പുത്തൻകുരിശ് – പുറപ്പുഴ എക്സ്പ്രസ്

പുതിയ സംരംഭമായി ആടുവളർത്തൽ

പുത്തൻകുരിശിൽനിന്നും പുറപ്പുഴയിലേക്കുള്ള ഒരു മണിക്കൂർ യാത്രയുടെ ഒരറ്റത്ത് കുടുംബം, മറ്റേ അറ്റത്ത് നൂറിലേറെ പശുക്കളും എഴുപതിനടുത്ത് ആടുകളും ചേർന്ന ഫാം സംരംഭം. ഈ വഴിയിലൂടെ പാളം തെറ്റാതെ ഓടാനുള്ള മിടുക്കാണ് എറണാകുളം ജില്ലയിലെ പുത്തൻകുരിശ് കാവനാൽ നിഷ ബെന്നിയെ ഒരേസമയം മികച്ച വീട്ടമ്മയും സംരംഭകയുമാക്കുന്നത്. വീട്ടമ്മ എന്ന നിലയിലുള്ള പ്രകടനത്തിന് ഭർത്താവ് ബെന്നിയുടെ അഭിനന്ദനമാണ് സമ്മാനമെങ്കിൽ സംരംഭകയ്ക്കുള്ള അംഗീകാരം നൽകിയതു സർക്കാരാണ്. മികച്ച ക്ഷീര സഹകാരിക്കുള്ള ഒരു ലക്ഷം രൂപയുടെ അവാർഡ്.

പുത്തൻകുരിശിൽ വീട്ടാവശ്യത്തിന് ഒന്നു രണ്ടു പശുക്കൾ എപ്പോഴും ഉണ്ടായിരുന്നെങ്കിലും വ്യാവസായികാടിസ്ഥാനത്തിൽ ഡെയറി ഫാം സംരംഭം തുടങ്ങുന്നത് യാദൃച്ഛികമായെന്ന് നിഷ. കോൺട്രാക്ടറായ ബെന്നി ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്ത് പുറപ്പുഴയിൽ 25 ഏക്കർ കൃഷിയിടം വാങ്ങി നിഷയും മക്കളുമൊത്ത് ഇടയ്ക്കൊരു രണ്ടു വർഷം അവിടെ താമസിച്ചു. 20 ഏക്കറിൽ റബർ ആവർത്തനകൃഷി ചെയ്യുമ്പോൾ വളത്തിനുള്ള ചാണകം പരിസരപ്രദേശങ്ങളിലൊന്നും കിട്ടാനില്ലാത്ത സ്ഥിതിയുണ്ടായി.

വായിക്കാം ഇ - കർഷകശ്രീ

പത്തു പശുക്കളെ വാങ്ങിയാലെന്ത് എന്നായി ചിന്ത. റബർകൃഷിയും അഞ്ചേക്കറിൽ തുടങ്ങിയ ഫലവർഗക്കൃഷിയുമൊക്കെയായി എപ്പോഴും ജോലിക്കാരുണ്ട്. ഡെയറിഫാമിലെ ജോലിക്കായി അവരെ പ്രയോജനപ്പെടുത്താമെങ്കിലും ഉടമസ്ഥന്റെ ശ്രദ്ധയും പരിപാലനവും പശുക്കളുടെ കാര്യത്തിൽ എപ്പോഴും ആവശ്യമുണ്ട്. ഭർത്താവിന് കോൺട്രാക്ടു ജോലികളുടെ തിരക്കുള്ളതിനാൽ ഫാം സംരംഭം താൻ ഏറ്റെടുക്കാമെന്നു നിഷ. ചാണകം മുഖ്യ ലക്ഷ്യമായി തുടങ്ങിയ ഫാം പക്ഷേ ഏഴു വർഷംകൊണ്ട് എഴുപതു കറവപ്പശുക്കളും കറവയുള്ള മൂന്ന് എരുമകളും പ്രതിദിനം 600 ലീറ്റർ പാലുൽപാദനവുമുള്ള സംരംഭമാക്കി നിഷ വളർത്തി. ചെനയിലുള്ളവയും കിടാവുകളും കിടാരികളും എരുമകളുമെല്ലാം ചേർന്ന് ആകെ അംഗസംഖ്യ നൂറ്റിയിരുപതു വരും. ഇതിനിടെ വൃദ്ധമാതാപിതാക്കളുടെ പരിചരണത്തിനായി കുടുംബം വീണ്ടും പുത്തൻകുരിശിലേക്കു മടങ്ങിയിരുന്നു. വീട്ടിൽനിന്നു ഫാമിലേക്കും തിരിച്ചുമുള്ള നിഷയുടെ പതിവു യാത്രകൾ തുടങ്ങുന്നത് അങ്ങനെയാണ്.

കണക്കുകൂട്ടി മുന്നോട്ട്

നിഷയുടെ ഡെയറി ഫാം

ഉയർന്ന മുതൽമുടക്കോടെ വ്യാവസായികാടിസ്ഥാനത്തിൽ ഡെയറി ഫാം തുടങ്ങുമ്പോൾ പ്രതിദിന പാലുൽപാദനം നിശ്ചിത അളവിൽ നിലനിർത്തുക എന്നതു സുപ്രധാനമെന്ന് നിഷ പറയുന്നു. ഫാമിലെ ഓരോ പശുവിനെയും സംബന്ധിച്ച് സംരംഭകനു കൃത്യമായ ധാരണയുണ്ടാവണം. എത്രാമത്തെ പ്രസവം, എത്ര ഉൽപാദനം, കറവ തുടങ്ങിയിട്ട് എത്ര മാസമെത്തുന്നു, ആരോഗ്യസ്ഥിതി, ചെനയുള്ളവയുടെ എണ്ണം, ഓരോന്നിന്റെയും തീറ്റക്രമം, ഭക്ഷണത്തിലുള്ള താൽപര്യം എന്നിവ കൃത്യമായി നിരീക്ഷിക്കണം. കണക്കുകൂട്ടലുകൾ തെറ്റിയാൽ ഒരുപക്ഷേ ഒരുമിച്ച് ഒട്ടേറെയെണ്ണം ചെനയിലെത്തിയെന്നു വരാം. പൊടുന്നനേ പാലു കുറയുന്ന മറ്റു സാഹചര്യങ്ങളുമുണ്ടാവാം.

പശുക്കളുടെ എണ്ണം, പരിപാലനത്തിനു വേണ്ടി വരുന്ന അധ്വാനം എന്നിവയ്ക്ക് അനുസൃതമായാണ് തൊഴിലാളികളെ ക്രമീകരിക്കുന്നതും, വരവ്, ചെലവ്, ലാഭം എന്നീ ഘടകങ്ങൾ കണക്കുകൂട്ടുന്നതും. പാലുൽപാദനം കുറഞ്ഞാൽ മേൽപറഞ്ഞവയെല്ലാം താളംതെറ്റും, എല്ലാറ്റിലുമുപരി ഉൽപാദിപ്പിക്കുന്ന പാലിന്റെ മുഖ്യ പങ്കും സ്വകാര്യ സ്ഥാപനത്തിനാണ് നൽകുന്നത് എന്നതിനാൽ അവർക്കുള്ള പതിവു തെറ്റിക്കാനും കഴിയില്ല. ചുരുക്കത്തിൽ പാലുൽപാദനം നിശ്ചിത അളവിൽ നിലനിർത്തുക എന്നത് വെല്ലുവിളിതന്നെ. പ്രസവിക്കാറായവ, പ്രസവിച്ച ഉടനെയുള്ളവ, കറവയുള്ളത്, കറവ കുറഞ്ഞത്, കിടാരികൾ, കിടാവുകൾ എന്നിങ്ങനെ ഓരോ വിഭാഗവും തൊഴുത്തിൽ പ്രത്യേകം ബ്ലോക്കുകളിലായി പരിപാലിക്കുന്നതിനാൽ കണക്കുകൂട്ടലുകൾ എപ്പോഴും കിറുകൃത്യം.

കറവയന്ത്രമുണ്ടെങ്കിലും കൈക്കറവ തന്നെയാണ് കൂടുതലും. അകിടുവീക്കം പോലുള്ള അസുഖങ്ങളെല്ലാം തുടക്കത്തിൽത്തന്നെ കണ്ടുപിടിക്കാൻ അതുവഴി കഴിയും. ഉത്തരേന്ത്യക്കാരെ ഒഴിവാക്കി തമിഴ്നാട്ടിൽനിന്നുള്ള കറവക്കാരെയാണു നിയോഗിച്ചിരിക്കുന്നത്. തമിഴ്നാട്ടുകാർക്കു പശുക്കളോടു കരുതലും സ്നേഹവും കൂടുതലെന്ന് നിഷയുടെ നിരീക്ഷണം. പ്രാദേശികമായി ലഭിക്കുന്ന പൈനാപ്പിൾ ഇലയാണ് തീറ്റച്ചെലവു കുറയ്ക്കുന്ന മുഖ്യ ഘടകം. പൈനാപ്പിൾകൃഷി സമൃദ്ധമായുള്ള പ്രദേശമായതിനാൽ വിളവെടുപ്പു തീരുന്ന തോട്ടങ്ങൾ എപ്പോഴും ഈ മേഖലയിലുണ്ടാവും. വിളവെടുപ്പു കഴിഞ്ഞ ചെടി നശിപ്പിക്കുക എന്നത് കൃഷിക്കാരനെ സംബന്ധിച്ചു വലിയ തലവേദനയാണുതാനും. ഇവിടെനിന്നു സംഭരിക്കുന്ന ഇല വലിയ ചാഫ്കട്ടർ ഉപയോഗിച്ച് തീരെ ചെറുതായി അരിഞ്ഞ് ഒരുനേരം നൽകുന്നു. അതേസമയം ധാന്യങ്ങൾ യോജിപ്പിച്ചുള്ള പതിവു പോഷക റേഷൻ മുടക്കാറുമില്ല.

പരമ്പരാഗത ശൈലിയിൽ പനയുടെയും മുള്ളുവേങ്ങയുടെയും പട്ടികകളും പലകകളുംകൊണ്ടു നിർമിച്ച അതിവിശാലമായ ആടുഫാമാണ് നിഷയുടെ പുതിയ സംരംഭം. കുഞ്ഞുങ്ങളെ വിൽക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയിരിക്കുന്ന ഫാമിൽ ആദ്യ ബാച്ച് വളർച്ചയെത്തുന്നു. ‘ആടുസംരംഭത്തെക്കുറിച്ചു പഠിച്ചുവരുന്നേയുള്ളൂ, ലക്ഷണം കണ്ടിട്ട് മോശമാവില്ല’ എന്നു നിഷ.

ഫോൺ: 9447173102