പെരുവയലിലെ വലിയ പാൽക്കാരൻ

അബ്ദുൽ ലത്തീഫും കുടുംബവും തൊഴുത്തിനടുത്ത്

കോഴിക്കോട് ജില്ലയിലെ നെല്ലറയാണ് വേളം പഞ്ചായത്ത്. കുറ്റ്യാടി പുഴയുടെ ഓരം ചേർന്നുള്ള വേളം പഞ്ചായത്തിൽ വിശാലമായ നെൽപാടങ്ങളും കരനിലവും ചേർന്നുള്ള എട്ട് ഏക്കർ സ്ഥലത്താണ് മടക്കുമൂലയിൽ അബ്ദുൽ ലത്തീഫിന്റെ എംഎം ഡെയറി ഫാം.

ദുബായ്, ഖത്തർ എന്നിവിടങ്ങളിൽ ഒൻപതു വർഷം പ്രവാസജീവിതം നയിച്ച അബ്ദുൽ ലത്തീഫ് ഇന്ന് ജീവിതവിജയം കണ്ടെത്തുന്നത് കൃഷിയിൽ. പശു, ആട്, കോഴി, മുയൽ, താറാവ് ഫാമുകൾക്കു പുറമെ ഗള്‍ഫിലും മറ്റു വിദേശരാജ്യങ്ങളിലുള്ളതുമായ 94 ഇനം ഫലവൃക്ഷങ്ങൾ അബ്ദുൽ ലത്തീഫിന്റെ കൃഷിയിടത്തിൽ തഴച്ചുവളരുന്നു. ഒപ്പം തെങ്ങും കമുകും ജാതിയും ഗ്രാമ്പൂവും വാഴയുമുണ്ട്.

വായിക്കാം ഇ - കർഷകശ്രീ

കുറ്റ്യാടി ഇനം ഉൾപ്പെടെയുള്ള തെങ്ങിൻതൈകൾ ഉൽപാദിപ്പിച്ചു വിൽപന നടത്തിയിരുന്നു അബ്ദുൽ ലത്തീഫിന്റെ പിതാവ് അമ്മദ്. അബ്ദുൽ ലത്തീഫും പിതാവിനൊപ്പം നന്നേ ചെറുപ്പം മുതലേ പറമ്പിലും വയലിലും ജോലി ചെയ്തിരുന്നു. നാലു വർഷം മുൻപു വീടിനോടു ചേർന്നുള്ള സ്ഥലത്ത് കുളം കുഴിച്ച് പ്ലാസ്റ്റിക് ഷീറ്റു വിരിച്ചു മത്സ്യക്കൃഷി തുടങ്ങി. കരിമീൻ, ആഫ്രിക്കൻ വാള എന്നിവ വളർത്തി നല്ല ലാഭം നേടുകയും ചെയ്തു. ഇതോടെ കൃഷി വിപുലപ്പെടുത്തി.

തെങ്ങ്, വാഴ, ഗ്രാമ്പൂ, ജാതി, പലയിനം ഫലവർഗച്ചെടികൾ, ഔഷധച്ചെടികൾ തുടങ്ങി ബഹുവിളകളാൽ സമ്പന്നമാണ് അബ്ദുൽ ലത്തീഫിന്റെ കൃഷിയിടം. മണലാരണ്യത്തിൽ വളരുന്ന ഈന്തപ്പന വീടിനു മുന്നിൽ കായ്ച്ചുനിൽക്കുന്നത് ഇവിടത്തെ സവിശേഷ ദൃശ്യം. മൂന്നു വർഷം മുൻപ് ഒമാനിൽനിന്നു കൊണ്ടുവന്ന ഈന്തപ്പനയാണ് ഈ വർഷം കായ്ച്ചത്. ചാണകപ്പൊടിയും സ്ലറിയും എല്ലുപൊടിയുമായിരുന്നു വളം. നമ്മുടെ നാട്ടിലും ഈന്തപ്പന കായ്ക്കുമെന്നാണ് അബ്ദുൽ ലത്തീഫ് ചൂണ്ടിക്കാട്ടുന്നത്. തായ്‌ലൻഡ് ഉൾപ്പെടെ പല രാജ്യങ്ങളിലെയും ഫലവൃക്ഷങ്ങൾ ഫാമിൽ കരുത്തോടെ വളരുന്നു.

റംബുട്ടാൻ, ഉറുമാം പഴം, മുന്തിരി, ആപ്പിൾ, ചൈനീസ് പേര, മങ്കോസ്റ്റിൻ, ചെറുനാരകം, മുസംബാ, മാതളനാരകം, സബർജില്ലി, പ്ലംസ്, തായ്‌ലൻഡ് മാവ്, പിസ്ത, ബദാം, അനാർ, ചെറിസ്, മരനെല്ലി, ചതുര പിലിമ്പി, മിസർ അത്തിപ്പഴം, നീലൻ, ഒളോർ, കുറുക്കൻ, നാടൻ അല്‍ഫോൻസ ഉൾപ്പെടെയുള്ള മാവിനങ്ങൾ, ചതുര നെല്ലി, പുലാസൻ, ദുരിയാൻ, ഓറഞ്ച്, സപ്പോട്ട, നോനി, കിവി, പ്ലംസ് പേര, പാഷൻ ഫ്രൂട്ട് തുടങ്ങി 94 ഇനം ഫലവൃക്ഷങ്ങൾ തഴച്ചുവളരുന്നു. തെങ്ങിന് ഇടവിളയായി നൂറിലേറെ മാവുകളും 75 ജാതിയും 250 കുരുമുളകും 20 ഗ്രാമ്പൂമരങ്ങളും 700 കമുകും ഉണ്ട്. ഒപ്പം നേന്ത്രൻ, കദളി, മൈസൂർ പൂവൻ, റോബസ്റ്റ ഇനങ്ങളിലായി ആയിരത്തിലേറെ വാഴകളും.

എംഎം ഫാമിലെ 25 മീറ്റർ നീളവും 20 മീറ്റർ വീതിയുമുള്ള തൊഴുത്തിൽ ഹോൾസ്റ്റീൻ ഫ്രീഷർ ഇനത്തിൽപ്പെട്ട 42 പശുക്കളും മൂന്ന് ജഴ്സിയും ഒരു നാടൻ പശുവും എരുമയും 30 കിടാരികളുമാണുള്ളത്. അഞ്ഞൂറ് ലീറ്റർ പാൽ ദിവസവും പെരുവയലിലെ ക്ഷീരസംഘത്തിൽ നൽകുന്നു. എംഎം മിൽക്ക് എന്ന പേരിൽ പാൽ പായ്ക്കറ്റുകളിലാക്കി വിപണിയിൽ ഇറക്കാനുള്ള യന്ത്രങ്ങൾ സ്ഥാപിച്ചുവരുന്നു.

മോര്, തൈര്, സംഭാരം, നെയ്യ് എന്നിവ ഇപ്പോൾതന്നെ പായ്ക്കറ്റുകളിൽ വിൽപനയുണ്ട്.

ഏഴ് ഏക്കർ സ്ഥലത്ത് സുഡാൻ വെറൈറ്റി, സിഒ–2, സിഓ–3 ഇനങ്ങളിൽപെട്ട തീറ്റപ്പുല്ല് കൃഷി ചെയ്യുന്നു. പുല്ലിനും മറ്റെല്ലാ വിളകൾക്കും ചാണകപ്പൊടിയും സ്ലറിയുമാണു വളം. ബാക്കി വരുന്ന ചാണകം ഉണക്കി ചാക്കുകളിലാക്കി വിൽക്കുന്നു. അടുത്തുള്ള കര്‍ഷകര്‍ ഇപ്പോൾ ലത്തീഫിന്റെ ഫാമിൽനിന്നാണു വളം വാങ്ങുന്നത്.

പുലർച്ചെ മൂന്നിനു പശുക്കളെ കുളിപ്പിച്ചതിനുശേഷം കറവ. യന്ത്രമുപയോഗിച്ചും കൈകൊണ്ടും കറവയുണ്ട്. 20 മുതൽ 25 ലീറ്റർ പാൽ വരെ ഓരോ പശുവിൽനിന്നും ലഭിക്കും. പശുക്കളെ നോക്കാൻ രണ്ടു തൊഴിലാളികളുണ്ട്. പശുക്കളെ തണുപ്പിക്കാൻ ഫാനുകളും വെള്ളം സ്പ്രേ ചെയ്യാനും തൊഴുത്തിൽ സൗകര്യമുണ്ട്. കറവയ്ക്കുശേഷം പച്ചപ്പുല്ല് ധാരാളം കൊടുക്കും. ചോളപ്പുല്ലും ചോളപ്പൊടിയും മുന്നാറിയും തവിടും സമീകൃതാഹാരവും വാഴയിലയും വാഴത്തടയും തീറ്റയായി നൽകുന്നുണ്ട്.

പച്ചപ്പുല്ല് ചാപ്പ് കട്ടറിൽ അരിഞ്ഞാണ് പശുവിനും ആടിനും തീറ്റയായി നൽകുന്നത്. 90 മലബാറി ആടുകളും ജംനാപ്യാരി ഉൾപ്പെടെ 20 സങ്കര ഇനം ആടുകളുമുണ്ട്. ആടിന്റെ പാൽ കുഞ്ഞുങ്ങള്‍ക്കു കുടിക്കാനുള്ളതാണ്. ആടുകൾക്കു തീറ്റയായി പച്ചപ്പുല്ലും ചോളപ്പൊടിയും പ്ലാവിലയും പിണ്ണാക്കും കൊടുക്കും. താറാവ്, അരയന്നം, പ്രാവ്, മുട്ടക്കോഴി, ഗിനി, ടർക്കി, എമു, മുയൽ, അലങ്കാരപ്പക്ഷികൾ എന്നിവയെയും വളർത്തുന്നു. ഇവയ്ക്കെല്ലാം പ്രത്യേകം കൂടുകളുമുണ്ട്. ഇതിനു പുറമെ, വീട്ടാവശ്യത്തിനുള്ള തക്കാളി, വഴുതന, മുളക്, അമര, ചേമ്പ്, ചേന, കാച്ചിൽ, ഇഞ്ചി, മഞ്ഞള്‍, വെള്ളരി, കുമ്പളം, കോവൽ, പപ്പായ, കറിവേപ്പില എന്നിവയും വളർത്തുന്നു. മുണ്ടകൻ, ജ്യോതി ഇനം നെൽകൃഷിയുമുണ്ട്.

വേപ്പിലയും വേപ്പിൻപിണ്ണാക്കും ചാണകവും കടലപ്പിണ്ണാക്കും ചേർത്തു പുളിപ്പിച്ചുണ്ടാക്കിയ വളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. പച്ചക്കറികൾക്കും മറ്റും പുകയിലക്കഷായമാണു കീടനാശിനി.

ആടുവളർത്തലും വിപുലം

ചിറ്റമൃത്, കഞ്ഞുണ്ണി, തുളസി, പനിക്കൂർക്ക, ആടലോടകം, ലക്ഷ്മിതരു തുടങ്ങിയ ഔഷധച്ചെടികളുമുണ്ട്.

ഡെയറി ഫാം തുടങ്ങിയതോടെ തെങ്ങിൽ കായ്ഫലം കൂടി. വീട്ടാവശ്യത്തിനു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു. വെറ്ററിനറി ഡോക്ടർമാരായ ഡോ. ഷൈന (വേളം), ഡോ. സുനിൽ (തോടന്നൂര്‍), ഡോ. ശ്രീജേഷ് (ആയഞ്ചേരി) എന്നിവർ ഫാമിലെത്തി കുത്തിവയ്പുകളും മറ്റു ചികിത്സയും നൽകിവരുന്നു. ഡോ. ശ്രീജിത്ത് (പേരാമ്പ്ര) രാത്രി ചികിത്സ ആവശ്യമെങ്കിൽ ഫാമിൽ എത്തും. മലയാളികളും ഇതര സംസ്ഥാനക്കാരുമായ എട്ടു തൊഴിലാളികൾ കൃഷിക്കാര്യത്തിൽ സഹായിക്കാനുണ്ട്.

പിതാവ് അമ്മദ്, ഉമ്മ ആയിഷ, ഭാര്യ ജിൻസീന എന്നിവരും സഹായത്തിനുണ്ട്. ഇവരുടെ പ്രോത്സാഹനമാണ് ഫാം വിപുലപ്പെടുത്താൻ പ്രധാന കാരണമെന്ന് അബ്ദുൽ ലത്തീഫ് പറയുന്നു. മക്കൾ: ദാനിഷ് അബ്ദുൽ ലത്തീഫ്, ജാസിം.

ഫോൺ: 8289949065, 0496 – 2771426