ചോദ്യം ഉത്തരം ∙ മൃഗസംരക്ഷണം
Q. ടർക്കിക്കോഴികളുടെ സവിശേഷതകൾ എന്തൊക്കെ. വീട്ടുവളപ്പിൽ ഇവയെ വളർത്താനാകുമോ. കുഞ്ഞുങ്ങളെ എവിടെ ലഭിക്കും.
സി.കെ. സരസ്വതിയമ്മ, കോഴിക്കോട്
ടർക്കിക്കോഴികൾക്ക് സാധാരണ കോഴികളെക്കാള്‍ വലുപ്പം കൂടും. ശരാശരി 80 ഗ്രാം തൂക്കമുള്ള മുട്ടകൾ. പിട ടർക്കികൾ ഏഴു മാസം പ്രായമെത്തുമ്പോൾ മുട്ടയിടും. ഒരു വർഷം പരമാവധി 100 മുട്ടകൾ. പൂവൻ ടർക്കിക്കു വളർച്ചയെത്തിയാൽ ഏഴു കിലോ വരെ തൂക്കം വരും. ടർക്കി ഇറച്ചിയിൽ കൊളസ്ട്രോൾ നന്നെ കുറവാണ്. മറ്റ് ഇറച്ചികളെ അപേക്ഷിച്ച് മാംസ്യത്തിന്റെ അളവു കൂടുതലും. കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, സിങ്ക് എന്നീ ധാതുക്കളും മികച്ച തോതിലുണ്ട്. മുട്ടയും പോഷകസമൃദ്ധം.
അടുക്കളമുറ്റത്തും തെങ്ങിൻതോപ്പിലുമൊക്കെ ടർക്കിയെ വളർത്താം. വീട്ടുപറമ്പിൽ വേലി കെട്ടി അഴിച്ചിട്ടുവളർത്താം. രാത്രികാലത്തു പാർക്കാനായി ഒന്നിനു നാലു ചതുരശ്ര അടി എന്ന തോതിൽ കൂട് സജ്ജമാക്കണം. കോഴിത്തീറ്റയ്ക്കു പുറമെ തീറ്റപ്പുല്ല് അരിഞ്ഞുനുറുക്കി നൽകാം. ഹോട്ടൽ അവശിഷ്ടങ്ങളും പച്ചക്കറി അവശിഷ്ടങ്ങളും നൽകി തീറ്റച്ചെലവു കുറയ്ക്കാം. ചെറുപ്രായത്തിൽ സ്റ്റാർട്ടർ, ഫിനീഷർത്തീറ്റയും പിന്നീടു കൈത്തീറ്റയും നൽകി ടർക്കികളെ ലാഭകരമായി വളർത്താം. അപരിചിതരെ കാണുമ്പോൾ പ്രത്യേകതരം ശബ്ദം പുറപ്പെടുവിച്ച് വീട്ടുകാവൽക്കാരുടെ ജോലിയും ടർക്കികൾ ചെയ്യും. കീടങ്ങളും അവശിഷ്ടങ്ങളും ആഹാരമാക്കി മാലിന്യസംസ്കരണത്തിൽ പങ്കുചേരുന്ന ടർക്കിക്കോഴികൾ വീട്ടുവളപ്പിൽ പാമ്പിനെ കടന്നുവരാൻ അനുവദിക്കുകയില്ല.
ടർക്കിക്കോഴികളെ ലഭിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ: ടർക്കിഫാം, കുരീപ്പുഴ, കൊല്ലം. ഫോൺ: 0474–2799222
കാർഷിക സർവകലാശാല പൗൾട്രി ഫാം, മണ്ണുത്തി, തൃശൂർ. ഫോൺ: 0487–23670344
ആടുകളുടെ പരിപാലനം
Q. ആടുകളുടെ പരിപാലനത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം.
കെ. ഹരികുമാർ, താമരക്കുളം
പെണ്ണാടുകളെ ഒരു വയസ്സാകുമ്പോൾ ഇണചേർക്കണം. ശരാശരി അഞ്ചു മാസമാണ് ഗർഭകാലം. മലബാറി ആടുകൾ രണ്ടു വർഷത്തിൽ മൂന്നു പ്രസവം നടത്തും. ഗർഭിണികളായ ആടുകൾക്കു ചെനയുടെ നാലാം മാസവും അഞ്ചാം മാസവും ടെറ്റനസ് ടോക്സോയിഡ് (TT) കുത്തിവയ്പ് നൽകണം. ഇത് ആട്ടിൻകുട്ടികളെ ടെറ്റനസ് രോഗത്തിൽനിന്നു സംരക്ഷിക്കും. ആട്ടിൻകുട്ടി ജനിച്ചയുടൻ മൂക്കുപിഴിഞ്ഞ് ശ്വസനം സുഗമമാക്കണം. പൊക്കിൾക്കൊടിയിൽ ടിങ്ചർ അയോഡിൻ പുരട്ടുക. അര മണിക്കൂറിനകം കന്നിപ്പാൽ നൽകണം.
ആട്ടിൻകുട്ടിക്ക് ആദ്യത്തെ മാസം തന്നെ വിരമരുന്നു നൽകണം. മാസംതോറും വിരയ്ക്കെതിരെ മരുന്നു നൽകണം. ആട്ടിൻകുട്ടികളെ വയറിളക്കം ബാധിച്ചാൽ മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് ഉചിതമായ ചികിത്സ നൽകുക. ആടുകളുടെ ദേഹത്തു പറ്റിപ്പിടിച്ചിരിക്കുന്ന പേൻ, ചെള്ള്, വട്ടൻ എന്നിവയ്ക്കെതിരെ പൈരിത്രം അടങ്ങിയ (LYSTICK CLINAR BUTOX തുടങ്ങിയ) മരുന്നുകൾ നിശ്ചിത അളവു വെള്ളത്തിൽ നേർപ്പിച്ച് ദേഹത്തു തളിക്കണം.
ആടുവസന്ത(PPR)യ്ക്ക് എതിരെ യഥാസമയം പ്രതിരോധ കുത്തിവയ്പ് എടുക്കണം. പ്രസവിച്ച ആടുകളിൽ അകിടുവീക്കം വരാത്തവിധം അകിടു സംരക്ഷിക്കണം. പൂത്തതും കട്ടപിടിച്ചതുമായ പിണ്ണാക്ക്, ആടുതീറ്റ എന്നിവ നൽകരുത്. മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് ആടുകളെ ഇൻഷുർ ചെയ്യുകയും വേണം.
ഗോവർധിനി
Q. ഗോവർധിനി പദ്ധതി പ്രകാരം ക്ഷീര കർഷകർക്ക് എന്തൊക്കെ സഹായം കിട്ടും.
തോമസ് മാത്യു, മാന്നാർ
കന്നുകുട്ടികൾക്കു സൗജന്യ നിരക്കിൽ കാലിത്തീറ്റ നൽകുന്ന പദ്ധതിയാണു ഗോവർധിനി. കർഷകന്റെ വരുമാനപരിധി ബാധകമല്ല. നാല് – ആറ് മാസം പശുക്കുട്ടികളെ പദ്ധതിയിൽ ചേർക്കാം. 30 മാസം വരെ പകുതി വിലയ്ക്കു കാലിത്തീറ്റ ലഭിക്കും. ഇൻഷുറൻസ് പരിരക്ഷയും ആരോഗ്യപരിരക്ഷയും ഉറപ്പാക്കുന്നു. പദ്ധതിയുടെ 50 ശതമാനം സബ്സിഡി മൃഗസംരക്ഷണ വകുപ്പു നൽകും. മൃഗാശുപത്രിയുമായി ബന്ധപ്പെടുക.
കാലിത്തീറ്റ നിര്‍മാണം
Q. കാലിത്തീറ്റ നിർമിക്കുന്നതിനുള്ള സാങ്കേതിക ഉപദേശങ്ങൾ നൽകുന്ന സ്ഥാപനങ്ങളുണ്ടോ.
സോജി പി. മാത്യു, ഒല്ലൂർ
കന്നുകാലി വളർത്തൽ ചെലവിന്റെ 70 ശതമാനവും തീറ്റയ്ക്കുവേണ്ടിയാണ്. തീറ്റ നിർമാണ സാങ്കേതികവിദ്യ കർഷകർക്കു കൈമാറുന്നതിന് കേരള വെറ്ററിനറി സർവകലാശാലയുടെ കീഴിൽ അനിമൽ ന്യുട്രിഷൻ ടെക്നോളജി സ്കൂൾ തൃശൂരിലെ മണ്ണുത്തിയിൽ പ്രവർത്തിക്കുന്നു. ഇവിടെയുള്ള ഫീഡ് മില്ലിൽ ഉൽപാദിപ്പിക്കുന്ന കാലിത്തീറ്റയും വിവിധ മൃഗങ്ങൾക്കുള്ള തീറ്റയും ധാതുലവണ മിശ്രിതവും ലഭിക്കും. തീറ്റ നിർമാണം സംബന്ധിച്ചു മാർഗനിർദേശങ്ങളും ലഭ്യമാണ്.
ഫോൺ: 0487–2370344 (Ext. 234), 94474 76508
ഉത്തരങ്ങൾ തയാറാക്കിയത്: ഡോ.സി.കെ. ഷാജു, പെരുവ, സീനിയർ വെറ്ററിനറി സർജൻ, ഗവ. വെറ്ററിനറി ക്ലിനിക്, കോഴ. ഫോൺ: 9447399303