നല്ല പശുവിന് അളവൊത്ത കുളമ്പ്

കുളമ്പ് വെട്ടി വൃത്തിയാക്കുന്നു

നല്ല പശുക്കളെ തിരഞ്ഞെടുക്കുമ്പോൾ അളവൊത്ത കുളമ്പുകൾ പ്രധാന മാനദണ്ഡമാണ്. ആകൃതിഭംഗിയും ആരോഗ്യവും പശുക്കളുടെ ലക്ഷണമൊത്ത നിൽപ്പും നടപ്പുമെല്ലാം ഉയർന്ന ഉൽപാദനക്ഷമതയുടെ ലക്ഷണങ്ങൾ. എന്നാൽ‌ കൂടുതൽ ചെരിവോടുകൂടിയതും വളർന്നു നീണ്ടതുമായ കുളമ്പുകൾ അനാരോഗ്യത്തിന്റെ ലക്ഷണമാണ്.

അകിടുവീക്കവും വന്ധ്യതയും പോലെതന്നെ പശുക്കളുടെ ഉൽപാദനക്ഷമതയെ ബാധിക്കുന്നതാണ് കുളമ്പിന്റെ അനാരോഗ്യവും തുടർന്നുണ്ടാകുന്ന മുടന്തും. പശുക്കളുടെ ശരീരഭാരത്തിന്റെ 60 ശതമാനവും താങ്ങുന്നതു മുൻകാലുകളാണെങ്കിലും കുളമ്പുരോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് പിൻകാലുകളെയാണ്. മൂന്നാമത്തെയും, നാലാമത്തെയും വിരലുകളും അതിനോടനുബന്ധിച്ച പേശികളും നാഡികളും അതിന്റെ ആവരണമായ കുളമ്പും ചേർന്നതാണ് ഓരോ കാലും. നഖം വളരുന്നതുപോലെ മുകളിൽനിന്നും വശങ്ങളിലേക്കുമാണ് കുളമ്പിന്റെ വളർച്ച. മാസത്തിൽ അര സെന്റിമീറ്റർ തോതിലാണ് ഓരോ കുളമ്പും വളരുന്നത്.

വായിക്കാം ഇ - കർഷകശ്രീ

തീറ്റയിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റങ്ങൾ, രോഗങ്ങൾ, പ്രസവം, പ്രസവസംബന്ധമായ രോഗങ്ങൾ എന്നിവ കുളമ്പിന്റെ അനാരോഗ്യത്തിനു വഴി തെളിക്കും. പുല്ലിന്റെ അളവ് കുറച്ചു കാലിത്തീറ്റ കൂടുതൽ നൽകുന്ന പശുക്കളിലാണ് ഈ അവസ്ഥ കണ്ടുവരുന്നത്. ഇതുമൂലം കുളമ്പിലെ രക്തധമനികള്‍ പൊട്ടി രക്തസ്രാവവും തുടർന്ന് വ്രണങ്ങളും വരുന്നു.

ഉയർന്ന പാലുൽപാദനമുള്ള പശുക്കളിലാണ് കുളമ്പിന്റെ രോഗങ്ങളും മുടന്തും ഏറെ കണ്ടുവരുന്നത്. പ്രസവശേഷം പാലുൽപാദനം കൂടുന്ന മൂന്നു മാസത്തിനിടയിൽ കുളമ്പുരോഗങ്ങളുടെ തോതും കൂടും.

കുളമ്പിൽ വൃണങ്ങളുണ്ടാകാതെ മുൻകരുതൽ വേണം

നിരപ്പല്ലാത്ത തൊഴുത്തും, പൊങ്ങിയും താഴ്ന്നും കുഴികളോടുകൂടിയ തറയും പാദത്തിന്റെ നേർത്ത പാളികളിൽ ആഘാതവും ചതവുമേൽപിക്കും. തന്മൂലമുണ്ടാകുന്ന മുറിവിലൂടെ സൂക്ഷ്മാണുക്കൾ പ്രവേശിച്ച് കുളമ്പിലെ നേർത്ത പടലത്തിൽ വീക്കത്തിനു കാരണമാകുന്നു.

ഒരു ദിവസത്തിൽ 12–14 മണിക്കൂർ പശുക്കൾ കിടന്നു വിശ്രമിക്കേണ്ടതുണ്ട്. അയവിറക്കലിനും കുളമ്പിന്റെ വിശ്രമത്തിനും ഉയർന്ന പാലുൽപാദനത്തിനും ഇത് സഹായിക്കും. വൃത്തിഹീനമായ തൊഴുത്തിൽ പശുക്കൾ ഏഴു മണിക്കൂറിൽ താഴെ മാത്രമേ വിശ്രമിക്കുന്നുള്ളൂ എന്നു കണ്ടിട്ടുണ്ട്. ഇടുങ്ങിയ തൊഴുത്തിൽ കൂടുതൽ പശുക്കൾ തിങ്ങി നിൽക്കുന്നതും കുളമ്പുരോഗത്തിനിടയാക്കും.

കുളമ്പിന്റെ ഫലകവീക്കത്തിലേക്കും മുടന്തിലേക്കും വഴിതെളിക്കുന്നതാണ് മിക്ക രോഗങ്ങളും. കുളമ്പിലും അടിവശത്തുമുണ്ടാകുന്ന പൊട്ടലുകളിൽ തുടങ്ങി ഉണങ്ങാത്ത മുറിവുകൾ, കുളമ്പിനിടയിലെ മാംസവളർച്ച എന്നിവ നടക്കുമ്പോഴും നില്‍ക്കുമ്പോഴും വേദനയുളവാക്കുന്നു. മുടന്തിയുള്ള നടത്തവും മുറിവിലുണ്ടാകുന്ന അണുബാധയും പശുക്കളെ തളർത്തും. അതിനാല്‍ കുളമ്പിന്റെ അനാരോഗ്യംമൂലമുള്ള വേദനയും മുറിവുകളും ശ്രദ്ധിക്കാതെ പോകരുത്. നമ്മുടെ നാട്ടിലെ പശുക്കളിൽ 15–20 ശതമാനത്തിനും കുളമ്പുരോഗമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ മിക്കതിനെയും കർഷകർ മാറ്റിവാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നു.

കുളമ്പിനുണ്ടാകുന്ന വ്രണങ്ങളും വേദനയും മൂലം പാലുൽപാദനം 10 മുതൽ 20 ശതമാനംവരെ കുറയുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.

പശുക്കളിലെ രോഗപ്രതിരോധംപോലെ പ്രധാനമാണ് കുളമ്പുകളുടെ പരിചരണവും. മാസത്തിലൊരിക്കലെങ്കിലും കുളമ്പുകൾ വൃത്തിയാക്കണം. ഇടയ്ക്കിടെ പശുവിനെ നടത്തി നോക്കി മുടന്തുണ്ടോയെന്നു പരിശോധിക്കണം. തുടക്കത്തിൽതന്നെ തിരിച്ചറിഞ്ഞാൽ വേദനയ്ക്കും മുടന്തിനും തടയിടാം. കൂടുതൽ വളർന്ന കുളമ്പുകൾ അളവൊപ്പിച്ച് വെട്ടി അടിവശം നിരപ്പാക്കുകയാണ് രോഗങ്ങൾ തടയാനുള്ള ഒരു മാർഗം. നിശ്ചിത വീര്യമുള്ള ഫോർമാലിൻ, കോപ്പർ സൾഫേറ്റ് ലായനികൾ കുളമ്പിന്റെ ആരോഗ്യകരമായ വളർച്ചയെ ത്വരിതപ്പെടുത്തും. തൊഴുത്ത് അണുവിമുക്തമാക്കാൻ കുമ്മായം വിതറുന്നതും നന്ന്. പ്രസവാനന്തരം കാൽസ്യം, സിങ്ക്, കോപ്പർ, കൊബാൾട്ട് അടങ്ങിയ ധാതുലവണങ്ങൾ എന്നിവ തീറ്റയിലൂടെ നല്‍കണം.

വിലാസം: അസിസ്റ്റന്റ് പ്രഫസർ, വെറ്ററിനറി സർജറി ആൻഡ് റേഡിയോളജി വിഭാഗം, വെറ്ററിനറി കോളജ്, മണ്ണുത്തി.
ഫോൺ: 9447996512