ശ്രദ്ധാലുവായിരുന്ന ഒരാൾക്ക് ഇരുപത്തേഴാം വയസ്സിൽ രക്തസമ്മർദത്തിനു ഗുളിക കഴിച്ചു തുടങ്ങേണ്ടിവരിക എന്നത് ഉൾക്കൊള്ളാനായില്ല. മാനസിക സമ്മർദംമൂലം കൗണ്‍സിലിങ് വരെ എത്തി കാര്യങ്ങൾ.
ഫെയ്സ്ബുക്ക് ചർച്ചകളും കൂട്ടായ്മകളുമാണ് അക്കാലത്തു മനുവിനെ കൃഷിയുടെ ലോകത്ത് എത്തിക്കുന്നത്. അതോടെ ജോലി രാജിവച്ചു. മരുന്നു വില്‍പന നിർത്തി, അലോപ്പതി മരുന്നിനെക്കാൾ ഔഷധമൂല്യമുള്ള പാൽ വിൽപന തുടങ്ങിയെന്നു മനു. വെച്ചൂർ പശുവിനെ വാങ്ങിയാണ് തുടക്കം. ഇന്ന് മനുവിന്റെ ഫാമിലുള്ളത് വെച്ചൂർ, ചെറുവള്ളി, കുട്ടമ്പുഴ, വടകര, കാസർകോട് എന്നീ കുള്ളൻ ഇനങ്ങളും കിടാവുകളുമായി പന്ത്രണ്ടിലേറെ പശുക്കൾ. സ്വാഭാവിക പ്രജനനത്തിനായി വെച്ചൂരിന്റെ കാളയുമുണ്ട്. നാടൻ ഇനങ്ങൾക്ക് പാലുൽപാദനം ശരാശരി രണ്ടു ലീറ്റർ. കിട്ടാക്കനിയാണെന്നതാണ് വില ഉയരാൻ കാരണം. ഇപ്പോൾ നാലു പശുക്കളാണ് കറവയിലുള്ളത്. ദിവസം എട്ടു ലീറ്ററേ ഉൽപാദനമുള്ളൂവെങ്കിലും 25–30 ലീറ്ററിന് ആവശ്യക്കാരുണ്ടെന്നു മനു.
എ2 മിൽക്കിനെക്കുറിച്ചു മനസ്സിലാക്കിത്തന്നെ വരുന്നവരാണ് ഉപഭോക്താക്കളെല്ലാം. എ2 പാൽ ശീലിച്ച ശേഷം പ്രതിരോധശേഷി കൂടിയതും അടിക്കടി വന്നിരുന്ന ശ്വാസംമുട്ടലും ജലദോഷവും ശമിച്ചതുമെല്ലാം പങ്കുവച്ച പലരും തന്റെ ഉപഭോക്താക്കളുടെ കൂട്ടത്തിലുണ്ടെന്ന് മനു. ഹൈപ്പർടെൻഷൻ, കൊളസ്ട്രോൾ എന്നിവയ്ക്കെതിരെയും എ2 മിൽക്ക് പ്രതിരോധം തീർക്കുമത്രെ. ഏതായാലും ഇത്തരം വെൽനസ് ഉൽപന്നങ്ങൾക്കു തിരുവനന്തപുരത്ത് വൻ സ്വീകാര്യതയുണ്ടെന്നു കണ്ട് എ റ്റു പാലും പച്ചക്കറികൾ ഉൾപ്പെടെയുള്ള ജൈവോൽപന്നങ്ങളും വിൽക്കുന്ന ഓർഗാനിക് സ്റ്റോർ നടത്തിപ്പിലേക്കു കടന്നിരിക്കുകയാണ് മനു ഇപ്പോൾ.
ഫോൺ: 9995220259